Image

മയക്കുമരുന്ന് കവര്‍ച്ചക്കിടെ  4 പേരെ വധിച്ച തടവുകാരന്റെ വധശിക്ഷ ടെക്‌സാസ്സില്‍  നടപ്പാക്കി

പി പി ചെറിയാന്‍ Published on 11 March, 2023
മയക്കുമരുന്ന് കവര്‍ച്ചക്കിടെ  4 പേരെ വധിച്ച തടവുകാരന്റെ വധശിക്ഷ ടെക്‌സാസ്സില്‍  നടപ്പാക്കി

ഹണ്ട്സ്വില്ല ( ടെക്‌സാസ്): 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് 9 മാസം ഗര്‍ഭിണിയായ ഒരു സ്ത്രീ ഉള്‍പ്പെടെ നാല് പേരെ മയക്കുമരുന്ന് കവര്‍ച്ചക്കിടെ വെടിവെച്ചു  കൊലപ്പെടുത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട  തടവുകാരനെ ടെക്‌സാസ്സില്‍ വധശിക്ഷയ്ക്ക് വിധേയനാക്കി. 52 കാരനായ ആര്‍തര്‍ ബ്രൗണ്‍ ജൂനിയര്‍, ഹണ്ട്സ്വില്ലിലെ സ്റ്റേറ്റ് പ്രിസണില്‍ മാര്‍ച്ച് 9 വ്യാഴാഴ്ച വൈകുന്നേരം മാരകമായ വിഷ മിശ്രിതം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കുത്തിവയ്പ്പ് സ്വീകരിക്കുന്നതിന് മുമ്പ് താന്‍ നിരപരാധിയാണെന്ന് പ്രതി ആവര്‍ത്തിച്ചു  പറഞ്ഞു. വധശിക്ഷ നിര്‍ത്തലാക്കണമെന്ന ബ്രൗണിന്റെ അഭിഭാഷകരുടെ അപ്പീല്‍ യുഎസ് സുപ്രീം കോടതി വ്യാഴാഴ്ച നേരത്തെ തള്ളിയിരുന്നു. ബുദ്ധി  വൈകല്യമുള്ളതിനാല്‍ ബ്രൗണിനെ വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നു അവര്‍ വാദിച്ചിരുന്നു.

ഈ വര്‍ഷം ടെക്സാസില്‍ വധ ശിക്ഷക്ക് വിധേയമാക്കുന്ന  അഞ്ചാമത്തെ തടവുകാരനാണ്  ബ്രൗണ്‍, യുഎസിലെ ഒമ്പതാമത്തെ തടവുകാരനാണു .ഈ ചൊവാഴ്ച   ഭാര്യയെയും മകളെയും കൊലപ്പെടുത്തിയപ്രതി ഗാരി ഗ്രീന്റെ വധശിക്ഷ  ടെക്‌സാസ്സില്‍ നടപ്പാക്കിയിരുന്നു

ടെക്സാസില്‍ നിന്ന് അലബാമയിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിന്റെ  ഭാഗമായിരുന്നു ബ്രൗണ്‍. ജോസ് തോവറില്‍നിന്നും ഭാര്യ റേച്ചല്‍ ടോവറില്‍നിന്നും മയക്കുമരുന്ന് വാങ്ങിയിരുന്നതായും അധികൃതര്‍ പറഞ്ഞു.

 32 കാരനായ ജോസ് തോവര്‍; ഭാര്യയുടെ 17 വയസ്സുള്ള മകന്‍ ഫ്രാങ്ക് ഫാരിയസ്; റേച്ചല്‍ തോവറിന്റെ മറ്റൊരു മകന്റെ ഗര്‍ഭിണിയായ കാമുകി 19 വയസ്സുള്ള ജെസിക്ക ക്വിനോന്‍സ്; ഒപ്പം 21 വയസ്സുള്ള അയല്‍വാസിയായ ഓഡ്രി ബ്രൗന്നുമാണ് മയക്കുമരുന്ന് മോഷണത്തിനിടെ കൊല്ലപ്പെട്ടത് .നാലുപേരെയും കെട്ടിയിട്ട് തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്നു. റേച്ചല്‍ തോവറിനും മറ്റൊരാള്‍ക്കും വെടിയേറ്റെങ്കിലും രക്ഷപ്പെട്ടു.

വെടിവയ്പ്പിലെ ബ്രൗണിന്റെ കൂട്ടാളികളിലൊരാളായ മരിയോണ്‍ ഡഡ്ലിയെ 2006-ല്‍ വധിച്ചു. മൂന്നാമത്തെ പ്രതിയെ  ജീവപര്യന്തം തടവിനും  ശിക്ഷിച്ചിരുന്നു

പി പി ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക