StateFarm

പ്രവാസ മാനസം (കഥ: നൈനാൻ വാകത്താനം)

Published on 13 March, 2023
പ്രവാസ മാനസം (കഥ: നൈനാൻ വാകത്താനം)

മിന്നി മറയുന്ന കെട്ടിടങ്ങൾ, പല നിറത്തിലും വലിപ്പത്തിലുമായി കുലച്ചു നിൽക്കുന്ന ഈന്തപ്പനകൾ, വെള്ളി വെളിച്ചം വിതറി നിൽക്കുന്ന കൂറ്റൻ വൈദ്യുതി തൂണുകൾ ഇവഒക്കെ താണ്ടിയുള്ള ബസ് യാത്രയിലാണ് അവരിൽ ഒരാളായി അയാളും.

രാവിലെ ആറിന് ജോലിക്ക് കയറാനുള്ള തൊഴിലാളികളെയും വഹിച്ചുകൊണ്ടുള്ള നിർമ്മാണ സൈറ്റിലേക്കുള്ള കമ്പനി ബസ് എൺപതു കിലോമീറ്റർ സ്പീഡിൽ യാത്ര  തുടരുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ തണുത്തുറഞ്ഞ മനസ്സുമായി അന്നത്തെ ജോലിക്ക് ഉള്ള യാത്രയിൽ ബസ്സിലെ ഭൂരിഭാഗം തൊഴിലാളികളും നല്ല ഉറക്കത്തിലാണ്.

നാട്ടിൽ കോഴി കൂവുന്നത് കേട്ട് ഓരോ ദിവസവും നേരം പുലരുമ്പോൾ പ്രവാസിയാകുന്ന തൊഴിലാളിയുടെ ഓരോ ദിവസവും നേരം പുലരുന്നത് പോറൽ വീണ മൊബൈൽ ഫോണിൽ നിന്നും കേൾക്കുന്ന നെഞ്ച് പൊട്ടുന്ന ശബ്ദത്തിൽ അടിക്കുന്ന അലാറം കേട്ടുകൊണ്ടാണ്.

തലേന്ന് ജോലി കഴിഞ്ഞുവന്ന ക്ഷീണത്തിൽ രാത്രി ഏറെ വൈകി  കിടക്കുകയും ഉറങ്ങി മതിയാകുന്നതിനു മുൻപേ വെളുപ്പിനെ ഉണരുകയും ചെയ്യുമ്പോൾ രാത്രി കണ്ട കിനാക്കൾ പലരുടെയും മനസ്സിൽ നിന്നും മറയുവാൻ വെമ്പൽ  കൊള്ളുന്നുണ്ടാവും.

സ്റ്റീലിന്റെ ചളുങ്ങിയ ചായ ക്ലാസ്സിൽ തിളച്ച വെള്ളമൊഴിച്ച് ഉണ്ടാക്കിയ കട്ടൻചായയും പകുതി കുടിച്ച്  റെയിൽവേ പ്ലാറ്റ്ഫോമിൽ ബാഗും തൂക്കി  ഏതോ ട്രെയിൻ കാത്തു നിൽക്കുന്നവരെ പോലെ ഇടത് കൈയ്യിൽ പൊട്ടിയ പെയിന്റുംപാത്രമാകുന്ന ബക്കറ്റിൽ  വെള്ളവും തൂക്കി വലതു കൈയ്യിൽ തൂത്ത് ബ്രഷ് പിടിച്ച് പല്ലും തേച്ചുകൊണ്ട്  പ്രഭാതകൃത്യങ്ങൾക്കായി ബാത്ത്റൂമിന് മുന്നിൽ തന്റെ ഊഴത്തിനായി  വരി നിന്ന് കാര്യങ്ങൾ സാധിച്ച് തിരിച്ചുവന്ന് ബാക്കിവെച്ച കട്ടൻചായയും കുടിച്ച്   പ്രഭാത  ഭക്ഷണവും ഉച്ചഭക്ഷണവും  ഉണ്ടാക്കി  പുറപ്പെടാൻ  ഉള്ള സമയം കഴിഞ്ഞ് രണ്ട് മിനിറ്റ് കഴിഞ്ഞിട്ടും കാണാത്തതിനാൽ ഉച്ചത്തിൽ ഹോൺ മുഴക്കി ഇരപ്പിച്ച് നിർത്തിയിരിക്കുന്ന കമ്പനി ബസ്സിന്റെ  ഡ്രൈവറായ പാക്കിസ്ഥാനിയുടെ ഉച്ചത്തിലുള്ള ഹിന്ദിയിലുള്ള ചീത്തയും കേട്ട്  ബസ്സിൽ ഓടിച്ചെന്ന് കയറി പുറകിലെ സീറ്റിലേക്ക് നടക്കുമ്പോൾ ഒരു യുദ്ധം  കഴിഞ്ഞ പ്രതീതിയാണ്. ഒപ്പം അടുത്ത യുദ്ധത്തിന് ഉള്ള പുറപ്പെടലും.

പണി സൈറ്റിലേക്ക് പുറപ്പെടുമ്പോൾ ബസ്സിൽ അങ്ങോട്ടും ഇങ്ങോട്ടമുള്ള യാത്രയിലാണ് ബാക്കിയാകുന്ന ഉറക്കം  ഉറങ്ങി തീർക്കുന്നത്. പക്ഷേ അയാൾക്ക് മാത്രം ആ യാത്രയിൽ  ഉറക്കം വന്നില്ല.

ഫോണിലെ അലാറം അയാളെ വെളുപ്പിനെ  മൂന്നുമണിക്ക് എഴുന്നേൽപ്പിക്കുന്നതാണ്.
അല്ലെങ്കിൽതന്നെ പലവിധ ചിന്തകളാൽ ഉണർന്നുറങ്ങി   കിടക്കുന്ന അയാൾക്ക് ഫോണിലെ അലാറം  ഒരു പതിവ് ശൈലി മാത്രം. അലാറം സെറ്റ് ചെയ്ത് വെച്ചിരിക്കുന്നത് കൊണ്ട് ഫോൺ അതിന്റെ ഉത്തരവാദിത്വം നിറവേറ്റുന്നു എന്ന് മാത്രം. കാരണം അയാൾ വെളുപ്പിനെ മൂന്നുമണിക്ക് ഉണരാൻ തുടങ്ങിയിട്ട് വർഷങ്ങൾ ഏറെയായി. അതുകൊണ്ടുതന്നെ അലാറം അടിച്ചാലും ഇല്ലെങ്കിലും അയാൾ കൃത്യസമയത്ത് ഉണർന്നിരിക്കും.

മൂന്നുമണിക്ക് എഴുന്നേറ്റെങ്കിൽ മാത്രമേ കൃത്യം നാലു മുപ്പത്തിന് തൊഴിലാളികളെ കൊണ്ടുപോകാൻ വരുന്ന ബസ്സിൽ മറ്റുള്ളവരോടൊപ്പം തനിക്ക് കയറി പോകാൻ പറ്റുകയുള്ളൂ.   സൈറ്റിൽ ചെന്നു കഴിഞ്ഞു പണി ആരംഭിച്ചതിനു ശേഷം രാവിലെ കഴിക്കാനുള്ള ഭക്ഷണവും ഉച്ചയ്ക്ക് കഴിക്കുവാനുള്ള ഭക്ഷണവും തയ്യാറാക്കി കൊണ്ടുവേണം പോകുവാൻ.  അതിനാൽ ബസ് വരുന്നതിനുമുമ്പായി ഇവ റെഡിയാക്കണം.  വൈകുന്നേരം പണി സൈറ്റിൽ നിന്നും ക്യാമ്പിൽ തിരികെ എത്തുമ്പോൾ സന്ധ്യമയങ്ങും. വന്നുകഴിഞ്ഞാൽ  പിന്നെ വൈകിട്ടത്തേനുള്ള ഭക്ഷണം ഉണ്ടാക്കണം. സൈറ്റിൽ  പണി ചെയ്തപ്പോൾ ഇട്ട മുഷിഞ്ഞ വസ്ത്രങ്ങൾ കഴുകിയിടണം.  പിന്നെ കുറച്ച് സമയം വീട്ടിലേക്ക് വീഡിയോ കോൾ. ഭാര്യയും മക്കളുമായി കുറെ സമയം ചെലവഴിക്കും.

വെള്ളിയാഴ്ച  ടൗണിലേക്ക് ഒരു യാത്ര. ആഴ്ചയിൽ ഒരു ദിവസം എങ്കിലും കുബൂസിനോട് വിട പറഞ്ഞു ഇഷ്ടമുള്ള ഭക്ഷണം ഹോട്ടലിൽ നിന്നും ഒരു നേരമെങ്കിലും കഴിച്ച് ഒരാഴ്ചയിലേക്ക്   വേണ്ടിയ മത്സ്യമാംസാദികളും പച്ചക്കറിയും പലവ്യഞ്ജനവും സന്തോഷത്തിന്  വിലകുറഞ്ഞ ഒരു ലിറ്റർ മദ്യവും  വാങ്ങി തിരികെ ക്യാമ്പിലേക്ക്.

വർഷങ്ങളായി അയാൾ ഗൾഫിൽ എത്തിയിട്ട്. രണ്ടോ മൂന്നോ വർഷങ്ങൾ കൂടുമ്പോൾ മാത്രം നാട്ടിലേക്ക് ഒരു യാത്ര. മിഠായിയും പാൽപ്പൊടിയും സോപ്പും പൗഡറും  രണ്ടോ മൂന്നോ കുപ്പി സ്കോച്ച് വിസ്കിയും ഒക്കെ ആയി 30 കിലോ തികച്ച് ഉള്ള ഹാർഡ്  ബോർഡ് പെട്ടിയും  സെന്റും സ്പ്രേയും നട്ട്സും കടലയും ഒക്കെയായി   ഏഴോ എട്ടോ കിലോ  സാധനങ്ങൾ കൈ ബാഗിലും കൊള്ളിച്ചു കൊണ്ടുള്ള ഒരു യാത്ര.

കഴിഞ്ഞതവണ നാട്ടിൽ പോകുന്നതിനു മുമ്പ്  ആണ് ഭാര്യ പറഞ്ഞത്  മക്കൾക്ക് രണ്ടുപേർക്കും ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുവാൻ ഓരോ ഫോൺ മേടിച്ചു കൊണ്ടുവരണം എന്ന്.  പോയപ്പോൾ സാമാന്യം തരക്കേടില്ലാത്ത ഓരോ ഫോൺ വീതം രണ്ടു മക്കൾക്കുമായി വാങ്ങി. നാട്ടിലെത്തിയപ്പോൾ  മക്കൾ രണ്ടുപേരും ഫോൺ തിരിച്ചും മറിച്ചും നോക്കി. അത്ര ഇഷ്ടപ്പെട്ടില്ല എന്ന് മുഖഭാവത്തിൽ നിന്നും മനസ്സിലായി. അവരുടെ ഇഷ്ടത്തിന് ഒത്ത ഫോൺ അല്ല അത് എന്ന് തനിക്ക് മനസിലാക്കാൻ അധിക സമയം വേണ്ടി വന്നില്ല.

'തൽക്കാലം ഇത് ഉപയോഗിക്കു. അടുത്ത തവണ വരുമ്പോൾ കുറച്ചുകൂടി മുന്തിയ ഫോൺ കൊണ്ടുവരാം 'എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു.

  ഭാര്യയെ വിളിക്കുമ്പോൾ  മക്കൾ രണ്ടുപേരും  'സദാസമയം ഫോണിൽ തന്നെയാണ്, പഠിത്തത്തോട് പഠിത്തം ആണ് ' എന്ന് ഭാര്യ പറഞ്ഞപ്പോൾ  മനസ്സുകൊണ്ട് സന്തോഷിച്ചു. കുട്ടികളെ പഠിപ്പിച്ചു വലിയൊരു നിലയിൽ എത്തിക്കണം...

മോളുടെ  സ്കൂളിൽ നിന്നും ടീച്ചർ വിളിപ്പിച്ചു എന്ന് ഭാര്യ പറഞ്ഞപ്പോൾ കുട്ടികളുടെ പഠിത്തത്തിന്റെ കാര്യത്തെക്കുറിച്ച് എന്തെങ്കിലും സംസാരിക്കാൻ ആയിരിക്കും എന്നാണ് വിചാരിച്ചത്. മോള് ക്ലാസിൽ ശ്രദ്ധിക്കുന്നില്ല എന്നും പരീക്ഷയിൽ മാർക്ക് കുറവാണെന്നും മുമ്പ് ഇങ്ങനെ അല്ലായിരുന്നു എന്നും ഒക്കെ ടീച്ചർമാര് പറഞ്ഞതായി ഭാര്യ പറഞ്ഞപ്പോൾ മനസ്സ് വിഷമിച്ചു...

ഒരാഴ്ച കഴിഞ്ഞപ്പോൾ  മോന്റെ സ്കൂളിൽ നിന്നും ഭാര്യയെ അധ്യാപകർ  വിളിപ്പിച്ചത്രേ. മോന്റെ കാര്യത്തിലും മറിച്ചൊന്നുമായിരുന്നില്ല ടീച്ചർമാർ പറഞ്ഞത്. പിന്നെയും മനസ്സിൽ വല്ലാത്ത  തേങ്ങൽ...

ഒരു ദിവസം ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആളുമായി മോള് ഒരു കത്ത് എഴുതി വെച്ചിട്ട്  ഇറങ്ങിപ്പോയപ്പോൾ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചു. അവളുടെ പ്രായത്തിന്റെ ആനുകൂല്യത്തിൽ കോടതിയിൽ നിന്നും കിട്ടിയ കനിവിൽ തങ്ങൾക്ക് തങ്ങളുടെ മോളെ തിരിച്ചു കിട്ടിയപ്പോൾ ദൈവത്തോട് ഏറെ നന്ദി പറഞ്ഞു. നീണ്ട കൗൺസിലിങ്ങിന്റെയും മറ്റും ഫലമായി മകളെ  തങ്ങളുടെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചപ്പോൾ പിന്നെയും സന്തോഷിച്ചു.

മകനെ കഞ്ചാവ് ഉപയോഗിച്ചതിന്റെ പേരിൽ പോലീസ് പിടിച്ചു കൊണ്ടുപോകുകയും  കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരുടെ വിവരമറിയാൻ പോലീസ് ഫോൺ പിടിച്ചെടുക്കുകയും ചെയ്തപ്പോൾ  ക്ലാസിൽ സമർത്ഥനായി പഠിച്ചിരുന്ന കുട്ടി എന്ന അധ്യാപകരുടെ വെളിപ്പെടുത്തലിന്റെയും മാതാപിതാക്കളുടെ  കണ്ണീരിൽ കുതിർന്ന അപേക്ഷയുടെയും അടിസ്ഥാനത്തിൽ വിദ്യാർത്ഥി എന്ന ആനുകൂല്യത്തിൽ ദുർഗുണ പരിഹാര പാഠശാലയിലേക്ക് വിടാതെ കൗൺസിലിങ്ങിന് വിധേയനാക്കി  ജീവിതത്തിലേക്ക് തിരികെ മകനെ കൊണ്ടുവന്നപ്പോൾ ആത്മഹത്യയുടെ വക്കിലെത്തി നിന്ന തങ്ങളുടെ കുടുംബത്തെ ദൈവം രക്ഷിച്ചത് ഓർത്തപ്പോൾ   വിഷമങ്ങൾ സന്തോഷങ്ങൾക്ക്  കൈമാറി...

മാതാപിതാക്കളായ തങ്ങളുടെ കണ്ണീരിൽ കുതിർന്ന പ്രാർത്ഥന മൂലം
ഇന്ന് തങ്ങളുടെ മക്കൾ രണ്ടുപേരും ഉയർന്ന വിദ്യാഭ്യാസം നേടി നല്ല ജോലിയിൽ പ്രവേശിച്ചിരിക്കുന്നു. അപ്പൻ  തിരികെ പോരാൻ  മക്കൾ പലതവണ പറഞ്ഞെങ്കിലും ഈ മണലാരണ്യം വിട്ടുപോകാൻ മനസ്സ് അനുവദിക്കുന്നില്ല. ഇന്ന് തന്റെ  കുടുംബം അനുഭവിക്കുന്ന എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചത് താൻ ഈ മണലാരണ്യത്തിൽ  ഹോമിച്ച ദിനരാത്രങ്ങളുടെ ഫലമാണ്.  ജോലി ചെയ്യുവാൻ ആവുന്നടത്തോളം കാലം ഇവിടെത്തന്നെ കഴിയുകതന്നെ. വയ്യാതാകുമ്പോൾ നാട്ടിലെത്തി ഭാര്യയോടും മക്കളോടും ഒപ്പം വിശ്രമിക്കാം. ഓർമ്മകൾക്കും ചിന്തകൾക്കും ഇടയിൽ അയാൾ എപ്പോഴോ ഒന്ന്  മയങ്ങിപ്പോയി.

ബസ് സൈറ്റിൽ എത്തി നിന്നു.  ബസ്സിൽ നിന്നും   ഉറക്കത്തിന്റെ ആലസ്യത്തിൽ  തൊഴിലാളികൾ ഇറങ്ങി നടന്നു . പകുതി നിർമ്മാണത്തിൽ ഇരിക്കുന്ന അസ്ഥിപഞ്ചരങ്ങൾ പോലെ തോന്നിക്കുന്ന ബഹുനില കെട്ടിടത്തിന് മജ്ജയും മാംസവും നൽകുവാനായി   തലയിൽ സേഫ്റ്റി ഹെൽമെറ്റും ഉടൽ മുഴുവൻ മറയ്ക്കുന്ന  ഉടുപ്പും കാലിൽ എടുത്താൽ പൊങ്ങാത്ത സേഫ്റ്റി ഷൂവും ധരിച്ച് തൊഴിലാളികൾ കെട്ടിടത്തിന്റെ ആറാം നിലയിലേക്ക് കയറുവാൻ തയ്യാറെടുക്കുമ്പോൾ കത്തി നിൽക്കുന്ന സൂര്യൻ ദയയില്ലാതെ ചൊരിയുന്ന പൊരി വെയിലും ചൂടും  ഏറ്റു വാങ്ങാനായി വിധിക്കപ്പെട്ട അവർ ഇടയ്ക്കിടെ തൊണ്ട നനയ്ക്കാനായി കരുതിയിരിക്കുന്ന കുപ്പിവെള്ളവും കയ്യിലെടുത്ത് നീങ്ങുന്നു...

എല്ലാവരും ഇറങ്ങിയോ എന്ന് അറിയാനായി  ഡ്രൈവർ പുറകോട്ട്  തിരിഞ്ഞു നോക്കിയപ്പോൾ ഒരാൾ മാത്രം ഇറങ്ങാതെ സീറ്റിൽ ഇരിക്കുന്നു. ഇയാൾ ഇത് എന്തൊരു ഉറക്കമാണ് എന്ന് പിറു പിറുത്തു കൊണ്ട് ഡ്രൈവർ എഴുന്നേറ്റ് അയാളുടെ അടുത്തേക്ക് നീങ്ങി.  സീറ്റിൽ ചാരിയിരുന്നു സുഖമായി ഉറങ്ങുന്ന അയാളെ ഡ്രൈവർ കുലുക്കി വിളിച്ചു. അയാൾ സീറ്റിലേക്ക് മറിഞ്ഞുവീണു.

നാട്ടിലേക്ക് എന്നല്ല ഉറ്റവരുടെയും ഉടയവരുടെയും അടുത്തേക്ക് എന്നല്ല. പ്രവാസമാകുന്ന ഈ മണ്ണിൽ തന്നെ അലിഞ്ഞു ചേരുവനായി തന്റെ ശരീരത്തെ വിട്ടുകൊടുത്തിട്ട് അയാളുടെ ആത്മാവ് ഈ ലോകത്തിൽ നിന്നും  നിത്യമായ മറ്റൊരു ലോകത്തേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു..... മനസ്സിൽ വിഷമങ്ങൾ ഇല്ലാത്ത  ലോകത്തേക്ക്...  ചിന്തിക്കാൻ സമയമില്ലെങ്കിലും മനസ്സിൽ കാടുകേറുന്ന ചിന്തകൾ  ഇല്ലാത്ത  ലോകത്തേക്ക്... മനസ്സിൽ  വേവലാതികൾ  ഇല്ലാത്ത ലോകത്തേക്ക്.... ജനിച്ചുവീണ  നാട്ടിൽ സ്വപ്നങ്ങൾ  നെയ്ത്  കാത്തിരിക്കുന്ന ഭാര്യയും  മക്കളും  അറിയാത്ത ലോകത്തേക്ക്...   സ്വപ്നങ്ങൾ  ഇല്ലാത്ത  ലോകത്തേക്കുള്ള യാത്ര....

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക