Image

കാശുമായി വരൂ, കാറുമായി പോകാം...(നർമ്മകഥ: നൈന മണ്ണഞ്ചേരി)

Published on 26 February, 2023
കാശുമായി വരൂ, കാറുമായി പോകാം...(നർമ്മകഥ: നൈന മണ്ണഞ്ചേരി)

’ വെറും ആയിരം രൂപയുമായി വരൂ,കാറുമായി തിരിച്ചു പോകൂ’’പത്രത്തിലെ മുഴുനീള പരസ്യം.വാർത്ത വായിക്കാൻ പത്രം വാങ്ങുന്നവരെക്കൊണ്ട് കാറും വാങ്ങിപ്പിച്ചേ അടങ്ങൂ എന്ന മട്ടിലാണ് പത്രത്തിന്റെ പോക്ക്.ആരും കാണാതെ അകത്തെങ്ങാനും കൊടുത്താൽ പിന്നെയും കുഴപ്പമില്ലായിരുന്നു.ഇത് ഒന്നാം പേജിൽ തന്നെയാണ്.

പരസ്യങ്ങൾ മാത്രമല്ല ചില വാർത്തകളും അകത്തു കൊടുക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.കഴിഞ്ഞദിവസം വന്ന ഒരു വാർത്ത കണ്ടില്ലേ?സ്ത്രീകളാണ് വായാടികളെന്ന പരമ്പരാഗത ധാരണ തെറ്റാണെന്നും യഥാർത്ഥത്തിൽ പുരുഷൻമാരാണ് കൂടുതൽ സംസാരിക്കുന്നവരെന്നും ഗവേഷകർ  കണ്ടുപിടിച്ചിരിക്കുന്നു പോലും.അല്ലെങ്കിൽ തന്നെ ഇതൊക്കെ ഇപ്പോൾ എന്തു ഗവേഷണം നടത്തിയാണ് കണ്ടു പിടിക്കുക.കൂടുതൽ സംസാരിക്കുന്നവരെ കണ്ടെത്താൻ  വല്ല യന്ത്രവും കണ്ടു പിടിച്ചോ എന്നറിയില്ല.അതിനെപ്പറ്റി കൂടുതൽ സംസാരിക്കാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നുന്നു.സീരിയൽ കാണലും സംസാരവും കഴിഞ്ഞാൽ പിന്നെ സ്ത്രീകൾക്ക് ഏറ്റവും ഇഷ്ടമുള്ള വിഷയം ഉറക്കമാണ്.അവരുടെ ആ തിരക്കിനിടയിൽ പലരും ഈ പരസ്യങ്ങൾ കാണാതെ പോകുന്നുവെന്നതാണ് ഏക ആശ്വാസം.കണ്ടു പോയാൽ പിന്നെ അനന്തര ഫലങ്ങൾ കണ്ടു പിടിക്കാൻ ഒരു ഗവേഷകന്റെയും ഗവേഷണം ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.

അങ്ങനെയങ്ങ് സ്ത്രീകളെ അക്ഷരവിരോധികളാക്കാൻ വരട്ടെ എന്ന മട്ടിൽ അപ്പോഴുണ്ട് കയ്യിൽ പത്രവുമായി ഭാര്യ.’’എത്ര നാളായി ഞാൻ പറയുന്നു,ഒരു കാർ വാങ്ങിക്കാൻ..ഈ പരസ്യം കണ്ടില്ലേ വെറും ആയിരം രൂപയ്ക്ക് കാർ കൊടുക്കുന്നുവെന്ന്,ഒന്നു പോയി നോക്കിയാലോ?കൊറോണയായപ്പോൾ എല്ലാവരും സെക്കനാൻഡ് വണ്ടിയെങ്കിലും വാങ്ങിച്ചു,ചേട്ടാ,നമ്മൾ മാത്രമേ  ഈ ഏരിയയിൽ വണ്ടി വാങ്ങിക്കാത്തവരുള്ളൂ''

പ്രാർത്ഥിക്കാൻ ഒരോരുത്തർക്കും ഒരോ കാരണങ്ങൾ എന്നു പറഞ്ഞതു പോലെ വണ്ടി വാങ്ങിക്കാനും ഒരോരുത്തർക്കും ഓരോ ന്യായങ്ങൾ.. പരസ്യം കാണാതിരുന്നതൊന്നുമല്ല,ചിലതൊക്കെ കണ്ടില്ലെന്ന് നടിക്കുന്നതാണ് ചിലപ്പോളൊക്കെ നല്ലത്. വാർത്തയും പേജും കുറഞ്ഞെങ്കിലും പത്രത്തിൽ പരസ്യത്തിന് കുറവൊന്നുമില്ല.

 ’’താഴോട്ട് മുഴുവൻ വായിച്ചു നോക്ക്..ബാക്കി കാര്യങ്ങളൊക്കെ വിശദമായി പറയുന്നുണ്ട്… ‘’  ഞാൻ പറഞ്ഞപ്പോളാണ്  അവൾ ബാക്കി വായിച്ചു നോക്കിയതെന്ന് തോന്നുന്നു.പിന്നെ നിരാശയോടെ പറഞ്ഞു.’’അപ്പോൾ ബാക്കി ലോണടച്ചു തീർക്കണം അല്ലേ..?

‘’അതെ ഇപ്പോൾ ആയിരവുമായി പോയാൽ കാറുമായി വരാം.ലോൺ തരാൻ ബാങ്കുകാർ ക്യൂവായി നിൽപ്പുണ്ട്.ലോണടക്കാൻ മുടങ്ങിയാലറിയാം അവരുടെ തനി സ്വഭാവം.തന്ന കാറും വീടും മാത്രമല്ല,ചിലപ്പോൾ ആളെയും തൂക്കിക്കൊണ്ട് പൊയ്ക്കളയും.’’എന്റെ വിശദീകരണം കേട്ടു കഴിഞ്ഞപ്പോൾ അത്രയും നേരം വാചാലമായി വാഹനത്തെക്കുറിച്ചും വായ്പ്പയെക്കുറിച്ചും സംസാരിച്ചു കൊണ്ടിരുന്ന പ്രിയതമയ്ക്ക് മിണ്ടാട്ടമില്ലാതായി.അതു കണ്ടപ്പോൾ എനിക്കൊരു സംശയം,ഇനി അമേരിക്കൻ ഗവേഷകരുടെ കണ്ടു പിടിത്തം ശരിയാണെന്നെങ്ങാനും വരുമോ?

# Humor Story by Naina Mannanchery

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക