Image

റംസാനില്‍ ഇരുനൂറിലേറെ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വിലനിയന്ത്രണം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

Published on 09 March, 2023
 റംസാനില്‍ ഇരുനൂറിലേറെ ഭക്ഷ്യോല്‍പന്നങ്ങള്‍ക്ക് വിലനിയന്ത്രണം പ്രഖ്യാപിച്ച് ലുലു ഗ്രൂപ്പ്

 


അബുദാബിന്മ 60 ശതമാനം വരെ വിലക്കുറവും , ഇരുനൂറിലേറെ ഉല്‍പന്നങ്ങള്‍ക്ക് വില നിയന്ത്രണവും ഏര്‍പ്പെടുത്തി യുഎഇയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ വിപുലമായ റംസാന്‍ ക്യാന്പയിന്‍ ആരംഭിച്ചു. ജി സിസിയിലെ എല്ലാ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റുകളിലും വിവിധ വിഭാഗങ്ങളിലായി പലചരക്ക് സാധനങ്ങള്‍, ഭക്ഷണ ഉല്‍പ്പന്നങ്ങള്‍, ഫ്രഷ് ഉല്‍പ്പന്നങ്ങള്‍, വീട്ടുപകരണങ്ങള്‍, ഇലക്ട്രോണിക്‌സ്, ഫര്‍ണിച്ചറുകള്‍ തുടങ്ങിയ 10,000ത്തിലേറെ ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെ കിഴിവ് നല്‍കുമെന്നാണ് ലുലു ഗ്രൂപ്പ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ പരിഗണിക്കാതെ വിലവര്‍ധനവ് പിടിച്ചു നിര്‍ത്തുന്നതിന് 200 ലേറെ ഉല്‍പന്നങ്ങള്‍ക്ക് പ്രൈസ് ലോക്ക് ഏര്‍പ്പെടുത്തിയതായി ലുലു എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ എം.എ. അഷ്റഫ് അറിയിച്ചു.

റംസാന്‍ സീസണില്‍ മികച്ച ഗുണനിലവാരമുള്ള ഉല്‍പന്നങ്ങള്‍ ന്യായമായ വിലയില്‍ നല്‍കുന്നതിനാണ് ശ്രമിക്കുന്നത്. റംസാനില്‍ ഷോപ്പിംഗ് ഏറെ എളുപ്പമാക്കുന്നതിന്റെ ഭാഗമായി അരി,പഞ്ചസാര, പാല്‍പ്പൊടി, തല്‍ക്ഷണ ഭക്ഷണം, ജെല്ലി, കസ്റ്റാര്‍ഡ് മിശ്രിതങ്ങള്‍,പഴങ്ങള്‍, പാസ്ത, ധാന്യങ്ങള്‍, എണ്ണ എന്നിവയും മറ്റ് അവശ്യ പലചരക്ക് സാധനങ്ങളും അടങ്ങിയ രണ്ടു വലുപ്പത്തിലുള്ള കിറ്റുകള്‍ 85 ദിര്‍ഹം, 120 ദിര്‍ഹം എന്നീ വിലകളില്‍ ലഭ്യമാക്കും.


ഈത്തപ്പഴ മഹോത്സവം, ഇറച്ചി മാര്‍ക്കറ്റ്, പരമ്പരാഗത അറബിക് മധുരപലഹാരങ്ങള്‍ ലഭിക്കുന്ന മധുര പലഹാരങ്ങള്‍ വിപണി, ഇഫ്താര്‍ ബോക്‌സുകള്‍, ലുലു റംസാന്‍ ഷോപിംഗ് ഗിഫ്റ്റ് കാര്‍ഡ് , പെരുന്നാള്‍ വില്‍പ്പന തുടങ്ങിയ വിവിധ പ്രമോഷന്‍ പരിപാടികള്‍ അവതരിപ്പിക്കും. രാത്രി രണ്ടു വരെ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കും. ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഷോപ്പ് ചെയ്യുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും സാംസ്‌കാരിക അനുഭവങ്ങള്‍ ആസ്വദിക്കാനും റംസാന്‍ നൈറ്റ് ഒരുക്കുമെന്ന് ലുലു അധികൃതര്‍ അറിയിച്ചു. ഡയറക്ടര്‍ ടി .പി .അബൂബക്കര്‍, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഷാബു അബ്ദുല്‍ മജീദ്, ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ ഡയറക്ടര്‍ നിഷാദ് അബ്ദുല്‍ കരീം, മാര്‍ക്കറ്റിങ് & കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍, റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് കെവിന്‍ കണ്ണിങ്ഹാം, പ്രമോഷന്‍ മാനേജര്‍ ഹനാന്‍ അല്‍ ഹൊസ്‌നി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക