20 വർഷങ്ങൾക്കു മുൻപുള്ള എന്റെ കൈപ്പടയിൽ എഴുതിയ ഒരു ഒരു ഡയറിയെഴുത്ത് വായിച്ചു കൊണ്ടാണു ഞാനിന്നെന്റെ പ്രഭാതം തുടങ്ങിയത്. എന്നും എണീറ്റയുടൻ ഞാൻ നോക്കുന്നതും വായിക്കുന്നതും ഫോണും ഫോണിലെ മെസ്സേജ്കളുമൊക്കെ തന്നെയാണു. അങ്ങനെ വാട്സാപ്പിലൂടെ നോക്കിപ്പോയപ്പോഴാണു എന്റെ അടുത്ത ഒരു കൂട്ടുകാരിയുടെ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടത്. അത് ക്ലിക്ക് ചെയ്ത് നോക്കിയപ്പോൾ നാലഞ്ചു ഡയറിത്താളുകളുടെ ഫോട്ടോ. അവൾ എഴുതിയ കഥയോ കവിതയോ വല്ലോം ആയിരിക്കുമെന്ന് കരുതി അത് തുറന്നപ്പോൾ ഞാൻ തന്നെ അതിശയിച്ച് പോയി. 20 വർഷം മുന്നേ 2002 മാർച്ചിലെന്തോ എഴുതിയ ആട്ടോഗ്രാഫ്. അതു മുഴുവൻ സൂം ചെയ്ത് വായിച്ചപ്പോൾ വീണ്ടും അതേ കോളേജും ക്ലാസ്സ് മുറികളും ഒക്കെ മനസ്സിലൂടെ പാഞ്ഞുപോയി. പല കേരളായാത്രകളിലും അവളെയും മറ്റ് കൂട്ടുകാരികളെയും മീറ്റ് ചെയ്യണമെന്ന് വിചാരിച്ചിട്ട് അവസാനനിമിഷം അത് കൈവിട്ട് പോകുന്ന അതേ അവസ്ഥയാണു ഇത്തവണയും ഉണ്ടായത്.ആ എഴുത്തുകളിലൂടെ ഞാൻ പോയപ്പോൾ, ആ സംഭവങ്ങൾ ഓർത്തപ്പോൾ ഇത്ര നാൾ അത് കാത്തു സൂക്ഷിച്ച അവളോട് ബഹുമാനവും അതെല്ലാം എവിടെയാണെന്ന് പോലും അറിയാത്ത എന്നോട് ദേഷ്യവുമാണെനിക്ക് തോന്നിയത്. ഓർമകൾ ഉറങ്ങികിടക്കുന്ന എത്ര ഡയറികളാണു എനിക്കില്ലാതെ ആക്കിയതെന്നോർത്ത്. കോളേജ് ടൂറും, അവളുടെ ചിരിയും, കലോൽസവത്തിൽ പങ്കെടുത്തതും, കരോൾ സോംങ്ങ്, പുൽക്കൂട് മൽസരവും ക്ലാസ്സിലെ അവളുടെ വിക്യതികളും അതെല്ലാം അതിൽ ഉണ്ടായിരുന്നു. ആ ഓർമ്മകളിൽ വളരെ രസകരമായ ഒരു കോളേജ് റ്റ്രിപ്പ് ഓർമ്മ പെട്ടെന്ന് മനസ്സിലേക്ക് വന്നു.
കാർമ്മൽ പോളിയിൽ പഠിക്കുന്ന രണ്ടാംവർഷമാണെന്ന് തോന്നുന്നു ക്ലാസ്സിൽ നിന്നും ഞങ്ങളെല്ലാവരും കൂടി റ്റെൽക്, വീഗാലാന്റ് ക്ലാസ്സ്റ്റ്രിപ്പ് പോയത്. റ്റെൽകിനെക്കാൾ (TELC) കൂടുതൽ പ്രാധാന്യം അന്നും അമ്യൂസ്‌മന്റ് പാർക്കിനു തന്നെയായത് കൊണ്ട് ടെൽകിലെ സ്റ്റഡിറ്റൂർ കഴിഞ്ഞ് അവസാനം, കുറേ നാളായി മോഹിച്ച് പോകാനിരുന്ന വീഗാലാന്റിൽ ഞങ്ങൾ എത്തി.. ആദ്യമായിട്ടാണു അത്രേം വലിയ ഒരു അമ്യൂസ്‌മന്റ് പാർക്കിൽ പോകുന്നത് തന്നെ.. അത് കൊണ്ട് തന്നെ ആ ആവേശത്തിൽ പേരൊന്നും അറിയാത്ത എന്താണ്ടേലൊക്കെ ഞാനും കൂട്ടുകാരുമൊക്കെ വലിഞ്ഞു കേറി കണ്ണുമടച്ചങ്ങിരുന്നു.. പണ്ടെ വളഞ്ഞും തിരിഞ്ഞും തലകുത്തി മറിഞ്ഞും പോകുന്ന സൂത്രങ്ങളിൽ കയറാൻ എനിക്ക് നല്ല പേടിയായിരുന്നു( ഇപ്പോഴും അതങ്ങനെ തന്നെ). അതൊന്നും വക വെയ്ക്കാതെ വളഞ്ഞും തിരിഞ്ഞും തലകുത്തി മറിഞ്ഞും പോകുന്ന ഏതോ റൈഡിൽ കേറിയതും അതു കറങ്ങുന്നേന്റെ ഇടയ്ക്ക് കണ്ണൊന്നു തുറന്നതും മാത്രമേ എനിക്ക് ആകെ ഓർമ്മയുള്ളൂ.. എല്ലാം കഴിഞ്ഞ് താഴെ വന്നപ്പോഴേക്കും ആമാശയം മൊത്തം കലക്കി കുടഞ്ഞെടൂത്ത് ഒരു ഓക്കാനം അങ്ങു വന്നു.. അവിടെ കുത്തിയിരുന്ന് ഉള്ളിലുള്ളതെല്ലാം കളഞ്ഞിട്ട് ആകെ തകർന്ന് തരിപ്പണമായി വളരെ വിഷമിച്ച് നഷ്ടപ്പെട്ട എന്റെ മറ്റ് റൈഡുകളെ മനസ്സിൽകുഴിച്ച് മൂടി മറ്റു കൂട്ടുകാർ കയറുന്നതും നോക്കി പിന്നീടുള്ള സമയം ഞാൻ അവിടെ ഒറ്റയ്ക്ക് തള്ളി നീക്കി..
പാർക്കിലെ അർമ്മാദിപ്പെല്ലാം കഴിഞ്ഞ് എല്ലാരും തിരിച്ച് പോകാനായി വണ്ടിയിലേക്ക് കയറി ഇരുന്നു. അപ്പോഴാണു വണ്ടിയിലേക്ക് വെപ്രാളം പിടിച്ച് "കിട്ടീ.. കിട്ടീ."എന്നും പറഞ്ഞ്
അവൻ ഓടി വന്നത്.
വായിച്ചു കൊണ്ടിരിക്കുന്ന നിങ്ങൾക്ക് തോന്നുന്നുണ്ടാകും എന്താകും അവനു കിട്ടിയതെന്നു.. അപ്പോൾ ആ കഥ കേൾക്കണേൽ വീഗാലാന്റിൽ ലാൻഡ് ചെയ്‌തപ്പോൾ എന്ത് നടന്നുവെന്നു അറിയണം.. ക്ലാസിലെ വളരെ വ്യത്യസ്ഥമായ സ്വഭാവമുള്ള ഒരു ആൺകുട്ടി, ഞങ്ങളുടെ ക്ലാസ്സിലെ പൊട്ടിച്ചിരിക്കുന്ന പെൺകുട്ടിയുടെ ( ഇതിലെ കൂട്ടുകാരി) കൈയിൽ അവന്റെ തുണിയോ മറ്റോ ഇട്ട ഒരു കവർ ഏൽപ്പിച്ചിട്ടായിരുന്നു അവിടെയുള്ള കളിയന്ത്രങ്ങളിൽ കയറാൻ പോയത്.. കളിയന്ത്രങ്ങളിൽ കയറുന്ന ആവേശത്തിൽ അവൾ ആണേലോ ആ കവർ എങ്ങോ വച്ചിട്ട് ഏതോ കളിയന്ത്രത്തിൽ കേറാൻ പോയി. അതേ സമയം തന്നെ ക്ലാസ്സിലെ മറ്റ് ചില ആൺകുട്ടികൾ ലോക്കറിൽ അവരുടെ സാധനങ്ങൾ പൂട്ടി വച്ചിട്ട് ആ കീയും കൊണ്ട് ആണു റൈഡുകളിൽ കയറാൻ പോയത്. അർമ്മാദിച്ചുള്ള റൈഡുകളി കഴിഞ്ഞു വന്ന് പോക്കറ്റിൽ ഇട്ട കീ തപ്പിയപ്പോഴാണു സുഹ്യത്തുക്കളേ, അതു കാണുന്നില്ല എന്ന സത്യം അവർ മനസ്സിലാക്കുന്നത്. വാട്ടർപ്പാർക്കിൽ പോയി വെള്ളത്തിൽ മുങ്ങിയ അവർക്ക് മാറാനുള്ള തുണിയാണേലോ ആ ലോക്കറിലും. അവിടെയാകെ തപ്പി നടന്ന് കിട്ടാഞ്ഞ് ആകെ പ്രാന്തെടുത്ത് അത് അന്വ്വേഷിച്ച് വശം കെട്ട്
അവർ എല്ലാവരും തിരികെ വന്ന് ടൂറിസ്റ്റ് വണ്ടിയിൽ കേറിയപ്പോഴാണു അതിലുള്ള ഈ കഥയൊന്നും അറിയാത്ത വേറൊരു പയ്യൻ വന്നു ലോക്കറിന്റെ കീ അന്വെഷിച്ചത്.. അവരുടെ ലോക്കറിന്റെ കീ നഷ്ടപ്പെട്ട സങ്കടം ഞങ്ങളുമായി പങ്കു വെച്ച് കൊണ്ടിരുന്നപ്പോഴാണൂ "കിട്ടീ, കിട്ടീ" എന്ന ഡയലോഗുമായി അവൻ ഓടിപ്പാഞ്ഞ് വരുന്നത്. കിട്ടിയത് "കീ" ആകുമെന്ന് കരുതി അവർ അവന്റെ അരികിലേക്ക് പാഞ്ഞ് ചെന്നപ്പോഴാണു അവൻ അത് കൈയുയർത്തി കാണിച്ചത്. ആകാംക്ഷയോടെ കൈയിലേക്ക് ഉറ്റ് നോക്കിയ അവർ കണ്ടതോ "കൂട്ടുകാരിയെ ഏൽപ്പിച്ച് പോയി അവൾ എവിടെയോ മറന്നു വെച്ച
അവന്റെ തുണിയടങ്ങിയ ആ പ്ലാസ്റ്റിക് കവർ"...കീ എടുക്കാൻ പോയവർക്ക് കവർ കണ്ട് മടങ്ങേണ്ടി വന്ന കാഴ്ച കണ്ടതും അവൾ അവൾടെ 32 പല്ലും കാണിച്ച് ചിരി തുടങ്ങി.. കൂട്ടത്തിൽ ആ വണ്ടിയിൽ ഇരുന്നവരും. കീ പിന്നീട് കിട്ടിയെന്നാണു തോന്നൽ( ക്യത്യമായി ഓർക്കണില്ല). എന്നാലും ഇന്നത്തെ ഈ ഡയറിത്താളിൽ 20 കൊല്ലം മുൻപ് നടന്ന ഈ സംഭവം വായിച്ചപ്പോൾ ആ ബസിലേക്കും വീഗാലാന്റിലേക്കും ഒന്നൂടെ പോയി. നന്ദി! പ്രിയപ്പെട്ടവളെ. ആ 20 കൊല്ലത്തെ കോളേജ് ഓർമ്മകളോളം മാധുര്യം വേറൊരു കാലത്തിനു തരാനാകുമോ????
Soya Nair/Philadelphia