Image

കര്‍ത്താവിനെ തോല്‍പ്പിച്ചുകളഞ്ഞ പള്ളിത്തര്‍ക്കം (ഉയരുന്ന ശബ്ദം-78:ജോളി അടിമത്ര)

Published on 13 March, 2023
കര്‍ത്താവിനെ തോല്‍പ്പിച്ചുകളഞ്ഞ പള്ളിത്തര്‍ക്കം (ഉയരുന്ന ശബ്ദം-78:ജോളി അടിമത്ര)

photo above: തർക്കത്തിൽപ്പെട്ട് അനാഥമായ  മുഖത്തല സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി

ഓര്‍ത്തഡോക്‌സ് -യാക്കോബായ ആരാധനാകേന്ദ്രങ്ങളിലെ ഇന്നത്തെ സമ്മിശ്ര കാഴ്ചകള്‍ കണ്ട് ജനത്തിന് കണ്‍ഫ്യൂഷന്‍..
 ഒരുകൂട്ടരുടെ പള്ളിയില്‍ പ്രതിഷേധസ്വരം, മറ്റേകൂട്ടരുടെ ദേവലയങ്ങളില്‍ പിണറായി സര്‍ക്കാരിനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥന !. തമ്പുരാന്‍ കര്‍ത്താവിന്റെ കണ്‍ട്രോള്‍ വിട്ടുകാണണം. ഇത് നോമ്പു കാലമാണ്. ആത്മതപനത്തിന്റെ കാലം. ക്രിസ്തീയ വിശ്വാസികളില്‍ നല്ലോരു വിഭാഗവും നോമ്പുനോക്കുന്നതില്‍ ഉത്സുകരാണ്. മത്സ്യമാംസാദികള്‍ മാത്രം ഉപേക്ഷിച്ചാല്‍ നോമ്പാകുമോ എന്നൊരു ചോദ്യം ഉയര്‍ന്നു വരുന്നു. പക, പിണക്കം, വാശി, മത്സരം, തുടങ്ങിയ കലകളില്‍ അഗ്രഗണ്യരായിരുന്നുകൊണ്ട് നോമ്പിനെ കൂട്ടുപിടിച്ചാല്‍ എന്തു ഗുണം. നോമ്പുകാലത്തെ ഈ പുരോഹിതരുടെ പ്രസംഗം കേട്ടാലോ .. കുളിരു കോരിപ്പോകും. കൂട്ടുകാരനെ തന്നെപ്പോലെ സ്‌നേഹിക്കേണമെന്ന്, നല്ല ശമര്യാക്കാരനാകണമെന്ന്, ഒരു കരണത്തിന് അടിയേറ്റാല്‍ മറ്റേതും കാണിച്ചുകൊടുക്കണമെന്ന്.. ഞാന്‍ യാക്കോബായോ ഓര്‍ത്തഡോക്‌സോ അല്ല. എന്നാല്‍ എന്റെ അടുത്ത ബന്ധുക്കള്‍ ഈ രണ്ടു വിഭാഗത്തിലും ഉണ്ട്. രണ്ടു കൂട്ടരുടെയും വീടുകളിലെ ചടങ്ങുകള്‍ക്കു  പോകാറുമുണ്ട്. അവരുടെ ആശങ്കകളും വാശിയും കണ്ടുമനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്.

ഒരു നൂറ്റാണ്ടു പഴക്കമുള്ള പള്ളിക്കേസിന് പരിസമാപ്തി കുറിയ്ക്കുവാന്‍ ഇനി ഒരു സര്‍ക്കാര്‍ വിചാരിച്ചാലേ കഴിയൂ എന്ന ദയനീയ നില . കീഴ്‌ക്കോടതി മുതല്‍ സുപ്രിം കോടതിവരെ പോയി കേസുകളിച്ച് ആയുസ്സ് കളഞ്ഞവരാണ് ഇരു കൂട്ടരും. മിടുമിടുക്കരായ വക്കിലന്‍മാര്‍ ഇവരുടെ കേസ് നടത്തി കോടീശ്വരന്‍മാരായി. കീശയില്‍നിന്ന് കോടികള്‍ ഒഴുകിപ്പോകുന്നത് അറിയുമ്പോഴും വാശി വിജയിക്കണമെന്ന പിടിവാശിയില്‍ യാക്കോബായക്കാരനും ഓര്‍ത്തഡോക്‌സുകാരനും മത്സരിച്ചു പാപ്പരാകുന്നു.
കേരളത്തിലെ ഇതര മതവിശ്വാസികള്‍ക്ക്  ഇവര്‍ പ്രാന്തെടുത്ത് മത്സരിക്കുന്നതിന്റെ ഗുട്ടന്‍സ് പിടികിട്ടുകയില്ല.
                              
സാറാമ്മ ജനിച്ചത് ഒന്നാന്തരം യാക്കോബായ കുടുംബത്തില്‍ . വിവാഹം കഴിപ്പിച്ചത് ഓര്‍ത്തകഡോക്‌സുകാരനായ അവറാച്ചനെക്കൊണ്ട്. ഇരു വിഭാഗത്തിലുംപെട്ട അച്ചന്‍മാര്‍ വിവാഹം ആശിര്‍വദിച്ചു. അങ്ങനെ അതുവരെ യാക്കോബായക്കാരിയായിരുന്ന മകള്‍ ഒറ്റനാള്‍കൊണ്ട്  ഓര്‍ത്തഡോക്‌സുകാരിയായി. നാലു മക്കളുമുണ്ടായി. രണ്ടു കുടുംബക്കാരുടെയും പളളികളിലെ പെരുന്നാളു കൂടി, ബന്ധുക്കളുടെ ശവമടക്കിനും നാല്‍പ്പതിനും സജീവമായി പങ്കെടുത്തു. അന്നൊന്നും ഒരു കുഴപ്പവുമില്ലായിരുന്നു. അങ്ങോട്ടിങ്ങോട്ട് പോക്കുവരവുമുണ്ടായിരുന്നു. പെട്ടെന്നാണ് അതുവരെ അടങ്ങിയൊതുങ്ങിക്കിടന്ന  പഴയ കരിമേഘം , അവരുടെ വിശ്വാസത്തിന്റെ  ആകാശത്ത് , വീണ്ടും ഉരുണ്ടുകൂടിയത്. അച്ചന്‍മാരും കോര്‍ എപ്പിസ്‌ക്കോപ്പമാരും തിരുമേനിമാരും സടകുടഞ്ഞു. പരമോന്നത കോടതിവരെ കേസുകെട്ടുമായി അക്കുകളിച്ചു. സാറാമ്മയുടെ ഇടവക പള്ളി നിയമയുദ്ധംവഴി തന്റേതാന്ന് അപ്പോള്‍ അവറാച്ചന്‍ പ്രസ്താവിച്ചു. അവറാച്ചന്‍ തങ്ങളുടെ പള്ളിയില്‍ കാലു കുത്തരുതെന്ന്  സാറാമ്മയുടെ ആങ്ങളമാര്‍. വിശ്വാസവഴക്കങ്ങനെ  മൂത്തപ്പോള്‍ , അവറാച്ചന്‍ ഒറ്റ കാച്ചുകാച്ചി.  
'എന്നാ യാക്കോബായക്കാരി പെങ്ങളെ  നിങ്ങളങ്ങ് കൊണ്ടുപൊക്കോ ..ഓര്‍ത്തഡോക്‌സുകാരനായ എനിക്കു ജനിച്ച മക്കളെ തന്നിട്ടുവേണം കൊണ്ടുപോകാന്‍ '.
സാറാമ്മയുടെ ആങ്ങളമാരുണ്ടോ വിടുന്നു.

 ' യാക്കോബായക്കാരി പ്രസവിച്ച  പിള്ളാരെ പപ്പാതി മുറിച്ചോ അളിയാ, രണ്ടെണ്ണം ഞങ്ങള്‍ യാക്കോബക്കാര്‍ക്ക്, രണ്ടെണ്ണം ഓര്‍ത്തഡോക്‌സിനുമിരിക്കട്ടെ. പള്ളി വഴക്കു  തീരുമ്പോ നമ്മള്‍ക്ക് പഴയതുപോലാകാം.. '.
 
അപ്പോള്‍ പിള്ളാര് നാലുംകൂടെ യാക്കോബായ അമ്മാച്ചന്‍ കൊണ്ടുവന്ന ഹലുവയും വട്ടയപ്പവും  മത്സരിച്ച് തിന്നുവാരുന്നു.
അളിയന്‍മാരുടെ കൊച്ചുവര്‍ത്തമാനം അതിരുവിടുന്നത് തിരിച്ചറിഞ്ഞ്  പൊറുതി മുട്ടിയ   സാറാമ്മ അന്നേരം ഒരു ചീറ്റപ്പുലിയായി അടുക്കയില്‍നിന്ന് പറന്നുവന്ന് ഒറ്റ ഡയലോഗ്.
     'എനിക്ക് അന്ത്യോഖ്യായും വേണ്ട, ദേവലോകവും വേണ്ട, മനസ്സമാധാനത്തോടെ മരിക്കുന്നതുവരെ ജീവിച്ചാല്‍ മതി. എന്റെ കുടുംബത്തെ വെട്ടിമുറിക്കാന്‍ വന്നാലുണ്ടല്ലോ എല്ലാത്തിനേം അരിഞ്ഞുകളയും ഞാന്‍..'
   
അളിയന്‍മാര് പരസ്പ്പരം നോക്കി.അപ്പോഴാ അവര്‍ക്ക് മുന്‍ബുദ്ധി ഉദിച്ചത്.
  ഇതാണ് സാധാരണ വിശ്വാസികളുടെ  മനസ്സ്. അവിടെ വിഷം കലക്കുന്നതാരാണ്. പുരോഹിതരോ, തിരുമേനിമാരോ..
ഒരേ വീട്ടില്‍ രണ്ടുകൂട്ടരുമുണ്ട്. ഈ സഭാക്കേസുകള്‍ അരങ്ങു തകര്‍ക്കുമ്പോഴും യാക്കോബക്കാരന്‍ ചെക്കന്‍ ഓര്‍ത്തഡോക്‌സുകാരി പെണ്ണിനെ മിന്നു കെട്ടുന്നു, മധുവിധു ആഘോഷിക്കുന്നു, ഗര്‍ഭം ധരിക്കുന്നു, പ്രസവിക്കുന്നു, മാമ്മോദീസ മുക്കുന്നു...വിശ്വാസവും കുടുംബജീവിതവും അതാതു വഴിയില്‍ മുന്നോട്ടു പോകുന്നു. പിന്നെ ആര്‍ക്കാണ് സൂക്കേട്.
 ദേവാലയംകൊണ്ടു രാജകീയമായി വാഴുന്ന കുറച്ചുപേര്‍ക്കാണ് സത്യത്തില്‍ അസുഖം. ഭരിക്കാന്‍ ,പണം പിടുങ്ങാന്‍, ശ്രദ്ധിക്കപ്പെടാന്‍ ഒരു വഴിയാണ് ഈ സഭാതര്‍ക്കം. ഒരു നാഴിയില്‍ മറ്റേ നാഴി ഒതുങ്ങില്ലല്ലോ !. ആര്‍ജ്ജവത്വമുള്ള , ദൈവത്തെ പേടിയുള്ള ഒരു പരമാധ്യക്ഷന് ഒറ്റ വാക്കു മതി ഈ പ്രശ്‌നം പരിഹരിക്കാന്‍. ആരും ആരുടെയും അടിമയാവേണ്ട. വിശ്വാസികളെ തമ്മിലടിപ്പിക്കില്ലെന്ന് തീരുമാനമെടുക്കാന്‍ ഒരു നിമിഷം മതി. പക്ഷേ ഒപ്പം നില്‍ക്കുന്ന കുറേ ഉപഗ്രഹങ്ങളുണ്ടല്ലോ അവര്‍ സമ്മതിക്കില്ല ഒന്നിനും.
കോട്ടയത്ത് രണ്ടുമൂന്നു വര്‍ഷങ്ങള്‍ക്കുമുമ്പ് യാക്കോബായവിഭാഗം നടത്തിയ വിശ്വാസപ്രഖ്യാപന റാലി റിപ്പോര്‍ട്ടുചെയ്യാന്‍ ഞാന്‍ പോയിരുന്നു. പക്ഷേ വര്‍ഷങ്ങള്‍ക്കിപ്പുറത്തും തമ്മിലടിയ്ക്ക് ഒരു മാറ്റവും ഇല്ല. രണ്ടുവര്‍ഷം മുമ്പ് ഞാന്‍ എന്റെ യുട്യൂബ് ചാനല്‍ തുടങ്ങിയപ്പോള്‍ സഭാപ്രശ്‌നം അതി രൂക്ഷമായിരുന്നു. എന്റെ ഒന്നാമത്തെ വീഡിയോ 'മണര്‍കാടു പള്ളിയും കൈവിട്ടുപോകുമോ  ' എന്ന തലക്കെട്ടിലുള്ളതായിരുന്നു. കേസുകളിച്ച് വിട്ടുകൊടുക്കേണ്ടിവന്ന് പഴയ ചില പള്ളികളുടെ അവസ്ഥ എന്താണെന്നറിയാന്‍ അക്കാലത്ത്  ഞാനൊരു പഠനം നടത്തി. ചില ദേവാലയങ്ങള്‍ നേരില്‍കണ്ട് വീഡിയോ ചെയ്തു. പരിതാപകരമെന്നല്ല, ശാപം പിടിച്ച കാഴ്ചയെന്നു പറയാതെ വയ്യ.
 
കൊല്ലം കുണ്ടറയിലുള്ള  സെന്റ് മേരിസ് യാക്കോബായ സിറിയന്‍ ചര്‍ച്ചിലെ കാഴ്ച അതി ദയനീയം. ഇറങ്ങിപ്പോകേണ്ടിവന്ന വിശ്വാസികള്‍ അടുത്ത് മറ്റൊരു പള്ളി പണിത് ആരാധന നടത്തുന്നു. പള്ളി വിട്ടുകിട്ടിയവരാകട്ടെ  ആ പള്ളിയിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. അവര്‍ക്കും വേറെ പള്ളിയുണ്ടല്ലോ.

തർക്കത്തെ തുടർന്ന് അനാഥമായ കുണ്ടറ സെൻ്റ്.മേരീസ് യാക്കോബായ സുറിയാനി ചർച്ചിൻ്റെ ദൃശ്യങ്ങൾ

ഫലത്തില്‍ ഒറ്റനാള്‍കൊണ്ട് ഒരു ദേവാലയും നാമാവശേഷമായി. തലേന്നുവരെ പ്രാര്‍ത്ഥനാഗീതികള്‍ മുഴങ്ങിയ , ധൂപം വീശിയ , വിശുദ്ധ കുര്‍ബ്ബാന നടന്ന പരിശുദ്ധ സ്ഥലം അനാഥമാക്കിയതിന് വന്നുവീഴുന്ന ശാപം ആര്‍ക്കുമേലാണ് പതിക്കുക ?.  കാലക്രമേണ ദേവാലയം  ഇടിഞ്ഞുപൊളിഞ്ഞു. മദ്ബഹയില്‍ പുല്ലും മരവും പടര്‍ന്ന് പാമ്പിന്‍ മാളമായി. തകര്‍ന്ന മാമോദിസതൊട്ടി  മൂകസാക്ഷ്യം പ്രഖ്യാപിച്ച് ഒരു മൂലയില്‍. ഒരു വശത്തു തെരുവു നായ പെറ്റു കിടപ്പുണ്ട്. ചേര്‍ന്നുള്ള ശ്മശാനത്തിലെ സിമന്റുസ്‌ളാബില്‍ തെരുവുവേശ്യകള്‍ രാക്കാലങ്ങളില്‍ സമ്മേളിക്കുന്നതിന്റെ ബാക്കിപത്രം - അടിവസ്ത്രങ്ങളും മറ്റും വലിച്ചെറിയപ്പെട്ട് കിടപ്പുണ്ട്. ഈ ദേവാലയം കള്ളന്‍മാരുടെയും തെരുവുവേശ്യകളുടെയും സമ്മേളനനഗരിയാക്കി മാറ്റിയതിന്റെ പാപഭാരം ആര് വഹിക്കും. 

മുഖത്തല സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനിപ്പള്ളിയിലേക്കും ഞാനന്ന് പോയിരുന്നു. ഡ്രാക്കുളക്കോട്ടപോലെ ഒരു പള്ളി. കാടും പടലും നിറഞ്ഞ അന്തരീക്ഷത്തില്‍ തലയുയര്‍ത്തി നിന്ന ദേവാലയത്തിനുള്ളില്‍ തകര്‍ന്നു തരിപ്പണമായ മദ്ബഹ കണ്ട് നെടുവീര്‍പ്പിട്ടു മടങ്ങാനേ കഴിഞ്ഞൂള്ളൂ. ഒരു ചോദ്യം മനസ്സില്‍ നിറഞ്ഞു. മനുഷ്യര്‍തമ്മില്‍ വാശി കാണിക്കുമ്പോള്‍ ദേവാലയങ്ങളെ അപമാനിക്കുന്നതെന്തിന് .

  മുഖത്തല സെൻ്റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി പള്ളി

കൈപ്പണിയായ ആലയത്തില്‍ ദൈവം വസിക്കുന്നില്ല എന്നത് ശരി തന്നെ. പക്ഷേ രണ്ടോ മൂന്നോ പേര്‍ തന്റെ നാമത്തില്‍ എവിടെ കൂടിയാലും അവരുടെ നടുവില്‍ താനുണ്ട് എന്ന് അരുള്‍ ചെയ്ത വചനപ്രകാരം നൂറുകണക്കിന് വിശ്വാസികള്‍ ഒത്തുകൂടി പ്രാര്‍ത്ഥിച്ച , ദൈവസാന്നിദ്ധ്യം നിറഞ്ഞുനിന്ന ദേവാലയമാണ് അതെന്ന് എന്തേ തിരുമേനിമാരും പുരോഹിതരും അല്‍മായരും മനപൂര്‍വ്വം മറക്കുന്നു. ഇന്നത്തെ സാമ്പത്തികം ഇല്ലാതിരുന്ന പഴയകാലത്ത് വളരെ കഷ്ടപ്പെട്ട്  കെട്ടിയുണ്ടാക്കിയ പള്ളി കുറുനരികള്‍ക്ക് കുടിപാര്‍ക്കാന്‍ വിട്ടുകൊടുത്തതിന്റെ പാപഭാരം ആരാണ് ഏറ്റെടുക്കുക. അത് ഓര്‍ത്തഡോക്‌സ്‌കാര്‍ ഏറ്റെടുക്കുമോ അതോ യാക്കോബായക്കാര്‍ സ്വന്തമാക്കുമോ..
     
 മരിച്ചുകഴിഞ്ഞാലും കാരുണ്യം കാണിക്കാത്ത മനസ്സ് ക്രിസ്ത്യാനിക്കുണ്ട്. ആലപ്പുഴ ജില്ലയിലെ ഒരു വൃദ്ധ മരിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാന്‍ പോയത് മറക്കാന്‍ പറ്റുന്നില്ല. തര്‍ക്കത്തിലിരിക്കുന്ന പള്ളിയുടെ സെമിത്തേരിയില്‍ അടക്കാന്‍ അനുവാദമില്ലാത്തതിനാല്‍ മുറ്റത്ത് താത്ക്കാലികമായി സെല്ലുപോലെ ഉണ്ടാക്കി അടക്കംചെയ്ത് അധികൃതരുടെ ദയ പ്രതീക്ഷിച്ച്  മക്കളും ബന്ധുജനങ്ങളും ആ വീട്ടില്‍ കണ്ണീരോടെ കാത്തിരുന്നത് ഒരു മാസത്തിലധികമാണ്. അനിശ്ചിതാവസ്ഥയുടെ ആ ദിവസങ്ങളിലെ അവരുടെ അന്ത:ക്ഷോഭം കണ്ട് നടുങ്ങിപ്പോയി. നിയമപ്രകാരം അനുവാദം കിട്ടിയപ്പോള്‍ അമ്മയുടെ ശരീരം മുറ്റത്തുനിന്നെടുത്ത് കുടുംബക്കല്ലറയില്‍ മക്കള്‍ അടക്കം ചെയ്തു.
             
ക്ഷമിക്കാനും മറക്കാനും പറഞ്ഞ ക്രിസ്തുവിന്റെ പിന്‍ഗാമികളാണ് ഇത്തരം നാണംകെട്ട കാഴ്ചകള്‍ക്കു പിന്നിലെന്നത് പറയാതെ വയ്യ. നാലുവിരല്‍ നീളം മാത്രമുള്ള മനുഷ്യജീവിതത്തില്‍ എന്തിനാണ് നമ്മളിങ്ങനെ വൃഥാ മത്സരിക്കുന്നത്. പള്ളിയുടെ പേരില്‍ അടിച്ചു പിരിയുമ്പോള്‍ ഒന്നു നമ്മള്‍ മറക്കുന്നു. പ്രബലനായ ഒരു പൊതുശത്രു കടന്നുവരുമ്പോള്‍ എങ്ങനെ നാം ഒത്തുനില്‍ക്കും ?.
 
എന്റെ ഭര്‍ത്താവിന്റെ അമ്മായി മംഗലംഡാമിലാണ് താമസം. അവര്‍ യാക്കോബായക്കാരാണ്. കഴിഞ്ഞദിവസം അമ്മായിയുടെ മകള്‍ പറഞ്ഞു. ഞങ്ങളുടെ പള്ളിയും വിട്ടുകൊടുക്കേണ്ടിവരും, പുതിയ പള്ളി പണിയാന്‍ പിരിവു തുടങ്ങി എന്ന്. ഇനി എത്രകോടി പിരിച്ചാലാണ് ഒരു പള്ളിയുണ്ടാവുക.. അതും മറ്റ േവിഭാഗത്തിന്റെ മുന്നില്‍ തലയെടുപ്പുള്ള പള്ളി പണിയേണ്ടേ.. കുടിയിറക്കപ്പെടുന്ന പള്ളി കുടിയേറ്റക്കാരായ കര്‍ഷകര്‍ പണ്ട് കഷ്ടപ്പെട്ടുണ്ടാക്കിയ ദേവാലയമാണ്. അവരുടെ രക്തവും വിയര്‍പ്പും ചേര്‍ത്തു കുഴച്ചുണ്ടാക്കിയ പള്ളി.. അവിടെനിന്നാണ് കണ്ണീരോടെ ഇറങ്ങേണ്ടി വരുന്നത്. മറു വിഭാഗത്തിനും ന്യായാന്യായങ്ങള്‍ നിരത്താനുണ്ട്..
     
പക്ഷേ ഇരുവിഭാഗങ്ങളിലെയും മേലദ്ധ്യക്ഷന്‍മാരില്‍ ഒരാള്‍ മനസ്സുവച്ചാല്‍ ആ നിമിഷം തീരാനുള്ളതേയുള്ളൂ ഈ പ്രശ്‌നം. ക്രിസ്ത്യാനി തന്നെ ക്രിസ്ത്യാനിയുടെ ആരാധനാ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നാണം കെട്ട കാലത്താണല്ലോ ഭഗവാനേ ഞാന്‍ ജീവിക്കുന്നത് എന്ന്  മനസ്സ് അമ്പരക്കുന്നു. എല്ലാവരും സ്വര്‍ഗത്തിലേക്കു പോകാനിരിക്കുവാ .. അവിടെ എങ്ങനാണോ എന്തോ..ഓരോ വിഭാഗത്തിനും പ്രത്യേകം പ്രത്യേകം മതിലോ കയറോ കെട്ടി തിരിച്ചിട്ടിട്ടുണ്ടാവുമോ ആവോ..!.

# The church dispute that defeated the Lord

Join WhatsApp News
Kerala Christian 2023-03-13 02:22:05
It is true that there is no Jesus in the Christian community of Kerala. They are fighting for silly things. The Catholic fighting at Ernakulam for facing back or front. The Jacobite and Orthodox are fighting for buildings. Where is the teaching of Jesus's love?
Jayan varghese 2023-03-13 07:33:23
ക്രിസ്ത്യാനിറ്റിയെ പുറംതള്ളിയ ലോകം പുരോഹിത മതങ്ങളെ സ്വീകരിച്ചു ! കമ്യൂണിസത്തെ പുറംതള്ളിയ ലോകം കാപ്പിറ്റലിസത്തെ സ്വീകരിച്ചു ! മനുഷ്യന് പിൻപറ്റാൻ പുതിയ റോൾമോഡലുകൾ വേണം - ജയൻ വർഗീസ് .
Blessings ! 2023-03-13 15:23:36
We already know that our Lord has won the victory for us , waiting and working for all of us too, to claim same ever more deeply , as good and holy relationships - with our Lord and each other , with memories and lives purified, cleansed for the virginal purity in The Blood , to bring true joy in hearts - in trust of being worthy of an all Holy God .Precious light on such - in the witty and timely talks by the exorcist priest - Rev.Fr . Jim Blount on our 'troubling' times - good for all who are truly seeking The Truth , free from corrupted hearts intent on misleading others - https://www.youtube.com/watch?v=xLWusyh8okY.. and on this 10th anniv. of the Holy Father , his words with Fatherly wisdom and Love - on a God who loves us such that He thirsts for our love as we too do - yet , often searching for same in wrong places and ways, leaving us more thirsty, bitter , cynical .. ..https://sites.google.com/view/popefrancishomilies-/news/2023-03 - God who has shown such order and beauty in creation , also has set order in families and Churches , thus priesthood too - through whom He Wills to make His Sacramental Presence possible .. human weaknesses and betrayals not meant to nullify same , instead to struggle to ever deepen that order .. .. the struggles in all The Churches are mostly in the realm of how to be truly faithful to what The Lord Wills ..true , human blindness, from greed etc : too makes the struggles harder ..may all the children of The Mother trust that our prayers , tears , struggles - in her Immaculate Heart gets tranformed , joined to her tears and joys to make them perfect and acceptable in The Lord - to bring forth more oneness in The Will for all - for us too , to have a glimpse of the joy of heaven , where she along with all in heaven , already see the endless eternal Joy of each destined for same - may sam be for all of His children - Adam to the last , trusting that God can honor such intention which is in oneness with His own Will , even as He still could allow human will and its abuse of freedom not to be nullified .. May our Mother bring all the persons afflicted by negative spirits unto The Lord ,esp. unto His days of fasting and prayer in the desert , for enemy kingdoms to be driven out so that grieving hearts , ruined lives , churches and all get New Life in The Spirit . Blessings !
Jacob 2023-03-13 16:49:43
Such sorry state of affairs between these two denominations. This is not about faith, but for power, prestige and property rights. Our beloved sister Jolly explained the current situation (with photos) far better than any journalist could do. Thanks for that. Mark. 8 Verses 36-37 [36] For what shall it profit a man, if he shall gain the whole world, and lose his own soul? [37] Or what shall a man give in exchange for his soul? Many believers want peaceful solutions, but unable to convince the religious authorities of the goodness of such actions. Shame on those religious authorities.
Ninan Mathullah 2023-03-14 11:51:48
Very powerful words indeed!. Hope authorities concerned will open their eyes.
Varghese Parambath 2023-03-15 15:12:24
It is a powerful report I hope people read and understand. God bless.
No to Orthodox 2023-03-15 15:55:33
വിശ്വാസികളെ കിട്ടാതെ പള്ളി കിട്ടിയാൽ ഇതായിരിക്കും അനുഭവം. പള്ളി ദ്രവിച്ച് നശിക്കും. അതുകൊണ്ട് കോടതി വിധിയുടെ മഹത്വം പറയാതെ എതിര്വിഭാഗത്തിലെ ആളുകളെ കൂടെ കൂട്ടാൻ നോക്ക്. അവർ പള്ളി വിട്ടു തന്നാൽ തന്നെ പോയി വേറെ പള്ളി വയ്ക്കും. അത് കൊണ്ട് ഓർത്തഡോക്സ് സഭക്ക് എന്ത് ഗുണമാണുള്ളത്? അവരുടെ പള്ളിയും സ്ഥാപനങ്ങളും അവർക്ക് എന്ന് കരുതുക. അത് നിങ്ങളുടേതല്ലല്ലോ.കോടതി തെളിവ് മാത്രമാണ് നോക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക