Image

അന്നൊരിക്കൽ (ചിഞ്ചു തോമസ്)

Published on 02 March, 2023
അന്നൊരിക്കൽ (ചിഞ്ചു തോമസ്)

അന്ന് മീനൂട്ടി ബന്ധുവീട്ടിൽ രണ്ട് ദിവസം താമസിക്കാൻ പോയതാണ്. അവളുടെ കൂടെ ഇളയ സഹോദരങ്ങളും ഉണ്ട്. ബന്ധുവിന്റെ വീട് ടൗണിൽ നിന്ന് കുറെ ഉള്ളിലോട്ട് പോയിട്ടാണ്. റബ്ബർ തോട്ടത്തിനു നടുവിലൂടെ ഒരു ചെറിയ വഴി. ആ വഴി കടന്ന് വേണം ബന്ധുവീട്ടിൽ എത്താൻ. ആ വീടിന്റെ മുറ്റത്തു നിന്ന് മീനുവും സഹോദരങ്ങളും കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു  ഒരു മഞ്ഞ ചിലന്തിയെ കണ്ടത്. അത് മരത്തിൽ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. അവർ  അതിനെ നോക്കിക്കൊണ്ട് ,എന്നാൽ പേടിച്ച്‌  ഒരു അകലം പാലിച്ച്, അത് എപ്പോൾ ചാടിയാലും ഓടാൻ പാകത്തിനായിരുന്നു അവരുടെ നിൽപ്പ്. 

അപ്പോഴാണ് അവരുടെ ഇടയിലേക്ക് ഒരു മുതിർന്ന ആൾ കടന്നുവന്നത്. ഇതുപോലെ കുറെ ജീവികൾ റബ്ബർതോട്ടത്തിൽ ഉണ്ടെന്ന് അയാൾ അവരോട്  പറഞ്ഞു. കുറെ ചോക്ലേറ്റ് അവർക്ക് കൊടുത്തിട്ട് അയാൾ റബ്ബർ തോട്ടത്തിൽ പോകാൻ അവരെ  വിളിച്ചു. അവരുടെ  ബന്ധുക്കളോട് സമ്മതം വാങ്ങി അവരെ ജീപ്പിൽ തോട്ടത്തിലേക്ക് കൊണ്ടുപോയി. 

തോട്ടത്തിനു നടുക്ക് ജീപ്പ് നിർത്തിയിട്ട് അവരോട് അയാൾ സംസാരിക്കാൻ തുടങ്ങി.മീനൂട്ടിയുടെ  അനിയൻ ആ സമയം സ്റ്റീയറിങ് അങ്ങോട്ടുമിങ്ങോട്ടും തിരിച്ചു കൊണ്ടിരുന്നു. അനിയത്തി പുറകിൽനിന്നും ജീപ്പിന്റെ മുമ്പിലുള്ള  സീറ്റിൽ പോയി സ്റ്റീയറിങ് തിരിക്കാൻ ചേട്ടന്റെ കൂടെക്കൂടി . അവർക്ക് കളിക്കാൻ സ്ഥലം ഒരുക്കാൻ എന്നവണ്ണം അയാൾ പുറകിലത്തെ സീറ്റിൽ ചെന്നിരുന്നു . മീനൂട്ടി പുറകിലായിരുന്നു ഇരുന്നിരുന്നത്.അയാൾ മീനൂട്ടിയോട്  എന്തൊക്കെയോ  ചോദിച്ചു,അർത്ഥമില്ലാത്ത ചോദ്യങ്ങൾ. അയാൾ വിയർക്കുന്നുണ്ടായിരുന്നു.

അയാൾ ചുറ്റും നോക്കി.എന്നിട്ട് മീനൂട്ടിയുടെ അടുത്ത് വന്നിരുന്നു.അയാൾ അവളുടെ കൈകൾ  പിടിച്ചു നോക്കി. അയാളുടെ കൈകൾക്ക് തണുപ്പായിരുന്നു.മീനൂട്ടിയുടെ കൈവര നോക്കി അയാൾ അവളോട് ‘പഠിക്കാൻ മിടുക്കിയാണല്ലോ’ എന്ന്  പറഞ്ഞു.അവൾ അതിന് ‘ഞാൻ മിടുക്കിയൊന്നുമല്ല ‘ എന്ന് മറുപടി പറഞ്ഞു.അപ്പോൾ അയാൾ ,’അത് മീനൂട്ടി മാത്രം പറഞ്ഞാൽ മതിയോ’?എന്ന് ചോദിച്ചിട്ട് അവളെ പിടിച്ച് അയാളുടെ മടിയിൽ ഇരുത്തി.അയാൾ അവളുടെ മാറിൽ സ്പർശിച്ചു. പെട്ടെന്ന് അയാൾ അങ്ങനെ ചെയ്തപ്പോൾ അവൾ പേടിച്ചു മാറി അയാളുടെ മടിയിൽനിന്ന് എഴുന്നേറ്റ് സീറ്റിലിരുന്നു. അയാൾ ഒരു ചിരിയോടെ അവളുടെ അടുത്ത് പിന്നെയും വന്നിരുന്നു. അയാൾ പിന്നെയും അവളെ എടുത്ത് അയാളുടെ മടിയിലിരുത്തി ഉമ്മ കൊടുക്കാൻ തുടങ്ങി. അവൾക്ക് പത്ത്‌ വയസ്സ് മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ.അയാൾ അവളുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിച്ചു കൊണ്ടേയിരുന്നു.അവൾ പേടിച്ചുപോയി.അവൾക്ക് സുപരിചിതനായിരുന്നു അയാൾ. അയാൾ ഉമ്മ നിർത്തിയപ്പോൾ അവൾ പിന്നെയും മാറിയിരുന്നു. തലകുനിച്ച് പേടിച്ച്. 

അയാൾ ചിരിച്ചു കൊണ്ട് അവളുടെ അടുത്ത് പിന്നെയും വന്നു.അതുകണ്ട് അവൾ ജീപ്പ് തുറന്ന്  പുറത്തിറങ്ങി. എന്നിട്ട് തോട്ടം ലക്ഷ്യമാക്കി നടന്നു. അയാൾ അവളോട് ‘ അങ്ങോട്ട് പോകരുത്’ എന്ന് പറഞ്ഞു.അവൾ കേട്ടഭാവം കാണിച്ചില്ല. അയാൾ അപ്പോൾ ഒരു  വേട്ടക്കാരന്റെ കണ്ണുകളോടെ ചിരിച്ചുകൊണ്ട് പറഞ്ഞു, " തിരിച്ചു വന്നെങ്കിലേ വീട്ടിൽ പോകാൻ പറ്റൂ"!

 അയാൾ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ അവൾ തോട്ടത്തിലേക്ക് കയറിപ്പോയി.മീനൂട്ടി തിരിച്ചുവരും എന്ന് അയാളും കരുതി.പക്ഷേ അവൾ ഉള്ളിലേക്കുള്ളിലേക്ക് പൊയ്ക്കൊണ്ടിരുന്നു.അവളുടെ നടത്തം വേഗത്തിലായി. അവൾ ക്രമേണ ഓടാൻ തുടങ്ങി.അയാൾ ‘ എടീ ‘ എന്ന് അലറി.

മീനൂട്ടിക്ക്  പാമ്പും പഴുതാരയും തേളും  ഒക്കെ പേടിപ്പെടുത്തുന്ന ജീവികൾ ആയിരുന്നു. പക്ഷേ അന്ന് അവൾക്ക് ആ ജീവികളൊക്കെ തോട്ടത്തിലുണ്ടെന്ന് തോന്നിയതേയില്ല.ഉണ്ടെങ്കിൽത്തന്നെ അവയോടൊന്നും പേടി തോന്നിയില്ല.അവയൊക്കെ അവളെ  ആദരപൂർവം നോക്കുന്നതായി തോന്നി. 

തോട്ടത്തിൽ നല്ല കാറ്റു വീശി. റബ്ബർ മരങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ശക്തിയായി  ആടുവാൻ തുടങ്ങി. മേഘങ്ങൾ ഇരുണ്ടു മൂടി. മഴപെയ്യാൻ തുടങ്ങി. അങ്ങ് ദൂരെ ഒരു റോഡ് കാണാം. മീനൂട്ടി റോഡിനെ  ലക്ഷ്യമാക്കി  നടന്നു. മഴയും കരഞ്ഞുകലങ്ങിയ കണ്ണുകളും കൊണ്ട് അവൾക്ക്  വ്യക്തമായി ഒന്നും കാണാൻ കഴിഞ്ഞിരുന്നില്ല.ഒരു മുള്ളുവേലി തട്ടി അവൾ  വീണു. അവളുടെ മുഖത്ത്‌ മുറിവുണ്ടായി.കാൽ മുട്ടുകൾ കല്ലുകളുടെ മുകളിൽ ഉരഞ്ഞു തൊലി പോയി. മുള്ളുവേലിക്കിടയിലൂടെ അവൾ അപ്പുറം കടന്നു. അവൾ നടന്ന്  റോഡിൽ എത്താറായപ്പോൾ അയാളുടെ ജീപ്പ് ആ വഴിയിലൂടെ വരുന്നത് കണ്ടു.അവളൊരു മരത്തിന്റെ പുറകിൽ ഒളിച്ചിരുന്നു.മീനൂട്ടിയുടെ  സഹോദരങ്ങൾ തോട്ടത്തിലേക്ക് നോക്കി അവളെ തിരയുന്നത് അവൾക്ക് കാണാമായിരുന്നു. 

എങ്ങനെയാണ് വീട്ടിലേക്ക് തിരിച്ചു പോകേണ്ടതെന്ന് അവൾക്കറിയില്ല. അയാളുടെ ജീപ്പ് പോയി കഴിഞ്ഞപ്പോൾ അവൾ പിന്നെയും നടന്ന്  റോഡിലെത്തി. റോഡിലൂടെ മുമ്പോട്ട്  നടന്നു. വാഹനങ്ങൾ ഒന്നും പോകുന്നില്ല. റോഡിൽ കുറെ കല്ലുകൾ ചിതറിക്കിടക്കുന്നു. ചെളിവെള്ളം തോട്ടത്തിൽനിന്ന് റോഡിലേക്ക് ഒഴുകാൻ തുടങ്ങി. മീനൂട്ടിക്ക് അച്ഛനെയും അമ്മയെയും  കാണണം. അവരുടെ അടുത്ത് എത്തണം.അവൾ  പൊട്ടിക്കരയാൻ തുടങ്ങി. 

ഇനി ഒരിക്കലും അവരുടെ അടുത്തുനിന്ന് എങ്ങോട്ടും പോകില്ല എന്നവൾ ശപഥം ചെയ്തു. അവർ അടുത്തുള്ളപ്പോഴുള്ള സുരക്ഷിതത്വം അവർ ഒന്ന് മാറിയാൽ ഉണ്ടാകില്ല എന്നവൾക്ക് മനസ്സിലായി. അവരെ ഓർത്ത് അവളുടെ കരച്ചിൽ കൂടി വന്നു. റോഡിലുണ്ടായിരുന്ന ഒരു വലിയ കല്ല് തട്ടി അവൾ പിന്നെയും വീണു.അവളുടെ മുട്ട് പിന്നെയും ഉരഞ്ഞുമുറിഞ്ഞു.അവൾ അവിടെയുള്ള  ചെളിവെള്ളം തളംകെട്ടിക്കിടന്ന വഴിയിൽ ഇരുന്നു. എങ്ങും പോകാതെ.അപ്പോഴേക്കും നടന്നതോർത്ത്‌  അവളുടെ കുഞ്ഞു മനസ്സ് തളർന്നിരുന്നു.

 അതുവഴി ഒരു മാരുതി വാൻ വന്നു.മീനുട്ടിയെ കണ്ട് ആ വാഹനം നിർത്തി.വാതിൽ  തുറന്ന് ഒരു സ്ത്രീ പുറത്തു വന്ന് അവളോട്  കാര്യങ്ങൾ ചോദിച്ചു. അവൾ തന്റെ  വീട് ദൂരെ ആണെന്നും  ഒരു ബന്ധു വീട്ടിൽ വന്നതാണ് എന്നും പറഞ്ഞു. അവർ അവളോട്  വാഹനത്തിൽ കയറാൻ ആവശ്യപ്പെട്ടു.മീനൂട്ടിയെ പോലീസ് സ്റ്റേഷനിൽ കൊണ്ടുച്ചെന്ന് ആക്കാമെന്നും പിന്നെ  അവർ അവളെ വീട്ടുകാരുടെ അടുത്ത് എത്തിക്കുമെന്നും പറഞ്ഞു. 

അവൾ ആ വാഹനത്തിൽ കയറി. ആ സ്ത്രീ അവളെ വാൽസല്യത്തോടെ തഴുകി ഉറക്കി. അച്ഛന്റെയും അമ്മയുടെയും അടുത്ത് എത്താനുള്ള മോഹവുമായി മീനൂട്ടി ഉറങ്ങി. 


‘ ഉണർന്നെഴുന്നേറ്റത്  എവിടെയാണ്?’, അവൾ ചുറ്റിനും നോക്കി. കല്ലുകൾ കൊണ്ട് ഉണ്ടാക്കിയ ഒരു മുറിയിൽ അവളെ പൂട്ടിയിട്ടിരിക്കുകയാണ്. അവളെ  പുതിയ വസ്ത്രങ്ങൾ ധരിപ്പിച്ചിരുന്നു. ഇത് പോലീസ് സ്റ്റേഷൻ ആകുമോ? ഒരു മനുഷ്യൻ വന്ന് അവൾക്ക്  ആഹാരവും വെള്ളവും കൊടുത്തു.അവൾ അയാളോട് ‘പോലീസ് ആണോ’? എന്ന് ചോദിച്ചു. അയാൾ ഒന്നും പറഞ്ഞില്ല.അവൾ ഭക്ഷണവും വെള്ളവും കഴിച്ച് അച്ഛനും അമ്മയും അവളെ കൊണ്ടുപോകാൻ വരുന്നതും  പ്രതീക്ഷിച്ചിരുന്നു. 

 കുറച്ചുകഴിഞ്ഞ് ഒരു മനുഷ്യൻ വന്നു. അയാൾ അവളെ കുറെ ഉപദ്രവിച്ചു. തോട്ടത്തിൽ വച്ച് ഉണ്ടായതിനേക്കാൾ കൂടുതൽ.അവൾക്ക്  ഒന്നും ചെയ്യാൻ കഴിഞ്ഞില്ല,കരയുകയല്ലാതെ.അവൾക്ക്  അനങ്ങാൻ വയ്യാതെയായി. ഓരോ ദിവസവും പുതിയ മുഖങ്ങൾ ചിലപ്പോൾ കണ്ട മുഖങ്ങൾ. ചിലരെ കാണുമ്പോഴേ പേടിയാണ്.മീനൂട്ടി  ആ മുറിക്കുള്ളിൽ അടക്കപ്പെട്ടു കഴിഞ്ഞിരുന്നു.അവളുടെ മാനസിക വളർച്ച  പത്തുവയസ്സിൽച്ചെന്നുനിന്നിരുന്നു.. കാരണം അവൾ പിന്നെ പുറംലോകം കണ്ടിട്ടുണ്ടായിരുന്നില്ല.

 വർഷങ്ങൾ കടന്നുപോയി.മീനൂട്ടിക്ക്  ആരിൽനിന്നൊക്കെയോ നാല് കുട്ടികൾ ഉണ്ടായി. ഒരാണും മൂന്നു പെണ്ണും. അവരെ മൂന്ന് വയസ്സുവരേ  അവൾ കണ്ടിട്ടുള്ളൂ. പിന്നെ അവരെ അവർ എങ്ങോട്ട് കൊണ്ടുപോയി എന്ന് അവൾക്കറിയില്ല.. ഒരുപക്ഷേ അവർ  ഇതുപോലെയുള്ള മുറികളിൽ അടയ്ക്കപ്പെട്ടിട്ടുണ്ടാകാം.മീനൂട്ടി അവളുടെ കുട്ടികളെ  ഒറ്റയ്ക്ക് കിട്ടിയിരുന്നെങ്കിൽ കൊന്നുകളയുമായിരുന്നു.പക്ഷേ പാല് കൊടുക്കാൻ മീനൂട്ടിയുടെ അടുത്ത് കൊണ്ടുവരുമ്പോൾ കൂടെ ആൾക്കാർ ഉണ്ടാകും. ഈ വൃത്തികെട്ട ലോകത്ത് അവർ തന്നെ  പോലെ എന്തിനാണ് ജീവിക്കുന്നത് എന്ന് അവൾ ചിന്തിച്ചിരുന്നു. അവർ ഈ ലോകത്ത് ജനിച്ചതായി പോലും രേഖകളില്ല. ആരും അവരെ തേടി വരില്ല. ഒരു ദൈവങ്ങളും അവളുടെ  കരച്ചിൽ കേൾക്കുന്നില്ല. ഏതെങ്കിലും രോഗം വന്ന് മരിച്ചു പോയിരുന്നെങ്കിൽ എന്ന് ആശിക്കാത്ത  ദിവസങ്ങളില്ല.

 അങ്ങനെ ഒരു ദിവസം അവൾക്ക്  ഏതോ രോഗം വന്നു. കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയുന്നില്ല. ദേഹം പൊട്ടി ദുർഗന്ധം വമിച്ചു തുടങ്ങി..അവളുടെ അടുത്തേക്ക് പോലും ആരും വരുന്നില്ല. അവർക്ക് അവൾ ഒരു ഭാരമായി.അവളെ എങ്ങനെ കളയാം എന്നായി അവരുടെ ചിന്ത. അവർ അവളെ  ഒരു തുണിയിൽ പൊതിഞ്ഞു. ഒരു വാഹനത്തിന്റെ ഡിക്കിയിൽ കൊണ്ടിട്ടു.അവൾക്ക്  ശ്വാസം എടുക്കുക പോലും ബുദ്ധിമുട്ടായിരുന്നു. അവർ എങ്ങോട്ടോ അവളെ കൊണ്ടുപോയി.എത്രെയോ കാലങ്ങൾക്ക് ശേഷമായിരുന്നു പിന്നെയും വാഹനത്തിൽ ഒരു യാത്ര! അങ്ങോട്ടുള്ള യാത്രയിൽ  അവൾ ഉറക്കമായിരുന്നു..പ്രതീക്ഷകൾ ഉണ്ടായിരുന്നു.ജീവിക്കാൻ മോഹമുണ്ടായിരുന്നു.ഇപ്പോൾ തിരിച്ചുള്ള ഈ യാത്ര തന്റെ അവസാന യാത്ര ആകുമെന്ന് അവൾ ഊഹിച്ചിരുന്നു.

അവൾ അച്ഛനേയും  അമ്മയെയും സഹോദരങ്ങളെയും ഓർത്തു.

‘ അവർ ഇപ്പോൾ എവിടെയായിരിക്കും?എന്നെ ഇപ്പോഴും അന്വേഷിക്കുന്നുണ്ടാവുമോ?അതോ ഞാൻ മരിച്ചിട്ടുണ്ടാകും എന്നവർ കരുതിക്കാണുമോ?’,അവൾ ചിന്തിച്ചു.അവൾക്ക്  അവസാനമായി അവരെ കാണുവാനും  ചുംബിക്കുവാനും മോഹം തോന്നി.അച്ഛന്റെയും  അമ്മയുടെയും നടുക്ക് ഒരു കൂട്  വെച്ച് ഒന്നുകൂടെ താമസിക്കാൻ , അവരുടെ അടുത്തേക്ക് ഒന്നുകൂടെ ഓടിച്ചെല്ലാൻ അവളുടെ ഉള്ള് തുടിച്ചു.

 വാഹനം നിർത്തി. മീനൂട്ടിയെ  എടുത്തു കൊണ്ട് അവർ ഒരു വെള്ളക്കെട്ടിലേക്കാണ്  പോകുന്നത്. വെള്ളം ഒഴുകുന്ന ശബ്ദം കേൾക്കാമായിരുന്നു.അവൾക്ക് അവസാനമായി  ഒരിറ്റുവെള്ളം കുടിക്കണമെന്ന് തോന്നി.  ‘ചീങ്കണ്ണികൾക്ക് ഇട്ടു കൊടുത്താൽ ഒരു തുമ്പും ബാക്കി ഉണ്ടാകില്ല’ എന്ന് അവർ പറയുന്നത് അവൾ കേട്ടു.അവൾക്ക്  ഒട്ടും പേടി തോന്നിയില്ല.പാമ്പുകളോടും പഴുതാരകളോടും തേളിനോടുമൊക്കെയുള്ള  പേടി ആ തോട്ടത്തിൽ വച്ച് പോയതുപോലെ ഈ ചീങ്കണ്ണികളോടും അവൾക്ക് പേടി തോന്നിയില്ല.മറിച്ച് അവയൊക്കെ  സ്നേഹിതരായി  തോന്നി. അവ തന്നെ കൃപാനുകമ്പയോടെ ക്ഷണിക്കുന്നു, പുതിയ ഒരിടത്തേക്ക്.ഈ ജന്മത്തിൽനിന്ന് അവസാനം ഒരു മോചനമുണ്ടാകാൻ പോകുന്നു!
അവർ അവളെ വെള്ളത്തിലേക്കെറിഞ്ഞു. അപ്പോഴും അവളുടെ മനസ്സ് ഒരു രേഖകളിലുംപെടാത്ത  അവളുടെ കുട്ടികളുടെ ദുർവിധിയോർത്ത്‌ നീറിക്കൊണ്ടിരുന്നു.. ഈ സുന്ദരമായ ഭൂമി ഒരു നോക്ക് കാണുവാൻ കഴിയാത്ത ജന്മങ്ങൾ. അവർ ഒരു മുറിക്കുള്ളിൽ ജനിച്ച് ,ഒരു മുറിക്കുള്ളിൽ  ജീവിച്ച്, ഒരു മുറിക്കുള്ളിൽ ഒടുങ്ങാനുള്ളവർ! അവരും മനുഷ്യർ എന്ന് വിളിക്കപ്പെടുന്നവർ!

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക