Image

കേരള വിഭാഗം സാഹിത്യവേദി ഒമാന്‍ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റ് സന്ദര്‍ശിച്ചു

Published on 27 February, 2023
 കേരള വിഭാഗം സാഹിത്യവേദി ഒമാന്‍ അന്താരാഷ്ട്ര ബുക്ക് ഫെസ്റ്റ് സന്ദര്‍ശിച്ചു

 


മസ്‌കറ്റ്: ഒമാന്‍ ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്നു വരുന്ന അന്തര്‍ദേശീയ പുസ്തകോല്‍സവം ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗത്തിന്റെ സാഹിത്യ വേദി പ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. കേരള വിഭാഗം കണ്‍വീനര്‍ സന്തോഷ് കുമാറിന്റെയും സാഹിത്യ വിഭാഗം കോഓര്‍ഡിനേറ്റര്‍ കെ.വി. വിജയന്റെയും നേതൃത്വത്തില്‍ ശനിയാഴ്ച സന്ദര്‍ശനം നടത്തിയ സംഘം പുസ്തകോല്‍സവത്തിലെ വിവിധ പവലിയനുകളില്‍ എത്തുകയും പുസ്തക പ്രസാധകരുമായും വിതരണക്കാരും വായനക്കാരുമായി പ്രത്യേകമായി ആശയവിനിമയം നടത്തി.

സ്വദേശികളില്‍നിന്നും വിദേശികളില്‍നിന്നുമായി മികച്ച പ്രതികരണമാണ് പുസ്തകോല്‍സവത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. സ്വദേശീയര്‍ ധാരാളമായി എത്തുന്ന പുസ്തകോല്‍സവത്തില്‍ ഇന്ത്യക്കാരുടെ പ്രത്യേകിച്ച് മലയാളികളുടെ പങ്കാളിത്തം കൂടുതല്‍ ഉണ്ടാകണമെന്ന് ഒമാനിലെ പ്രമുഖ പുസ്ത വിതരണക്കാരായ അല്‍ ബാജ് ബുക്‌സ് മാനേജിംഗ് ഡയറക്ടര്‍ ഷൗക്കത്ത് ആവശ്യപ്പെട്ടു. വിവിധ രാജ്യങ്ങളിലെ എണ്ണൂറിലേറെ പ്രസാധകര്‍ പങ്കെടുക്കുന്ന പുസ്തകോല്‍സവം മാര്‍ച്ച് 4 വരെ നീണ്ടു നില്‍ക്കും.


പ്രവാസികള്‍ക്കിടയിലെ വായനയും മറ്റു സാഹിത്യപ്രവര്‍ത്തനങ്ങളും പരിപോഷിപ്പിക്കുന്നതിന് എക്കാലവും ഉയര്‍ന്ന പ്രാമുഖ്യം കൊടുത്തു കൊണ്ടിരിക്കുന്ന സംഘടന എന്ന നിലയില്‍ കേരള വിഭാഗത്തിന്റെ സന്ദര്‍ശനത്തിന് വായനക്കാരില്‍ നിന്നും സാഹിത്യപ്രേമികളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്.

ഒമാനിലെ വിവിധ പുസ്തക വിതരണക്കാരും സാഹിത്യ രംഗവുമായി ബന്ധപെട്ടുള്ള നിരന്തരമായ ഇത്തരം ഇടപെടലുകളും വൈവിധ്യമായ പരിപാടികള്‍ക്കും കേരളവിഭാഗം തുടര്‍ന്നും നേതൃത്വം നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സേവ്യര്‍ കാവാലം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക