Image

യാക്കോബിന്റെ ചതികൾ (ബൈബിളിന്റെ ദൈവീകത: അധ്യായം 12- പാര്‍ട്ട്-2: നൈനാന്‍ മാത്തുള)

Published on 06 March, 2023
യാക്കോബിന്റെ ചതികൾ (ബൈബിളിന്റെ ദൈവീകത: അധ്യായം 12- പാര്‍ട്ട്-2: നൈനാന്‍ മാത്തുള)

യാക്കോബിന്റെ ചരിത്രവും യഹൂദ റബ്ബിമാരുടെ വിരലുകൾക്കിടയിൽക്കൂടി കടന്നപ്പോൾ, അവരുടെ സ്വാർത്ഥ താൽപര്യങ്ങളെ വെള്ളപൂശിക്കാനായി, ന്യായീകരിക്കുവാനായി രൂപകൽപന ചെയ്തു മെനഞ്ഞുണ്ടാക്കിയതാണെന്നാണ് അക്ബർ പറയുന്നത്. യാക്കോബ് ചതിയിലൂടെ അനുഗ്രഹങ്ങൾ കരസ്ഥമാക്കിയെങ്കിൽ ചതിയിലൂടെ അനുഗ്രഹങ്ങൾ കരസ്ഥമാക്കുന്നതും നിലനിർത്തുന്നതും ന്യായീകരിക്കാവുന്നതാണെന്ന് വരുത്തിത്തീർക്കുവാൻ വേണ്ടിയാണ് യാക്കോബിന്റെ  കഥകൾ യഹൂദ റബ്ബിമാർ ഈ നിലയിൽ വിശദീകരിയ്ക്കുന്നതെന്നാണ് എം.എം.അക്ബറിന്റെ അഭിപ്രായം. മറ്റു പല ഇസ്ലാമിക് വെബ്‌സൈറ്റുകളിലും ഇത് ചർച്ച ചെയ്യപ്പെടുമ്പോൾ, ഇതിനുവേണ്ടി പ്രചരണം നടത്തുവാൻ സംഘടിതമായ ശ്രമം നടക്കുന്നുവെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഓരോ ചോദ്യത്തിനും ആധികാരികമായ, യുക്തിസഹജമായ മറുപടി കൊടുത്തിട്ടും അതൊന്നും കണ്ടില്ല കേട്ടില്ല എന്നു നടിച്ച് പിന്നെയും, പിന്നെയും പഴയ വാദഗതികൾ തന്നെ പുതിയരൂപത്തിലും ഭാവത്തിലും വീണ്ടും വീണ്ടും അവതരിപ്പിക്കുമ്പോൾ കണ്ണടച്ച് ഇരുട്ടാക്കുന്നവരെയും ഉറക്കം നടിച്ചു കിടക്കുന്നവരെയുമാണ് ഓർമ്മ വരുന്നത്. അവരെ നേർവഴിക്ക് നടത്താമെന്ന് വലിയ പ്രതീക്ഷ ഒന്നുമില്ല. എന്നാൽ അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതുകൊണ്ട് സാധാരണ ജനങ്ങളെ ഇവരുടെ വഞ്ചനയിൽ അഥവാ വേദവിപരീത വഴികളിൽ പെടാതെ സൂക്ഷിക്കുന്നതിനും മാത്രമാണ് ഈ എഴുത്തുകൊണ്ട് ഉദ്ദേശിക്കുന്നത്.
ഖുറാനിൽ യാതൊരു ചതിവും വഞ്ചനയുമില്ലാത്ത നീതിമാനും പരിശുദ്ധനുമായ വ്യക്തിയായിട്ടാണ് യാക്കോബിനെ അവതരിപ്പിക്കുന്നതെന്നാണ് എം.എം. അക്ബർ വാദിക്കുന്നത്. അതുകൊണ്ട് ബൈബിളിൽ എഴുതിയിരിക്കുന്നത് സത്യം വളച്ചൊടിച്ചതാണെന്നും ഖുറാനാണ് സത്യമെന്നുമാണ് പറയുന്നത്.
മനുഷ്യനായാൽ കുറ്റങ്ങളും കുറവുകളും ഉണ്ടാകാം. അബ്രഹാം എന്ന വ്യക്തി തന്റെ ഇടപാടുകളിലും പെരുമാറ്റത്തിലും സ്വഭാവത്തിലും സാധാരണ ജനങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത അത്ര ഔന്നത്യത്തിലാണ് നിൽക്കുന്നത്. ഉദാഹരണമായി കൊള്ളയായി പിടിച്ചുകൊണ്ടുപോയ ആളുകളെയും കൊള്ളവസ്തുക്കളെയും വീണ്ടെടുത്ത് വിജയശ്രീലാളിതനായി തിരിച്ചുവരുന്ന അബ്രഹാമിനെ ഏതിരേറ്റു ചെല്ലുന്ന സോദോം രാജവ് അബ്രഹാമിനോട് ''ആളുകളെ നീ എനിക്കു തരിക സമ്പത്തു നീ എടുത്തു കൊൾക'' എന്നു പറഞ്ഞപ്പോൾ അബ്രഹാം '' ഞാൻ അബ്രഹാമിനെ സമ്പന്നനാക്കി എന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരുപ്പുവാറാകട്ടെ, നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നത ദൈവമായ യഹോവയിലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു'' ഉൽപത്തി 14:21-23. ഇങ്ങനെയുള്ള സ്വഭാവവിശേഷം കണ്ടുകിട്ടുക വളരെ പ്രയാസമാണ്. രാജ്യത്തെ രാജാവിന് ചെയ്ത സേവനത്തിന് പകരമായി അഭിനന്ദനങ്ങളും പാരിതോഷികങ്ങളും ലഭിയ്ക്കുമ്പോൾ നാം അതു സ്വീകരിക്കാതിരിക്കുകയില്ല. നാമെല്ലാം അത് സ്വീകരിച്ച് വീമ്പിളക്കും. ''രാജാവ് എന്റെ സ്‌നേഹിതനാണ്. ഇതൊക്കെ സേവനത്തിന് എനിക്കു കിട്ടിയ പ്രതിഫലമാണ്'' അബ്രഹാമിന് ദൈവം തന്റെ കാര്യം നോക്കാൻ വിശ്വസ്തനാണെന്ന വിശ്വാസം ഉണ്ടായിരുന്നതിനാൽ  ഇന്നാർക്കും എത്തിപ്പിടിക്കാൻ വയ്യാത്ത ഉയരത്തിലാണ് നില്ക്കുന്നത്.
എന്നാൽ യാക്കോബ് നമ്മെപ്പോലെയുള്ള ഒരു സാധാരണ വ്യക്തിയാണ്. തന്റെ ഭൂതകാലത്തിൽ നമുക്കുള്ളതുപോലെ കുറ്റങ്ങളും കുറവുകളുമുണ്ട്. യാക്കോബ് നിങ്ങളും ഞാനും ഉൾപ്പെടുന്ന, അല്ലെങ്കിൽ പ്രതിനിധികരിക്കുന്ന പുതിയ നിയമ ഇസ്രായേലിന് നിഴലായി നിൽക്കുന്നു.
സാധാരണക്കാരായ നമുക്കും ദൈവത്തോടടുക്കുവാനുള്ള കൃപ ക്രിസ്തുവിൽ കൂടി, ലഭിക്കാനുള്ള വാതിൽ തുറന്നു കിടക്കുന്നു എന്നുള്ള ഭാഗ്യകരമായ പ്രത്യാശ നമ്മെ ഓർമ്മപ്പെടുത്തുന്നതാണ് യാക്കോബിന്റെ ജീവിതം. കുറ്റങ്ങളും കുറവുകളുമുള്ള നമുക്കും ദൈവവുമായുള്ള കൂട്ടായ്മയും സ്‌നേഹബന്ധവും, നിത്യതയും ലഭിക്കാനുള്ള വഴി തുറന്നുകിട്ടിയതിന്റെ പ്രതീകമായിട്ടാണ് യാക്കോബിന്റെ ജീവിതത്തെ ചിത്രീകരിച്ചിരിക്കുന്നത്. സഹോദരനായ ഏശാവിനെ വഞ്ചിച്ചതിൽ തീർച്ചയായും യാക്കോബിന് ഒരു പങ്കുണ്ടെങ്കിലും അതു കൂടുതലും അമ്മയായ റിബേക്കയുടെ നിർബന്ധവും ദൈവത്തിന്റെ തന്നെ യാക്കോബിനെപ്പറ്റിയുള്ള പദ്ധതിയുടെ പൂർത്തീകരണവുമായി കാണുന്നതായിരിക്കും കൂടുതൽ ഉചിതം. ഏശാവും യാക്കോബും ജനിക്കുന്നതിനു മുമ്പേ ദൈവത്തിന്റെ അരുളപ്പാടുണ്ടായി റബേക്കയ്ക്ക് ''രണ്ടു ജാതികൾ നിന്റെ ഗർഭത്തിൽ ഉണ്ട്. രണ്ടു വംശങ്ങൾ നിന്റെ ഉദരത്തിൽ നിന്ന് പിരിയും ഒരു വംശം മറ്റേ വംശത്തിലും ശക്തിപ്പെടും. മൂത്തവൻ ഇളയവനെ സേവിക്കും എന്ന് അരുളിച്ചെയ്തു'' ഉൽപത്തി 25:23. അപ്പൊസ്‌തോലനായ പൗലോസ് റോമർക്ക് ലേഖനം എഴുതുമ്പോൾ ''കുട്ടികൾ ജനിക്കയോ ഗുണമാകട്ടെ ദോഷമാകട്ടെ ഒന്നും പ്രവർത്തിക്കുകയോ ചെയ്യും മുൻപേ തിരഞ്ഞെടുപ്പിൻ പ്രകാരമുള്ള ദൈവനിർണ്ണയം പ്രവർത്തികൾ നിമിത്തമല്ല വിളിച്ചവന്റെ ഇഷ്ടം നിമിത്തം വരേണ്ടതിന് മൂത്തവൻ ഇളയവനെ സേവിക്കും എന്ന് അവളോടരുളിച്ചെയ്തു'' (റോമർ 9:11-12)
അതുകൊണ്ട് യാക്കോബിന്റെ ചതിയോ ചില യഹൂദ റബ്ബിമാരുടെ കൈകടത്തലുകളോ അല്ല പിന്നെയോ പിതാവായ ദൈവത്തിന്റെ മാനവരാശിയെപ്പറ്റിയുള്ള പദ്ധതിയുടെ നിവൃത്തിയായിരുന്നു യാക്കോബിൽ കൂടി അരങ്ങേറിയത്. 
യാക്കോബിൽ വഞ്ചന ആരോപിക്കുന്ന എം.എം. അക്ബർ ഖുറാനിൽ ഇസ്ലാം മതവിശ്വാസികളല്ലാത്തവരോട് അവരെ നശിപ്പിക്കാൻ കള്ളം പറയാൻ അനുവദിക്കുന്നതിനെ എങ്ങനെയാണ് ന്യായീകരിക്കുക? അക്ബർ പറയുന്നത് ഏശാവിന്റെ വംശപരമ്പരകൾക്ക് അവകാശപ്പെട്ട അനുഗ്രഹമായിരുന്നു ഇതെന്നാണ്. എന്നാൽ താമസിയാതെ തന്നെ ഇസഹാക്കിനു നടന്നത് ദൈവഹിതമായിരുന്നു എന്നു മനസ്സിലാകുന്നു. അതുകാരണം യാക്കോബ് ഭയപ്പെട്ടതുപോലെ ഇസഹാക്ക് അവനെ ശപിക്കുന്നതിനു പകരം വീണ്ടും വിളിച്ച് എല്ലാവിധ അനുഗ്രങ്ങളും മനസ്സോടെ കൊടുത്ത് അവനെ യാത്രയാക്കുകയാണ് ചെയ്യുന്നത്. ഏശാവിനെ ഭയന്ന് ഓടുന്ന (ഞാനവനെ കൊല്ലുമെന്ന് ഏശാവു പറഞ്ഞതായി യാക്കോബ് അറിയുന്നു) യാത്രയിലാണ് യാക്കോബിന് ദൈവവുമായി ദർശനം ലഭിക്കുന്നത.് ഓടി ക്ഷീണിച്ച് വിജനമായ ഒരു സ്ഥലത്തു ചെന്നപ്പോൾ നേരം ഇരുട്ടിയിരുന്നു. തലയിണയായി ഒരു കല്ല് എടുത്ത് അവിടെ കിടന്ന് ഉറങ്ങി. നമ്മിൽ എത്രപേർ ഇങ്ങനെയുള്ള അനുഭവത്തിൽ കൂടി കടന്നുപോയിട്ടുണ്ട്? ഉറക്കത്തിൽ ദൈവം അവനു പ്രത്യക്ഷനായി ''അവൻ ഒരു സ്വപ്‌നം കണ്ടു. ഇതാ ഭൂമിയിൽ വച്ചിരിക്കുന്ന ഒരു കോവണി. അതിന്റെ തല സ്വർഗ്ഗത്തോളം എത്തിയിരുന്നു. ദൈവത്തിന്റെ ദൂതന്മാർ അതിന്മേൽ കൂടി കയറുകയും ഇറങ്ങുകയുമായിരുന്നു. അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തു. ഞാൻ നിന്റെ പിതാവായ അബ്രഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു. നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും. നിന്റെ സന്തതി ഭൂമിയിലെ പൊടിപോലെ ആകും. നീ പടിഞ്ഞാറോട്ടും കിഴക്കോട്ടും വടക്കോട്ടും തെക്കോട്ടും പരക്കും. നീ മുഖാന്തിരവും നിന്റെ സന്തതി (Singular - Jesus Christ) മുഖാന്തിരവും ഭൂമിയിലെ സകല വംശങ്ങളും അനുഗ്രഹിക്കപ്പെടും ഇതാ ഞാൻ നിന്നോടു കൂടെയുണ്ട്. നീ പോകുന്നിടത്തൊക്കെയും നിന്നെ കാത്തു ഈ രാജ്യത്തേയ്ക്കു നിന്നെ മടക്കി വരുത്തും. ഞാൻ നിന്നെ കൈവിടാതെ നിന്നോടു അരുളിചെയ്തതു നിവൃത്തിയ്ക്കും.'' യാക്കോബ് ആ സ്ഥലത്തിന് ബെഥേൽ എന്നു പേർ വിളിച്ചു (ഉൽപത്തി 28:12-15). അക്ബർ പറയുന്നത് ദൈവവുമായുള്ള ദർശനത്തിനു ശേഷവും യാക്കോബ് ചതിയും വഞ്ചനയും തുടരുന്നതായിട്ടാണ്. എന്നാൽ യാഥാർത്ഥ്യം തികച്ചും വ്യത്യസ്തമാണ്.
അപ്പനിൽ നിന്നും, ദൈവത്തിൽ നിന്നും അനുഗ്രഹം പ്രാപിച്ചവനാണ് യാക്കോബ്. ഈ അനുഗ്രഹങ്ങളൊക്കെ ലഭിച്ചെങ്കിലും യാക്കോബിന്റെ ജീവിതം പഠിച്ചാൽ ഇത്രയും കഷ്ടതയിൽ കൂടി കടന്നുപോയ വേറൊരു വ്യക്തി ബൈബിളിൽ ഉണ്ടോ എന്നു സംശയമാണ് - യേശുക്രിസ്തു ഒഴിച്ച്. ഇയ്യോബിന്റെയും പൗലോസിന്റെയും കഷ്ടതയെപ്പറ്റി നിങ്ങൾ പറയുമായിരിക്കും അതൊക്കെ ഒരു ചുരുങ്ങിയ കാലഘട്ടത്തിലേക്കു മാത്രമായിരുന്നു.
കഷ്ടതയുടെ ഒരു ഘോഷയാത്രയായിരുന്നു യാക്കോബിന്റെ ജീവിതം. ഒരു കഷ്ടത കഴിയുമ്പോൾ മറ്റൊന്ന് വരുമായിരുന്നു. ദൈവത്തെ അഭിമുഖീകരിച്ചതിനുശേഷം സമൂലമായ മാറ്റമായിരുന്നു യാക്കോബിന്റെ ജീവിതത്തിൽ സംഭവിച്ചത്. ദൈവത്തിൽ സമ്പൂർണ്ണമായി സമർപ്പിച്ച ഒരു ജീവിതം യാക്കോബ് നയിച്ചു. അതിനുശേഷവും, വീണ്ടും ലാബാനെ കബളിപ്പിച്ചു എന്നാണ് അക്ബർ പറയുന്നത്. നേരെ മറിച്ച് ലാബാനാണ് യാക്കോബിനെ കബളിപ്പിച്ചത്. ലാബാൻ യാക്കോബിനെക്കൊണ്ട് ഇരുപതുവർഷം സേവ ചെയ്യിച്ചിട്ട് വെറു കയ്യോടെ അയയ്ക്കാൻ ശ്രമിച്ചു. ദൈവം അതിനു കൂട്ടുനിന്നില്ല. യാക്കോബിന്റെ സ്വഭാവത്തിലുള്ള മാറ്റം ശ്രദ്ധിക്കുക ''യാക്കോബ് ലാബാനോട് പറഞ്ഞതെന്തെന്നാൽ എന്റെ കുറ്റം എന്തു? നീ ഇത്ര ഉഗ്രതയോടെ എന്റെ പിന്നാലെ ഓടി വരേണ്ടതിനു എന്റെ തെറ്റ് എന്ത്? നീ എന്റെ സാധനങ്ങൾ ഒക്കെയും ശോധന കഴിച്ചുവല്ലോ? നിന്റെ വീട്ടിലെ സാധനങ്ങൾ വല്ലതും കണ്ടുവോ? എന്റെ സഹോദരന്മാർക്കും നിന്റെ സഹോദരന്മാർക്കും മുമ്പാകെ ഇവിടെ വയ്ക്കുക. അവർ നമുക്കിരുവർക്കും മദ്ധ്യേ വിധിക്കട്ടെ. ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ അടുക്കൽ പാർത്തു. നിന്റെ ചെമ്മരിയാടുകൾക്കും കോലാടുകൾക്കും ചനനാശം വന്നിട്ടില്ല; നിന്റെ കൂട്ടത്തിലെ ആട്ടുകൊറ്റന്മാരെ ഞാൻ തിന്നുകളഞ്ഞിട്ടില്ല. ദുഷ്ടമൃഗം കടിച്ചുകീറിയതിനെ നിന്റെ അടുക്കൽ കൊണ്ടുവരാതെ ഞാൻ അതിനു ഉത്തരവാദിയായിരുന്നു. പകൽ കളവുപോയതിനെയും രാത്രി കളവുപോയതിനെയും നീ എന്നോടു ചോദിച്ചു. ഇങ്ങനെയായിരുന്നു എന്റെ വസ്തുത. പകൽ വെയിൽ കൊണ്ടും രാത്രി ശീതം കൊണ്ടും ഞാൻ ക്ഷയിച്ചു. എന്റെ കണ്ണിനു ഉറക്കമില്ലാതായി. ഈ ഇരുപതു സംവത്സരം ഞാൻ നിന്റെ വീട്ടിൽ പാർത്തു. പതിനാലു സംവത്സരം നിന്റെ രണ്ടു പുത്രിമാർക്കായിട്ടും ആറുവർഷം നിന്റെ ആട്ടിൻ കൂട്ടത്തിനായിട്ടും നിന്നെ സേവിച്ചു. പത്തുപ്രാവശ്യം നീ എന്റെ പ്രതിഫലം മാറ്റി. എന്റെ പിതാവിന്റെ ദൈവമായി അബ്രഹാമിന്റെ ദൈവവും ഇസഹാക്കിന്റെ ഭയവുമായവൻ എനിക്കു ഇല്ലാതിരുന്നെങ്കിൽ നീ ഇപ്പോൾ എന്നെ വെറുതെ അയച്ചുകളയുമായിരുന്നു. ദൈവം എന്റെ കഷ്ടതയും എന്റെ കൈകളുടെ പ്രവൃത്തികളും കണ്ടു, കഴിഞ്ഞ രാത്രി ന്യായം വിധിച്ചു'' (ഉൽപത്തി 31:36-55). പഴയ ചതിവ് ഒന്നും യാക്കോബിലില്ല എന്ന് മാന്യവായനക്കാർക്കു വ്യക്തമായല്ലോ?
അടുത്തതായി അക്ബർ പറയുന്നത് മക്കളെക്കൊണ്ട് നഗരം കൊള്ള ചെയ്തുവെന്നാണ്.
ഹാമോരിന്റെ മകനായ ശേഖേമിനോടുള്ള ബന്ധത്തിൽ നടക്കുന്ന സംഭവങ്ങളാണ് ഇതിനടിസ്ഥാനം. യാക്കോബ് ലാബാന്റെ അരികിൽ നിന്ന് വന്നശേഷം പാർപ്പിടമാക്കിയ ശേഖേം പട്ടണത്തിലെ ഹാമോരിന്റെ മകനായ ശേഖേം യാക്കോബിന്റെ ഒരേ ഒരു മകളായ ദീനയുമായി ശയിച്ച് അവളെ വഷളാക്കി. യാക്കോബ് ഇതറിഞ്ഞപ്പോൾ മിണ്ടാതിരുന്നു.മക്കൾ വയലിൽ നിന്നു വന്നപ്പോൾ വിവരം പറഞ്ഞു. ശേഖേമിന്റെ പിതാവും ദീനയെ വിവാഹം കഴിക്കാനുള്ള ശേഖേമിന്റെ താൽപര്യം അറിയിച്ചു. യാക്കോബിന് അതിന് സമ്മതമായിരുന്നു. ഒരു വ്യവസ്ഥമാത്രം അവർ പരിച്ഛേദന ഏൽക്കണം. അവർ സമ്മതിച്ചു. അങ്ങനെ അവർ പരിച്ഛേദന ഏറ്റു വേദനയോടെ ഇരിക്കുമ്പോൾ യാക്കോബിന്റെ പുത്രന്മാരായ ശിമയോനും ലേവിയും യാക്കോബിന്റെ അറിവുകൂടാതെ ആ പട്ടണക്കാരെ കൊന്നുകളഞ്ഞു. പട്ടണം കൊളളയിട്ടു. യാക്കോബ് അതിൽ കോപിക്കുകയും പിന്നീട് ശിമയോനെയും ലേവിയെയും അനുഗ്രഹിക്കുന്നതിനു പകരം ശപിക്കുന്നുണ്ട് (ഉൽപത്തി 49:5-7). ഈ സംഭവത്തിന്റെ പേരിൽ യാക്കോബിന് ആ പട്ടണത്തിൽ നിന്ന് രാത്രിയിൽ ഒളിച്ചോടേണ്ടിവന്നു. യാക്കോബ് സമാധാനത്തിന്റെ പ്രതീകമായിട്ടാണ് ദൈവത്തെ ദർശനത്തിൽ നേരിൽ കണ്ടശേഷം പെരുമാറിയിട്ടുള്ളത്. ഇവിടെയും സമാധാനമായി ശേഖേമിന്റെ വർഗ്ഗക്കാരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാൻ തയ്യാറായിരുന്നു. എന്നാൽ ദൈവം അതിന് അനുകൂലമായില്ല എന്നു പറഞ്ഞാൽ മതി.
മോശ ന്യായപ്രമാണത്തിനെതിരെ
അടുത്തതു വളരെ ഗൗരവമേറിയ ഒരു ആരോപണമാണ് യഹൂദ റബ്ബിമാർക്കു നേരെ എം.എം.അക്ബർ തെടുത്തുവിടുന്നത്. ബൈബിളിനെ  സ്വാർത്ഥ താൽപര്യത്തിനുവേണ്ടി അവർ വികലമാക്കിപോലും! വിഗ്രഹാരാധനയെ ന്യായികരിക്കുവാൻ ആപൽഘട്ടങ്ങളിൽ വിഗ്രഹാരാധനയും ആകാം എന്നു സ്ഥാപിയ്ക്കാൻ മോശയും അഹരോനും വിഗ്രഹങ്ങൾ ഉണ്ടാക്കുന്നതായി വരച്ചുകാണിക്കുകയും, അതുവഴി യഹൂദ റബ്ബിമാരുടെ വിഗ്രഹാരാധനാ പ്രവണതയെ ന്യായീകരിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. സന്ദർഭം, സമാഗമന കൂടാരത്തിന്റെ നിർമ്മിതിയിൽ ദൈവം കൊടുക്കുന്ന നിർദ്ദേശങ്ങളാണ് '' തങ്കം കൊണ്ടു കൃപാസനം ഉണ്ടാക്കേണം. അതിന്റെ നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കേണം. പൊന്നുകൊണ്ടു രണ്ടു കെരൂബുകളെ ഉണ്ടാക്കേണം. കെരൂബുകൾ മേലോട്ടു ചിറകുവിടർത്തി ചിറകുകൊണ്ടു കൃപാസനത്തെ മൂടുകയും തമ്മിൽ അഭിമുഖമായിരിക്കുകയും വേണം.(പുറപ്പാട് 25:17-22) ഇവിടെ പത്തു കല്പനകളിൽ ദൈവം യാതൊന്നിന്റെയും പ്രതിമയോ രൂപമോ ഉണ്ടാക്കരുതെന്ന് കല്പന കൊടുത്തിട്ട് പൊന്നുകൊണ്ടുള്ള കെരൂബുകളെ ഉണ്ടാക്കാൻ ആവശ്യപ്പെടുന്നത് യഹൂദ റബ്ബിമാരുടെ വിഗ്രഹാരാധനയെ ന്യായീകരിക്കുവാൻ വേണ്ടി എഴുതിയുണ്ടാക്കിയതാണെന്നാണ് വിചിത്രമായ വാദം. ബൈബിൾ ഒരു കഥപോലെ വായിച്ചുപോകുന്ന, വിശ്വാസമില്ലാത്തവർക്ക് അതിന്റെ ആകമാന രൂപമോ അതിലെ മർമ്മങ്ങളോ മനസ്സിലാകുകയില്ല. 
പഴയനിയമം മുഴുവനും പുതിയനിയമത്തിനു നിഴലായി നിൽക്കുന്നു എന്നു പറയാം. മോശ മുഖാന്തിരം കൊടുത്ത ന്യായപ്രമാണകാലത്ത് അതിലെ മർമ്മങ്ങൾ പലർക്കും വ്യക്തമായി മനസ്സിലായിരുന്നില്ല. പുതിയനിയമസഭയെ സംബന്ധിച്ച് നിഴലായി നിൽക്കുന്ന പല കാര്യങ്ങളും ന്യായപ്രമാണത്തിലുണ്ട്. പഴയനിയമ വിശ്വാസികൾക്ക് എല്ലാവർക്കും ക്രിസ്തുവിനെയോ ക്രിസ്തുവിൽക്കൂടിയുള്ള രക്ഷയോ മനസ്സിലായിരുന്നില്ല. അവർ ന്യായപ്രമാണം കാണാതെ പഠിച്ചു അക്ഷരാർത്ഥത്തിൽ പാലിക്കാൻ ശ്രമിച്ചു. അതുകൊണ്ട് അവർക്കതിലെ ജീവൻ നഷ്ടമായി.
എന്നാൽ ദൈവത്തിന്റെ പ്രവാചകന്മാർ വന്ന് പിന്നീട് ദൈവത്തിന്റെ ആലോചനകൾ അവരെ അറിയിച്ചപ്പോൾ ന്യായപ്രമാണത്തെപ്പറ്റിയുള്ള അറിവിന് വിപരീതമായി അവർക്കു തോന്നിയതുകൊണ്ട് അവർ പ്രവാചകന്മാരെ കല്ലെറിഞ്ഞു കൊന്നു. ഈ ആധുനിക കാലത്തും ദൈവം തന്റെ ആലോചനകൾ എഴുത്തുകാരിൽ കൂടി ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ പലരും ഈ ആലോചനകളെ വിപരീതമായി തെറ്റിദ്ധരിക്കുന്നതുകൊണ്ട് എഴുത്തുകാരെ ഉപദ്രവിക്കുന്ന സ്ഥിതിയാണ് കാണുന്നത്.
ഉദാഹരണമായി, ന്യായപ്രമാണത്തിൽ മോശ അവരോടു കൽപ്പിക്കുന്നത്, ''നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ചെന്നു അതിനെ കൈവശമാക്കി അവിടെ കുടിപാർത്തശേഷം എന്റെ ചുറ്റുമുള്ള സകല ജാതികളെയും പോലെ ഞാൻ ഒരു രാജാവിനെ എന്റെ മേൽ ആക്കുമെന്നു പറയുമ്പോൾ, നിന്റെ ദൈവമായ യഹോവ തെരഞ്ഞെടുക്കുന്ന രാജാവിനെ നിന്റെ മേൽ ആക്കേണം. നിന്റെ സഹോദരന്മാരുടെ ഇടയിൽ നിന്ന് ഒരുത്തനെ നിന്റെമേൽ ആക്കേണം. നിന്റെ സഹോദരനല്ലാത്ത അന്യജാതിക്കാരനെ നിന്റെ മേൽ ആക്കിക്കൂടാ'' ആവർത്തനം 17:14-15. എന്നാൽ പ്രവാചകന്മാർ വന്ന് അവർ ബാബിലോണിയൻ പ്രവാസത്തിലേക്കു പോകുമെന്നും അവരെ അടിമകളാക്കാൻ വന്നവരോട് എതിർക്കരുത് എന്നും പറഞ്ഞപ്പോൾ അവർക്കത് അംഗീകരിക്കാൻ കഴിഞ്ഞില്ല. കാരണം അവരുടെ ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്നതിനു വിപരീതമായി പ്രവാചകൻ പറയുന്നതായി അവർക്കുതോന്നി. അതുകൊണ്ട് അത് ദൈവത്തിൽ നിന്നുള്ള ആലോചനയായി അവർ അംഗീകരിച്ചില്ല. 
ഇന്നും ദൈവം പ്രവാചകന്മാരായ എഴുത്തുകാരിൽ കൂടി ഇസ്ലാം മതവിശ്വാസികളോട് ആലോചനകൾ അറിയിക്കുമ്പോൾ അത് ഖുറാനിൽ പറഞ്ഞിരിക്കുന്നതിനു വിപരീതമായി പലരും മനസ്സിലാക്കുന്നതുകൊണ്ട് ആലോചന അംഗീകരിക്കുന്നില്ല. എന്നു മാത്രമല്ല ആലോചന അറിയിക്കുന്നവരെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്ന സ്ഥിതിയാണ് കാണുന്നത്.
അതുപോലെ തന്നെ അലംഘനീയമായ പത്തു കല്പനകളിലൊന്നാണ് ശബ്ബത്തിനെ ശുദ്ധമായി ആചരിക്ക എന്നത്. എന്നാൽ യേശു പറയുന്നതു ''നിങ്ങളുടെ ആടോ മാടോ ശബ്ബത്തു ദിവസത്തിൽ കിണറ്റിൽ വീണാൽ നിങ്ങളതിനെ വലിച്ചുകയറ്റുകയില്ലയോ, ശബ്ബത്തിൽ നന്മചെയ്യുന്നതു വിഹിതം തന്നെ'' (മത്തായി 12:12) അതുകൊണ്ട് കർത്താവു തന്നെ നന്മചെയ്യുവാൻ വേണ്ടി ശബ്ബത്തിനെ ലംഘിച്ചു. കർത്താവു പറഞ്ഞ ന്യായീകരണം ശബ്ബത്തു മനുഷ്യനുവേണ്ടിയാണ് അതല്ലാതെ മനുഷ്യൻ ശബ്ബത്തിനുവേണ്ടിയല്ല. അതായത് ബൈബിളും ഖുറാനും ഗീതയുമെല്ലാം മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്റെ ഗുണത്തിനുവേണ്ടിയാണ് ഇതെല്ലാം നല്കിയിരിക്കുന്നത്. അതല്ലാതെ, മനുഷ്യനെ ഈ വേദങ്ങൾ പാലിക്കാൻ വേണ്ടി സൃഷ്ടിച്ചതല്ല. അതുകൊണ്ട് അലംഘനീയമായ ഒരു നിയമവുമില്ല. എമർജൻസി വാഹനങ്ങൾ ചുവന്ന സിഗ്‌നലിൽ നിറുത്താതെ പോകുന്നതു കണ്ടിട്ടില്ലേ?
യേശു പറയുന്നതു ശ്രദ്ധിക്കുക. ''മനുഷ്യപുത്രൻ ശബ്ബത്തിനും കർത്താവാകുന്നു'' (മർക്കൊസ് 2:28). അതായത് അതു കൊടുത്ത കർത്താവ് ശബ്ബത്തിനും കർത്താവാകുന്നു. ന്യായപ്രമാണത്തിൽ നിന്നോ ഖുറാനിൽ നിന്നോ ഒരു വാക്യം എടുത്തിട്ട് നമ്മുടെ വ്യാഖ്യാനം കൊണ്ട് ഒരു വൃത്തമോ വരയോ വരച്ചശേഷം ദൈവം അതിനപ്പുറം കടക്കാൻ പാടില്ല എന്ന് നിർബന്ധം പിടിക്കുന്നതു ശരിയാണോ? കെരൂബുകളെ ഉണ്ടാക്കാൻ പറഞ്ഞത് ഈ കാഴ്ചപ്പാടിൽ കൂടി കണ്ടാൽ അതിൽ അനൗചിത്യം      ഒന്നുമില്ല. അതു വരാൻ പോകുന്ന പുതിയനിയമ സഭയുടെ നിഴലായി നിൽക്കുന്നു.
ന്യായപ്രമാണപ്രകാരം അതിവിശുദ്ധസ്ഥലത്ത് ദൈവത്തിന്റെ തേജസ്സ് എഴുന്നെള്ളി വസിക്കുന്നതായ കൃപാസനത്തിന്റെയടുത്ത് മഹപുരോഹിതന് ആണ്ടിൽ ഒരിക്കൽ മാത്രമേ പ്രവേശിക്കാൻ അനുവാദമുള്ളൂ. അതും വളരെ ഭയത്തോടു കൂടി തന്റെ പാപത്തിനു വേണ്ടി യാഗം അർപ്പിച്ചശേഷം മാത്രമാകണം. എന്നാൽ പുതിയനിയമ സഭയിൽ ക്രിസ്തുവിലുള്ള വിശ്വാസത്താൽ രക്ഷിയ്ക്കപ്പെട്ട ഒരു വ്യക്തിക്ക് സമയഭേദമെന്യേ ഏതു സമയത്തും ധൈര്യസമേതം കൃപാസനത്തോളം അടുത്തുവന്നു അബ്ബാ, പിതാവേ എന്നു വിളിക്കുവാനുള്ള കൃപ ലഭിച്ചിരിക്കുകയാണ്. (എബ്രായർ 4:16). അടുത്തുവരുന്നതിനു മുമ്പ് ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്നതായ യാഗം കഴിക്കേണ്ട ആവശ്യം ഇല്ല. കാരണം ഒരിക്കലായി ക്രിസ്തു മാനവരാശിയുടെ മുഴുവൻ പാപത്തിനും യാഗമായി അർപ്പിക്കപ്പെട്ടു. ഇനിയും കൃപാസനത്തിനടുത്തുവരുന്ന വ്യക്തിയെ പിതാവായ ദൈവം ക്രിസ്തുവിന്റെ രക്തത്തിൽ കൂടിയാണ് കാണുന്നത്. അവിടെ നമ്മുടെ പാപമെല്ലാം ക്രിസ്തുവിന്റെ രക്തത്താൽ മറയ്ക്കപ്പെട്ടിരിക്കുന്നു. കെരൂബുകൾ ചിറകുവിടർത്തി അതിന്റെ നിഴൽ കൃപാസനത്തെ മൂടുന്നതുകാരണം അതിന്റെ മുകളിൽ കെരൂബുകളുടെ മദ്ധ്യേ നിൽക്കുന്ന പിതാവായ ദൈവം കാണുന്നത് കെരൂബുകളുടെ നിഴൽ കൃപാസനത്തെ മറിച്ചിരിക്കുന്നതുപോലെ ക്രിസ്തുവിലുള്ള വിശ്വാസം നമ്മുടെ പാപങ്ങളെ മറച്ചിരിക്കുന്നതായാണ്. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഏതു വ്യക്തിയും ഈ അത്യന്ത കൃപയ്ക്ക് അർഹനാണ്. അതുകൊണ്ടാണ് അപ്പൊസ്‌തോലനായ പൗലോസ് എഴുതിയിരിക്കുന്നത് '' ഇപ്പോൾ ക്രിസ്തുയേശുവിലുള്ളവർക്ക് ഒരു ശിക്ഷാവിധിയുമില്ല'' (റോമർ 8:1). ക്രിസ്തുവിലുള്ള വിശ്വാസം മൂലം ശിക്ഷയിൽ നിന്നുള്ള വിടുതലും, നിത്യജീവനും ലഭിയ്ക്കുന്നു. ദൈവവുമായുള്ള സ്‌നേഹബന്ധത്തിലും കൂട്ടായ്മയിലും ആകുവാൻ ദൈവം ഏവരെയും ആഹ്വാനം ചെയ്യുകയാണ്. അതാണ് ക്രിസ്തുവിന്റെ സുവിശേഷം അഥവാ ഗുഡ്‌ന്യൂസ്.
ഇതുപോലെ തന്നെ മോശ മരുഭൂമിയിൽ പിച്ചളസർപ്പത്തെ ഉയർത്തിയത് കർത്താവായ യേശുക്രിസ്തുവിന്റെ ക്രൂശിൻ നിഴലായി നിൽക്കുന്നു. അതല്ലാതെ വിഗ്രഹാരാധന അല്ലായിരുന്നു എന്ന മർമ്മം എല്ലാവർക്കും മനസ്സിലായി എന്നു വരില്ല. അതു മനസ്സിലാക്കാനുള്ള കൃപ ദൈവത്തിൽ നിന്നു പ്രാപിക്കുകയാണ് വേണ്ടത്.
അഹരോന്റെ വിഗ്രഹാരാധന
മോശയുടെ കാര്യത്തിൽ യഹൂദ റബ്ബിമാർ കാണിച്ച കൈകടത്തലുകൾ പോലെ അഹരോന്റെ കാര്യത്തിലും കാണിച്ചതാണ് കാളക്കുട്ടിയെ ഉണ്ടാക്കി യിസ്രായേലിന് കൊടുത്തതായി രേഖപ്പെടുത്തിയിരിക്കുന്നതെന്നാണ് ആരോപണം. പൂച്ച എങ്ങനെ വീണാലും നാലുകാലിലെ വീഴുകയുള്ളൂ എന്നു പറയുന്നതുപോലെ വേദപുസ്തക സത്യങ്ങൾ ചില പണ്ഡിതന്മാരുടെ മസ്തിഷ്‌ക്കത്തിൽ കൂടി വിഭിന്നമായ രൂപത്തിലും ഭാവത്തിലും പുറത്തുവരുന്നതു കണ്ടു പകച്ചു നിന്നുപോകുന്നു. പത്രോസ് ഇവരെപ്പറ്റി മുൻകൂട്ടി പറഞ്ഞിരിക്കുന്നത് ''അറിവില്ലാത്തവരും അസ്ഥിരരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതു തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു. എന്നാൽ പ്രിയമുള്ളവരെ നിങ്ങൾ മുൻകൂട്ടി അറിഞ്ഞിരിക്കകൊണ്ട് അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ടു വീണുപോകാതിരിക്കാൻ സൂക്ഷിച്ചുകൊൾവിൻ (2 പത്രൊസ് 3:16-17).
ദാവീദിലും ശലോമോനിലും ഉണ്ടായിരുന്ന പെരുമാറ്റത്തിലെ ദൂഷ്യവശങ്ങളുടെ, അനന്തരഫലം നമുക്കു എല്ലാം ദൃഷ്ടാന്തമായി എഴുതിയിരിക്കുന്നത് അതിൽ നിന്ന് ബുദ്ധി പഠിച്ച് അങ്ങനെയുള്ള പെരുമാറ്റങ്ങളിൽ നിന്നു ഒഴിഞ്ഞുനിൽക്കാൻ വേണ്ടിയാണ്. അതൊക്കെ യഹൂദ റബ്ബിമാരുടെ കൈകടത്തലുകളായി ചിത്രീകരിക്കുന്നതിന്റെ ഉദ്ദേശശുദ്ധി ദൈവാത്മ പ്രചോദനം ഉള്ളവർക്ക് പകൽ പോലെ വ്യക്തമാണ്. ഈ അവസരത്തിൽ അക്ബറിനോട് ഒരു വിശദീകരണം ആവശ്യപ്പെടുകയാണ്. മുകളിൽ പറഞ്ഞതെല്ലാം വിഗ്രഹാരാധനയാണെങ്കിൽ ഇസ്ലാംമത വിശ്വാസികൾ മെക്കയിൽ സൂക്ഷിച്ചിരിക്കുന്ന കറുത്ത കല്ലിനെ മുത്തുന്നത് എന്തിനാണ്?
യേശുവിൽ ആരോപിക്കപ്പെട്ട തെറ്റുകൾ
പ്രവാചകന്മാരിലെ കുറ്റങ്ങളെ വിട്ടിട്ട് ഇപ്പോൾ യേശുക്രിസ്തുവിന്റെ പെരുമാറ്റത്തിലും തെറ്റുണ്ടെന്നുള്ള ധ്വനി പരോക്ഷമായിട്ടെങ്കിലും ആരോപിച്ചുകൊണ്ടാണ് അടുത്ത പടിയിലേക്കു കയറുന്നത്.
മാതൃസ്‌നേഹമില്ലാത്ത ക്രിസ്തു - അമ്മയെ സ്ത്രീയെ എന്നു വിളിച്ചതിൽ.
ആംഗലേയ ഭാഷയിൽ Ladies and Gentlemen  എന്ന് സംബോധന ചെയ്യുന്നത് അങ്ങേയറ്റത്തെ ബഹുമാനസൂചകമായിട്ടാണ്. എന്നാൽ മലയാളത്തിൽ അത് ഭാഷാന്തരം ചെയ്തപ്പോൾ സ്ത്രീയേ എന്ന പദമാണ് ഭാഷാന്തരം ചെയ്തവർ ഉപയോഗിച്ചത്. പണ്ഡിതനെന്ന് അറിയപ്പെടുന്ന അക്ബർ ഇങ്ങനെയുള്ള നിസ്സാര വിഷയങ്ങൾ എടുത്തു സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ഒട്ടും ഭൂഷണമല്ല. എഴുത്തുകാരന്റെ ഉദ്ദേശശുദ്ധി ഇവിടെ ചോദ്യം ചെയ്യപ്പെടുകയാണ്. കുരിശിൽ കിടന്ന് അസഹനീയമായ വേദന സഹിക്കുമ്പോഴും, തന്റെ മരണ സമയത്തും തന്റെ മാതാവിനോടുള്ള ഉത്തരവാദിത്വം മറക്കാതിരിക്കുന്ന കാരുണ്യവാരിധിയായ യേശുവിനെ ദർശിക്കുന്നതിനു പകരം അവിടെയും ദൂഷ്യവശങ്ങൾ കണ്ടുപിടിക്കുന്നവർ മനുഷ്യർ തമ്മിലുള്ള സമാധാനത്തിനും, സ്‌നേഹത്തിനും സാഹോദര്യത്തിനും എന്നും വിലങ്ങുതടിയായിരിക്കും. ക്രൂശിൽ കിടന്നുകൊണ്ട് തന്റെ മാതാവിനെ ശിഷ്യന്റെ ഉത്തരവാദിത്വത്തിൽ ഏല്പിച്ചിട്ട് മാതാവിനോട് ''സ്ത്രീയേ ഇതാ നിന്റെ മകൻ'' എന്ന് പറയുന്നതാണ് രംഗം. അതിനുശേഷം ആ ശിഷ്യൻ മാതാവിനെ സ്വന്തവീട്ടിൽ കൈക്കൊണ്ടു എന്നാണ് എഴുതിയിരിക്കുന്നത് (യോഹന്നാൻ 19:27)
ഇതിന് ഉദാഹരണമായി ചെന്നൈ നഗരത്തിൽ നടന്ന ഒരു സംഭവം ചൂണ്ടിക്കാണയ്ക്കട്ടെ. മലയാളികൾ ജോലി ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ താഴത്തെ നിലയിൽ റോഡിനോടു ചേർന്ന് ഒരു മലയാളി കാപ്പിക്കട നടത്തിയിരുന്നു. ഒരു ദിവസം ഒരു തമിഴനായ ഓട്ടോ ഡ്രൈവർ അതിൽ കയറി ഒരു കാപ്പിയും ലഘുഭക്ഷണവും ഓർഡർ ചെയ്തു. ഭക്ഷണം വരാൻ പതിവിലും താമസിച്ചതിൽ ക്ഷുഭിതനായ ഡ്രൈവർ ജോലിക്കാരനോട് വാഗ്വാദമായി. ശബ്ദം കേട്ട് ഓടിയെത്തിയ മാനേജർ കാര്യം അന്വേഷിച്ചു. മറ്റുപലരും രംഗം വീക്ഷിച്ചുകൊണ്ടിരുന്നു. സപ്ലെയർ മാനേജരോട് തമിഴന്റെ സംസാരം ശരിയല്ല എന്നുപറഞ്ഞു. തമിഴൻ കൂടതലൊന്നും കേൾക്കാൻ നിന്നില്ല. ആ വ്യക്തിയുടെ കരണത്തിന് ഒന്നുകൊടുത്തു. ആ വ്യക്തി കാപ്പിക്കടയിൽ പുതുതായി ജോലിക്കുകയറിയ ഒരു മലയാളിയായിരുന്നു. തമിഴിൽ 'സംസാരം' എന്നുവച്ചാൽ ഭാര്യ എന്ന അർത്ഥമാണെന്ന് അറിയാതിരുന്നതുകൊണ്ട് സംഭവിച്ചതാണ് ഈ കയ്യേറ്റം.
മദ്യം വിളമ്പുന്ന ക്രിസ്തു
ഇതിനുള്ള മറുപടി മദ്യപാനിയായ നോഹയോടുള്ള ബന്ധത്തിൽ എഴുതിയതു കാരണം ആവർത്തന വിരസത ഒഴിവാക്കാൻ അതിലേക്കു കടക്കുന്നില്ല. പെരുമാറ്റത്തിലെയും, ആചാരങ്ങളിലെയും ശരിയും തെറ്റും കാലവും സംസ്‌ക്കാരവും മാറുന്നതനുസരിച്ച് മാറിയെന്നിരിക്കും. പ്രവാചകനായ മുഹമ്മദ് ചെയ്ത പലകാര്യങ്ങളും ഇന്നു നോക്കിയാൽ പലർക്കും തെറ്റായി തോന്നിയേക്കാം. അന്നു നിലവിലിരുന്ന തെറ്റും ശരിയുമനുസരിച്ച് അത് ശരിയായിരുന്നിരിക്കണം. യേശു ചെയ്തത് അന്നു നിലവിലിരുന്ന ഒരു സമുദായിക ആചാര രീതി അനുസരിച്ചും തന്നെ ആദരിച്ച് ക്ഷണിച്ച വീട്ടുടയവന്റെ അന്തസ്സു നിലനിർത്താൻ  സദ്യയിൽ വീഞ്ഞിൽ കുറവു വന്നപ്പോൾ പച്ചവെള്ളത്തെ വീഞ്ഞാക്കി വീട്ടുടയവന്റെ അഭിമാനം സംരക്ഷിക്കുകയായിരുന്നു. വീഞ്ഞ് എവിടെ നിന്നുവന്നു എന്ന് വിരുന്നു പ്രമാണിയും പാത്രങ്ങളിൽ വെള്ളം നിറച്ചവരും മാത്രമെ അറിഞ്ഞുള്ളൂ. ഖുറാനിൽ തന്നെ സ്വർഗ്ഗത്തിൽ മദ്യം വിളമ്പുന്നതായി വിവക്ഷയില്ലേ? അക്ബർ അതിനെ എങ്ങനെ ന്യായീകരിക്കും എന്നറിഞ്ഞാൽ കൊള്ളാം.
യോഹന്നാനല്ലാതെ മറ്റു സുവിശേഷകന്മാരാരും ഈ കാര്യം അറിഞ്ഞില്ല എന്നും ആക്ഷേപമായി എം.എം. അക്ബർ ചൂണ്ടിക്കാണിച്ചിരിക്കുന്നു. കുറ്റം കണ്ടുപിടിക്കാൻ നോക്കിയിരിക്കുന്നവർക്ക് കാണുന്നതെല്ലാം കുറ്റം തന്നെ. മറ്റു സുവിശേഷകരെല്ലാം ഒരേ വിഷയം ഒരേ രീതിയിൽ എഴുതിയിരുന്നെങ്കിൽ സ്വാഭാവികമായി ഉണ്ടാകാവുന്ന ഒരു ആരോപണം അവരെല്ലാവരും കൂടി ഒത്തുചേർന്ന  കളിയാണിതെന്നായിരിക്കും. വ്യത്യസ്തമായി എഴുതിയാൽ എന്തുകൊണ്ട് അറിയാതെ പോയി എന്നായി. യേശു പറഞ്ഞതും പ്രവർത്തിച്ചതുമായ കാര്യങ്ങൾ എഴുതിത്തീർക്കാൻ പുസ്തകങ്ങൾ മതിയാവുകയില്ല എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഓരോ എഴുത്തുകാരും വിഷയത്തിന്റെ പ്രസക്ത ഭാഗങ്ങൾ നിലനിർത്തിക്കൊണ്ടു തന്റെ മനസ്സിനെ കൂടുതൽ സ്വാധീനിച്ച കാര്യങ്ങൾ എഴുതി, മറ്റു എഴുത്തുകാർ എഴുതിയ വിഷയങ്ങളെപ്പറ്റി അറിവുണ്ടെങ്കിൽ ആവർത്തന വിരസത ഒഴിവാക്കുന്നതിൽ എന്താണ് തെറ്റ്? കൂടാതെ യേശു ശിഷ്യന്മാരെയെല്ലാം ഒരേ സമയമല്ല വിളിച്ചത് എന്നും ഓർക്കണം.
അസഹിഷ്ണുവായ പ്രബോധകൻ
ചിലരെ, സംബോധന ചെയ്ത്, യേശു അണലി സന്തതികളേ, ദൂഷ്ടതയും അവിശ്വസ്തതയുമുള്ള തലമുറ എന്നൊക്കെ സുവിശേഷങ്ങളിൽ ഉപയോഗിച്ചിരിക്കുന്നതുകൊണ്ട് യേശു സഹിഷ്ണുതയില്ലാത്ത പ്രബോധകനാണെന്നാണ് അക്ബർ പറയുന്നത്. ഖുറാനിലുള്ള പ്രവാചകന്മാരും മറ്റു പ്രവാചകന്മാരും എല്ലാം ദൈവം അവരെ ഏല്പിച്ച ജോലി തികയ്ക്കാൻ ബാദ്ധ്യസ്തരാണ്. അതിൽ ചിലപ്പോൾ ശാസനയും ഉണ്ടായി എന്നിരിക്കും.
ക്രിസ്തുവിനെതിരെ പരോക്ഷമായിട്ടെങ്കിലും തൊടുത്തുവിടുന്നതായ വിമർശനത്തിന്റെ അമ്പുകൾ അയച്ച വ്യക്തിയിലേക്കു തന്നെ തിരിച്ചു വരുന്നതായി, ബൂമറാംഗ് (Boomerang) ആയി മാറുന്നതായാണ് പലപ്പോഴും കണ്ടുവരുന്നത്. സ്വന്ത കണ്ണിൽ കോലിരിക്കെ സഹോദരന്റെ കണ്ണിലെ കരട് എടുക്കാമോ? മറ്റുള്ളവർ കാണരുതെന്ന് നാം ആഗ്രഹിക്കുന്ന നമ്മുടെ കുറ്റങ്ങൾ, കുറവുകൾ മറച്ചു പിടിച്ചിട്ട് മറ്റുള്ളവരുടെ സ്വഭാവത്തിലുള്ളതായ കുറവുകൾ പർവ്വതീകരിച്ച് അനാവൃതം ചെയ്യുക. ഇത് ശാപം വിളിച്ചുവരുത്തുന്നതല്ലേ?
സ്‌നേഹത്തിൽ ശിക്ഷിക്കുവാനുള്ള അധികാരമുണ്ട.് അപ്പൻ മക്കളെ ശിക്ഷിക്കുന്നതു പോലെ പിതാവായ ദൈവം തന്റെ മക്കളെ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യും. ദൈവം അതു ചെയ്യുന്നത് തന്റെ സേവകരായ പ്രവാചകന്മാരിൽ കൂടിയാകാം. ജനങ്ങളെ ശാസിക്കുകയും പ്രബോധിപ്പിക്കുകയും ചെയ്ത ആദ്യ പ്രവാചകനായിരുന്നില്ല ക്രിസ്തു. യിസ്രായേലിന്റെ ചരിത്രത്തിൽ ശാസിക്കേണ്ടിയിടത്ത് മക്കളെ ശാസിച്ച് അമർത്താതിരുന്നത് തെറ്റായി വേദപുസ്തകത്തിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നു. ഏലി പുരോഹിതന്റെ ഒരു കുറ്റമായി എടുത്തുകാണിച്ചിരിക്കുന്നത് മക്കൾ തെറ്റായ വഴിയിൽ പോകുന്നതു കണ്ടിട്ട് അവരെ ശാസിച്ച് അമർത്തിയില്ല എന്നതാണ്. അതുപോലെ ദാവീദും അബ്ശാലോമിന്റെ ദുഷ്ടപ്രവൃത്തികൾ അറിഞ്ഞിട്ടും ശാസിച്ച് അമർത്തിയില്ല എന്ന് എടുത്തു പറഞ്ഞിരിക്കുന്നു. അതിന്റെ ഫലം രണ്ടുപേരും അനുഭവിക്കുകയും ചെയ്തു.
അപ്പൊസ്‌തോലനായ പൗലോസ് കൊരിന്ത്യർക്കു ലേഖനം എഴുതുമ്പോൾ ''ഞാൻ ലേഖനത്താൽ നിങ്ങളെ ദുഃഖിപ്പിച്ചു എന്നുവരികിലും ഞാൻ അനുതപിക്കുന്നില്ല. ആ ലേഖനം നിങ്ങളെ കുറയെ നേരത്തേക്കെങ്കിലും ദുഃഖിപ്പിച്ചു എന്നു കാണുന്നതുകൊണ്ട് മുമ്പെ അനുതപിച്ചു എങ്കിലും ഇപ്പോൾ ഞാൻ സന്തോഷിക്കുന്നു. നിങ്ങൾ ദുഃഖിച്ചതിനാലല്ല. മാനസാന്തരത്തിനായി ദുഃഖിച്ചതിനാലത്രെ. (2 കൊരി. 7:8)
അപ്പൻ മക്കളെ ശാസിക്കുന്നതുപോലെ പിതാവായ ദൈവം പ്രവാചകന്മാരിൽക്കൂടി ആവശ്യമായ ദൃഷ്ടാന്തങ്ങളും ശാസനകളും കൊടുത്തില്ലെങ്കിൽ ഈ പ്രവചന പുസ്തകങ്ങൾ ദൈവത്തിൽ നിന്നുള്ളതായി കരുതാമോ? അതുകൊണ്ട് ഒരു വ്യക്തിയ്‌ക്കോ ജനതയ്‌ക്കോഎന്തു പ്രയോജനം? എന്റെ മതഗ്രന്ഥങ്ങളിൽ ശാസന ഒന്നും ഇല്ല എന്നു വീമ്പിളക്കിയതുകൊണ്ട് മക്കൾ നേർവഴിക്കു നടക്കുമോ? സ്വന്തം മതപുസ്തകങ്ങളിൽ ശാസനകൾ ഇല്ലെങ്കിൽ ശാസനകൾ ഉള്ളതായ ഗ്രന്ഥങ്ങൾ വായിക്കുകയും വായിക്കുവാൻ മക്കളെ പ്രേരിപ്പിക്കുകയും ചെയ്യുക.
ക്ഷിപ്രകോപിയായ മശിഹ
ക്രിസ്തു താൻ വഹിക്കുന്ന സ്ഥാനത്തിനൊത്ത സ്വഭാവ വിശേഷതകൾ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും അടിച്ചുപുറത്താക്കിയതും അത്തിമരത്തെ ശപിച്ചതുമാണ് വിഷയം. ഏതു സമൂഹത്തിലും മൂന്നു നിലകളിലുള്ള വ്യക്തികളെക്കൊണ്ടാണ്, ദൈവം തന്റെ പദ്ധതികൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരുന്നത് -പ്രവാചകന്മാർ, പുരോഹിതന്മാർ, രാജാക്കന്മാർ. മിക്കപ്പോഴും ഒരു വ്യക്തിയെ ഒരു ഉത്തരവാദിത്വം മാത്രം ചെയ്യാൻ വിളിക്കുമ്പോൾ ഒന്നിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ചില സേവകരിൽ കേന്ദ്രീകരിച്ചിരുന്നതായും കാണാം. ഉദാഹരണമായി ഇസ്രയേലിലെ ന്യായാധിപനും പ്രവാചകനുമായിരുന്നു ശമുവേൽ.  എന്നാൽ ക്രിസ്തുവിൽ മുകളിൽ പറഞ്ഞതായ മൂന്നു സ്ഥാപനങ്ങളും കേന്ദ്രീകരിച്ചിരുന്നതായി കാണാം. ക്രിസ്തു ഒരേ സമയത്തു തന്നെ രാജാവും, പുരോഹിതനും, പ്രാവാചകനുമായിരുന്നു. (ലൂക്കൊസ് 1:33, എബ്രായർ 4:14, 5:10, അപ്പൊ. പ്രവൃത്തികൾ 3:22.)
ഈ മൂന്നു സ്ഥാനങ്ങളും ക്രിസ്തു വഹിക്കുന്നതിനാൽ അതിന്റേതായ ശുശ്രൂഷകൾ കർത്താവായ യേശു ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ. കള്ളന്മാരെയും കൊള്ളക്കാരെയും അമർച്ച ചെയ്യുക എന്നത് രാജാവിന്റെ ജോലിയാണ്.
അതുകൊണ്ട് ഒരു രാജാവു ചെയ്യേണ്ട ജോലിതന്നെയാണ് യേശുക്രിസ്തു ചെയ്തത്. അതിനുള്ള അധികാരം തനിക്കുണ്ട്. എന്നാൽ ദൈവാലയത്തിൽ കച്ചവടം നടത്തിയിരുന്നവരെ ഉപദേശിക്കുകയോ ശാസിക്കുകയോ ചെയ്യാതെ അടിച്ചുപുറത്താക്കുന്നതു പ്രവാചകന്റെ ജോലി അല്ല എന്നു സമ്മതിക്കുന്നു. എങ്കിൽ പ്രവാചകനായി അറിയപ്പെടുന്ന മഹമ്മദ് എന്ത് അധികാരം ഉപയോഗിച്ചാണ് ചോരപ്പുഴകൾ ഒഴുക്കിയത്. അതിന്റെ വിശദവിവരങ്ങളിലേക്ക് ഇവിടെ കടക്കുന്നില്ല എം.എം. അക്ബർ തന്നെ ശോധന ചെയ്യുന്നത് നന്നായിരിക്കും. അത്തിയെ ശപിച്ച വിഷയം അത്തിയോടുള്ള ദേഷ്യമല്ല ശിഷ്യന്മാരെ വിശ്വാസത്തെപ്പറ്റി പഠിപ്പിക്കാനാണ് ക്രിസ്തു ശ്രമിച്ചത്. 
യെഹൂദ സമുദായത്തിന്റെ ചരിത്രം
ബൈബിളിൽ നിന്ന് അക്കാലത്തെ യഹൂദ സമുദായത്തിന്റെ ചരിത്രമല്ലാതെ തനിക്ക് ഒന്നും ലഭിക്കുന്നില്ല എന്നാണ് അക്ബർ പറയുന്നത്. തങ്ങളുടെ പ്രവർത്തികളെ ന്യായീകരിക്കുവാൻ പ്രവാചകന്മാരെയും കർത്താവായ യേശുവിനെയും ഉപയോഗിക്കുന്ന ചിത്രം മാത്രമാണ് അക്ബറിനു മുമ്പിൽ തെളിയുന്നത്. എന്നാൽ നേരെ മറിച്ച് ഖുറാനിലുള്ള പ്രവാചകന്മാരെല്ലാം സാന്മാർഗ്ഗിക ജീവിതം നയിച്ച് ജനങ്ങൾക്ക് മാതൃകയായവരുമായിരുന്നു എന്നാണ് അക്ബറിന്‌റെ വാദം. മാന്യ വായനക്കാർ തന്നെ ഇതിന് വിധിയെഴുതിയാട്ടെ.
മനുഷ്യ സ്വഭാവത്തിന്റെ വിവിധ വശങ്ങൾ, വേദപുസ്തകത്തിൽ വരച്ചുകാട്ടിയിരിക്കുന്നു. ഒരു സമൂഹവും അതിന് അതീതരല്ല എന്നതാണ് സത്യം. യഹൂദ സമൂഹത്തിൽ ഉണ്ടായിരുന്ന ദുഷിച്ച രീതികളും ആചാരങ്ങളും പ്രവണതകളും മനുഷ്യസമൂഹങ്ങളിലെല്ലാമുണ്ട്. അതു കാണാതെയും സ്വയം തിരുത്താതെയും മറ്റുള്ളവരെ കുറ്റം വിധിക്കാൻ ബൈബിൾ അനുവദിക്കുന്നില്ല. സമുദായങ്ങൾ തമ്മിലുള്ള മൈത്രിക്കും സഹകരണത്തിനും അത് യോജിച്ചതല്ല. മാനുഷികമായ ബലഹീനതകൾക്ക്, പ്രവാചകന്മാരും അതീതരല്ല. ബലഹീനതകൾ മൂലമുണ്ടാകുന്ന പാപത്തിന് യേശുക്രിസ്തുവിന്റെ ക്രൂശിലെ യാഗമല്ലാതെ മറ്റൊരു പരിഹാരമാർഗ്ഗവുമില്ല. ദൈവത്തിന്റെ കൃപയാലല്ലാതെ സ്വന്തകഴിവുകൊണ്ട് ഒരു മനുഷ്യനും വിശുദ്ധനാകാൻ ആവുകയില്ല. പ്രവാചകന്മാരും പുരോഹിതന്മാരും രാജാക്കന്മാരും സൂമൂഹത്തിന് മാതൃകകളായിരിക്കേണ്ടവരാണ്. എന്നാൽ ഏതെങ്കിലും കുറ്റങ്ങൾ വന്നാൽ ദൈവത്തോട് പാപക്ഷമയും യാചനയും, ശുദ്ധീകരണം പ്രാപിക്കുകയും ചെയ്തു തെറ്റിനെപ്പറ്റി പശ്ചാത്തപിക്കുകയും വേണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്. അതല്ലാതെ ഞാൻ ശുദ്ധനാണ് എനിക്ക് ഒരു കുറവുമില്ല എന്നു പറയുന്നതാണ് പാപം. അത് സ്വയം നീതീകരിയ്ക്കുന്നതിനു ദൈവം അതിൽ പ്രസാദിക്കുന്നില്ല
ബൈബിളിൽ നിന്ന് മുഹമ്മദ് നബി കോപ്പിഅടിച്ചതാണെന്ന് ആരൊക്കെയോ ആരോപണം ഉന്നയിച്ച വിഷയം അക്ബർ ഇവിടെ ശ്രദ്ധയിൽ കൊണ്ടുവരുന്നു. ഖുറാൻ എഴുതുന്നതിനു മുമ്പ് പ്രവാചകനായ മുഹമ്മദ് ജീവിച്ചിരുന്ന കാലത്തെ മെക്ക, മദീന പ്രദേശങ്ങളിലെ സാമുദായിക സ്ഥിതിയെപ്പറ്റി ഒരു ഏകദേശരൂപം ഉണ്ടായിരിക്കുന്നത് കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കാൻ സഹായിക്കും.
നാലും, അഞ്ചും, ആറും നൂറ്റാണ്ടുകളിൽ ക്രിസ്തീയമാർഗ്ഗത്തിന്റെ കേന്ദ്രധാരയിൽ നിന്ന് അകന്നു നിന്നിരുന്ന വേദവിപരീതികൾ ക്രിസ്തീയസഭയുടെയും ഭരണകൂടത്തിന്റെയും ശിക്ഷയെ ഭയന്ന് രക്ഷപ്പെട്ടു താമസിച്ചിരുന്ന പ്രദേശങ്ങളായിരുന്നു മെക്ക, മദീന. അതുപോലെ തന്നെ എ.ഡി. 70ൽ യെരുശലേം ദേവാലയം നശിപ്പിക്കപ്പെട്ടതോടുകൂടി ചിതറിപ്പോയ യഹൂദന്മാരിൽ ഒരു വിഭാഗം മെക്ക പ്രദേശങ്ങളിൽ പ്രത്യേകിച്ച് മദീനയിൽ അറബികളുമായി ഇടകലർന്ന് താമസിച്ചിരുന്നു. പ്രവചകനായ മുഹമ്മദിനും സഹചാരികൾക്കും ആദികാലങ്ങളിൽ ക്രിസ്തുമതത്തെപ്പറ്റിയുണ്ടായിരുന്ന അറിവ് വേദവിപരീതികളായ ഈ അവാന്തര വിഭാഗങ്ങളോടുള്ള ഇടപഴകൽ കൂടി അവരിൽ നിന്നു ലഭിച്ച വികലമായ ധാരണകളിൽ നിന്നായിരുന്നു. ആ ധാരണകളാണ് ക്രിസ്തുമതത്തെപ്പറ്റി പ്രവാചകനായ മുഹമ്മദിന്റെ വാക്കുകളിലും, ശാസനകളിലും കൂടുതലും നിഴലിച്ചു കാണുന്നത്. ഉദാഹരണമായി Ebonite Jews, Mary യെ ആരാധിച്ചിരുന്ന Maronites, വേദവിപരീതികളായ Arians, Nestorians ഉം അവരുടേതായ എഴുത്തുകളും സുലഭമായിരുന്നു. അവരിൽ നിന്നുമുള്ള അറിവുകളായിരുന്നു കൂടുതലും പ്രചാരത്തിലുണ്ടായിരുന്നത്. ക്രിസ്തു മരിച്ചിട്ടില്ല, മേരിയും പരിശുദ്ധാത്മാവുമായുള്ള ബന്ധം, ത്രിത്വം, ദൈവ പുത്രൻ, ക്രിസ്തുവിന്റെ സ്വഭാവവിശേഷങ്ങൾ ആദിയായ വിഷയങ്ങളിലെല്ലാം പ്രവാചകനായ മുഹമ്മദിന് ലഭിച്ച അറിവ്  ഈ വേദവിപരീതികളിൽ നിന്നായിരുന്നു. ആ ചിന്താഗതികൾ ഖുറാനിൽ കയറിക്കൂടുകയും ചെയ്തു. ഇപ്പോൾ ചിലർ ചോദിച്ചേക്കാം പ്രവാചകനായ മുഹമ്മദിന് ദൈവം എന്തുകൊണ്ട് സത്യം വെളിപ്പെടുത്തിക്കൊടുത്തില്ല? ചോദ്യം ദൈവത്തോടാകയാൽ ഉത്തരം ഊഹിക്കുക മാത്രമെ തരമുള്ളൂ. ഒരു പ്രവാചകൻ സൂര്യനു കീഴെയുള്ള എല്ലാ കാര്യങ്ങളും അറിഞ്ഞിരിക്കണമെന്നില്ല. തൊട്ടടുത്ത് നടക്കുന്ന കാര്യങ്ങൾ ചിലപ്പോൾ പ്രവാചകന് മറഞ്ഞിരിക്കും. അതിനുള്ള തെളിവുകൾ ബൈബിളിൽ ഉണ്ട്. ദൈവം വെളിപ്പെടുത്തി കൊടുക്കുന്ന കാര്യങ്ങൾ മാത്രമെ പ്രവാചകന് അറിയാൻ തരമുള്ളൂ. ഓരോ പ്രവാചകനെയും വിളിക്കുന്നത് ഒരു പ്രത്യേക ഉദ്ദേശത്തോടുകൂടിയായിരിക്കും. ആ ശുശ്രൂഷ നിവൃത്തിക്കുന്നതിന് അവർ അറിഞ്ഞിരിയ്‌ക്കേണ്ട കാര്യങ്ങൾ മാത്രം അറിഞ്ഞാൽ മതി. പ്രവാചകനായ മുഹമ്മദിനെ വിളിച്ചത് ഒരു വലിയ വിഭാഗം ജനങ്ങളെ ഏകദൈവ വിശ്വാസത്തിലേക്ക് കൊണ്ടുവരിക എന്നുള്ളതായിരുന്നു. കൂടാതെ ഹാഗാറിനോടുള്ള ദൈവത്തിന്റെ വാഗ്ദത്തമായിരുന്നു ഇസ്മായേലിന്റെ സന്തതിപരമ്പരകളെ ഒരു വലിയ ജാതിയാക്കും എന്നുള്ളത്. ദൈവം കാര്യങ്ങൾ വെളിപ്പെടുത്തുന്നത് പടിപടിയായിട്ടാണ്. സഭയെന്ന മർമ്മം പഴയ നിയമ പ്രവാചകന്മാർക്ക് മറഞ്ഞിരുന്നു. കാര്യങ്ങൾ മറച്ചുവെയ്ക്കുക എന്നുള്ളത് ദൈവത്തിന്റെ മഹത്വമാണ്. (സദൃശ. 25:2). പ്രവാചകനായ മുഹമ്മദിന് ഈ ക്രിസ്തീയ വിഭാഗങ്ങളെയും, വേദവിപരീതികളെയും ശാസിക്കുന്നതും, ശിക്ഷിക്കുന്നതും ആവശ്യമായിരുന്നു. അത് പ്രവാചകനായ മുഹമ്മദിൽ കൂടി നടത്തിയെടുക്കുക എന്നത് ദൈവത്തിന്റെ പദ്ധതിയും ആയിരുന്നിരിക്കണം.
ഇസ്ലാം മതം വ്യാപിച്ച് ക്രിസ്തീയമാർഗ്ഗത്തിന്റെ കേന്ദ്രധാരയുമായി സംസർഗ്ഗമുണ്ടാകുന്നത് പത്താം നൂറ്റാണ്ടോടുകൂടിയാണ്. അപ്പോൾ മാത്രമാണ് ശരിയായ ക്രിസ്തീയ പഠിപ്പിക്കലുകളിൽ നിന്ന് എത്രയോ അകന്നാണ് ഖുറാൻ കൊടുക്കുന്നതായ ക്രിസ്തുവിനെപ്പറ്റിയുള്ള ആശയങ്ങൾ, എന്നുള്ള വിവരം മുസ്ലീം പണ്ഡിതന്മാർക്ക് മനസ്സിലായി തുടങ്ങിയത്. പ്രശ്‌ന പരിഹാരത്തിനായി ചില മുസ്ലീം പണ്ഡിതന്മാർ പതിനൊന്നാം നൂറ്റാണ്ടോടുകൂടി കണ്ടുപടിച്ച ഒരു പ്രചരണമാണ് ബൈബിൾ തിരുത്തിയതാണെന്ന വാദവും, ഖുറാൻ പറയുന്നതാണ് ശരി എന്നതും. അതുകൊണ്ട് തെറ്റിദ്ധരിപ്പിക്കപ്പെടുന്നത് ഒന്നുമറിയാത്ത സാധാരണ ജനങ്ങളാണ്. എ.ഡി. 1064 ൽ Ibn-Khazem ആണ് ബൈബിൾ തെറ്റാണെന്ന് ആദ്യമായി അവകാശപ്പെടുന്നത്. അതിനുശേഷം ഇന്നും  അക്ബറിനെപ്പോലുള്ള പലരും ഇതു തുടരുകയും ചെയ്യുന്നു.
ഇനിയെങ്കിലും മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നതു നിർത്തി ക്രിസ്തുവിലൂടെയുള്ള രക്ഷയും, എല്ലാ മനുഷ്യവർഗ്ഗത്തിനുമായി തുറന്നു കിട്ടിയിരിക്കുന്നതായ സുവിശേഷവും മുസ്ലീം സഹോദരങ്ങളുടേയും അവകാശമാണെന്നു മനസ്സിലാക്കുക. ഖുറാനും, തോറയും വിവക്ഷിക്കുന്നതായ യജമാനൻ - അടിമ ബന്ധത്തിൽ നിന്ന് ഉന്നതമായ പുതിയ നിയമ പദവിയിലേക്ക് മുസ്ലീം ജനതയും വരണം. ആ നിലയിൽ ക്രിസ്തുവിനെ മനസ്സിലാക്കാനും, ജനങ്ങൾക്കു പറഞ്ഞുകൊടുക്കാനും മതനേതാക്കൾ ശ്രമിക്കേണ്ടതാണ.് അല്ലെങ്കിൽ അന്ത്യന്യായവിധിയിൽ ദൈവിക കോടതിയുടെ മുമ്പിൽ കുറ്റവിമുക്തരായി നില്ക്കാൻ കഴിയുകയില്ല. അവിടെ വിധികല്പിക്കുവാൻ അധികാരമുള്ള യേശുക്രിസ്തുവിന്റെ മുമ്പിൽ ഓർമ്മയുടെ പുസതകങ്ങൾ തുറക്കപ്പെടും. ഇവിടെ മനുഷ്യരോട് പലതും വാദിച്ച,് തൽക്കാലത്തേക്കു ജയിക്കാൻ കഴിഞ്ഞേക്കും. എന്നാൽ അവിടെ അഗ്നിജ്വാലക്കൊത്ത കണ്ണുകളുള്ളവന്റെ മുമ്പിൽ വിറയ്ക്കാതെയും കാലിടറാതെയും നിൽക്കണമെങ്കിൽ സത്യം സത്യമായി തന്നെ പഠിപ്പിക്കണം. വൈകിയാണെങ്കിലും അതിനുള്ള ബുദ്ധി വേണ്ടപ്പെട്ടവർക്ക് ഉദിക്കട്ടെ എന്ന് ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.


എം.എം. അക്ബറിനോടുള്ള ചോദ്യങ്ങൾ
ബൈബിളിൽ വിവരിക്കുന്നതായ പല സംഭവങ്ങളും യഹൂദ റബ്ബിമാരുടെ സ്വാർത്ഥ താൽപര്യങ്ങൾ സംരക്ഷിക്കുവാനുള്ള കൈകടത്തലുകളാണെന്ന് ആരോപിക്കുന്ന അക്ബർ ചരിത്ര വസ്തുതകൾക്ക് നിരക്കാത്തതായ ഖുറാൻ പരാമർശനങ്ങളെ എങ്ങനെ വിശദീകരിക്കും? ബൈബിളിനെ വിമർശിക്കാൻ ഉപയോഗിച്ച അതേ മാനദണ്ഡം ഇവിടെയും ബാധകമാകുമോ? ഉദാഹരണമായി 
1) അബ്രഹാമും നിമ്രോദും ജീവിച്ചിരുന്ന സമയം.  ഖുറാൻ അനുസരിച്ച് അബ്രഹാം ജീവിച്ചിരുന്നത് നിമ്രോദിന്റെ ഭരണത്തിൻ കീഴിലായിരുന്നു (സുറ 21:58-69) എന്നാൽ ഉൽപത്തിയിലെ വിവരണമനുസരിച്ച് നോഹയുടെ കൊച്ചുമകനാണ് നിമ്രോദ് (ഉൽപത്തി 10:8-11) അബ്രഹാമും നിമ്രോദും തമ്മിൽ ഒൻപതു തലമുറകളുടെ വ്യത്യാസം ഉണ്ട്. ഇത് ദൈവത്തിൽ നിന്നുള്ള വെളിപാടാണോ?
2) അബ്രഹാമും മെക്കയിലെ കഅ്ബയും. ഇസ്ലാമിക പാരമ്പര്യം അനുസരിച്ച് അബ്രഹാമും ഇസ്മായേലും ചേർന്നാണ് മെക്കയിലേക്കുള്ള കഅ്ബ നിർമ്മിക്കുന്നത.് എന്നാൽ അബ്രാഹാമോ ഇസ്മായേലോ മെക്ക സന്ദർശിച്ചു എന്നുള്ളതിന് യാതൊരു തെളിവും ഉള്ളതായി അറിയില്ല. അക്ബർ ഇതിനെ എങ്ങനെ വിശദീകരിക്കും?
ഇബ്രാഹീമും ഇസ്മാഈലും കൂടി ആ ഭവനത്തിന്റെ (കഅ്ബയുടെ) അടിത്തറ കെട്ടി ഉയർത്തിക്കൊണ്ടിരുന്ന സന്ദർഭം (അനുസ്മരിക്കുക) (അവർ ഇപ്രകാരം പ്രാർത്ഥിച്ചിരുന്നു) ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളിൽ നിന്ന് നീയിത് സ്വീകരിക്കണമേ. തീർച്ചയായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനുമാകുന്നു.
3) തോറയും ഇൻജിലും (സുവിശേഷങ്ങൾ) സ്ഥിരീകരിക്കുന്നതായാണ് ഖുറാനിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ബലമുപയോഗിച്ച് മതത്തിൽ ചേർക്കുന്നതിനെയും അക്രമ മാർഗ്ഗം സ്വീകരിക്കുന്നതിനോടും സുവിശേഷങ്ങളും അപ്പോസ്‌തോലന്മാരും എതിരായിരുന്നു. അക്ബർ ഈ വൈരുദ്ധ്യത്തെ എങ്ങനെ വിശദീകരിക്കും. (സുറാ 9:29, 9:111)
സുറാ 5:48
(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. (146) അതിനാൽ നീ അവർക്കിടയിൽ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികൽപിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിപോകരുത്. നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കർമ്മമാർഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുവാൻ (അവൻ ഉദ്ദേശിക്കുന്നു.) അതിനാൽ നല്ല കാര്യങ്ങളിലേക്ക് നിങ്ങൾ മത്‌സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവൻ നിങ്ങൾക്ക് അറിയിച്ച് തരുന്നതാണ്.
സുറാ 2:136
നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികൾക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്ക് നൽകപ്പെട്ടതിലും, സർവ്വ പ്രവാചകൻമാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതി (സന്ദേശങ്ങളി)ലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപിക്കുന്നില്ല. ഞങ്ങൾ അവന്ന് (അല്ലാഹുവിന്ന്) കീഴ്‌പെട്ട് ജീവിക്കുന്നവരുമാകുന്നു.
സുറ 9:11 ൽ പറയുന്നതുപോലെ സുവിശേഷങ്ങൾ ബലപ്രയോഗത്തെയും അക്രമത്തെയും അനുകൂലിക്കുന്നില്ല. അക്ബർ ഇതിന് ഒരു വിശദീകരണം തരുമോ?
സുറാ 9:111
തീർച്ചയായും സത്യവിശ്വാസികളുടെ പക്കൽ നിന്ന്, അവർക്ക് സ്വർഗമുണ്ടായിരിക്കുക എന്നതിനുപകരമായി അവരുടെ ദേഹങ്ങളും അവരുടെ ധനവും അല്ലാഹു വാങ്ങിയിരിക്കുന്നു. അവർ അല്ലാഹുവിന്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നു. അങ്ങനെ അവർ കൊല്ലുകയും കൊല്ലപ്പെടുകയും ചെയ്യുന്നു. (അങ്ങനെ അവർ സ്വർഗാവകാശികളാകുന്നു.) തൗറാത്തിലും ഇൻജീലിലും ഖുർആനിലും തന്റെ മേൽ ബാധ്യതയായി അല്ലാഹു പ്രഖ്യാപിച്ച സത്യവാഗ്ദാന (323) മത്രെ അത്. അല്ലാഹുവെക്കാളധികം തന്റെ കരാർ നിറവേറ്റുന്നവനായി ആരുണ്ട്? അതിനാൽ നിങ്ങൾ 
(അല്ലാഹുവുമായി) നടത്തിയിട്ടുള്ള ആ ഇടപാടിൽ സന്തോഷം കൊള്ളുവിൻ. അതു തന്നെയാണ് മഹത്തായ ഭാഗ്യം.
ബൈബിൾ മോഷ്ടാവിന്റെ കൈ വെട്ടിക്കളയാൻ അനുവദിക്കുന്നില്ല. ലേവ്യ. 6:1-5, പുറപ്പാട് 22:3-4, ആവർത്തപുസ്തകം 15:12-14. എന്നാൽ ഖുറാൻ പറയുന്നത് മോഷ്ടാവിന്റെ കൈ വെട്ടിക്കളയുവാനാണ്.
സുറാ 5:38
മോഷ്ടിക്കുന്നവന്റെയും മോഷ്ടിക്കുന്നവളുടെയും കൈകൾ നിങ്ങൾ മുറിച്ചുകളയുക. അവർ സമ്പാദിച്ചതിന്നുള്ള പ്രതിഫലവും, അല്ലാഹുവിങ്കൽ നിന്നുള്ള മാതൃകാപരമായ ശിക്ഷയുമാണിത്. അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു.
അക്ബർ ഈ വൈരുദ്ധ്യത്തെ എങ്ങനെ വിശദീകരിക്കും?
ഒരു സ്ത്രീ ഭർത്താവിനെ ഉപേക്ഷിച്ചശേഷം മറ്റൊരാളെ വിവാഹം കഴിച്ചാൽ ആദ്യത്തെ ഭർത്താവ് ആ സ്ത്രീയെ വീണ്ടും വിവാഹം കഴിക്കുന്നതിനെ ബൈബിൾ അനുകൂലിക്കുന്നില്ല. ആവർത്തന പുസ്തകം 24:4 എന്നാൽ സുറ 2:230 ഇതിനെ അനുവദിക്കുന്നു. അക്ബർ ഇത് വിശദീകരിക്കാമോ?
സുറ 2:230 
ഇനിയും ( മൂന്നാമതും ) അവൻ അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ അതിന് ശേഷം അവളുമായി ബന്ധപ്പെടൽ അവന് അനുവദനീയമാവില്ല; അവൾ മറ്റൊരു ഭർത്താവിനെ സ്വീകരിക്കുന്നത് വരേക്കും. എന്നിട്ട് അവൻ ( പുതിയ ഭർത്താവ് ) അവളെ വിവാഹമോചനം ചെയ്യുകയാണെങ്കിൽ ( പഴയ ദാമ്പത്യത്തിലേക്ക് ) തിരിച്ചുപോകുന്നതിൽ അവരിരുവർക്കും കുറ്റമില്ല; അല്ലാഹുവിന്റെ നിയമ പരിധികൾ പാലിക്കാമെന്ന് അവരിരുവരും വിചാരിക്കുന്നുണ്ടെങ്കിൽ. അല്ലാഹുവിന്റെ നിയമ പരിധികളത്രെ അവ. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി അല്ലാഹു അത് വിവരിച്ചുതരുന്നു.
പഴയനിയമ കാലത്ത് അടിമത്വം നിലവിലിരുന്നു. അതുപോലെ തടവുകാരായി പിടിച്ച സ്ത്രീകളെ വെപ്പാട്ടിയായി എടുത്തിരുന്നു. എന്നാൽ പുതിയനിയമത്തിൽ ഇതിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ഈ 21-ാം നൂറ്റാണ്ടിലും അടിമത്വത്തെയും തടവുകാരായി പിടിച്ച സ്ത്രീകളെ വെപ്പാട്ടിയായി അല്ലെങ്കിൽ ഭാര്യയായി എടുക്കുന്നതിനെയും ധാർമ്മികമായി ശരിയാണെന്നു പറയുമോ?
സുറാ 33:50
നബിയേ, നീ വിവാഹമൂല്യം കൊടുത്തിട്ടുള്ളവരായ നിന്റെ ഭാര്യമാരെ നിനക്ക് നാം അനുവദിച്ചു തന്നിരിക്കുന്നു. (920) അല്ലാഹു നിനക്ക് ( യുദ്ധത്തിൽ ) അധീനപ്പെടുത്തിത്തന്ന കൂട്ടത്തിൽ നിന്റെ വലതുകൈ ഉടമപ്പെടുത്തിയ ( അടിമ ) സ്ത്രീകളെയും (921) നിന്നോടൊപ്പം സ്വദേശം വിട്ടുപോന്നവരായ നിന്റെ പിതൃവ്യന്റെ പുത്രിമാർ, നിന്റെ പിതൃസഹോദരിമാരുടെ പുത്രിമാർ, നിന്റെ അമ്മാവന്റെ പുത്രിമാർ, നിന്റെ മാതൃസഹോദരിമാരുടെ പുത്രിമാർ എന്നിവരെയും ( വിവാഹം ചെയ്യാൻ അനുവദിച്ചിരിക്കുന്നു. ) (922) സത്യവിശ്വാസിനിയായ ഒരു സ്ത്രീ സ്വദേഹം നബിക്ക് ദാനം ചെയ്യുന്ന പക്ഷം നബി അവളെ വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ അതും 
( അനുവദിച്ചിരിക്കുന്നു. ) ഇത് സത്യവിശ്വാസികളെ കൂടാതെ നിനക്ക് മാത്രമുള്ളതാകുന്നു. (923) അവരുടെ ഭാര്യമാരുടെയും അവരുടെ വലതുകൈകൾ ഉടമപ്പെടുത്തിയവരുടേയും കാര്യത്തിൽ നാം നിയമമായി നിശ്ചയിച്ചിട്ടുള്ളത് നമുക്കറിയാം. (924) നിനക്ക് യാതൊരു വിഷമവും ഉണ്ടാവാതിരിക്കാൻ വേണ്ടിയത്രെ ഇത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.
യാതൊരു പ്രതിമയെയും വണങ്ങുന്നതിനെ ഖുറാൻ നിരോധിക്കുന്നു. എന്നാൽ പ്രവാചകനായ മുഹമ്മദ് മെക്കയിൽ വച്ചിരിക്കുന്ന കറുത്ത കല്ലിനെ മുത്തിയതായി ബുക്കാരി ഹദിസ് 2:667 പറയുന്നു. അക്ബർ ഇതിനെ എങ്ങനെ വിശദീകരിക്കും?

സുറാ 47:15
സൂക്ഷ്മതയുള്ളവർക്ക് വാഗ്ദാനം ചെയ്യപ്പെട്ടിട്ടുള്ള സ്വർഗത്തിന്റെ അവസ്ഥ എങ്ങനെയെന്നാൽ അതിൽ പകർച്ച വരാത്ത വെള്ളത്തിന്റെ അരുവികളുണ്ട്. രുചിഭേദം വരാത്ത പാലിന്റെ അരുവികളും, കുടിക്കുന്നവർക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും, ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ട്. അവർക്കതിൽ എല്ലാതരം കായ്കനികളുമുണ്ട്. തങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള പാപമോചനവുമുണ്ട്. (ഈ സ്വർഗവാസികളുടെ അവസ്ഥ) നരകത്തിൽ നിത്യവാസിയായിട്ടു ള്ളവനെപ്പോലെ ആയിരിക്കുമോ? അത്തരക്കാർക്കാകട്ടെ കൊടും ചൂടുള്ള വെള്ളമായിരിക്കും കുടിക്കാൻ നൽകപ്പെടുക. അങ്ങനെ അത് അവരുടെ കുടലുകളെ ഛിന്നഭിന്നമാക്കിക്കളയും.
സുറാ 52:20
വരിവരിയായ് ഇട്ട കട്ടിലുകളിൽ ചാരിയിരിക്കുന്നവരായിരിക്കും അവർ. വിടർന്ന കണ്ണുകളുള്ള വെളുത്ത തരുണികളെ നാം അവർക്ക് ഇണചേർത്തു കൊടുക്കുകയും ചെയ്യും.
സുറാ 52:19
(അവരോട് പറയപ്പെടും:) നിങ്ങൾ പ്രവർത്തിച്ചിരുന്നതിന്റെ ഫലമായി നിങ്ങൾ സുഖമായി തിന്നുകയും കുടിക്കുകയും ചെയ്തു കൊള്ളുക.

# Bible Story by Nainan Mathulla

Join WhatsApp News
Sudhir Panikkaveetil 2023-03-07 02:33:34
ബഹുമാനപ്പെട്ട റെവ മാത്തുള്ള സാർ നമ്മൾ വിശ്വസിക്കുന്ന മതവും വിശ്വാസങ്ങളും മറ്റുള്ളവനെ ബോധ്യപ്പെടുത്തേണ്ട കാര്യമുണ്ടോ? പരിഹസിക്കാൻ വരുന്നവരോട് പോയി തുലയട (get lost) എന്ന് പറഞ്ഞാൽ പോരെ. ഇതെന്റെ അഭിപ്രായമാണ് . ശരിയാണ് എല്ലാവര്ക്കും ഓരോ അഭിപ്രായങ്ങൾ കാണും എന്തായാലും ഈ വിവരണങ്ങൾ അതേപ്പറ്റി അറിയാത്തവർക്ക് ഗുണപ്രദമാണ്. പക്ഷെ വിശദീകരിക്കാൻ തുടങ്ങിയാൽ അതിനു പ്രതികൂലമായി കുഴപ്പപ്രിയർ വരും. അപ്പോൾ അന്ത്യമില്ലാത്ത ഒരു യുദ്ധം നടക്കുമെന്നല്ലാതെ പ്രയോജനം ഉണ്ടാകണമെന്നില്ല' ഉണ്ടാകില്ല എന്നല്ല.
നിരീശ്വരൻ 2023-03-07 05:39:48
ഒരാറേ പോയതെല്ലാം പൂളോനും മക്കളും അബ്രഹാം സാറയെ ചതിച്ച് ആഹാറിന് ഗർഭം ഉണ്ടാക്കി . അവന്റെ സന്താനങ്ങൾ പിന്നെ എങ്ങനെ നേരെയാകും. ചതിയും വഞ്ചനയും വെട്ടിപ്പും ഉഡായിപ്പും അബ്രാഹാമിന്റെ കുടുംബ തൊഴിലായിരുന്നു . ഇതുപോലെ വല്ലോന്റേം വൃത്തികെട്ട ജീവിതകഥ എഴുതിപിടിപ്പിച്ചു വിടുന്നത് . ഇത് വായിച്ചിട്ട് ചിലർക്ക് ഇവരുടെ ഒക്കെ മടിയിൽ ഇരിക്കണം എന്ന് പറയുന്നത്. യഹൂദന്റെ ദൈവത്തിന്റെ പുറകെ പോകാതെ കേരളത്തിലുള്ള ദൈവത്തെ കണ്ടെത്താൻ ശ്രമിച്ചുകൂടേ ? ദൈവത്തിന്റെ നാട് കേരളം ആയിരിക്കെ അദ്ദേഹത്തെ അന്വേഷിച്ചു യഹൂദിയായിൽ പോകണ്ട ആവശ്യം ഉണ്ടോ ? മനുഷ്യൻ ഭ്രാന്തനാണ്. ഇല്ലാത്ത ഒരാൾ ഉണ്ടെന്ന് സങ്കൽപ്പിച്ചു അതിന്റെ പുറകെ ഓടുക, ഇതുകണ്ട് ചിലർ അവരുടെ പുറകെ ഓടുക. ഓടി ഓടി പോക്കറ്റിലുള്ള പൈസ പോയി കഴിയുമ്പോൾ അണ്ടി കളഞ്ഞ അണ്ണാനെപ്പോലെ തിരികെ വരും. കുറെ കഴിയുമ്പോൾ അറിയാമ്മയാം അണ്ടിമുഴുവൻ ഓടിച്ച പുരോഹിത (പാസ്റ്ററുടെ) വർഗ്ഗത്തിന്റെ പോക്കറ്റിലാണെന്ന് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക