Image

ജീവനുള്ളപ്പോഴും മൃതമായി ജീവിക്കേണ്ടി വരുന്നതിനെക്കാൾ വലിയ ഗതികേട് എന്താണ് (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 11 March, 2023
ജീവനുള്ളപ്പോഴും മൃതമായി ജീവിക്കേണ്ടി വരുന്നതിനെക്കാൾ വലിയ ഗതികേട് എന്താണ് (ശ്രീകുമാർ ഉണ്ണിത്താൻ)

നിശബ്ദതയില്‍ നാണുനായർ  പൂഴ്ത്തി വച്ചിരിക്കുന്നത് വേദനകളുടെ  ഒരു  സാഗരമാണ്...ആ  വേദനകൾ നാണുനായരുടെ  ഹൃദയത്തിന്റെ ഉള്ളറകളില്‍ ആര്‍ത്തിരമ്പുകയാണ്..  ഓര്‍മ്മകള്‍  ഒരു പേമാരിയായി മനസ്സിന്റെ തീരങ്ങളില്‍ പെയ്യുന്നു.. എല്ലാമുള്ളപ്പോഴും ഏകാന്തത, നാണുനായരേ  വല്ലാതെ വിഷമിപ്പിച്ചു.  ഏകാന്തത  ഒരു തടവറയാണ്!!

നമ്മളെ പോലെത്തന്നെ നാണുനായരും  ഒരു  ജീവിതാനുഭവത്തിലൂടെയാണ് കടന്ന് പോകുന്നത്. കഴിഞ്ഞു  പോയ ജീവിതം  ഓർക്കാൻ  നാം എപ്പോഴും ഇഷ്‌ടപ്പെടുന്നവർ ആണ്. സുഖമുള്ള ഓർമ്മകൾ നമ്മെ കൂടുതൽ സന്തോഷവാന്മാരാക്കുന്നു. വിഷമിപ്പിക്കുന്ന ഓർമ്മകൾ നമ്മെ കൂടുതൽ ദുഃഖത്തിൽ ആഴ്ത്തിയേക്കാം.   പക്ഷേ ഓർമ്മകൾ മരിച്ചാൽ നാം മറ്റൊരു മനുഷ്യനായി മാറും. ഓളങ്ങൾ നിലച്ചാൽ സമുദ്രങ്ങൾ വെറും തടാകങ്ങളായി മാറും പോലെ. കാലത്തിന് മാറ്റാനും മറക്കാനും  കഴിയാത്ത കുറെ സംഭവങ്ങൾ നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ   നടക്കാറുണ്ട്. പക്ഷേ ഈ ഓർമ്മകളെക്കെ ഷെയർ ചെയുവാൻ ആരുമില്ലാതാവുന്ന കുറെ  അധികം മനുഷ്യരും  ഉണ്ട് ഈ ലോകത്തിൽ. അക്കൂട്ടത്തിൽ  നമ്മുടെ നാണു നായരും പെടും. ജീവനുള്ളപ്പോഴും മൃതമായി ജീവിക്കേണ്ടി വരുന്നതിനെക്കാൾ വലിയ ഗതികേട് എന്താണ് നമുക്കുള്ളത് ?

ഏകാന്തത സൃഷ്ടിക്കുന്ന ശൂന്യത നമ്മെ വേറൊരു മനുഷ്യനാക്കും. എല്ലാം അറിഞ്ഞും അനുഭവിച്ചും  നിഷ്ക്രിയമായി  നാം നമ്മളെ തന്നെ ഒരു തടവറയിൽ ആക്കാറുണ്ട്.    അനുഭവിക്കാൻ വിധിക്കപ്പെട്ടതെന്ന തോന്നൽ, ഒരു തരം നിർവികാരത, ചുറ്റുപാടും കാണുന്ന  മനുഷ്യരോട് , ജോലിയോട് , സമൂഹത്തോട് ഒക്കെ തോന്നുന്ന നിസ്സംഗമായ മനോഭാവം.  സ്നേഹവും സൗഹൃദവും പ്രണയവും എല്ലാം  അന്യമാകുമ്പോൾ ഉണ്ടാകുന്ന   ഒരു  ശൂന്യത,  ആ  മരവിച്ച മനസ്സ് അവരെ  വേറൊരു മനുഷ്യനാക്കി മാറ്റുന്നു . അങ്ങനെ മാറിയ അല്ലെങ്കിൽ  മാറ്റിയ ഒരു അച്ഛന്റെ കഥയാണ് നമ്മുടെ നാണുനായരുടേത്.

കുടുംബത്തിന്റെ എല്ലാമെല്ലാമായ അമ്മയുടെ  മരണം ഉണ്ടാക്കിയ ശൂന്യതയാണ്  നാണുനായരെ  തളർത്തിയത്. 'അമ്മ  കിടപ്പിലായപ്പോൾ പോലും ആ  വീട്ടിൽ സജീവസാന്നിധ്യമുണ്ടായിരുന്നു. അപ്പോഴും അമ്മയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു വീടിന്റെ  ഓരോ ചലനവും . അമ്മയുടെ മരണത്തോടെ ഒറ്റപ്പെട്ട അവസ്ഥയിലായ നാണുനായർ   വീട്ടിൽ തനിച്ചാവുന്നു. അച്ഛനെ കൂടെ കൊണ്ടുപോകുവാൻ മക്കൾ പരമാവധി ശ്രമിക്കുന്നു  പക്ഷേ  മക്കളുടെ  കൂടെ പോവാൻ അച്ചനും  കഴിയുന്നില്ല.

അമ്മയുടെ  സാന്നിധ്യം ആ വീട്ടിൽ നാണുനായർ   അറിയുന്നുണ്ടായിരുന്നു. ഒടുവിൽ ഒരു  മകന്റെ നിർബന്ധത്തിനു വഴങ്ങി മകനോടൊപ്പം നഗരത്തിലേക്ക് മാറാൻ ആ  അച്ഛൻ  തയ്യാറാവുന്നു. എന്നാൽ മകനൊന്നിച്ച് നഗരത്തിലേക്ക് പോവേണ്ട ദിവസമെത്തിയപ്പോൾ അച്ഛൻ  കിടക്കയിൽ നിന്നെണീറ്റതേയില്ല. ആ  അച്ഛൻ മകനോട് ചോദിക്കുന്നു   ഞാൻ എങ്ങനെയാ മോനെ  വരുന്നത്, നിന്റെ 'അമ്മ ഉറങ്ങുന്ന വീട് വിട്ട് ഞാൻ എങ്ങോട്ടും വരുന്നില്ല. ചിലപ്പോൾ ഞാൻ വിളിക്കുബോൾ  അവൾ വിളികേൾക്കുന്നത് പോലെ തോന്നും.
എന്റെ  ഓരോ വിളിക്കു പിന്നാലെയും ഓടിയെത്തുന്ന അവളുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല,

ആ 'അമ്മ  മരിച്ചെങ്കിലും അത് ഇതുവരെയും നാണു നായർക്ക്   വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല . ഓരോ തവണയും വീടിന്റെ  വാതിലിലേക്ക് നോക്കുമ്പോൾ 'അമ്മ  വീട്ടിലേക്ക് കടന്ന് വരുന്നതുപോലെ തോന്നും. നാണുനായരുടെ  മുറിയിൽ  എപ്പോഴും  അമ്മയുടെ  സാനിധ്യം ഉള്ളതുപോലെ തോന്നും. എല്ലാദിവസവും  ഉറങ്ങുബോൾ  അവൾ   അരികിൽ നിൽക്കുന്നതായി തോന്നാറുണ്ട് . ഒരു മാന്ത്രിക ശക്തിപോലെ അവളുടെ    സാന്നിദ്ധ്യം ചുറ്റുമുള്ളതായി അനുഭവപ്പെടുന്നു. ഓരോ തവണ നാണു നായർ  തളരുമ്പോഴും, ഒരു കാവൽ മാലാഖയെ പോലെ ആരോ നാണുനായരെ  കൈ പിടിച്ചു ഉയർത്തുന്നതായി തോന്നും.

മകളുടെ അമ്മയുടെ നിറസാന്നിനിധ്യം ആയിരുന്ന ആ വീട്. അമ്മയുടെ വിളികളും ചോദ്യങ്ങളും നിർദ്ദേശങ്ങളുമായിരുന്നു ആ വീടിന്റെ പ്രകാശം. അതില്ലാതായപ്പോൾ വീടിന്റെ ചൈതന്യം തന്നെ  നഷ്ടപ്പെട്ടു. ഇപ്പോൾ അമ്മയുടെ  ശൂന്യതയിൽ ആ വീട് ഒരു  വീടാവുന്നില്ല. ഇന്നത്‌   നാല് ചുവരുകൾ ഉള്ള ഒരു കെട്ടിടമാണ്. ഒരു സ്ത്രീയുടെ നഷ്‌ടം ഒരു  വീടിന്റെ താളം തന്നെ തകിടം മറിക്കുന്ന  കാഴ്ച യാണ് നാണുനായർക്ക്  അനുഭവപ്പെട്ടത്.

കൊച്ചുകൊച്ചു മേഘങ്ങൾ നീലാകാശത്തിൽ സഞ്ചരിക്കുന്ന നിശബ്ദമായ ഭാവത്തിൽ  ഇതിൽ നിന്നെല്ലാം  പുറത്തുകടക്കാൻ ശ്രമിക്കുന്നു  നാണു നായർ.   എന്നാൽ ആത്മസംഘർഷങ്ങൾക്കിടയിൽ എന്താണ് ചെയ്യെണ്ടത്‌  എന്നറിയാത്  വിഷമിക്കുന്നു. ഭാര്യ മരിച്ചിട്ടും അവരുടെ ആത്മാവ് ആ വീട്ടിൽ ഉണ്ടെന്ന് ഒരു പക്ഷെ നാണുനായർ   വിശ്വസിക്കുന്നുണ്ടാവാം. അതല്ലെങ്കിൽ മാനസസികമായി ഭാര്യയെ  പിരിയാൻ വയ്യാത്ത ഏതോ വൈകാരികഭാവത്തിന്ന് അയാൾ  അടിമപ്പെട്ടിരിക്കാം.

മകന്റെ നിർബന്ധത്തിന്‌ വഴങ്ങി  അവന്റെ കൂടെ പോകുവാൻ  തന്നെ മനസില്ലാമനസോടെ  അയാൾ തീരുമാനിച്ചു. ആദ്യമെക്കെ മകന്റെയും  കുടുബത്തിന്റെയും കൂടെ വളരെ സന്തോഷത്തോടെ  കഴിഞ്ഞു. കുറെ നാളുകൾ  കഴിഞ്ഞപ്പോൾ പിന്നെ ആ അച്ഛൻ അവിടെ  ഒരു ശല്യക്കാരനായി. മകന്   വളരെ സ്നേഹമാണ്. പക്ഷേ മരുമകൾ ഓരോ കാര്യത്തിനും ശകാരിക്കുന്നത് പതിവാക്കി. ദോഷം പറയരുതല്ലോ , കാരണവരുടെ  പെൻഷൻ വളരെ കാര്യത്തോടെ  മകനും, മരുമക്കളും കുടി  എടുത്തിരുന്നു. ആ വീട്ടിലെ ഏകാന്തതയിലും   ഒറ്റപെടലിലും  നാണുനായർ തളർന്ന് പോയിരുന്നു.  മാനിസികമായി  തളർന്നു ജീവിച്ച ആ  മനുഷ്യൻ ഒരുനാൾ മരണത്തിന് കഴടങ്ങി.

അങ്ങനെ നാണുനായർ കുറച്ച്‌ സ്വപ്നങ്ങളും, കുറച്ചു ആഗ്രഹങ്ങളും   ബാക്കിവെച്ചു  ഈ ലോകത്തുനിന്നും സ്വപ്നലോകത്തെക്ക്  യാത്രയായി .  

ഇണയെ നഷ്‌ടപ്പെട്ട  ഭാര്യഭർത്താക്കന്മാർ  അനുഭവിക്കുന്ന  മാനസിക സംഘർഷങ്ങൾ  അത് അനുഭവിക്കുന്നവർക്ക് മാത്രമേ  മനസിലാവുകയുള്ളു . മക്കൾക്ക് അച്ഛനമ്മമാരോട് വളരെ സ്നേഹമായിരിക്കും. പക്ഷേ  അവരവരുടെ  ഇണയിൽ നിന്നും ലഭിക്കുന്ന സ്നേഹവും കരുതലും, ലാളനയും ഒന്നും മറ്റാരിൽനിന്നും ലഭിക്കുന്നതിലും അധികമാണ്. ഭാര്യാഭർത്താക്കൻമാർ  തമ്മിൽ വഴുക്കും , ചെറിയ  ചെറിയ  പിണക്കങ്ങളും  സാധാരണയാണ്.  അതിന്‌  മണിക്കൂറുകളുടെ  ആയുസ്  മാത്രമേയുള്ളു അല്ലെങ്കിൽ  ദിവസങ്ങൾ .    അതിന്   ശേഷം അവരുടെ പ്രണയം  വീണ്ടും പഴയതിലും ശക്തിയാവുകയാണ് .  അതാണ് ഭാര്യഭർത്താക്കൻമാർ തമ്മിലുള്ള ബന്ധം.

ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം നമ്മുടെയെല്ലാം ജീവിതം തന്നെയാണ്. അടുത്ത നിമിഷം നമ്മളെ കാത്തിരിക്കുന്നത് എന്താണെന്ന് അറിയാതെ ഓരോ പകലും രാത്രിയും നമ്മൾ സഞ്ചരിക്കുന്നു

# Sreekumar Unnithan Article
  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക