Image

ഫോമാ വിമൻസ് ഫോറത്തിന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം 'മൈത്രേയി' ഹൃദ്യമായി

സിൽജി ജെ ടോം Published on 13 March, 2023
ഫോമാ വിമൻസ് ഫോറത്തിന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം 'മൈത്രേയി' ഹൃദ്യമായി

ഫോമാ വിമൻസ് ഫോറത്തിന്റെ അന്താരാഷ്ട്ര വനിതാ ദിനാഘോഷം 'മൈത്രേയി' വിവിധ പരിപാടികളോടെ സൂമിൽ  നടന്നു .  വ്യാഴാഴ്ച്ച  രാത്രി 8: 30 മുതൽ നടന്ന ചടങ്ങിൽ വനിതാ ഫോറം ചെയർ സുജ ഔസോ അധ്യക്ഷയായി.

കേരളത്തിൽ നിന്ന് ദലീമ ജോജോ എം.എൽ.എ, നടിയും മെയ്‌ക്ക്  എ വിഷ് ഫൗണ്ടേഷൻ  അംഗവുമായ സീമ നായർ,  2022-ലെ മിസ് കേരളയും മോഡലുമായ ലിസ് ജയ്മോൻ ജേക്കബ് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത്  ആശംസകൾ നേർന്നു. ഫോമാ വിമൻസ് ഫോറം വൈസ് ചെയർ മേഴ്‌സി സാമുവേൽ സ്വാഗതം പറഞ്ഞു .

ഫോമാ വനിതാ ദിന പരിപാടികൾ ഉദ്‌ഘാടനം ചെയ്ത ദലീമ ജോജോ എം എൽ എ, അമ്മയായിരുന്നു എന്നും തന്റെ വഴികാട്ടിയെന്ന് അനുസ്മരിച്ചു  . സ്ത്രീ ഇന്ന് പിന്നാമ്പുറങ്ങളിലല്ല, കലാ ,കായിക, രാഷ്ട്രീയ, വ്യാവസായിക മേഖലകളിലൊക്കെയും സ്ത്രീ   മുന്നോട്ട് കുതിക്കുകയാണ് . അവൾ നിശ്ശബ്ദയായിരുന്ന പഴയ കാലങ്ങളിൽ പോലും പ്രതിഭാധനരും  ശക്തരുമായ എത്രയോ പേരെയാണ് പിന്നണിയിൽ നിന്ന്  സമൂഹത്തിനും നാടിനും ലോകത്തിനുമായി മെനഞ്ഞെടുത്ത് നൽകിയത് .  

വേറിട്ട വഴികളിലൂടെ സ്ത്രീകൾ നടക്കട്ടെ, പുതിയ കാര്യങ്ങൾ ചെയ്യട്ടെ. ശക്തരായ ഓരോ സ്ത്രീക്ക് പിന്നിലും ഏറെ പിന്തുണ നൽകുന്ന ഒരു പുരുഷനുണ്ടാവും. സ്ത്രീ, സമൂഹത്തിന്റെ വിളക്കാണ്. സാധാരണക്കാർ എന്ന് നമ്മൾ കരുതുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോലും എത്രയോ  ശക്തരാണ്. സ്ത്രീ  പകരുന്ന വെളിച്ചം ഈ ലോകത്തെ തന്നെ മാറ്റിമറിക്കട്ടെ',  ദലീമ ജോജോ എം എൽ എ ആശംസിച്ചു . 

ഇതേ ദിവസം ജന്മദിനം ആഘോഷിക്കുന്ന വനിതാ ഫോറം ചെയർ സുജ ഔസോയ്ക്ക് ആശംസകൾ നേർന്ന് എം എൽ എ ഒരു ഗാനത്തിന്റെ ഈരടികൾ  ആലപിച്ചു.

തുടർന്ന് ആശംസകൾ നേർന്ന പ്രശസ്ത നടിയും   ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ജന മനസുകളിൽ ഇടം കണ്ടെത്തിയ വ്യക്തിയുമായി  സീമ ജി നായർ കരുണയാർന്ന മാതൃകകളിലൂടെ തന്റെ ജീവിതത്തിന് മാതൃകയായ അമ്മയാണ് എന്നും തന്റെ റോൾ മോഡൽ എന്ന് ചൂണ്ടിക്കാട്ടി.

രോഗം നൽകിയ കഠിന വേദനയിൽ പുളയുമ്പോഴും തന്റെ തൊഴിലിനോട് ആത്മാർത്ഥത പുലർത്തിയ  അമ്മയുടെ ജീവിതത്തിലൂടെ സീമ ജി നായർ നടന്നത് ഹൃദയങ്ങൾ തൊടുന്ന അനുഭവമായി. ജോലി ചെയ്തു കിട്ടുന്ന തുച്ഛമായ ശമ്പളവുമായി എത്തുന്ന അമ്മയെ കാത്ത് ഒരു ജനപ്രതിനിധി വരുമ്പോഴുള്ള തിരക്കായിരുന്നു ഒന്നുമില്ലായ്മയിലൂടെ കടന്നുപോയ അക്കാലത്തും തങ്ങളുടെ വീട്ടുമുറ്റത്ത്. അമ്മ പകർന്നിട്ട പങ്ക് വെക്കലിന്റെ സന്ദേശം ചൂണ്ടിക്കാട്ടി സീമ നായർ  പറഞ്ഞു. സ്ത്രീകൾ ഒന്ന് ചേർന്നാൽ നല്ല ഒരുപാട് കാര്യങ്ങൾ ചെയ്യാനാവുമെന്ന് അവർ പറഞ്ഞു.

 'നിങ്ങളിൽ തന്നെ വിശ്വസിക്കുക, ഏറെ സ്വപ്‌നങ്ങൾ കാണുക, കഠിനാധ്വാനം ചെയ്യുക, ആത്മ  വിശ്വാസമുണ്ടെങ്കിൽ ആഗ്രഹങ്ങൾക്കൊപ്പം നിങ്ങൾക്ക് ഉയരാൻ കഴിയും,  സ്വപ്നങ്ങൾക്കൊപ്പം നടക്കാൻ കഴിയും'. ആത്മ  വിശ്വാസമില്ലാതിരുന്ന പഴയ നാളുകളിൽ നിന്ന് ചെറിയ പ്രായത്തിലേ  നേട്ടങ്ങളുടെ കൂട്ടുകാരിയായ -യുവതലമുറയുടെ ശബ്ദം - മിസ് കേരള 2022 ലിസ് ജയ്‌മോൻ ജേക്കബിന്റെ സന്ദേശം  ഏറെ പ്രചോദനമുണർത്തുന്നതായി.  

ഇലക്ഷനില്ലാതെ നേതൃവഴികളിൽ ഒരുമിച്ച്  കൂടെ നടക്കാൻ, ഒരുമിച്ച് പ്രവർത്തിക്കാൻ  തീരുമാനിച്ച തങ്ങളുടെ ടീമിന് മുൻ ഭാരവാഹികൾ നൽകുന്ന പിന്തുണയും സ്നേഹവും എന്നും പ്രചോദനമാണെന്നും അവരെ മാതൃകയാക്കുന്നുവെന്നും  വാക്കുകളിൽ ഊർജം നിറച്ച് സെക്രട്ടറി രേഷ്മ രഞ്ജൻ  പറഞ്ഞു. 

 ജഡ്ജ് ജൂലി മാത്യു  വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു. ഫോമാ ജോയിന്റ് സെക്രട്ടറി ഡോ  ജയ്മോൾ ശ്രീധർ ഒരു  സ്ത്രീയുടെ വിജയം മറ്റൊരു സ്ത്രീയ്ക്ക് പ്രചോദനം ആവട്ടെ എന്ന് ആശംസിച്ചു. മുന്നോട്ട് വരാൻ ആരെങ്കിലും ആവശ്യപ്പെടാൻ  കാത്ത് നിൽക്കാതെ സ്വയം മുന്നോട്ട് വരിക , ഒരുമിച്ച് നിന്ന് പരസ്പരം ഉയരങ്ങൾ കീഴടക്കാം, ഡോ .ജയ്മോൾ ആഹ്വാനം ചെയ്തു. 

വിമൻസ് ഫോറം പ്രഥമ ചെയർ  ഗ്രേസി ജയിംസ്  മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന ഫോറം പ്രവർത്തനങ്ങളിൽ സന്തോഷവും ആശംസകളും അറിയിച്ചു .

ജീവിതത്തെ വരിഞ്ഞുമുറുക്കിയ നിസഹായതയുടെയും തകർച്ചകളുടെയും നാളുകളിൽ നിന്ന് ഏക മകൾക്കൊപ്പം പൊരുതിക്കയറിയ നേട്ടങ്ങളുടെ ജീവിത വഴികൾ നാല്  വർഷം  OHM ബോർഡ് പ്രസിഡന്റായിരുന്ന് നിലവിൽ ട്രഷററായ  UCI നഴ്സ് മാനേജർ  രമ നായർ പങ്ക് വച്ചു . ആത്‌മവിശ്വാസവും ദൃഡനിശ്ചയവും ഉണ്ടെങ്കിൽ സ്ത്രീകൾക്ക് വിജയം നേടാനാകുമെന്ന്  രമാ  നായർ പറഞ്ഞു.

'ജോയ് ത്രൂ യുവർ ലെൻസ് ' എന്ന പേരിൽ ഫോമാ നടപ്പാക്കുന്ന വിമൻസ് ഡേ ഫോട്ടോഗ്രഫിക് മത്സരം 'ചിത്ര' ത്തിനും വനിതാ ദിന ആഘോഷ വേളയിൽ തുടക്കമായി.  ട്രഷറർ സുനിതാ പിള്ള മത്സരത്തെ കുറിച്ച് വിശദീകരിച്ചു. 250 ഡോളർ , 150 ഡോളർ, 100 ഡോളർ എന്നിങ്ങനെ മത്സരത്തിനുള്ള സമ്മാനങ്ങൾ സ്‌പോൺസർ ചെയ്യപ്പെട്ടതായും  അവർ അറിയിച്ചു. ഫോട്ടോഗ്രഫിക് മേഖലയിൽ  തിളക്കമാർന്ന പ്രകടനവുമായി മുന്നേറുന്ന,  ബോസ്റ്റണിൽ താമസിക്കുന്ന പ്രശസ്ത ആർട്ടിസ്റ്റ് ദീപ ജേക്കബ്, സ്‌മൈൽ ബീസ് നെറ്റ് വർക് സ്ഥാപകൻ കാനഡയിൽ താമസമാക്കിയ എസ് എൽ ആനന്ദ് എന്നിവർ  വിധികർത്താക്കളാകുന്ന മത്സരത്തിന് ഫോമയുടെ ഗൂഗിൾ ഫോമിലേക്ക് ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാം. മാർച്ച് 22 വരെയാണ് മത്സരത്തിന് ചിത്രങ്ങൾ സ്വീകരിക്കുക.

ആശംസകൾ നേർന്നു സംസാരിച്ച ഫോമാ പ്രസിഡന്റ് ഡോ.ജേക്കബ് തോമസ് വനിതാദിനത്തിന്റെ തുടക്കകാലത്തെ കുറിച്ച് പറഞ്ഞു. വനിതകളുടെ യഥാർത്ഥ പ്രശ്നങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കാൻ സാധിക്കട്ടെയെന്ന് സെക്രട്ടറി ഓജസ് ജോൺ ആശംസിച്ചു .  കേരള കൺവെൻഷനോടനുബന്ധിച്ച് 30 നിർധന വിദ്യാർത്ഥികളുടെ  ഉന്നത  പഠനത്തിന്  നൽകുന്ന സഹായമടക്കം ചാരിറ്റി പ്രവർത്തനങ്ങൾ ഫോമാ  വനിതാ ഫോറത്തിന്റെ മുഖ മുദ്രയാണെന്ന് ട്രഷറർ ബിജു തോണിക്കടവിൽ പറഞ്ഞു.

പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സുജ ഔസോ ,മേഴ്‌സി സാമുവേൽ, അമ്പിളി സജിമോൻ, രേഷ്മ രഞ്ജൻ , സുനിത പിള്ള , ടീന ആശിഷ് , ശുഭ അഗസ്റ്റിൻ എന്നീ വനിതാ നിരയെ അദ്ദേഹം പ്രശംസിച്ചു . ഫോമാ വനിതാ ഫോറത്തിന്റെ  ശക്തമായ പ്രവർത്തനങ്ങളെക്കുറിച്ചും   ലോകത്ത് ശക്തി തെളിയിച്ച വനിതകളെ പരാമർശിച്ചും  ഫോമാ വൈസ് പ്രസിഡന്റ്  സണ്ണി വള്ളിക്കളം ഹൃദ്യമായി  പറഞ്ഞു. ഫോമാ ജോയിന്റ് ട്രഷറർ  ജയിംസ് ജോർജിന്റെ ആശംസ  മാതൃ സ്മരണകളുമായി ഹൃദയം തൊടുന്നതായി  . 

 പ്രീതി സായൂജിന്റെ ഗാനങ്ങൾ സ്വരമാധുരിയാൽ ഹൃദയങ്ങൾ കീഴടക്കി. ന്യൂയോർക്ക് നാട്യമുദ്ര സ്കൂൾ ഓഫ് ആർട്സിലെ ശ്രുതി , ദ്രുതി, ജെയ്ന , കെസിയ, ദിവ്യ, സ്നേഹ എന്നീ കുട്ടികളുടെ  ഡാൻസും  പ്രീന, ബിന്ദു, സൗമ്യ എന്നിവരുടെ  ജൂം ഡാൻസും പരിപാടികൾക്ക് നിറം പകർന്നു . വൈസ് ചെയർ മേഴ്‌സി സാമുവേലിന്റെ പുത്രൻ ആരൻ സാമുവേലിന്റെ   ഗാനാലാപനവും ഹൃദ്യമായി.

വിമൻസ് ഫോറം നാഷണൽ കോ ഓർഡിനേറ്റർ അമ്പിളി സജിമോന്റെ  കൃതജ്ഞതയോടെ പരിപാടികൾ സമാപിച്ചു .വിമൻസ് ഫോറം ജോ. ട്രഷറർ ടിന ആശിഷ് എം സിയായി . 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക