Image

ഈസ്റ്റ്ഹാം ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് 7 നു ആറ്റുകാല്‍ പൊങ്കാല

Published on 27 February, 2023
 ഈസ്റ്റ്ഹാം ശ്രീമുരുകന്‍ ക്ഷേത്രത്തില്‍ മാര്‍ച്ച് 7 നു ആറ്റുകാല്‍ പൊങ്കാല

 

ലണ്ടന്‍: ലണ്ടനിലെ ഹൈന്ദവ ആരാധന കേന്ദ്രങ്ങളില്‍ പ്രമുഖമായ ഈസ്റ്റ്ഹാം ശ്രീമുരുകന്‍ ക്ഷേത്രസന്നിധിയില്‍ മാര്‍ച്ച് ഏഴിനു ചൊവ്വാഴ്ച ആറ്റുകാല്‍ പൊങ്കാല അര്‍പ്പിക്കുവാന്‍ വീണ്ടും
അവസരം ഒരുങ്ങുന്നു.

ബ്രിട്ടനിലെ മലയാളി വനിതകളുടെ സാമൂഹ്യ-സാംസ്‌കാരിക സംഘടനയായ ബ്രിട്ടീഷ് ഏഷ്യന്‍ വിമന്‍സ് നെറ്റ്വര്‍ക്ക് (BAWN) നേതൃത്വം, ലണ്ടനിലെ ആറ്റുകാല്‍ ഭഗവതി ഭക്തജനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഇത് തുടര്‍ച്ചയായ പതിനാറാമത്തെ അവസരമാണ് ഒരുങ്ങുന്നത്. മാര്‍ച്ച് 7 നു ചൊവ്വാഴ്ച രാവിലെ ഒമ്പതിനു ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ പൂജാദികര്‍മ്മങ്ങള്‍ ആരംഭിക്കുന്നതാണ്.

നൂറുകണക്കിന് ആറ്റുകാല്‍ ഭഗവതി ഭക്തര്‍ ഇത്തവണ യു കെ യുടെ നാനാ ഭാഗങ്ങളില്‍ നിന്നും ന്യുഹാമിലെ ശ്രീ മുരുകന്‍ ക്ഷേത്രത്തില്‍ എത്തിച്ചേരുമെന്നാണ് സംഘാടക സമിതി കണക്കാക്കുന്നത്. മഞ്ഞും, കൊടും തണുപ്പും അടക്കം പ്രതികൂല സാഹചര്യങ്ങളില്‍ പോലും വലിയ ഭക്തജന പങ്കാളിത്തം ഉണ്ടാവാറുണ്ടെന്നു സംഘാടകര്‍ അറിയിച്ചു.

നിരവധിയായ അനുഗ്രഹങ്ങള്‍ക്കും,അനുഭവ സാക്ഷ്യങ്ങള്‍ക്കു വര്‍ഷംതോറും ആറ്റുകാല്‍ പൊങ്കാല ഉറവിടമാവുന്നുവെന്നാണ് സംഘാടകരും ഭക്തജനങ്ങളും സാക്ഷ്യം പറയുന്നത്. ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക് (മുന്‍ ആറ്റുകാല്‍ സിസ്റ്റേഴ്‌സ്) ചെയറും, മുഖ്യ സംഘാടകയും, സാമൂഹ്യ പ്രവര്‍ത്തകയും, എഴുത്തുകാരിയുമായ ഡോ. ഓമന ഗംഗാധരനാണു ലണ്ടനിലെ ആറ്റുകാല്‍ പൊങ്കാലക്ക് നാന്ദി കുറിച്ച് നേതൃത്വം നല്‍കി പോരുന്നത്.
 
നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന ബ്രിട്ടീഷ് ഏഷ്യന്‍ വുമണ്‍സ് നെറ്റ് വര്‍ക്ക്, ലണ്ടന്‍ ബ്രെസ്റ്റ് കാന്‍സര്‍ സൊസൈറ്റിയുടെ മുഖ്യ പ്രായോജകരുമാണ്.
 
കേരളത്തിനു പുറത്ത് ആറ്റുകാലമ്മയുടെ സന്നിധാനത്തില്‍ ഏറ്റവും കൂടുതല്‍ വനിതകള്‍ സംഗമിക്കുന്ന ഒരു വേദിയായി ശ്രീ മുരുകന്‍ ക്ഷേത്രം ശ്രദ്ധേയമായിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓമന ഗംഗാധരന്‍- 07766822360, ശ്രീമുരുകന്‍ ക്ഷേത്രം - 02084788433

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക