Image

കടന്നുപോയത് അഭിനയ ചക്രവര്‍ത്തിനി കെപിഎസി ലളിത (അവസാന അഭിമുഖം: വിജയ് സി.എച്ച്)

Published on 27 February, 2023
കടന്നുപോയത് അഭിനയ ചക്രവര്‍ത്തിനി കെപിഎസി ലളിത (അവസാന അഭിമുഖം: വിജയ് സി.എച്ച്)

KPAC ലളിതയുടെ ഒന്നാം ചരമ വാർഷിക ദിനമാണ്.  

അര നൂറ്റാണ്ടു കാലത്തെ കലാജീവിതത്തിൽ, അറുനൂറിനുമേൽ പടങ്ങളിലഭിനയിച്ചു, മലയാളി മനസ്സുകളിൽ ചിരപ്രതിഷ്ഠ നേടിയ അഭിനേത്രി തൻ്റെ അനുഭവങ്ങളും, നേട്ടങ്ങളും, ദുഃഖങ്ങളുമെല്ലാം തൻ്റെയെന്ന് പ്രേക്ഷകർ കരുതുന്ന അതേ ഭാഷയിൽത്തന്നെ പങ്കുവെച്ചിരുന്നു. അവർ ഒടുവിൽ നൽകിയ അഭിമുഖമാണ് താഴെ:  
🟥 ചേലുള്ള ചെറുപ്പക്കാരി 
'അനുഭവങ്ങൾ പാളിച്ചകൾ' (1971) എൻറെ ഒമ്പതാമത്തെ പടമാണ്. എനിക്കന്ന് 23 വയസ്സേ ഒള്ളൂ. തകഴിച്ചേട്ടൻറെ കഥയും, തോപ്പിൽ ഭാസിയുടെ തിരക്കഥയും, സേതുമാധവൻ സാറിൻറെ സംവിധാനവും. ഇതിലായിരുന്നു ഞാൻ ആദ്യത്തെ ഗൗരവമേറിയ കഥാപാത്രം ചെയ്തത്. പാർവ്വതി. 'കല്യാണി, കളവാണീ...' എന്നു പാടി, പൗരുഷമുള്ള സത്യൻ സാറിനേയും ഉള്ളിൽക്കണ്ട്, ഊഞ്ഞാലാടുന്ന ആ ചേലുള്ള ചെറുപ്പക്കാരിതന്നെയാണ് ഞാനിന്നും!


'നി൯റെയിടത്തെ കൺപുരികം തുടിയ്ക്കണൊണ്ടോ?
നി൯റെ നെഞ്ചിനകത്തൊരു മോഹം മൊളയ്ക്കണൊണ്ടോ? തത്തമ്മേ...'  
എന്നാ വരികളാണെന്നറിയാവോ, വയലാർ എഴുതി വെച്ചിരിക്കുന്നത്! ഇതിനെയാണ് പത്രക്കാര് നിത്യഹരിതം എന്നൊക്കെ പറയുന്നത്! പിന്നെ, എൻറെ ചേലിൻറെ കാര്യം... എൻറെ ചേലിന് ഇപ്പോഴും എന്നാ ഒരു കൊറവ്? ദേവരാജൻ മാഷ് ടെ സംഗീതത്തിൽ, മാധുരി പാടിയ 'കല്യാണി, കളവാണീ...' എവിടെ കേട്ടാലും എനിക്കെൻറെ കുട്ടിക്കാലം തിരിച്ചുകിട്ടുന്നതുപോലെ തോന്നും! കൊഴപ്പവില്ല, കൊറച്ചു കാലമായി ദിവസേന രണ്ടു നേരം ഇൻസുലിൻ കുത്തിവെക്കുന്നുണ്ട്. അസുഖങ്ങളെ ശത്രുതയോടെ കാണുന്നതാണ് പ്രശ്നം. അവ നമ്മുടെ മിത്രങ്ങളാണെന്നു കരുതി, അവക്കു വേണ്ടതു ചെയ്തുകൊടുത്ത്, സ്നേഹത്തോടെ കൂടെ കൂട്ടിനോക്കൂ, രോഗങ്ങളൊക്കെ നമ്മുടെ ചൊൽപ്പടിക്കു നിൽക്കും! എനിക്ക് ഏതാണ്ട് എല്ലാവിധ സോക്കേടുകളുമൊണ്ട്, പക്ഷെ അവരെല്ലാം എൻറെ അടുത്ത ചെങ്ങാതിമാരാണ്!
🟥 സ്വാഭാവികതയുടെ ദൃഷ്ടാന്തം 
'മീൻ കിട്ട്യാലും സന്തോയം, മീൻ കിട്ടീലേലും സന്തോയം!' എങ്ങിനെയായിരുന്നാലും, മുക്കുവന്മാർക്കു മദ്യപിക്കണം! 'അമര'ത്തിലെ ഭാർഗ്ഗവിയുടെ റോൾ എന്നെ മനസ്സിൽ കണ്ടുകൊണ്ടാ ലോഹിതദാസ് എഴുതിയത്. ചേട്ടനു (ഭർത്താവ്, ഭരതൻ) പകരം, 'അമരം' മറ്റാരു ഡയറക്ടർ സംവിധാനം ചെയ്തിരുന്നേലും, ആ മുക്കുവത്തിക്കു ജീവൻ കൊടുക്കാൻ എന്നയെ ആരും വിളിക്കുമായിരുന്നുള്ളൂ! അടൂർ സാറിൻറെ 'സ്വയംവരം' (1972), 'കൊടിയേറ്റം' (1977) മുതലായവ എൻറെ അഭിനയ ജീവിതത്തിലെ ആദ്യത്തെ നാഴികക്കല്ലുകളാണ്! 'ആരവത്തി'ലെ (1978) അലമേലുവും, 'സന്മനസുള്ളവർക്കു സമാധാന'ത്തിലെ (1986) കാർത്ത്യായനിയും, 'ഗോഡ്ഫാദ'റിലെ (1991) കൊച്ചമ്മിണിയും, 'വെങ്കല'ത്തിലെ (1993) കുഞ്ഞിപ്പെണ്ണും, എനിക്ക് കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം തന്ന മറ്റു ചില ക്യാരക്ടേർസാണ്. മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരങ്ങൾ നേടിയത് ചേട്ടൻ സംവിധാനം ചെയ്ത 'അമര'ത്തിലെ (1991) അഭിനയത്തിനും, ചേട്ടൻറെ ശിഷ്യ൯ ജയരാജ് സംവിധാനം ചെയ്ത 'ശാന്ത'ത്തിലെ (2001) അഭിനയത്തിനുമായിരുന്നെന്ന കാര്യം ഏറെ സംതൃപ്തി നൽകുന്നു. സംസ്ഥാന പുരസ്കാരങ്ങളും, ഫിലീംഫേർ അവാർഡുകളും, മറ്റു അഭിനയ മികവിനുള്ള സമ്മാനങ്ങളും ഒത്തിരി കിട്ടിയിട്ടുണ്ട്. അതൊന്നും അത്ര കൃത്യമായി ഓർത്തുവെക്കാൻ ഒക്കത്തില്ല!


🟥 സമാനതകളില്ലാത്ത സംഭാഷണം 
'മതിലുക'ളിൽ (1990) നായികയായ എന്നെ സ്‌ക്രീനിൽ കാണുന്നേയില്ല. ശബ്ദംകൊണ്ടുമാത്രമാണ് സാന്നിദ്ധ്യം തെളിയിക്കുന്നത്. 'മതിലുക'ളിലെ ഏക സ്ത്രീ കഥാപാത്രം. നാരായണിക്കുള്ള ശബ്ദം നൽകാൻ അടൂർ സാർ എന്നെ പ്രത്യേകം തിരഞ്ഞെടുത്തതാണ്. ബഷീറിൻറെ യഥാർത്ഥ അനുഭവമാണ് ആ ക്യാരക്ടർ. മമ്മുട്ടിയുടെ നായികയായി ഞാൻ ചേരില്ലെന്ന വിമർശനങ്ങളുണ്ടായിരുന്നെങ്കിലും, എൻറെ ശബ്ദം തന്നെ വേണമെന്ന് അടൂർ സാർ നിർബ്ബന്ധം പിടിച്ചു. 'മതിലുക'ൾ ലോകം മുഴക്കെ എത്തി! അത് എൻറെ ശബ്ദത്തിനുകൂടി ലഭിച്ച ഒരംഗീകാരമായി ഞാൻ കാണുന്നു! ഞാൻ ഒരിക്കലും ഒരു ഡബ്ബിംങ് ആർട്ടിസ്റ്റ് ആയിട്ടില്ല, പക്ഷെ, ശാരദക്കും, ലക്ഷ്മിക്കും, നന്ദിതാ ബോസിനും, വിജയശ്രീക്കും, സുരേഖക്കും ശബ്ദം നൽകിയിട്ടുണ്ട്. പല സിനിമകളിൽ. വിഭിന്നമായ ഏജ് ഗ്രൂപ്പിൽ പെട്ടവരായതിനാൽ, ഓരോരുത്തർക്കും പ്രത്യേകമായ മോഡുലേഷനിലാണ് സംസാരിക്കുന്നത്. എൻറെ അമ്മ ഇങ്ങിനേർന്നു. സംഭാഷണവും ജീവിതവുമൊക്ക ഒരു കലർപ്പുമില്ലാതെ. മയമില്ലെന്നു ചിലർക്കു തോന്നാം, പക്ഷെ അമ്മയുടെ ഉള്ളു നിറയെ സ്നേഹാർന്നു!


🟥 അഭിനയ മികവ് 
'ഇട്ടിമാണി ഫ്രം ചൈന'യിൽ (സെപ്റ്റംബർ, 2019) മോഹ൯ലാലിൻറെ അമ്മ, 'തെയ്യാമ്മ' അടുത്ത കാലത്ത് എനിക്കെൻറെ റേഞ്ച് തെളിയിക്കാൻ സൗകര്യമൊരുക്കിയ കഥാപാത്രമാണ്. ഒത്തിരി ഇഷ്ടപ്പെട്ട സംഭാഷണങ്ങൾ! ലാലിനൊപ്പം 'കട്ടയ്ക്കു' നിൽക്കണ്ടായോ, ഞാനും ഒട്ടും വിട്ടുകൊടുത്തില്ല! സേതുമാധവൻ സാറിൻറെ 'കൂട്ടുകുടുംബ'ത്തിലെ (ആദ്യ പടം - 1969) സരസ്വതിയിൽനിന്ന് 'ഇട്ടിമാണി'യിലെ തെയ്യാമ്മയിലേക്കെത്തുമ്പോൾ നേടിയത് സംഗ്രഹിച്ചു പറയാൻ കഴിയാത്തത്രയുമുള്ള അവതരണ അനുഭവങ്ങളാണ്. എത്രയെത്ര കഥാപാത്രങ്ങൾ! നാടകങ്ങളിൽ അഭിനയിച്ച അനുഭവവുമായാണ് സിനിമയിലെത്തുന്നത്. എൻറെ അഭിനയ മികവ് എൻറെ സിനിമ കാണുന്നവർ വിലയിരുത്തട്ടെ. ഞാൻ 'കൂട്ടുകുടുംബ'ത്തിൽ അഭിനയിക്കുമ്പോൾ, ലാൽ നാലാം ക്ലാസിലോ മറ്റോ പഠിക്കുവായിരുന്നു! ഒരു കാര്യം മാത്രം പറയാം -- അന്നും ഇന്നും അഭിനയം എനിക്കൊരു ജീവിതമാർഗ്ഗം ആയിരുന്നില്ല, ഒരു കലാസപര്യയാണ്! 'ഇട്ടിമാണി'ക്കുശേഷം പുതിയ ഏഴു പടങ്ങളുടെ വർക്കുകൂടി ഇപ്പോൾ നടന്നുവരുന്നു.
🟥 കെ.പി.എ.സി.ലളിത എന്ന പേര് 
ഒരു ചെറിയ നാടക ട്രൂപ്പിലെ 'ബലി'യിൽ ആയിരുന്നു ആദ്യം അഭിനയിച്ചത്. പിന്നീട്, Kerala People's Arts Club-ൽ (KPAC) ചേർന്നപ്പോൾ ലളിത എന്ന പേരു സ്വീകരിച്ചു, കുറെ നാടകങ്ങളിൽ വേഷമിട്ടു. സിനിമയിൽ അവസരം കിട്ടിയപ്പോൾ, ആ പേരിൻറെ കൂടെ ആ ആർട്ടു ക്ലബ്ബിൻറെ പേരും വന്നു. മഹേശ്വരി, അങ്ങിനെയാണ് കെ.പി.എ.സി. ലളിതയായത്. 


🟥 തീയിൽ കുരുത്തത് വെയിലിൽ വാടുമോ? 
കലയിലേക്കുള്ള കാൽവെപ്പ് വളരെ ക്ലേശകരമായിരുന്നു. യാഥാസ്ഥിതിക കുടുംബവും സമൂഹവും കൊടൂരമായി നിരുത്സാഹപ്പെടുത്തി. അച്ഛൻ എന്നെ ഡേൻസ് ക്ലാസ്സിൽ ചേർത്തപ്പോൾ, കുടുംബക്കാരും, അയൽക്കാരും അമ്മയോട് തട്ടിക്കയറി: "നിനക്ക് കൂടുതൽ പെൺമക്കളുണ്ടെങ്കിൽ, അവരെ വല്ല കടലിലും കൊണ്ടുപോയി കെട്ടിത്താഴ്ത്തടീ... ആടാനും, സിനിമയിൽപ്പോയി അഴിഞ്ഞാടാനും വിടുന്നതിനേക്കാൾ ഭേദം അതാണ്!" അസ്വസ്ഥയായ അമ്മ മൂന്നുമാസം പ്രായമുള്ള അനിയത്തിയേയും തോളത്തിട്ടു വീടുവിട്ടിറങ്ങിപ്പോയി. അച്ഛൻ ഞങ്ങളെ ആശ്വസിപ്പിച്ചു, ഒറ്റക്കു ഞങ്ങളെ നോക്കിക്കൊള്ളാമെന്ന്. ഞങ്ങൾ അഞ്ചു മക്കളാർന്നു. അച്ഛൻറെ ആറുമാസക്കാലത്തെ നിരന്തരമായ പരിശ്രമത്തിനൊടുവിൽ അമ്മ അവരുടെ വീട്ടിൽനിന്നു തിരിച്ചുവന്നു. പക്ഷെ, ഒരു നിബന്ധന വച്ചു. ആഴ്ചയിൽ ഒരിക്കൽ നൃത്തം പഠിക്കാൻ അൽപ്പനേരം പോകാം, എന്നാൽ സിനിമയിൽ അഭിനയിക്കാൻ പോകരുതെന്ന്.  അക്കാലത്തൊക്കെ സിനിമയിലോ നാടകത്തിലോ അവസരം കിട്ടണമെങ്കിൽ ആദ്യം നൃത്തം പഠിക്കണം. കലാഹൃദയനായിരുന്ന അച്ഛൻ അനുകൂലിച്ചതുകൊണ്ടുമാത്രമാണ് ഞാനൊരു കലാകാരിയായത്. 'മി-ടു' വുമായി നടക്കുന്ന ഇന്നത്തെ പെണ്ണുങ്ങൾക്കറിയാവോ എൻറെയൊക്കെ കാലത്തെ സാഹചര്യങ്ങള്! പ്രശസ്ത നിർമ്മാതാവ് ആർ.എസ് പ്രഭു ഒരിക്കൽ ഒരുത്തനോടു പറഞ്ഞു, ലളിതയോട് കളിക്കണ്ടെന്ന്. ഞാനൊരു ഉരുക്കുകവചം ധരിച്ചാണത്രെ നടക്കുന്നത്! തീയിൽ കുരുത്തത് വെയിലിൽ വാടുമോ?


🟥 മെഗാ സീരിയൽ 'തട്ടീം മുട്ടീം' 
ഈ പരമ്പര എവിടെയും തട്ടാതേം മുട്ടാതേം എട്ടു വർഷം പിന്നിട്ടു. മിനിസ്‌ക്രീനിൽ ഇത്രയും കാലം തുടർച്ചയായി ഓടിയ മറ്റൊരു സീരിയലും മലയാളത്തിൽ ഉണ്ടായിട്ടില്ല. ഞാൻ വേഷമിടുന്ന മായാവതിയമ്മ കുടുംബ പ്രേക്ഷകരുടെ നിസ്സീമമായ പ്രശംസ നേടിയെന്നറിയുന്നതിൽ വളരെ സന്തുഷ്ടയാണ്. ആവേശകരമായ ഒത്തിരി പ്രതികരണങ്ങൾ ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നു! സംഭവങ്ങൾ മാറുന്നുണ്ടെങ്കിലും, മായാവതിയമ്മക്കു വ്യത്യാസമില്ലല്ലൊ. ഇടമുറിയാതെയുള്ള ഇഷ്ടത്തിന് പ്രേക്ഷകരോട് കടപ്പെട്ടിരിക്കുന്നു!
🟥 എന്തുവാടാ, കൊച്ചനേ... 
ചേട്ടൻ എന്നെ വിവാഹം ചെയ്തു കൊണ്ടുവന്നത് തൃശ്ശൂരിലേക്കാണ്. പത്തുനാൽപ്പതു വർഷമായി. എന്നിരുന്നാലും, തൃശ്ശൂരുകാരുടെ ആ പ്രത്യേക സ്ലേംഗിൽ 'എന്തൂട്ടാ, ഗഡീ' എന്നു ചോദിക്കാൻ എനിക്കിപ്പോഴും നാക്കു വഴങ്ങത്തില്ല. പ്രധാന കാരണം, നാത്തൂൻമാർക്കൊക്കെ എൻറെ ഒറിജിനൽ സംസാര രീതി കേൾക്കാൻ ഒത്തിരി ഇഷ്ടാർന്നു. ഞാൻ ശരിയായ ഭാഷയിൽ സംസാരിച്ചാൽ അപ്പൊ പറയും, "ഞങ്ങളാരും ഇവിടെ 'എംടി'യ്ക്കു പഠിക്കിണില്ല്യാ", ആ ആറന്മുള-കായംകുളം-ചങ്ങനാശ്ശേരി ശൈലിയിൽ അങ്ങ് പറഞ്ഞേച്ചാമതിയെന്ന്! അവിടങ്ങളിലായിരുന്നല്ലൊ ഞാൻ ജനിച്ചു വളർന്നത്. ഞാൻ പുള്ളാരോട് 'എന്തുവാടാ, കൊച്ചനേ...' എന്നു ചോദിക്കുമ്പോഴാണ് അവര് ശരിക്കും എൻജോയ് ചെയ്യ്ണത്!


🟥 പുതിയ നടിമാർ പ്രതിഭാശാലികൾ 
പുതിയ നടിമാരെ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അധികം പ്രാക്ടീസൊന്നും ഇല്ലാതെതന്നെ അവർ നന്നായി അഭിനയിക്കുന്നു! എല്ലാവരും ശെരിക്കും പ്രതിഭാശാലികളാണ്. പുതിയ ലോകത്ത് ഒത്തിരി സൗകര്യങ്ങളും സ്വാതന്ത്യ്രവുമൊക്കെ അവർക്കു ഒള്ളതുകൊണ്ടായിരിക്കാം ഈ മുന്നേറ്റം. സുജിനയോട് (മകൻ സിദ്ധാർത്ഥിൻറെ പത്നി) ഞാൻ പറയാറുണ്ട്, മോളേ, രാത്രിയിൽ ഒറ്റക്കു ഡ്രൈവ് ചെയ്യരുതെന്ന്. അവൾ മറുപടി പറയും, അമ്മേ, ഒന്നും പേടിക്കാനില്ലെന്ന്! അവൾ കൊച്ചിയിൽ ഡേൻസ് സ്കൂൾ നടത്തുവാ. അവരുടെ വിവാഹം സെപ്റ്റംബറിലാർന്നു. കാലം മാറി, ഇന്ന് പെൺപുള്ളാരൊക്കെ കൂടുതൽ സ്വതന്ത്രരാണ്!

# KPAC is Lalitha's first death anniversary.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക