Image

ഈ ഫ്രോസൺ ഡെസേർട്ട് കുഴപ്പക്കാരനാണോ? : എസ്. ബിനുരാജ്

Published on 11 March, 2023
ഈ ഫ്രോസൺ ഡെസേർട്ട് കുഴപ്പക്കാരനാണോ? : എസ്. ബിനുരാജ്

വേനലായി. ഇപ്പോഴാണ് ഐസ്ക്രീം കൂടുതലായി വില്‍ക്കപ്പെടുന്ന കാലം. 

കേരളത്തില്‍ ഈയടുത്ത കാലത്തുണ്ടായ ഐസ്ക്രീം വിപ്ലവത്തിന് പിന്നില്‍ അതിന്റെ വില്‍പ്പന കൂടിയിട്ടുള്ളത് തന്നെയാവാം കാരണം. 
എന്നാല്‍ കേരളത്തില്‍ വില്‍ക്കപ്പെടുന്ന ഐസ്ക്രീം എല്ലാം ഐസ്ക്രീം തന്നെയാണോ?
ഐസ്ക്രിമിലെ പ്രധാന ഘടകമായ പാല്‍ എത്രത്തോളം ഇവയിലുണ്ട്?

സംസ്ഥാനത്ത് പ്രതിദിനം ശരാശരി 80 ലക്ഷം ലിറ്റര്‍ പാല്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു എന്നാണ് ഏകദേശ കണക്ക്. ഇത് സംസ്ഥാനത്തെ മൊത്തം ഉപഭോഗത്തിന് തികയുന്നില്ല. മില്‍മ മാത്രം തമിഴ്നാട്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി പ്രതിദിനം 1.50 ലക്ഷം ലിറ്റര്‍ പാല്‍ വാങ്ങുന്നുണ്ട്.

മാത്രമല്ല വേനൽക്കാലത്ത് പാൽ ഉൽപാദനം ഗണ്യമായി കുറയുകയും ചെയ്യും. വേനൽക്കാലത്ത് മിൽമയുടെ തിരുവനന്തപുരം യൂണിയൻ മലബാർ യൂണിയനിൽ നിന്നും പാൽ വാങ്ങി ആണ് കുറവ് നികത്തുന്നത്.

മില്‍മയെ കൂടാതെ നൂറിലധികം സ്വകാര്യ ഡയറികളും കേരളത്തിലുണ്ട്. സ്വകാര്യ ഡയറികള്‍ക്ക് കേരളത്തിലെ ക്ഷീരകര്‍ഷകര്‍ പാല്‍ നല്‍കില്ല. കാരണം, ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ നല്‍കുന്ന കര്‍ഷകര്‍ക്ക് മാത്രമേ കാലിത്തീറ്റ സബ്സിഡി ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയുള്ളു. ഒന്നുകില്‍ സ്വന്തം ഫാം നടത്തി പാല്‍ ഉല്‍പ്പാദിപ്പിക്കുക അല്ലെങ്കില്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും പാല്‍ വാങ്ങുക ഇതാണ് സ്വകാര്യ ‍ഡയറികളുടെ മുന്നിലുള്ള വഴി. 

പാല്‍ ഉല്‍പ്പാദനത്തില്‍ ഇപ്പോഴും സ്വയം പര്യാപ്തത നേടിയിട്ടില്ലാത്ത കേരളത്തില്‍ എങ്ങനെയാണ് ഇത്രയും ഐസ്ക്രീം കമ്പനികള്‍ പ്രവര്‍ത്തിക്കുന്നത്? അവയ്ക്ക് വേണ്ട പാല്‍ എവിടെ നിന്നും കിട്ടുന്നു?

എല്ലാ  ഐസ് ക്രീമും പാൽ കൊഴുപ്പ്  ഉപയോഗിച്ച് അല്ല ഉണ്ടാക്കുന്നത് എന്നത് ഇതിനെ പിന്നിലെ രഹസ്യം. സസ്യ എണ്ണ, ഡാൽഡ പോലെയുള്ള വനസ്പതി എന്നിവ ഉപയോഗിച്ചും ഇവിടെ ഐസ് ക്രീം ഉണ്ടാക്കുന്നുണ്ട്. ഇവയെ ഫ്രോസൺ ഡെസേർട്ട് എന്നാണ് വിശേഷിപ്പിക്കുന്നത്.

അമുൽ, മിൽമ എന്നീ കമ്പനികൾ പാൽ കൊഴുപ്പ് ഉപയോഗിച്ച് ആണ് ഐസ് ക്രീം ഉൽപ്പാദിപ്പിക്കുന്നത്. പല സ്വകാര്യ കമ്പനികളും ഐസ് ക്രീം എന്ന പേരിൽ ഫ്രോസൺ ഡെസേർട്ട് ആണ് വിൽക്കുന്നത്. 

സംസ്ഥാനത്തെ പ്രമുഖ ഐസ് ക്രീം ബ്രാൻഡ് ആയിരുന്ന മെറി ബോയ് വ്യതസ്തമായ രുചികൾ അവതരിപ്പിച്ചു കൊണ്ട് ആണ് മാർക്കറ്റ് പിടിച്ചത്. പാൽ കൊഴുപ്പ് ഉപയോഗിച്ച് ഐസ് ക്രീം ഉൽപ്പാദിപ്പിക്കുന്ന അപൂർവം സ്വകാര്യ കമ്പനികളിൽ ഒന്നായിരുന്നു മെറി ബോയ്. ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ കമ്പനി കാമേറി, മേഴ്സലി എന്നിങ്ങനെ രണ്ടായി പിരിഞ്ഞു. തങ്ങളുടേത് ഫ്രോസൺ ഡെസേർട്ട് അല്ലെന്നും പാൽ കൊഴുപ്പ് ഉപയോഗിച്ച് ഉണ്ടാക്കുന്ന ഐസ് ക്രീം ആണെന്നും ഇരുവരും അവകാശപ്പെടുന്നു. ഇവരുടേത് മിൽമയുടെ പോലെ ശരിക്കുള്ള പാൽ ഐസ് ക്രീം തന്നെ ആണെന്നാണ് എൻ്റെയും അറിവ്. 

ഈ ഫ്രോസൺ ഡെസേർട്ട് കുഴപ്പക്കാരനാണോ? 

ഇതിൽ പൂരിത കൊഴുപ്പ് അഥവാ trans fats കൂടുതൽ ആണ് എന്നതാണ് ഇതിലെ പ്രധാന പ്രശ്നം എനാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. നിത്യേന നമ്മൾ ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണക്ക് പ്രശ്നം ഇല്ലെങ്കിൽ വല്ലപ്പോഴും കഴിക്കുന്ന ഫ്രോസൺ ഡെസേർട്ടിൽ അത് ഉണ്ടെങ്കിൽ എന്ത് പ്രശ്നം എന്നാണ് ഫ്രോസൺ ഡെസേർട്ട് ഉൾപ്പാദകരുടെ ചോദ്യം. വനസ്പതി കൂടുതൽ അപകടകാരി എന്നാണ് പാൽ ഐസ് ക്രീം ഉൽപാദകരുടെ മറുവാദം. 

ഐസ് ക്രീം എന്ന വാക്ക് ഫ്രോസൺ ഡെസേർട്ട് ഉൽപ്പന്നങ്ങളിൽ ഉപയോഗിക്കാൻ പാടില്ലെന്ന് കാണിച്ചു അമുൽ കേസ് കൊടുക്കുകയും തങ്ങൾക്ക് അനുകൂലമായ വിധി നേടുകയും ചെയ്തിരുന്നു. 

എന്നാൽ ക്വാളിറ്റി വാൽസ് എന്ന  ഫ്രോസൺ ഡെസേർട്ട് നിർമാതാക്കളായ യുണിലിവർ അമുലിന് എതിരെയും കേസ് കൊടുത്തിട്ടുണ്ട്. ഫ്രോസൺ ഡെസേർട്ട് ആരോഗ്യത്തിന് ദോഷമാണ് എന്ന് പറയുന്ന പരസ്യം അമുൽ നൽകിയതിന് എതിരെ ആയിരുന്നു കേസ്.

അപ്പൊൾ വേനൽ ആയി, വല്ലപ്പോഴും ഒരു ഐസ് ക്രീം കഴിക്കുന്നതിൽ തെറ്റില്ല. ഏതു ബ്രാൻഡ് വേണം എന്നുള്ളത് നിങ്ങൾക്ക് തീരുമാനിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക