Image

അഴികണ്ണിത്തോട് (ഭാഗം 3:  രാജേന്ദ്രൻ ത്രിവേണി

Published on 13 March, 2023
അഴികണ്ണിത്തോട് (ഭാഗം 3:  രാജേന്ദ്രൻ ത്രിവേണി

ആദ്യമായി മുട്ടയ്ക്കുള്ളിലെ നരച്ച വെളിച്ചത്തിൽ നിന്ന് തോടു പൊട്ടിച്ച് പകലിനെക്കണ്ട കാഴ്ച മനസ്സിലുണ്ട്.
അന്ന്, അമ്മ കൂട്ടിനുണ്ടായിരുന്നു. ആദ്യം പടം പൊഴിഞ്ഞ നാൾവരെ അമ്മയ്ക്കൊപ്പമായിരുന്നു. പിന്നീടാണ്
തനിച്ചു പുറത്തിറങ്ങാൻ തോന്നിയത്. കൂട്ടുകാരും നാട്ടുകാരുമുണ്ടായത്.

എന്റെ ആദ്യത്തെ ശത്രു ഒരു വെള്ളരി കൊക്കായിരുന്നു. ഒരിയ്ക്കൽ പരൽമീനുകൾക്കൊപ്പം കള്ളനും പോലീസും കളിച്ചുകൊണ്ടിരുന്നപ്പോൾ, എനിക്കുനേരെ രണ്ടു വെളുത്ത ചിറകുകൾ വീശിയടുത്തു. കണ്ണടച്ചു തുറക്കുന്നതിനു മുമ്പേ, എന്റെ നെഞ്ചിൽ എന്തോ അമരുന്നതായി തോന്നി. എന്നെയാരോ വെള്ളത്തിൽനിന്നു പൊക്കി വലിക്കുന്നു. ഞാനാകാശത്തിലേക്കുയർത്തപ്പെട്ടു. എന്നെ കൊത്തിയെടുത്തുകൊണ്ട് വെള്ളരി കൊക്ക് പറക്കുകയായിരുന്നു.

 

മുളയിനിക്കുന്നേൽ പാടവരമ്പിലേക്ക് താഴ്ന്നിറങ്ങി എന്നെ വരമ്പിൽ വെച്ച് ഒറ്റക്കാലുകൊണ്ട് ചവിട്ടിപ്പിടിച്ചു കൊത്താൻ തലതാഴ്ത്തുമ്പോൾ ആരുടെയോ എയർഗണ്ണിൽനിന്ന് ഒരു വെടി മുഴങ്ങി. തീറ്റി മറന്ന് കൊക്ക് പറന്നു.
ഞാൻ പെട്ടെന്നു നീന്തി തോട്ടിൽ ചാടി മൂന്നു തോട്ടിലെ ഇഞ്ചപ്പൊന്തയ്ക്കുള്ളിൽ ഒളിച്ചു.

ശ്വാസം പോലും മുഴുവൻ എടുക്കാൻ കഴിയാതെ പേടിച്ചു വിറച്ചുകൊണ്ട് അവിടെ തളർന്നു കിടന്നപ്പോൾ അരികിലൊരു തൂവൽ മർമരം. കണ്ണുകൾ പതിയെ തുറന്നു നോക്കുന്നതിനിടയിൽ
മൃദുസാന്ത്വനം പോലെ ഒരു നാദം:

 

"പുളവൻചേട്ടാ, എന്താ പറ്റിയത്? വിറക്കുന്നതെന്തിനാ?"

അത് കുളക്കോഴിപ്പെണ്ണ് മുണ്ടിയായിരുന്നു. അവളെ പലപ്പോഴും വഴിക്ക് കണ്ടുമുട്ടാറുള്ളതാണ്. ആ കൊഞ്ചിക്കുഴയലും കുലുങ്ങിനടത്തവും അത്ര ഇഷ്ടപ്പെടാത്തതുകൊണ്ട് മനപ്പൂർവം ലോഹ്യം നടിക്കാതിരുന്നതാണ്.
അവളിതാ, ആപത്തുകാലത്ത് ഒരു സഹായത്തിനെത്തിയിരിക്കുന്നു.

"ഒന്നും പറയേണ്ട പെണ്ണേ, ഒരാപത്തിൽ നിന്ന് രക്ഷപെട്ടു കിടക്കുവാ. പേടി മുഴുവൻ മാറിയിട്ടില്ല. അതുകൊണ്ടാ വിറയ്ക്കുന്നത്."

 

"അയ്യയ്യോ, എന്താ ചേട്ടാ പറ്റിയത്?"

"ആ വെള്ളരി കൊക്ക് എന്നെ തിന്നൊടുക്കിയേനെ, ഭാഗ്യത്തിന് ആരോ വെടിവെച്ചപുകൊണ്ട് വിട്ടിട്ടോടിയതാ."

"അല്ലേലും അവളൊരഹങ്കാരിയാ. പൂറത്തു വെളുപ്പുണ്ടന്നെയുള്ളു. അകം കറുപ്പാ. നോക്കി തപസ്സിരിക്കുകയല്ലേ പാവങ്ങളെ കൊത്തിവിഴുങ്ങാൻ!"

 

"ചേട്ടൻ പേടിക്കേണ്ട, ഈ മാളത്തിലേക്കു കേറി കിടന്നാട്ടെ, ഞാൻ കഴിക്കാനെന്തെങ്കിലും എടുക്കാം..."

"ഉപകാരം, പെണ്ണേ, നിന്റെ നന്മ തിരിച്ചറിയാൻ വൈകിപ്പോയി..."

അന്നുമുതൽ സ്വന്തമായി കൂടെക്കൂട്ടിയതാണ് മുണ്ടിയെ, ജീവിതാവസാനംവരെയുള്ള കൂട്ടിന്.

 

( തുടരും…)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക