Image

ലണ്ടനില്‍ നവ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

Published on 07 March, 2023
 ലണ്ടനില്‍ നവ ചരിത്രം കുറിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്

ലണ്ടന്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ്(യു കെ) സംഘടിപ്പിച്ച രാഹുല്‍ഗാന്ധി വരവേല്‍പ്പും, പ്രവാസി കോണ്‍ഗ്രസ് സംഗമവും ലണ്ടന്‍ നഗരിയെ ആവേശഭരിതമാക്കി. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ പദയാത്ര നടത്തി ജനസമ്പര്‍ക്കത്തിലൂടെ ഭാരതജനതയുടെ വികാരങ്ങള്‍ മനസിലാക്കിയ രാഹുല്‍ തന്റെ 'ഭാരത് ജോഡോ' യാത്രാ വിശേഷങ്ങള്‍ പങ്കുവച്ചത് വേദിയെ വികാരഭരിതമാക്കി.

'കേംബ്രിഡ്ജ്, ഹാര്‍വാര്‍ഡ്, ഓക്സ്ഫോര്‍ഡ് പോലുള്ള വിശ്വോത്തര കലാശാലകളും വിദേശ പാര്‍ലമെന്റുകളില്‍പ്പോലും സംസാരിക്കുവാന്‍ അവസരം ലഭിക്കുന്ന ആര്‍ക്കും പക്ഷെ ഇന്ത്യയില്‍ ഇത് അസാധ്യമെന്ന് പറഞ്ഞ രാഹുല്‍ ഗാന്ധി, സംസാരിക്കുന്നവരെ വായടിപ്പിക്കുന്ന മാധ്യമ സ്വാതന്ത്രം അടിച്ചമര്‍ത്തിയ, ജനാധിപത്യമൂല്യങ്ങള്‍ക്കു വിലയില്ലാത്ത, വര്‍ഗീയതയും വിദ്വേഷവും നരനായാട്ട് നടത്തുന്ന തലത്തിലേക്ക് രാജ്യത്തിന്റെ അവസ്ഥ കൂപ്പുകുത്തിയെന്നു വ്യസനത്തോടെ പറഞ്ഞു.

 

'രാജ്യത്തെ സമ്പത്ത് സ്രോതസ് ഒന്നോരണ്ടോ സുഹൃത്തുക്കളായ വ്യവസായികളുടെ കാല്‍ക്കീഴില്‍ കൊണ്ടെത്തിച്ചു നല്‍കുന്ന സംവിധാനം രാജ്യത്തിന്റെ സമ്പദ് ഘടന തച്ചുടക്കും.
അയല്‍ രാജ്യമായ ചൈനയെ ഭയപ്പെടുന്ന നിലപാട് വിദേശവകുപ്പു മന്ത്രി എടുക്കുമ്പോള്‍ നമ്മുടെ കാല്‍ക്കീഴില്‍ നിന്നും നഷ്ടപ്പെടുന്ന ഭൂമിയെ പറ്റി മൗനം നടിക്കുന്ന രാജ്യത്തിന്റെ കാവലാള്‍ രാജ്യത്തിനു തന്നെ ഭീഷണിയാണ്. കേള്‍ക്കുവാന്‍ മനസുള്ള, പരസ്പര ബഹുമാനവും സ്‌നേഹവും നിറഞ്ഞ ഒരുകുടുംബാന്തരീക്ഷം രാജ്യത്തു തിരിച്ചു വരുത്തുവാന്‍ കോണ്‍ഗ്രസിനെ കഴിയൂ. മതേതര-ജനാനധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തി വൈവിധ്യങ്ങളായ സംസ്‌കാരവും, ഭാഷയും, വിശ്വാസവും അതിന്റേതായ താള ലയത്തില്‍ മുന്നോട്ടു കൊണ്ടുപോകുവാന്‍ സംരക്ഷണം നല്‍കുന്ന ഭരണ ഘടനയെ തച്ചുടക്കുവാന്‍ അനുവദിക്കില്ല' എന്നും രാഹുല്‍ പറഞ്ഞു.

ഐഒസി ഗ്ലോബല്‍ ചെയര്‍മാനും ഇലക്ട്രോണിക് യുഗത്തിന്റെ അമരക്കാരനുമായ സാം പിട്രോഡ തന്റെ സംഭാഷണത്തില്‍ 'ജനാധിപത്യ മൂല്യങ്ങള്‍ മരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍, നീതി നിയമവ്യവസ്ഥക്കു യാതൊരു വിലയുമില്ലെന്നും പറഞ്ഞു. മാധ്യമ സ്വാതന്ത്രം ഇല്ലാതാക്കുകയും, സംസാരിക്കുന്നവരെ അഴിക്കുള്ളില്‍ അടക്കുകയോ, അല്ലെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയോ ചെയ്യുന്ന രാജ്യ ഭരണ തന്ത്രമാണ് അധികാര കേന്ദ്രങ്ങള്‍ നടപ്പിലാക്കുന്നതെന്നും, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുന്ന കാലം വിദൂരമല്ലെന്നും' സാം പിത്രോഡ അഭിപ്രായപ്പെട്ടു.

പരിപാടിയില്‍ മുഖ്യ സംയോജകനായി നിറഞ്ഞു നിന്ന ബ്രിട്ടീഷ് എംപി വീരേന്ദര്‍ ശര്‍മ്മ, രാഹുല്‍ജി നയിച്ച ഭാരത് ജോഡോ പദയാത്രക്ക് അഭിനന്ദനം അറിയിച്ചു. ഹോന്‍സ്ലോയിലെ ഏറ്റവും വലിയ ഹാളില്‍ കോണ്‍ഗ്രസുകാര്‍ തിങ്ങി നിറഞ്ഞിരിക്കുന്നതു കാണുമ്പോള്‍ ആശ്ചര്യം തോന്നുന്നില്ലെന്നും, ഇന്ത്യയുടെ പ്രതീക്ഷയും പ്രത്യാശയും അര്‍പ്പിക്കുന്ന നേതാവിനെ കേള്‍ക്കുവാനും കാണുവാനാണ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, സ്‌കോട്‌ലന്‍ഡ്, വെയില്‍സില്‍ നിന്നും മറ്റുമായി വലിയ ദൂരത്തില്‍ നിന്നും എത്തിയ ഈ ജനക്കൂട്ടം' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിരേന്ദര്‍ ശര്‍മ എംപി പരിപാടിയുടെ മുഖ്യ കോര്‍ഡിനേറ്ററായതും ഐഒസിക്കു കിട്ടിയ വലിയ അംഗീകാരമായി.


രാഹുലിനോടൊപ്പം എത്തിയ എഐസിസി സെക്രട്ടറി വിജയ് സിംഗാള്‍, മുന്‍ എംപി യും മന്ത്രിയുമായ മധു യാഷികി ഗൗഡ, മുന്‍ പഞ്ചാബ് മന്ത്രി വിരേന്ദ്ര സിംഗ്, ഐഒസി യു കെ പ്രസിഡണ്ട് കമാല്‍ ദളിവാള്‍, വൈസ് പ്രസിഡണ്ട് ഗുര്‍മീന്ദര്‍ സിംഗ്, യൂത്ത്വി ങ്ങ് പ്രസിഡന്റ് വിക്രം, ഐഒസി സംസ്ഥാല തല ചാപ്റ്ററുകളുടെ പ്രസിഡണ്ടുമാര്‍ സെക്രട്ടറി ആശ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേരളം ചാപ്റ്ററിന്റെ വലിയ സാന്നിദ്ധ്യവും, മുദ്രാവാക്യ വിളികളും, കെഎസ് യു, യൂത്ത് കോണ്‍ഗ്രസ്സ് പതാകകള്‍ നിറമേകിയ സദസ്സില്‍ മലയാളി കോണ്‍ഗ്രസുകാരുടെ രാഷ്ട്രീയ തീക്ഷണത ശ്രദ്ധേയമായി. കേരള ചാപ്റ്ററിനു വേണ്ടി പ്രസിഡന്റ് സുജു ഡാനിയേല്‍ പ്രസംഗിച്ചു.

ഐഒസി യുടെ സംഗമം ലണ്ടന്റെ ചരിത്രത്തിലെ ഏറ്റവും പ്രൗഢ ഗംഭീരമാക്കി മാറ്റി വിജയിപ്പിച്ച കോര്‍ഡിനേറ്റര്മാരെയും, രെജിസ്‌ട്രേഷന്‍, അഡ്മിനിസ്‌ട്രേറ്റിവ് ഗ്രൂപ്പ്, മീഡിയ വിങ്ങ് തുടങ്ങിയ എല്ലാവരെയും കമല്‍ ദളിവാല്‍,ഐഒസി വക്താവ് അജിത് മുതയില്‍, സുജു ഡാനിയേല്‍ എന്നിവര്‍ അഭിനന്ദിച്ചു. കേരള വിങ്ങില്‍ നിന്നും ജോര്‍ജ് ജേക്കബ്, ബോബിന്‍ ഫിലിപ്പ്, ഇന്‍സണ്‍ ജോസ്, ബിജു വര്‍ഗ്ഗീസ്, റോമി കുര്യാക്കോസ്, അശ്വതി നായര്‍ എന്നിവരുടെ കൂട്ടായ ശ്രമമാണ് വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചത്. രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും.

കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയുടെ വിശേഷ ക്ഷണം സ്വീകരിച്ചു എത്തുകയും എംബിഎ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ശ്രദ്ധേയമായ പ്രസംഗം കാഴ്ചവെക്കുകയും, അവരുടെ ചോദ്യങ്ങള്‍ക്കു കൃത്യതയാര്‍ന്ന മറുപടി നല്‍കുകയും ചെയ്ത സംഭാഷണം ആഗോളതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

ബ്രിട്ടീഷ് മീഡിയ മീറ്റില്‍ പങ്കെടുത്തുകൊണ്ട് മാദ്ധ്യമങ്ങളോട് നടത്തിയ സംഭാഷണത്തില്‍ രാഹുല്‍ജി തന്റെ വിഹഗവീക്ഷണവും, അറിവും, കൃത്യതയാര്‍ന്ന മറുപടികളും കൊണ്ട് ഏറെ ശ്രദ്ധേയവും, ആകര്‍ഷണവുമാക്കി.

തിങ്കളാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്ന രാഹുല്‍ ഗാന്ധി ഭാരതത്തിന്റെ അഭിമാനമാണെന്നു വിരേന്ദര്‍ ശര്‍മ്മ പറഞ്ഞു.

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക