അമ്പതുവര്‍ഷമായി തിരുവനന്തപുരത്തിന് 27 കിമീ തെക്കു പൂവാര്‍ ബീച്ചിനോട് ചേര്‍ന്ന് വീടുവച്ചു കഴിയുന്ന ലില്ലി ജോസഫിനു കേരളതീരത്തെ പൂവണിയിക്കാന്‍ വിഭാവനം ചെയ്ത തീരദേശ ഹൈവേയെപ്പറ്റി വലിയ പ്രതീക്ഷയില്ല. റോഡ് ഇന്ന് വരും നാളെ വരും എന്ന അധികൃതരുടെ കേളികൊട്ട് കേള്‍ക്കാന്‍ തുടങ്ങിയിട്ടു നാളുകളായി.
പൂവാറിലെ നെടുങ്കന്‍ സ്വര്‍ണ്ണമണല്‍ ബീച്ച്
'പൊഴിയൂര്‍, പൂവാര്‍, അടിമലത്തുറ, കോവളം, പള്ളിത്തുറ, കാപ്പില്‍ കോസ്റ്റല്‍ ഹൈവേയുടെ കല്ലിടല്‍ ഉടനെ ആരംഭിക്കും,'എന്ന വാര്‍ത്ത 73 എത്തിയ ആ വിധവയ്ക്ക് ഒട്ടും ആശ്വാസം നല്‍കുന്നില്ല. 'അവര്‍ വീണ്ടും കല്ലിടാന്‍ വന്നാല്‍ പഴയകല്ലിനെ കെട്ടിപ്പിടിച്ച് ഞാന്‍ പട്ടിണിസമരം നടത്തും' എന്നവര്‍ കട്ടായം പറയുന്നു.
പൊഴിയൂരില്‍ ടൂറിസ്റ്റുകള്ക്കു ഫ്ളോട്ടിങ് കോട്ടേജുകള്‍
ലോറിഡ്രൈവര്‍ ശിവരാമനെ കല്യാണം കഴിച്ച് പള്ളിയില്‍ ചേര്‍ത്ത് ജോസഫ് ആക്കിയ കാലത്ത് കടലോരത്തെ ഓലമേഞ്ഞ ഒരു ചെറ്റക്കുടില്‍ ആയിരുന്നു ലില്ലിയുടെ വീട്. ജോസഫ് 35 വര്‍ഷം മുമ്പ് മരിച്ചു. വിധവയെന്ന നിലയില്‍ മല്‍സ്യത്തൊഴിലാളി ക്ഷേമനിധിയില്‍ നിന്ന് ലഭിച്ച 40,000 രൂപ ഉപയോഗിച്ച് ഇഷ്ടിക പണിതു കോണ്‍ക്രീറ്റ് ചെയ്ത വീടുണ്ടാക്കി. ആ വീടിനു മുമ്പില്‍ സോഡാ നാരങ്ങാ, സംഭാരം, പൂവന്‍, നേന്ത്രന്‍ കച്ചവടം കൊണ്ടാണ് പുലരുന്നത്.
അവിരാമമായ കാത്തിരിപ്പ്: ബീച്ചിലെ ലില്ലിയുടെ ഷോപ്. കൂടെ മകള്‍ സജി
നിര്‍ഭാഗ്യങ്ങളുടെ തുടര്‍ക്കഥയാണ് ലില്ലിയുടെ ജീവിതം. ഒരു ആണ്‍ തരിയുണ്ടായിരുന്നത് ആത്മഹത്യ ചെയ്തു. രണ്ടു പെണ്‍മക്കളില്‍ ആദ്യത്തെ സജിയുടെ കെട്ടിയവന്‍ കടലില്‍ പോയി കാണാതായി. നഷ്ട്ട പരിഹാരം കിട്ടിയെങ്കിലും മകള്‍ അമ്മയോടൊപ്പമാണ് കഴിയുന്നത്. വീടിരിക്കുന്ന സ്ഥലം ഉള്‍പ്പെടെ പതിനേഴു സെന്റ് തന്റെയും മകന്റെയും പേരില്‍ കൈവശമുണ്ട്. പട്ടയം ഇല്ല.
സായം സന്ധ്യക്ക് ബീച്ച് ഫുട്‌ബോള്‍
എങ്കിലും കൈവശാവകാശ രേഖയുള്ളതുകൊണ്ടു തീരദേശ പാത വരുമ്പോള്‍ നഷ്ട്ടപരിഹാരം ഭിക്കുമെന്ന പ്രതീക്ഷയില്‍ ദിവസങ്ങള്‍ എണ്ണിയെണ്ണി കഴിയുന്നു. എന്തെങ്കിലും പ്രശ്‌നം വന്നാല്‍ 'ഞങ്ങള്‍ക്ക് വികാരിയച്ചന്‍ ഉണ്ടല്ലോ,' എന്നതാണ് പിടിച്ചു നില്‍ക്കാനുള്ള കച്ചിത്തുരുമ്പ്.
തീരദേശപാത കടന്നു പോകുന്ന തിരുവനന്തപുരം കടലോരമേഖലയിലെ നിരവധി ലത്തീന്‍ പള്ളികളില്‍ ഒന്നാണ് പൂവാറിലെ മനോഹരമായ സെന്റ് സെന്റ് ബര്‍ത്തലോമ്യോ പള്ളി. വികാരി അനീഷ് ഫെര്‍ണാണ്ടസ് (45) പേരെടുത്ത ധ്യാന ഗുരു കൂടിയാണ്. 1986ല്‍ തിരുവനന്തപുരം സന്ദര്‍ശിച്ച ജോണ്‍ പോള്‍ മാര്‍പാപ്പ ആശിര്‍വദിച്ച ശില മൂലക്കല്ലാക്കിയാണ് പള്ളി പുതുക്കിപ്പണിതത്. പാപ്പയെ പിന്നീട് വിശുധ്ധനായി പ്രഖ്യാപിച്ചു. അവിശ്വസനീയം-പള്ളിക്കു 4924 അംഗങ്ങള്‍.
രാത്രി കടലില്‍ വിരിച്ച ഫിഷ് നെറ്റ് വലിക്കുന്നവര്‍.
കോട്ടയത്ത് നിന്ന് ഒന്നാം നമ്പര്‍ സ്റ്റേറ്റ് ഹൈവേ വഴി വെഞ്ഞാറമൂട്, പോത്തന്‍കോട്, ശാന്തിഗിരി ആശ്രമം, കിന്‍ഫ്രപാര്‍ക് കടന്ന് കഴക്കൂട്ടത്ത് നാഷണല്‍ ഹൈവേ 66 ല്‍ സന്ധിക്കുമ്പോള്‍ അത്ഭുതങ്ങളുടെ വാതായനം തുറക്കുകയായി. ഇടത്ത് ടെക്നോ പാര്‍ക്കിന്റെ മൂന്നാംഘട്ടത്തില്‍ ഇന്‍ഫോസിസിന്റെ വന്‍ സമുച്ചയം, വലത്ത് ലുലു മാള്‍, അനന്തപുരി ആശുപത്രി ഉള്‍പ്പെടെ വന്‍ എടുപ്പുകള്‍.
പൂവാര്‍ ടൗണില്‍ ആറയലക്ക് 200 രൂപ
അവയ്ക്ക് പിന്നില്‍ തെങ്ങിന്തോപ്പുകള്‍ക്കിടയില്‍ നിരവധി ഹൈറൈസുകള്‍. ഹൈവേയോട് മുട്ടിയുരുമ്മി വെള്ളാറില്‍ എട്ടേക്കറില്‍ പുതിയ ആര്‍ട്‌സ് ആന്‍ഡ് ക്‌റാഫ്‌റ്‌സ് വില്ലേജ്, വലത്ത് കോവളം, തൊട്ടടുത്ത് ആഴക്കടല്‍ തുറമുഖം ഉയരുന്ന കഴക്കൂട്ടം. കന്യാകുമാരിയിലേക്കു നീളുന്ന ഹൈവേയുടെ പണി അവസാന ഘട്ടത്തിലാണ്. അതിനിടയിലാണ് നാഷണല്‍ ഹൈവേക്കു സമാന്തരമായി നിര്‍ദ്ദിഷ്ട തീരദേശ ഹൈവേ. ഒരുപക്ഷെ തിരിച്ചറിയാനാവാത്ത വിധം തെക്കന്‍ കേരളത്തിന്റെ രൂപം മാറുകയാണ്.
അറവു കാളകള്‍ക്കു അവസാനത്തെ വൈക്കോല്‍
കളിയിക്കാവിളയില്‍ നിന്ന് പടിഞ്ഞാറേ തീരം വരെയുള്ള കേരളാതിര്‍ത്തി റിജു രേഖയല്ല, കയറിയിറങ്ങി കിടക്കുന്നു. സഹ്യനില്‍നിന്നുത്ഭവിക്കുന്ന നെയ്യാര്‍, എക്കലും മണലും കൊണ്ടുവന്നു പൂവാര്‍ നദിയായി അറബിക്കടലില്‍ ചേരുന്നഇടമാണ് പൊഴിയൂര്‍. കണ്ടല്‍ക്കാടുകളും സ്വര്‍ണമണല്‍ നിരന്ന കടലോരവും തെക്കന്‍ കേരളത്തെ വേറിട്ട് നിര്‍ത്തുന്നു.
മടങ്ങിവന്ന പ്രവാസികള്‍ ക്‌ളീറ്റസും അമ്മാവന്‍ ജോസും
തെക്കു വടക്കു കേരളം മുഴുവന്‍ സ്പര്‍ശിക്കുന്ന തീരദേശ ഹൈവേ എന്ന് പണ്ടേ കേള്‍ക്കുന്നതാണ്. എന്നാല്‍ ഇപ്പോള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നത് പൊഴിയൂര്‍ മുതല്‍ തിരുവനന്തപുറം ജില്ലയുടെ വടക്കേ അതിര്‍ത്തിയായ കാപ്പില്‍ വരയുള്ള 74 കിമീ ദൂരമാണ്. കാപ്പില്‍ നിന്ന് പള്ളിത്തുറ വരെ കല്ലിട്ടിട്ടുണ്ട്. ബാക്കിയുള്ള ഭാഗത്താണ് ഇനി കല്ലിടല്‍ നടത്തുക.
ഉച്ച വെയില്‍ ചൂട് 35-40 ഡിഗ്രി വരെ ഉയരുമെങ്കിലും വെളുപ്പിനും സന്ധ്യ മയങ്ങും മുതല്‍ രാവേറെ ചെല്ലും വരെയും ബീച്ചില്‍ കടല്‍കാറ്റേറ്റ് നടക്കാന്‍ എത്തുന്നവര്‍ കുറെയുണ്ട്. പുലരും മുമ്പ് സിംഗപ്പൂരില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള വിമാനങ്ങള്‍ ബീച്ചിനു മുകളിലൂടെ താഴ്ന്നു പറന്നു 18 കിമീ അകലെ ശംഖുമുഖത്തെ ഇന്റര്‍ഷണല്‍ എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്യുന്നു.
പൂവാര്‍ സീ വ്യൂ ഹോംസ്റ്റേ: പഞ്ചാ. പ്രസി. ലോറന്‍സ്, വൈ.പ്രസി. സീനത്ത്, മെമ്പര്‍ സുനില
തിരുവനതപുരത്ത് അച്ചടിക്കുന്ന ദിനപത്രങ്ങള്‍ അഞ്ചുമണിക്ക് മുമ്പേ പൂവാറില്‍ എത്തും. ടൗണിലെ ബസ്സ്റ്റാന്‍ഡിന് എതിര്‍വശമുള്ള കടത്തിണ്ണയില്‍ അവ നിരത്തി വച്ചിരിക്കും. ഏജന്റ് വീടുകളില്‍ വിതരണത്തിന് പോയിരിക്കുകയാണ്. ആവശ്യക്കാര്‍ ഒന്നിന് 9 രൂപ വീതം നിക്ഷേപിച്ച് പത്രം എടുക്കുന്നു. ചായകുടിച്ചു പത്രം വായിക്കാന്‍ വേണ്ടി ഡസനിലേറെ ഷോപ്പുകള്‍ കൊച്ചു വെളുപ്പിനേ തുറന്നിരിക്കും.
വൈകുന്നേര ങ്ങളില്‍ ബീച്ചില്‍ തിരക്കാണ്.ഡസന്‍ കണക്കിന് ബൈക്കുകളില്‍ ചെറുപ്പക്കാര്‍ എത്തി ഒരു ഭാഗത്ത് ഫുട്‌ബോളും മറ്റൊരു ഭാഗത്ത് ക്രിക്കറ്റും കളിക്കും. ബീച്ചിനു ഒരരികില്‍ അര്‍ജന്റീന-ഫ്രാന്‍സ് എന്ന അടിക്കുറിപ്പോടെ ലയണല്‍ മെസിയുടെ പതിനഞ്ചടി ഉയരമുള്ള കട്ടൗട്ടിന്റെ നിഴലിലാണ് ഫുടബോള്‍ മത്സരം.
സീ വ്യൂ അതിഥികള്‍, മിലാനില്‍ മാസ്റ്റേഴ്‌സ് ചെയ്ത ആതിഥേയന്‍ ജോസഫ് പൈനാടത്ത്
കട്ടൗട്ടിനു താഴെ സ്പോണ്‍സറുടെ പേരുണ്ട്-- ഇഎംഎസ് കോളനി. രണ്ടു മുസ്ലിം പള്ളികളുടെ നടുവിലുള്ള കോളനിയാണത്. പള്ളികളുടെ മതില്‍ക്കെട്ടില്‍ മദാനിയുടെയും എസ്ഡിപിഐയുടെയും പോസ്റ്ററുകള്‍.
പൂവാര്‍ പഞ്ചായത്തു ഭരിക്കുന്നത് ഇടതുപക്ഷം. സാമൂഹ്യ വികസന വകുപ്പില്‍ നിന്ന് റിട്ടയര്‍ ചെയ്ത ജെ ലോറന്‍സ് ആണ് പ്രസിഡന്റ്. 15 പേരുള്ള ഭരണസമിതിയില്‍ നാല് പേരുടെ ഭൂരിപക്ഷം. പ്രസിഡന്റും ബിഎസ്എന്നില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഭാര്യ അനിതാകുമാരിയും പരണിയം സിഎസ്ഐ പള്ളി ഇടവകാംഗങ്ങള്‍.
പൂവാര്‍ സെന്റ് ബര്‍ത്തലോമ്യോ പള്ളി, ഫാ. അനിഷ് ഫെര്‍ണാണ്ടസ്
ബീച്ചിന്റെ ഒരറ്റത്ത് കോസ്റ്റല്‍ പോലീസിന്റെ സ്റ്റേഷന്‍ തുറന്നിട്ടുണ്ട്. ടൗണില്‍ പോലീസ് സ്റ്റേഷന്‍ വേറെ. കോസ്റ്റല്‍ സ്റ്റേഷനരികില്‍ മീന്‍ വള്ളങ്ങള്‍ കൂടിക്കിടക്കുന്നു. ഫൈബര്‍ ബോട്ടുകളുടെ റിപ്പയര്‍ യാര്‍ഡ് ആണ്. കേരളതീരത്തു രാത്രി കടലില്‍ പോകുന്ന ആയിരക്കണയ്‌ന് ബോട്ടുകളില്‍ ചിലതാണ് അവ. രണ്ടു പേര്‍ കയറുന്ന ബോട്ട് ഒന്നിന് ഒരുലക്ഷത്തില്‍ കുറയാതെ വില.
രാവിലെ മീന്‍ വള്ളങ്ങള്‍ക്ക് സമീപം ഒരു അമ്മാവനെയും മരുമകനെയും കണ്ടുമുട്ടി. ജോസ് പൊലിയാസും ക്‌ളീറ്റസും. ഇരുവരും പ്രവാസികള്‍ ആയിരുന്നു. ജോസ് യാത്രക്കപ്പലില്‍ യൂറോപ്പില്‍ 18 വര്‍ഷം ജോലിചെയ്തു മടങ്ങി. ക്‌ളീറ്റസ് ദുബായ്, ബഹറിന്‍, പോര്‍ട്ടുഗലിലെ ബെജാ എന്നിവിടങ്ങള്‍ കഴിഞ്ഞു നാട്ടിലെത്തി.
പൂവാറിലെ ത്രിസന്ധ്യ; ദിനചര്യകളില്‍ ആദ്യം പത്രം
പത്തിരുപതു പേര്‍ ചേര്‍ന്ന സംഘമാണ് രാവിലെ മീന്‍ വല വലിച്ച് കയറ്റുക. ചിലയിടങ്ങളില്‍ വാഹനങ്ങള്‍ കൊണ്ടു വലിച്ച് കയറ്റും. മീന്‍ കിട്ടുന്നതനുസരിച്ച് കൂലി വീതിച്ച് നല്‍കും. ചിലപ്പോള്‍ ഒന്നും കിട്ടിയില്ലെന്നിരിക്കും. വെറുംകൈയോടെ മടങ്ങും. ഒരു ദിനം എന്റെ മുമ്പില്‍ ഒരു വലയില്‍ 20,000 രൂപയുടെ മീന്‍ എത്തുന്നത് കണ്ടു. മഴയും കോളും മാറി മീന്‍പിടിക്കാനുള്ള നല്ല സീസണ്‍ ആണിപ്പോള്‍.
ബീച്ചില്‍ അവിടവിടെ കാണാന്‍ കഴിഞ്ഞ മഞ്ഞ കോണ്‍ക്രീറ്റ് കാലുകള്‍ ആര്, എപ്പോള്‍, എന്തിനു സ്ഥാപിച്ചു എന്ന് പഞ്ചായത്തു പ്രസിഡന്റ് ലോറന്‍സിനോ, വൈസ് പ്രസിഡണ്ട് സീനത്ത് ജിസ്തിക്കോ മെമ്പര്‍ സുനില ഖാദറിനോ അറിയില്ല. അവരെല്ലാം 2000ലെ തെരെഞ്ഞെടുപ്പില്‍ ജയിച്ചു വന്നവരാണ്. പണ്ടാരോ തീരദേശ ഹൈവേക്കു വേണ്ടി സ്ഥാപിച്ച പില്ലറുകള്‍ അല്ലെന്നു പറയാന്‍ ആര്‍ക്കും ആവില്ല. പക്ഷെ എല്ലാവരും കോസ്റ്റല്‍ ഹൈവേക്കു അനുകൂലം.
ആരോ ഏതോകാലത്ത് വിഭാവന ചെയ്തു പരണത്ത് വച്ച തീരദേശ ഹൈവേ പദ്ധതി തിടുക്കത്തില്‍ പൊടിതട്ടിയെടുത്ത് നടപ്പാക്കാന്‍ വെമ്പുന്നതു വിഴിഞ്ഞം സമരം കൊണ്ട് കലുഷമായ തീരദേശ മേഖലയെ ആശ്വസി പ്പിക്കാനാണെന്നു വ്യാഖ്യാനിക്കുന്നവരും ഉണ്ട്. ഇത് സില്‍വര്‍ ലൈന്‍ കല്ലിടല്‍ പോലെ ആകുമോ? ഇത്തവണ ജനം കൂടുതല്‍ ജാഗരൂകരാണ്.
പുതിയ പാതക്ക് 14 മീറ്റര്‍ വീതിയുണ്ടാവും. ഇതില്‍ ഏഴുമീറ്ററായിരിക്കും ശരിക്കുള്ള മോട്ടോര്‍ വാഹന പാത. ഇടത്തും വലത്തും ഒന്നരമീറ്റര്‍ വീതിയില്‍ ഓടയും യൂട്ടിലിറ്റി കോറിഡോറും ഉണ്ടായിരിക്കും. ഒരു വശത്ത് സൈക്കിള്‍ ട്രാക്കും. പൊഴിയൂര്‍-കോവളം റീച്ചില്‍ പൊഴിക്കരയിലും അടിമലത്തുറയിലും പാലങ്ങള്‍ വരും.
ഇപ്പോള്‍ തീരദേശത്തോടു അടുത്ത് കിടക്കുന്ന റോഡ് തീരദേശ ഹൈവേയുടെ ഭാഗമാകും. പൊഴിയൂര്‍ പൊഴിക്കര, പൂവാര്‍ പൊഴിക്കര, പുതിയതുറ, പുല്ലുവിള , അടിമലത്തുറ, ചൊവ്വര, പുളിങ്കുടി, മുല്ലൂര്‍, മുക്കോല, വിഴിഞ്ഞം, ആഴകുളം, കോവളം എന്നീ കവലകള്‍ വികസിപ്പിക്കുമെന്നു പൂവാര്‍ പഞ്ചായത്തി ഓഫീസില്‍ നടന്ന അവലോകന യോഗത്തില്‍ നെയ്യാറ്റിന്‍കര എംഎല്‍എ കെ. ആന്‍സലന്‍ അറിയിച്ചു.
കേരള റോഡ് ഫണ്ട് ബോര്‍ഡാണ് പ്രോജക്ട് നടപ്പാക്കുക. പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് ബോര്‍ഡ്. കൊല്ലം സ്വദേശിനി ഡാര്‍ലിന്‍ കര്‍മ്മലീത്ത ഡിക്രൂസ് ബോര്‍ഡിന്റെ സിഇഒ. ആദ്യം 14 മീറ്റര്‍ വീതിയില്‍ സ്ഥലം അളന്നു കല്ലിടും. തുടര്‍ന്ന് അകിസിഷന്‍ നടപടികള്‍ സ്വീകരിക്കും. തീരദേശ റോഡും ഒപ്പം വിനോദസഞ്ചാരവും വികസിപ്പിക്കാനാണ് പദ്ധതിയെന്ന് എംഎല്‍എ വ്യക്തമാക്കി.
ടൂറിസം തീരദേശത്തിന്റെ സ്വര്‍ണഖനിയാണ്. മറുനാട്ടുക്കാരാണ് നിക്ഷേപകരില്‍ അധികവും. അവര്‍ ഇസോളാ ഡി കോക്കോ (കോക്കനട് ഐലന്‍ഡ്) പോലുള്ള ഇറ്റാലിയന്‍ പേരുകള്‍ ഇട്ടു യുറോപ്യന്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നു. എസ്ച്വറി സരോവര്‍, പൂവാര്‍ ഐലന്‍ഡ് റിസോര്‍ട് എന്നിവയുമുണ്ട്. 5000 മുതല്‍ 14,000 രൂപയും ജിഎസ്റ്റിമാണ് പ്രതിദിന ചാര്‍ജ്.
ഇസോളയുടെ ഇറ്റാലിയന്‍ പാര്‍ട്‌നര്‍ കോഴിക്കോട്ട് സ്വദേശി ഡോ. ജേക്കബ് പിണക്കാട്ട് ആണ് ബീച്ചിലെ ചെലവ് കുറഞ്ഞ സീവ്യൂ ഹോംസ്റ്റേ യുടെ ഉടമ. നേരെ മുമ്പില്‍ രണ്ടു കിലോമീറ്ററോളം നീണ്ട കടലോരം. ആയിരം രൂപയുടെ ബജറ്റ് നിരക്ക്. ഇറ്റലിയിലെ മിലാന്‍ യൂണിവേഴ്‌സിറ്റിയില്‍ എന്‍ജിനീയറിങ് മാസ്റ്റേഴ്‌സ് ചെയ്ത ജോസഫ് പൈനാടത്ത് (34) ആണ് കെയര്‍ടേക്കര്‍. ഇറ്റലിയിലെ മാര്‍സോറാട്ടി പോലുള്ള ഡിസൈനര്‍ ഫര്‍ണിച്ചര്‍ ഇറക്കുമതി ചെയ്തു വിതരണം ചെയ്യാന്‍ മൈഫര്‍ണിച്ചര്‍ഇന്ത്യ എന്ന സ്ഥാപനം സ്വന്തമായുണ്ട്.
ബ്രിട്ടനില്‍ നിന്നും യൂറോപ്പില്‍ നിന്നും റഷ്യയില്‍ നിന്നും ഒപ്പം ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ നിന്നും അതിഥികള്‍ എത്തുന്നു. നല്ല കിച്ചന്‍ ഉണ്ടായിട്ടും ഫുഡ് വരുത്തിക്കൊടുക്കുകയാണ്. ഇന്‍ഹൌസ് ഫുഡ് സര്‍വീസ് തുടങ്ങാന്‍ ആഗ്രഹം ഉണ്ട്. ഡല്‍ഹി അതിഥികളില്‍ ഒരാള്‍ നാട്ടുകാരനായ ലിബിന്‍ ലിവിങ്സ്റ്റണ്‍ ആയിരുന്നു. യുഎസിലെ യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഓഫീസര്‍. യുകെ ദമ്പതിമാര്‍ ബോട്ടിങ്ങിനും പോയി. റഷ്യന്‍ യുവാവ് നാട്ടിലെ നിര്‍ബന്ധിത സൈനിക സേവനം പേടിച്ച് ഓടിപ്പോന്നതാണോ എന്ന് സംശയം.