StateFarm

ആണുങ്ങൾ അടുപ്പൊക്കെ കത്തിച്ച് വേവിക്കുന്ന പൊങ്കാലയാണ് എന്റെ സ്വപ്നം : സനിത മനോഹർ

Published on 10 March, 2023
ആണുങ്ങൾ അടുപ്പൊക്കെ കത്തിച്ച് വേവിക്കുന്ന പൊങ്കാലയാണ് എന്റെ സ്വപ്നം : സനിത മനോഹർ

ഇവിടെ ചേർത്തിട്ടുള്ള ചിത്രം പലയിടങ്ങളിലും കണ്ടത് പൊങ്കാലയിടുന്ന സ്ത്രീകളെ പരിഹസിക്കുന്ന രീതിയിലാണ് .

എന്റെ കാഴ്ചയിൽ സന്തോഷിക്കുന്ന രണ്ട് തരം സ്ത്രീകളെയാണ് കാണാൻ സാധിച്ചത് . ഒന്ന്  സെറ്റ് സാരിയൊക്കെ ഉടുത്തു പൊങ്കാലയിട്ട് സന്തോഷിക്കുന്ന സ്ത്രീകൾ . രണ്ട് മുണ്ടുടുത്ത് ആ കാഴ്ച കണ്ട് ആഹ്ലാദിക്കുന്ന സ്ത്രീകൾ .  

ആദ്യത്തേത് അമ്മയും രണ്ടാമത്തേത് ഞാനും ആണ് .  അമ്മ ഉൾപ്പെടെയുള്ള ഭൂരിഭാഗം സ്ത്രീകൾക്കും  ഒരു കാലത്ത് ആഘോഷങ്ങളായി ഉണ്ടായിരുന്നത്  പൊങ്കാല പോലെയുള്ള അമ്പലങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഉത്സവങ്ങൾ മാത്രമാണ് .

മക്കളെ ഡോക്ടറെ കാണിക്കാനോ കല്യാണങ്ങൾക്കോ മരണങ്ങൾക്കോ അല്ലാതെ പുറത്തിറങ്ങാത്ത സ്ത്രീകൾക്ക് ഈ അമ്പലങ്ങളും ഉത്സവങ്ങളും ആണ് രക്ഷയായത് .അമ്പലത്തിലേക്കാണെങ്കിൽ വീട്ടിലെ പണിയൊക്കെ തീർത്തു വച്ച് പോവുന്നതിൽ അമ്മായി അമ്മക്കോ അച്ഛനോ ഭർത്താവിനോ വിരോധമില്ല. വീട്ടിൽ ഐശ്വര്യം ഉണ്ടാവുമല്ലോ. അതെ സ്ത്രീകൾ ഒരു സിനിമയ്ക്കോ ഉല്ലാസയാത്രയ്ക്കോ പോവാൻ ആഗ്രഹിച്ചാൽ നടക്കില്ല. അടക്കവും ഒതുക്കവും പറഞ്ഞ് വീട്ടിൽ ഇരുത്തും.

കാലം മാറി ചിന്തകൾ മാറി പ്രസംഗത്തിൽ . പ്രവർത്തനത്തിൽ ഇന്നും ഇതേ അവസ്ഥയിലൂടെ കടന്നുപോവുന്ന എത്രയോ സ്ത്രീകളുണ്ട് .അത്തരക്കാരുടെ ഏക ആശ്രയം തീർത്ഥാടനവും പൊങ്കാലയും ഒക്കെയാണ് . പ്രാർത്ഥനപോലും നിസ്സഹായതയിൽ അവർക്ക് ആശ്രയമാണ് പ്രതീക്ഷയാണ് .

മനുഷ്യർക്കിടയിൽ കിട്ടാത്ത സന്തോഷം ദൈവങ്ങളിൽ കണ്ടെത്തുന്ന എത്രയോ സ്ത്രീകളെ കണ്ടിട്ടുണ്ട് . ദൈവങ്ങളും ദൈവങ്ങളുമായി ബന്ധപ്പെട്ടതും അമ്മയ്ക്ക് വലിയ സന്തോഷമാണ് . എനിക്ക് പക്ഷെ മനുഷ്യരാണ് സന്തോഷം. അമ്പലത്തിൽ സപ്താഹം നടക്കുമ്പോൾ ചുറ്റുപാടുള്ള സ്ത്രീകൾക്കാണ് ആഘോഷം. സപ്താഹം കേൾക്കൽ മാത്രമല്ല പുറത്തിറങ്ങലും അവനവൻ തന്നെ വച്ച് വിളമ്പി കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുള്ള മാറ്റവും ആകർഷണമാണ് . സ്വിഗ്ഗിയും സൊമാറ്റോയും കേൾക്കാത്ത സ്ത്രീകൾക്ക് ഇതൊക്കെയാണ് പ്രതീക്ഷ.

പൊങ്കാലയിടാൻ എത്തുന്നവരിൽ അമ്മയുടെ തലമുറ മാത്രമല്ല എന്റെ തലമുറയും മകളുടെ തലമുറയും ഉണ്ട് . അവരിൽ തന്നെ ജീവിതത്തിൽ അവനവനാഗ്രഹിച്ച ഇടങ്ങളിലെത്തിയവരും സ്വന്തം കാലിൽ നിൽക്കുന്നവരും ലണ്ടനിലും അമേരിക്കയിലും ജോലിചെയ്യുന്നവരും ഉലകം ചുറ്റി നടക്കുന്നവരും  ഉണ്ട് .വർഷത്തിലൊരിക്കൽ പൊങ്കാലയിടലും അവരുടെ സന്തോഷമാണ് .അതുകൊണ്ട് തന്നെ അവർ മുണ്ടുടുത്തു ലോകം ചുറ്റുമ്പോൾ നമ്മുടെ സ്ത്രീകൾ അടുപ്പും കത്തിച്ച് ഇരിക്കുന്നു എന്ന അടികുറിപ്പ് ഈ ചിത്രത്തിന് ചേരില്ല.

സെറ്റും മുണ്ടും അടുപ്പും കലവും കൊടുത്തിരുന്നേൽ അവരും പങ്കെടുക്കും. ഉത്സവ പറമ്പായാലും ഫുട്ബോൾ ഗ്രൗണ്ട് ആയാലും ആളുകൾ കൂടുന്നിടത്ത് കറങ്ങിനടക്കാൻ വലിയ താല്പര്യമായതുകൊണ്ട് പൊങ്കാല കാണാൻ രണ്ടു തവണ പോയിട്ടുണ്ട് .

പണ്ടത്തെ അപേക്ഷിച്ച് കേരളത്തിലെ എല്ലാ ജില്ലകളിൽ  നിന്നും ബസ്സിലും ട്രെയിനിലും പൊങ്കാലയിടാൻ കൂട്ടം കൂട്ടമായി സ്ത്രീകൾ എത്തുന്നുണ്ട് .പൊരി വെയിലിനെ അവഗണിച്ച്   പറഞ്ഞും ചിരിച്ചും പൊങ്കാലയിടുന്ന സ്ത്രീകൾ മനോഹരകാഴ്ചയാണ് . അവനവന്റെ ജീവിത ചുറ്റുപാടിൽ നിന്നും കുടുംബാന്തരീക്ഷത്തിൽ നിന്നും സ്ത്രീകൾ അവരുടെ ജീവിതം ആഘോഷിക്കണം എന്നാണ് ആഗ്രഹം . ഊട്ടിയിൽ പോവണോ ആറ്റുകാൽ പൊങ്കാലയ്ക്ക് പോവണമോ എന്ന് ചോദിച്ചാൽ സന്തോഷത്തോടെ പൊങ്കാലയ്ക്ക് എന്നാവും അമ്മ പറയുക.

അയ്യേ ഞാനാണെങ്കിൽ ഊട്ടിയിലാവും പോവുക എന്ന് അമ്മയെ ട്രോളില്ല . അമ്മയെപ്പോലെയുള്ള സ്ത്രീകളുടേതും കൂടിയാണ് ലോകം എന്ന രീതിയിൽ അമ്മയ്ക്കൊപ്പവും നിൽക്കേണ്ടതുണ്ട് . 

അടുപ്പൊക്കെ കത്തിച്ച് വേവിച്ചെടുക്കുന്നതായതുകൊണ്ട് പൊങ്കാല സ്ത്രീകൾ ചെയ്താൽ മതിയെന്ന തീരുമാനമെടുത്തത് അക്കാലത്തെ ആണുങ്ങളായിരിക്കും. ദേവി ആയിരിക്കില്ല. ആണുങ്ങൾ അടുപ്പൊക്കെ കത്തിച്ച് വേവിക്കുന്ന പൊങ്കാലയാണ് എന്റെ സ്വപ്നം.

ആണുങ്ങൾ അടുപ്പൊക്കെ കത്തിച്ച് വേവിക്കുന്ന പൊങ്കാലയാണ് എന്റെ സ്വപ്നം : സനിത മനോഹർ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക