Image

മോറോ റോക്ക് (യാത്രാവിവരണം: സന്തോഷ് പിള്ള)

സന്തോഷ് പിള്ള Published on 08 March, 2023
 മോറോ റോക്ക് (യാത്രാവിവരണം: സന്തോഷ് പിള്ള)

കാലിഫോര്‍ണിയയിലെ  സിയേറ നെവാദ പര്‍വതനിരകളുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന, സെക്വൊയ  നാഷണല്‍ പാര്‍ക്കില്‍ അന്തരീക്ഷത്തിലേക്ക് തല ഉയര്‍ത്തി നില്‍ക്കുന്ന ഒരു ഡോമിന്റെ ആകൃതിയിലുള്ള പാറയാണ് 'മോറോ റോക്ക്'. പാര്‍ക്ക് സന്ദര്‍ശിച്ച അവസരത്തില്‍ മോറോറോക്കിനെ കാണണമെന്നു തീരുമാനിച്ചു. പക്ഷെ അവിടെ എത്തണമെങ്കില്‍, മലകളുടെ ഓരങ്ങളിലൂടെ  രണ്ടു മൈല്‍ ദൂരം കാല്‍ നടയായി പോകണം. അങ്ങനെ മലകള്‍ കയറി തളര്‍ന്നാണ്, പാറയുടെ ചുവട്ടില്‍ എത്തിയത്. പാറയുടെ മുകളിലെത്താന്‍ 800 അടിയില്‍ കൂടുതല്‍, കല്‍ പടവുകളിലൂടെ ഇനിയും  കയറണം.

 അതിനുള്ള ശേഷി ശരീരത്തിനുണ്ടോ?

പാര്‍ക്ക് അധികൃതര്‍ സ്‌നേഹമുള്ളവര്‍ തന്നെ. പാറയില്‍  കയറുന്നതിനു മുന്‍പും, പിന്‍പും  വിശ്രമിക്കുവാനായി  കുറെ ബഞ്ചുകള്‍ അവിടെസ്ഥാപിച്ചിരിക്കുന്നു. ശുദ്ധ വെള്ളം കുടിക്കുവാനുളള വാട്ടര്‍ ഫൗണ്ടനുകളും, വലിയ ട്രാഷ് ബിന്നുകളും, മഴയും, മഞ്ഞുവീഴ്ചയും ഉണ്ടാകുമ്പോള്‍ കയറിനില്‍കാനുള്ള ചെറിയ കൂടാരവും അവര്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിരിക്കുന്നു.

അതിലൊരു ബഞ്ചില്‍ ഇരുന്നുകൊണ്ട്, പാറയെ നോക്കി നിരാശ്ശയോടെ,   കുഞ്ചന്‍ നമ്പ്യാരുടെ

 'ദീപസ്തംഭം മഹാശ്ചര്യം

 എനിക്കും കിട്ടണം പണം'

എന്ന രീതിയില്‍

'മോറോറോക്ക് മഹാശ്ചര്യം

എനിക്കും ആഗ്രഹം കയറാന്‍'

എന്നാലോചിച്ചു.

മക്കള്‍ പലപ്രാവശ്യം പറഞ്ഞിട്ടുള്ളതാണ്.

 'പ്രായമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ വ്യായാമം ചെയ്യേണ്ടത് കാലിലെ പേശികള്‍ക്കാണ്, നടക്കാന്‍ സാധിക്കാതെ കിടിപ്പിലായിപ്പോയാല്‍ ആരോഗ്യം പെട്ടെന്ന് ക്ഷയിക്കും''.

അവര്‍ അങ്ങനെ പറയുമ്പോള്‍ വിചാരിച്ചിരുന്നു,

'ഈ കുട്ടികളുടെ കാര്യം,------- സയന്‍സ് പഠിപ്പിക്കാന്‍ വിടേണ്ടായിരുന്നു എന്ന്'.

പക്ഷെ ഇപ്പോള്‍ അവര്‍ പറഞ്ഞിരുന്നതിന്റെ പൊരുള്‍,  മുഴുവനും മനസ്സിലായി.

ചെറിയ കൂടാരത്തിനകത്ത് പാറയെ കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കുന്ന അനേകം ഫലകങ്ങള്‍. കയറാന്‍ സാധിച്ചില്ലെങ്കിലും, പാറയുടെ വിവരങ്ങള്‍ അറിയാമല്ലോ എന്നുവിചാരിച്ച് വായിക്കാന്‍ ആരംഭിച്ചു.  ഇതൊരു ഗ്രാനൈറ്റ് പാറയാണെന്നും, ഉരുകിത്തിളച്ചുമറിയുന്ന ലാവാ, ഭൂമിക്കുള്ളില്‍ നിന്നും മുകളിലേക്ക്  ഉയര്‍ന്നു വന്ന് ഘനീഭവിച്ച് രൂപാന്തരം പ്രാപിച്ചാണ് ഈ രൂപത്തില്‍ എത്തിയിരിക്കുന്നതെന്നും എഴുതിവച്ചിരിക്കുന്നു.

കുറച്ചു വായിച്ചുകഴിഞ്ഞപ്പോള്‍ ക്ഷീണമൊന്നകുന്നു. അപ്പോള്‍ വിചാരിച്ചു, പാറയുടെ മുകളിലേക്കുള്ള കുറച്ചു പടികള്‍ കയറിനോക്കാമെന്ന്. അങ്ങനെ, കുറേശ്ശേ, കുറേശ്ശേയായി പടികള്‍ കയറാന്‍ തുടങ്ങി. പാറകയറുന്നതില്‍ വിദഗ്ദരായ ചെറുപ്പക്കാര്‍ക്ക്  വേഗത്തില്‍ മുന്നിലേക്ക് കയറിപോകാനായി പലപ്പോഴും വഴിമാറികൊടുത്തു. ഓരോ വിശ്രമ ഇടവേളകളിലും താഴ്വാരത്തിലേക്ക് കണ്ണോടിച്ചപ്പോള്‍ അതിമനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാന്‍ സാധിച്ചു.

'പയ്യെ തിന്നാല്‍ പനയും തിന്നാം' എന്ന് മൂളികൊണ്ട് പാറയുടെ ഏതാണ്ട് മുക്കാല്‍ ഭാഗത്തോളം കയറിയപ്പോള്‍ നടപ്പാതയില്‍ ഐസ് പിടിച്ചു കിടക്കുന്നു. എങ്ങാനും തെന്നി താഴേക്കു വീണാല്‍, കഥ കഴിഞ്ഞതു തന്നെ.

 ഇനിയിപ്പോള്‍ എന്തുചെയ്യും?

 അപ്പോഴാണ് ടെന്‍സിംഗിനെയും, ഹിലാരിയെയും ഓര്‍മ്മ വന്നത്. ഞാന്‍ ആയിരം അടികയറാന്‍ പ്രയാസപ്പെടുമ്പോള്‍, 70 വര്‍ഷങ്ങള്‍ക്ക് മുമ്പ് അവര്‍ 19000 അടികയറി ഭൂമിയുടെ നിറുകയില്‍ എത്തിയത്. ഈ ചിന്തയില്‍ നിന്നും ആര്‍ജിച്ച പുതിയ കരുത്തുമായി വീണ്ടും കയറാന്‍ തുടങ്ങി. കുത്തനെ കയറ്റമുള്ള സ്ഥലങ്ങളില്‍ ഇരുമ്പുകമ്പികള്‍ കൊണ്ട് കൈവരികള്‍ സ്ഥാപിച്ചിരിക്കുന്നു. ഇത്രയും ദുര്‍ഘടമായ സ്ഥലത്ത് കമ്പികള്‍ എത്തിച്ച്, വെല്‍ഡ് ചെയ്ത് കൈവരികള്‍ നിര്‍മിച്ച് മലകയറ്റം സുഗമമാക്കാന്‍ സഹായിച്ച എല്ലാ മനുഷ്യ സ്‌നേഹികളെയും മനസ്സാല്‍ സ്മരിച്ചു.

അങ്ങനെ ഒരുവിധത്തില്‍ പാറയുടെ മുകളില്‍ എത്തിയപ്പോള്‍, കാലിഫോര്‍ണിയയിലെ 2 ബില്യണ്‍ പവര്‍ ബാള്‍ ലോട്ടറി അടിച്ച ആഹ്ളാദം.

അവിടെനിന്നും ചുറ്റും വീക്ഷിച്ചപ്പോള്‍ ദേവലോകത്തില്‍ എത്തിച്ചേര്‍ന്ന അനുഭൂതി!

 ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുന്ന ഈ പ്രദേശത്ത്, ''ഇന്ദ്ര ധനുസില്‍ നിന്നും കൊഴിഞ്ഞുപോയ തൂവലുകള്‍'' പോലെ കവിളുകളില്‍  തലോടി കടന്നുപോകുന്ന മേഘ ശകലങ്ങള്‍. ചുറ്റും കാണുന്ന, മലശിഖരങ്ങളിലെ മഞ്ഞുപാളികള്‍, സൂര്യരശ്മികള്‍ പതിക്കുമ്പോള്‍ വെട്ടിത്തിളങ്ങുന്നു.

 ''സൂര്യാംശു ഓരോ  ഹിമനാമ്പിലും  വൈരം പതിക്കുന്നുവോ''?

മണ്ണില്‍ നിന്നും ജ്വാലാമുഖികളെ പോലെ ഉയര്‍ന്നു നില്‍ക്കുന്ന അനേകം മലനിരകള്‍ക്ക് നടുവില്‍ നിന്നും വാനം വീക്ഷിച്ചപ്പോള്‍, നക്ഷത്ര പംക്തികളും ഇന്ദു ബിംബവും  കൈയെത്തും ദൂരത്താണെന്ന പ്രതീതി.

ഇളയരാജയുടെ സംഗീതത്തിന്റെ മൃദുല ഭാവം മലമുകളില്‍ നിറയുന്നുവോ.

 ''താരാപഥം ചേതോഹരം

 പ്രേമാമൃതം പെയ്യുന്നിതാ

 നവമേഘമേ---- കുളിര്‍കോണ്ടുവാ''---------

പ്രദേശമാകെ ഐസ് മൂടികിടക്കുന്നത് കൊണ്ടും, നല്ല തണുപ്പുള്ളതുകൊണ്ടും

 മേഘങ്ങളോടു ചൊല്ലി,----

 മതി, ദയവുചെയ്ത്, ഇനി കൂടുതല്‍ കുളിര്‍ ഇവിടേക്ക് കൊണ്ടുവരരുത്.

പ്രകൃതി ഒരുക്കിയിരിക്കുന്ന സ്വര്‍ഗ്ഗീയ അനുഭൂതിയില്‍ എത്ര സമയം ചിലവഴിച്ചു എന്നോര്‍മ്മയില്ല!

സ്ഥലകാല ബോധമുണ്ടായപ്പോള്‍ അവിടെ സ്ഥാപിച്ചിരുന്ന അപായ സൂചന വായിക്കാന്‍ ആരംഭിച്ചു.

'ജാഗ്രത, അത്യധികം അപകട മേഖല. കാര്‍മേഘങ്ങള്‍, ഇടിമിന്നലുകള്‍, വായുവിലെ മൂളല്‍ശബ്ദങ്ങള്‍, മുടികളിലും, വിരല്‍ത്തുമ്പിലും സ്റ്റാറ്റിക് ഇലക്ട്രിസിറ്റി ഇവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ , ഇടിമിന്നലേറ്റ് മരിക്കാതിരിക്കാന്‍ പെട്ടെന്ന് മലയിറങ്ങുക'

ഓഹോ, ഇങ്ങനെയൊരപകടം ഇവിടെ പതിയിരിക്കുന്നവോ?

 അത് വായിച്ചുകഴിഞ്ഞപ്പോള്‍, അകലെയെവിടെയോ ഇടിയുടെ ''ഗുഡൂഗുഡൂ'' ശബ്ദം കേള്‍ക്കാറായി.

ദേവ ലോകത്തില്‍ ഏതോ ഒരുരാജാവിന്റെ എഴുന്നള്ളത്തിനുമുമ്പുള്ള പെരുമ്പട മുഴങ്ങുന്നു!

 എന്തായാലും ആ ഘോഷയാത്ര ഇവിടെ എത്തുന്നതിനുമുമ്പ് താഴേക്കിറങ്ങാന്‍ തീരുമാനിച്ചു. ഇറങ്ങുമ്പോള്‍ ആയിരുന്നു,  താഴെ വീഴാതിരിക്കാന്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവന്നത്. താഴെ ഇറങ്ങി, വിശ്രമിക്കാനുള്ള ബഞ്ചില്‍ ഇരുന്ന് ആലസ്യം തീര്‍ക്കുമ്പോള്‍ അനേകം യാത്രികര്‍ 'മോറോ റോക്ക്' കയറുവാന്‍ എത്തുന്നുണ്ടായിരുന്നു.

Join WhatsApp News
SASILEKHA JYOTHIK 2023-03-09 05:05:05
What a wonderful travelogue! Reading this article was an absolute pleasure, I truly enjoyed vivid descriptions and engaging story telling! The author captured the essence of the place through amazing narration!
Santhosh 2023-03-09 16:43:18
Thank you Sasilekha for your encouraging cooment.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക