Image

വിവർത്തനം  ആസ്വാദനത്തിൻ്റെ രൂപാന്തരം! (വിജയ് സി. എച്ച്)

Published on 06 March, 2023
വിവർത്തനം  ആസ്വാദനത്തിൻ്റെ രൂപാന്തരം! (വിജയ് സി. എച്ച്)

മലയാളത്തിലും സംസ്കൃതത്തിലും ബിരുദാനന്തര ബിരുദവും, കോഴിക്കോട്, ബോംബെ സർവകലാശാലകളിൽ നിന്ന് രണ്ടു ഭാഷകളിലും പി.എച്ച്.ഡി ബിരുദവുമുള്ള ചാത്തനാത്ത് അച്യുതനുണ്ണിയെത്തേടി വിവർത്തനത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈയിടെ എത്തിയപ്പോൾ, എൺപത്തിനാലുകാരനായ ഈ എടപ്പാളുകാരന് ഇത് പണ്ടേ ലഭിക്കേണ്ടതായിരുന്നുവെന്നാണ് അദ്ദേഹത്തെക്കുറിച്ച് അറിയാവുന്നവരെല്ലാം അഭിപ്രായപ്പെട്ടത്! 
'കാവ്യാലങ്കാരസൂത്രവൃത്തി' എന്ന സംസ്കൃത ഗ്രന്ഥം മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയതിനാണ്, കോഴിക്കോട് സർവകലാശാലയിലെ മുൻ മലയാളം അധ്യാപകനെ ദേശീയ പുരസ്കാരം നൽകി ആദരിച്ചത്. അമ്പതോളം ഗഹനമായ പുസ്തകങ്ങൾ രചിച്ചിട്ടുള്ള അച്യുതനുണ്ണി, ഭാഷാശാസ്‌ത്രകാരൻ മാത്രമല്ല, കവിയും, നിരൂപകനും, സാഹിത്യ വിമർശകനുമാണ്. 
ബഹുഭാഷാ പണ്ഡിതൻ്റെ വാക്കുകളിലൂടെ... 


🟥 'കാവ്യാലങ്കാരസൂത്രവൃത്തി' 
എ. ഡി. എട്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ട ഒരു അലങ്കാരശസ്ത്ര ഗ്രന്ഥമാണ് 'കാവ്യാലങ്കാരസൂത്രവൃത്തി'. ഭാരതീയ രീതി സിദ്ധാന്തത്തിൻ്റെ അടിസ്ഥാന പുസ്തകമാണിത്. വാമനാചാര്യൻ എന്ന ഒരു പണ്ഡിതൻ രചിച്ചതാണ് ഈ സംസ്കൃത ഗ്രന്ഥം. അദ്ദേഹം കാശ്മീർ രാജാവായിരുന്ന ജയാദിത്യൻ്റെ സദസ്യനായിരുന്നു. കാവ്യശൈലികൾ വിശദീകരിക്കുന്ന 319 സൂത്രങ്ങളും, അവയുടെ 'കവിപ്രിയ' എന്ന വിവരണവും ചേർന്നതാണ് ഈ ബൃഹദ്ഗ്രന്ഥം. സുചിന്തിതമായൊരു കാവ്യദർശന പദ്ധതിയാണ് ഈ കൃതിയിലൂടെ വാമനാചാര്യൻ ആവിഷ്കരിച്ചിട്ടുള്ളത്. കാവ്യത്തിൻ്റെ ആത്മാവിനെ കണ്ടെത്താൻ ശ്രമിച്ച പ്രഥമ ആലങ്കാരികനായ വാമനൻ,  രീതിയാണ് കാവ്യത്തിൻ്റെ ആത്മാവെന്ന് സിദ്ധാന്തിച്ചു. രീതിയെന്നാൽ ഗുണവിശിഷ്ടമായ പദരചനയും. 
🟥 എന്തുകൊണ്ട് ഈ കൃതി? 
പരിഭാഷപ്പെടുത്താൻ 'കാവ്യാലങ്കാരസൂത്രവൃത്തി' തിരഞ്ഞെടുക്കുവാൻ രണ്ടു കാരണങ്ങളുണ്ട്. രീതിസങ്കല്പത്തെക്കുറിച്ചു എഴുതപ്പെട്ട സുപ്രധാനമായ നിബന്ധമാണിതെന്നതാണ് ആദ്യത്തേത്. എൻ്റെ പഠന ഗവേഷണത്തോട് ബന്ധപ്പെട്ടതാണ് രണ്ടാമത്തേത്. ബോംബെ യൂണിവേഴ്‌സിറ്റിയിൽ സംസ്കൃതത്തിൽ പി.എച്ച്.ഡി-യെടുക്കാൻ ഞാൻ ഗവേഷണം നടത്തിയത് ഭാരതീയ രീതിദർശനത്തിലാണ്. രീതിസങ്കല്പത്തിന് ഏറ്റവും പ്രാധാന്യം നൽകിയ വാമനാചാര്യൻ്റെ 'കാവ്യാലങ്കാരസൂത്രവൃത്തി'യ്ക്ക് മലയാളത്തിൽ ഒരു പരിഭാഷ തയ്യാറാക്കിയാൽ അത് ഗവേഷണത്തിന് അടിത്തറയാകുമെന്ന് തിരിച്ചറിഞ്ഞു. ഈ കൃതി മലയാളത്തിൽ ആരും വിവർത്തനം ചെയ്തിട്ടുമില്ലായിരുന്നു. ഡോക്ടറൽ ഡിഗ്രിയുടെ ഗവേഷണ പ്രബന്ധം മലയാളത്തിൽ പരിഭാഷപ്പെടുത്തി 'രീതിദർശനം' എന്ന പേരിൽ കേരള ഭാഷാ ഇൻസ്റ്റിട്യൂട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 


🟥 പ്രയാസം തോന്നിയിട്ടില്ല 
സംസ്കൃതമാണ് മലയാളത്തിന് അടിത്തറ ബലപ്പെടുത്തിത്തന്നത്. അതിനാൽ, 'കാവ്യാലങ്കാരസൂത്രവൃത്തി'യുടെ വിവർത്തന വഴിയിൽ പ്രയാസം തോന്നിയിട്ടില്ല. തെലുഗു, കന്നട, മലയാളം എന്നീ ദ്രാവിഡ ഭാഷകളിൽ സംസ്കൃതത്തിന് ആധിപത്യമുണ്ട്. അതുകൊണ്ടാവണം ഈ കൃതിയെന്നല്ല, ഏറെ ധിഷണാപരമായ മറ്റു സംസ്കൃത ഗ്രന്ഥങ്ങൾ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്തപ്പോഴും എനിയ്ക്ക് വലിയ പ്രയാസം തോന്നിയില്ല. എന്നാൽ, സംസ്‌കൃതത്തിനുള്ളത്ര ഗൗരവവും അർഥപുഷ്ടിയും മലയാളത്തിന് ഇല്ലാത്തതുകൊണ്ട്, കാവ്യഭാഗങ്ങളുടെ പരിഭാഷയിൽ പലപ്പോഴും അതൃപ്തി തോന്നിയിട്ടുണ്ട്. വിവർത്തനങ്ങൾ ആവുന്നത്ര തൃപ്തികരമാക്കുവാൻ ശ്രമിച്ചുവെന്നു മാത്രം.   
🟥 മലയാള സാഹിത്യത്തിൽ പ്രസക്തം 
മലയാള ഭാഷാ കാവ്യാലങ്കാരത്തിന് വാമനാചാര്യൻ്റെ സൂത്രങ്ങൾ പ്രയോജനകരമാണ്. അദ്ദേഹത്തിൻ്റെ  
കാവ്യസൗന്ദര്യ സങ്കല്പം അടിസ്ഥാനമാക്കുന്നത് മുഖ്യമായും രീതിയെയാണല്ലൊ. ഗദ്യത്തിലല്ല, പദ്യത്തിലാണ് രീതിയും ഗുണങ്ങളും വേർതിരിഞ്ഞു പ്രകാശിക്കുന്നത്. പദ്യരൂപമായ നിബന്ധങ്ങളാണ്, ഗദ്യനിബന്ധങ്ങളുള്ള സംസ്കൃതത്തിലും ഉദാഹരിച്ചു കാണുന്നത്. രീതി, ഗുണം, അലങ്കാരം തുടങ്ങിയ കാവ്യസങ്കല്പങ്ങൾക്ക് പ്രത്യേകിച്ചും. മലയാള സാഹിത്യത്തിലും ഇവയ്ക്കു പ്രസക്തിയുണ്ട്, വിശേഷിച്ചു പഴയ കാവ്യങ്ങളിൽ. ആധുനിക സാഹിത്യത്തിൻ്റെ രീതി വിവേചനത്തിൽ നവീകരണം ആവശ്യമാണ്. പാശ്ചാത്യ സാഹിത്യ പരിചയംകൊണ്ടു മലയാളത്തിൽ സംഭവിച്ച മാറ്റങ്ങൾക്കനുസൃതമായി, സ്റ്റൈലിനെ നവീകരിക്കുന്നതിൽ ആരും താൽപര്യം കാണിച്ചിട്ടില്ല. സ്റ്റൈലുകൾ പാശ്ചാത്യ സങ്കല്പങ്ങളോടിണക്കി ചേർക്കണ്ടതുണ്ട്. സംസ്കൃതത്തിൽ വാമനൻ്റെ രീതിസങ്കല്പത്തിനു തന്നെ പിൽക്കാലത്ത് പ്രചാരലോപം സംഭവിച്ചിട്ടുണ്ട്. ധ്വനി, വക്രോക്തി എന്നീ സുപ്രധാന സിദ്ധാന്തങ്ങൾക്കു കയറിപ്പോകുവാനുള്ള പടവുകളിലൊന്നായി രീതി പരിഗണിക്കപ്പെട്ടു. ധ്വനി-വക്രോക്തി സിദ്ധാന്തങ്ങൾ, രീതി സിദ്ധാന്തത്തേക്കാൾ തീർച്ചയായും ആധുനിക സാഹിത്യത്തിൽ പ്രസക്തമാകുന്നു. 
🟥 മൂലകൃതിയുടെ പ്രഭാവം ലഭിയ്ക്കില്ല 
മൂലകൃതിയുടെ പൂർണ്ണമായ പ്രഭാവം അതിൻ്റെ പരിഭാഷയ്ക്ക് ലഭിയ്ക്കില്ല. ഭാഷകളുടെ സാമൂഹിക-സാംസ്‌കാരിക പരിസരത്തിലുള്ള അന്തരം തന്നെയാണ് അതിനുള്ള മുഖ്യഹേതു. കാവ്യരൂപമായ രചനകളിലുള്ളതിലേറെ ഈ അന്തരം പ്രകടമാകുന്നത് നോവൽ, ചെറുകഥ മുതലായ ഗദ്യരൂപത്തിലുള്ള ആഖ്യായികകളിലും നാടകങ്ങളിലുമാണ്. 
🟥 ഓരോ ഭാഷയ്ക്കും അതിൻ്റേതായ ജീനിയസ്സ് 
ഭാഷകളുടെ വിഭിന്നമായ സാംസ്കാരിക പശ്ചാത്തലങ്ങൾ പരിഭാഷകളുടെ തിളക്കം കുറയ്ക്കാൻ കാരണമാകുന്നു. യഥാർത്ഥത്തിൽ, ഭാഷകളുടെ സാംസ്‌കാരിക പശ്ചാത്തലങ്ങളിലുള്ള അന്തരം പരിഭാഷയുടെ ഒരു അടിസ്ഥാന പ്രശ്‌നം തന്നെയാണ്. സൈദ്ധാന്തികമായ വസ്തുതകൾ സംസ്‌കൃതത്തിൽ പ്രകടമാകുന്ന തോതിൽ മലയാളത്തിലെന്നല്ല, ഇംഗ്ലീഷിലോ മറ്റേതൊരു ഭാഷയിലോ പകർന്നുവെയ്ക്കാൻ കഴിഞ്ഞേക്കും. എന്നാൽ, സംസ്‌കൃത സാഹിത്യഭാഗങ്ങൾ, വിശേഷിച്ചു പദ്യരൂപമായവ, വിവർത്തനത്തിൽ ഒരിയ്ക്കലും പൂർണമായ സംതൃപ്തി നൽകുകയില്ലെന്നാണ് എൻ്റെ വിവർത്തനാനുഭവും വായനാനുഭവവും. ഓരോ ഭാഷയ്ക്കും അതിൻ്റേതായ ജീനിയസ്സുണ്ടല്ലോ. വടക്കൻ പാട്ട്, ഞാറ്റുപാട്ട് തുടങ്ങിയവ മാത്രമല്ല, (മലയാള ഭാഷയിലെ ആദ്യത്തെ കൃതിയായി വിലയിരുത്തപ്പെടുന്ന) 'രാമചരിത'വും മറ്റും ഇംഗ്ലീഷിലോ ഹിന്ദിയിലോ ബംഗാളിയിലോ വിവർത്തനം ചെയ്താൽ എന്താവും സ്ഥിതി! സംസ്‌കൃതത്തിൻ്റെ അതേ കുടുംബത്തിലെ ഒരംഗമാണല്ലോ ഇംഗ്ലീഷ്. ഏതു സംസ്‌കൃത കാവ്യത്തിനാണ് അന്യൂനമായ ഇംഗ്ലീഷ് പരിഭാഷയുള്ളത്? ഇതൊക്കെ വിവർത്തനത്തിൻ്റെ അടിസ്ഥാന പ്രശ്‌നങ്ങളിൽ അപരിഹാര്യമായവയാണ്. ഭാഷകളുടെ സാംസ്‌കാരിക പശ്ചാത്തലങ്ങളുടെ വിഭിന്നത തന്നെയാണ് ഇതിനു ഹേതു. 'തിരുക്കുറൽ' പോലുള്ള തമിഴ് കൃതികളുടെ മലയാള പരിഭാഷകളിൽ പോലും, ഒരേ കുടുംബമെന്നു പറഞ്ഞിട്ടു കാര്യമില്ല, സംവേദന പ്രശ്‌നങ്ങളുണ്ട്. മൂലകൃതിയുടെ ആസ്വാദനത്തിൽ ലഭിയ്ക്കുന്ന സംതൃപ്തി അതേ തോതിൽ പരിഭാഷയുടെ ആസ്വാദനത്തിലുണ്ടാവുക അസംഭവ്യമാണ്. 


🟥 മലയാളം സംസ്കൃതത്തിലേയ്ക്ക് 
മലയാളകൃതികൾ സംസ്‌കൃതത്തിലേയ്ക്കു പരിഭാഷപ്പെടുത്തുമ്പോൾ, സംസ്‌കൃതത്തിന് മലയാളത്തിൽ ഏറെ സ്വാധീനമുള്ളതുകൊണ്ട്, കാവ്യരൂപമായ നിബന്ധങ്ങളിൽ സാമാന്യം തൃപ്തികരമായ രചനകൾ ഉണ്ടാകാം. എന്നാൽ, ഗദ്യരചനകളായ നോവൽ, ചെറുകഥ, നാടകം മുതലായവ പരിഭാഷപ്പെടുത്തുക പ്രയാസം തന്നെയാണ്. ചില കൃതികളുടെ വിവർത്തനം വലിയ പ്രശ്‌നങ്ങളില്ലാത്തതാകാം. പക്ഷെ, സംഭാഷണ ഭാഷ ഏറെയുള്ള നാടകവും നോവലും മറ്റും തൃപ്തികരമായി വിവർത്തനം ചെയ്യാനാവില്ല. ഉദാഹരണമായി ബഷീറിൻ്റെ 'ൻ്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്' എന്ന നോവലിൻ്റെ സംസ്കൃത വിവർത്തനമെന്നല്ല, ഇംഗ്ലീഷ് വിവർത്തനവും, സത്യം പറഞ്ഞാൽ, പരിഹാസ്യമായിത്തീരും! ഭാഷയുടെ ജീനിയസ്സിലുള്ള അന്തരമാണ് ഇതിനു കാരണം. 


🟥 കഷ്ടത്തിലായില്ല 
'കാവ്യാലങ്കാരസൂത്രവൃത്തി'പോലെ, ക്ഷേമേന്ദ്രൻ്റെ 'കവികണ്ഠാഭരണം', കുന്തകൻ്റെ 'വക്രോക്തിജീവിതം', ആനന്ദവർദ്ധനൻ്റെ 'ധ്വന്യാലോകം', അഭിനവ ഗുപ്തൻ്റെ 'ലോചനം', രാജശേഖരൻ്റെ 'കാവ്യമീമാംസ' എന്നിവയും  എൻ്റെ വിവർത്തനോദ്യമങ്ങളിൽ ചിലതാണ്. എല്ലാം ഏറെ രസിച്ചു തന്നെ ഞാൻ ചെയ്തതാണ്. എൻ്റെ അനുഭവത്തിൽ ആസ്വാദനത്തിൻ്റെ രൂപാന്തരമാണ് വിവർത്തനം! 'കഷ്ടത്തിലായി' എന്ന് ഒരിക്കലും എനിയ്ക്കു തോന്നിയിട്ടില്ല! അത്രയെങ്കിലുമായി എന്ന തൃപ്തിയേയുള്ളൂ. പൂർണ സംതൃപ്തി കേവലം സ്വപ്നം മാത്രമാകുന്നു. 
🟥 സർഗാത്മകത വിവർത്തനത്തിലുമുണ്ട് 
പ്രതിഭയിൽ നിന്നു വാർന്നു വീഴുന്നതാണ് മൗലികമായ രചന. അതിനെ ആസ്വാദനത്തിന് ആസ്പദമായ പ്രതിഭയാൽ പുനഃസൃഷ്ടിക്കുന്നതാണ് വിവർത്തനം. സർഗാത്മകത അതിലുമുണ്ട്. എങ്കിലും, മൗലിക രചനയ്ക്കാസ്പദമായ സർഗശക്തിയല്ല, ഭാവയിത്രീപ്രതിഭയുടെ സർഗചൈതന്യമാണ് അതിനാസ്പദം. ആസ്വാദനത്തിലും സൃഷ്ടിയുടെ പൊരുളുണ്ട്. അതുകൊണ്ടു തന്നെയാണ് വായിക്കാനറിയുന്നവർക്കെല്ലാം ആസ്വാദനം ഒരുപോലെ വഴങ്ങാത്തത്. മൗലിക രചന ഏതു ഭാഷയിലാണോ ആ ഭാഷയുടെ ആസ്വാദനവും, സർഗചൈതന്യത്തിന് ആസ്പദമായ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലവും വിവർത്തന ഭാഷയ്ക്കുണ്ടായെന്നുവരില്ല. അതുകൊണ്ടാണ് വിവർത്തനം മൂലകൃതിയിൽ നിന്നു സാമാന്യേന വ്യത്യസ്തമാകുന്നത്. 


🟥 കേരളത്തിൽ ശക്തിപ്പെട്ടു 
വിവർത്തന സാഹിത്യം രാജ്യത്ത് ശക്തിപ്പെട്ടില്ലെന്നു തീർത്തു പറയാൻ കഴിയില്ല. ഭാരതത്തിലെ മറ്റു സംസ്ഥാനങ്ങളിലുള്ളതിലേറെ കേരളത്തിൽ വിവർത്തന സാഹിത്യം വികസിച്ചിട്ടുണ്ട്. ഹിന്ദി, ബംഗാളി, ആസാമീസ്, തെലുഗു, തമിഴ് മുതലായ ഭാഷകളിലുള്ള പല സുപ്രധാന രചനകളും മലയാളത്തിൽ വിവർത്തന രൂപത്തിൽ അവതരിച്ചിട്ടുണ്ട്. അത്രയും മലയാള കൃതികൾ മറ്റു ഭാരതീയ ഭാഷകളിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ പലതരം ജോലികളിൽ ഏർപ്പെട്ടവരായി ധാരാളം മലയാളികളുണ്ട്. എന്നാൽ, കേരളത്തിൽ ജോലിചെയ്യുന്ന എത്ര അന്യ സംസ്ഥാനക്കാരുണ്ട്? വളരെക്കുറച്ചുമാത്രം. ഇതൊരു സൂചകമാണ്. ഇതേ മനോഭാവമാണ് വിവർത്തനത്തിൻ്റെ കാര്യത്തിലും വ്യാപരിക്കുന്നതെന്നു കരുതുന്നതിൽ തെറ്റില്ല. 

# Article by Vijai CH

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക