Image

ഗോണിക്കുപ്പ (കഥ: നജീബ് കാഞ്ഞിരോട്)

Published on 13 March, 2023
ഗോണിക്കുപ്പ (കഥ: നജീബ് കാഞ്ഞിരോട്)

1

  'നമ്മ ഗാഡിയല്ലി മിക്സി റിപ്പയർ, ഗ്യാസ് സ്റ്റൗ റിപ്പയർ, ഗ്രൈൻഡർ റിപ്പയർ മാടി കൊടുത്തിനി..'
തിങ്ങിയ കാപ്പിത്തോട്ടങ്ങളെ മുറിച്ചു കൊണ്ട് കമ്പക്കയർ പോലെ നീണ്ടു കിടക്കുന്ന ചെളി പുരണ്ട ഒറ്റയടിപ്പാതയിലൂടെ ഗജേന്ദ്രന്റെ വീട്ടിലേക്ക് നടക്കുമ്പോൾ എതിരെ വന്ന സൈക്കിളിൽ ഘടിപ്പിച്ച സ്പീക്കറിൽ നിന്നുയർന്ന ശബ്ദം കാതുകളെ തുളച്ച്, എസ്റ്റേറ്റിലൂടെ കയറിയിറങ്ങി വനത്തിനുള്ളിൽ അപ്രത്യക്ഷമായപ്പോൾ ചിന്നപ്പ ഓർമ്മകളുടെ കുറ്റിക്കാട്ടിൽ നിന്നും ഉടഞ്ഞു കൊണ്ടിരിക്കുന്ന ജീവിതത്തിന്റെ ഇടവഴിയിലേക്കു തിരിച്ചു കയറി. സ്പാനറും കട്ടിംഗ് പ്ലെയറുമടക്കം പലതരം റിപ്പയർ ഉപകരണങ്ങൾ നിറച്ച സഞ്ചിയും മുന്നിൽ തൂക്കി സൈക്കിൾ ഓടിച്ചു പോകുന്ന ചെറുപ്പക്കാരനിൽ അനിശ്ചിതത്വം നിറഞ്ഞ സ്വജീവിതത്തിന്റെ തത്രപ്പാടുകൾ പറ്റിപ്പിടിച്ചിരുന്നു. അയാൾക്ക് പിന്നാലെ മറ്റൊരു സൈക്കിളിൽ നിറയെ കമ്പിളിപ്പുതപ്പുകളുമായി ഒരു ഹിന്ദിക്കാരനും ബെല്ലടിച്ചു കൊണ്ട് നീങ്ങി. കൊറോണക്കാലത്ത് കേരളത്തിൽ നിന്നുള്ള ആളുകൾക്ക് കുടകിലേക്ക് വരുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയത് മുതലാണ് ഗോണിക്കുപ്പയിലെ അൽ ഫലാഹ് ഹോട്ടൽ മുതലാളി അസ്സൈനാർ ഹാജിയും മാസങ്ങളായി ഹോട്ടൽ പൂട്ടിയിട്ടത്. ഇപ്പൊ എല്ലാം ശരിയായി വന്നിട്ടും അയാൾ ഹോട്ടൽ തുറന്നിട്ടില്ല. അതോടെ ഇഴഞ്ഞു നീങ്ങിയിരുന്ന തന്റെ ജീവിതവും  പെരുവഴിയിലായി. അല്ലെങ്കിൽ അല്ലലില്ലാതെ ജീവിച്ചു പോകാമായിരുന്നു. എച്ചിൽ പാത്രങ്ങളെടുക്കാൻ വൈകിപ്പോയാലും പൊറോട്ടയോ ചായയോ കിട്ടാൻ താമസിച്ചാലും ഹോട്ടലിൽ വരുന്ന മലയാളികളിൽ നിന്നും കിട്ടുന്ന പച്ചത്തെറികളുടെ മാലിന്യങ്ങൾ പേറിയിട്ടായാലും മൂന്ന് നേരം കഞ്ഞി കുടിച്ചു പോകാമായിരുന്നു.
  "എല്ലി ഹോഗിതെ ഇഷ്ടേ ബെളിഗേ?" പലതരം നീറ്റുന്ന ഓർമ്മകളുടെ കനലിൽ ചവിട്ടി നടക്കുമ്പോഴാണ് എതിരെ വന്ന ഡെച്ചമ്മയുടെ ശബ്ദം കാതിലേക്ക് വെടിച്ചു കയറിയത്. രാവിലെ തന്നെ അടുത്തുള്ള വീടുകളിലൊക്കെ പാൽ കൊണ്ട് കൊടുക്കുന്നത് അവളാണ്.
"അതു.. ഗജേന്ദ്ര മനയല്ലി ഹോഗ ബേക്കു.. സ്വല്പ.."
ബാക്കി പറയാതെ ഡെച്ചമ്മയെ ഒന്നുകൂടി തിരിഞ്ഞു നോക്കി വിഷാദപ്പടർപ്പുള്ള നേരിയൊരു ചിരി അവളിലേക്കെറിഞ്ഞു കൊണ്ട് അയാൾ വലിച്ചു നടന്നു. കൈകൾ വലിച്ചെറിഞ്ഞു ധൃതിയിൽ നടന്നകലുന്ന അയാളെ നോക്കി, പൊടിഞ്ഞു പോയ ഓർമ്മകളുടെ ഇടവഴിയിൽ അവൾ ഒരു നിമിഷം നിശ്ചലയായി നിന്നു. പിന്നെ ദീർഘനിശ്വാസമിട്ട് പാൽക്കുപ്പികൾ നിറഞ്ഞ സഞ്ചിയും തൂക്കി നടന്നു.
  കാടിനുള്ളിൽ നിന്നും കുറുനരികളുടെയും കാട്ടുപന്നികളുടെയും ഭീതി നനഞ്ഞ അലർച്ചകളും ചീവീടുകളുടെ കൂക്കലുകളും ചിന്നപ്പയുടെ ചിന്തകൾക്കിടയിലേക്ക് നുഴഞ്ഞു കയറി. പുലരിയുടെ ആലസ്യത്തിൽ മഞ്ഞുപൊടികൾ എസ്റ്റേറ്റിലെ മരങ്ങൾക്കിടയിൽ അലഞ്ഞു നടന്നു. മെലിഞ്ഞു ദുർബലമായ വെളിച്ചം ഇരുട്ടിനോട് പടവെട്ടിക്കൊണ്ടിരുന്നു.

2

  "ആദ്യം അന്ന് തന്ന പൈസയുടെ മുതലും പലിശയും തിരിച്ചടക്ക്. അല്ലാതെ ഉളുപ്പില്ലാതെ പിന്നെയും പൈസക്ക് ചോദിക്കുന്നോടാ നായിന്റെ മോനെ?" മലങ്കാറ്റ് പോലെ വിറച്ച താപവുമായി വട്ടി ഗജേന്ദ്രൻ തുള്ളിവിറച്ചു. അല്പം കുനിഞ്ഞു വിറയലോടെ ഗജേന്ദ്രന്റെ ഇരുനില വീടിന്റെ വിശാലമായ മുറ്റത്ത് നിന്ന് വിയർത്ത ചിന്നപ്പയുടെ വാക്കുകൾ ഇടർച്ചയോടെ പൊളിഞ്ഞു വീണ് ചിതറി. "ഗജേന്ദ്രണ്ണാ, ഒന്തു സാല മാത്ര ബേക്കു, കൽസ ഇല്ലണ്ണാ, സ്വല്പ ഹണ കൊടി, നാനു ബേഗ വാപ്പസ് കൊടുത്തിനി." അയാളുടെ സ്വരം മരപ്പെയ്ത്ത് പോലെ തണുത്ത് വിറച്ചിരുന്നു. ഉടഞ്ഞ ജീവിതത്തിന്റെ ആകുലതകൾ അയാളുടെ മുഖത്തും ശരീരഭാഷയിലും ഇരുണ്ട കാറ്റായി വീശിക്കൊണ്ടിരുന്നു. "ഞാൻ പറഞ്ഞില്ലെടാ പൊന്നു മകനേ, നിനക്കു തരാൻ ഇവിടെ പൈസ ഇല്ലെന്ന്. ഇനിയും ഇവിടെ നിന്ന് മോങ്ങിയാൽ ഞാൻ പട്ടിയെ അഴിച്ചു വിടും. അല്ലെങ്കിൽ ഒരു കാര്യം ചെയ്യ്. പൈസ ബേക്കാദ്രേ നിമ്മ മനയല്ലി ഹെണ്ടത്തി ശാന്തമ്മ ഇൽവാ. അവളെ അയക്കൂ. ഹണ കൊടുത്തിനി. തുമ്പ കൊടുത്തിനി." പിശകിപ്പുളിച്ച ചിരിയോടെ പല്ലിളിച്ചു കൊണ്ടത് പറയുമ്പോൾ ഗജേന്ദ്രന്റെ ഉള്ളിൽ മൂക്കുത്തിയണിഞ്ഞ ശാന്തമ്മയുടെ മൃദുലമായ ശരീരം പുളഞ്ഞു കത്തി. ചവച്ചു കൊണ്ടിരുന്ന മുറുക്കാൻ വെറുപ്പിനോടൊപ്പം അയാൾ മുറ്റത്തേക്ക്‌ കാറിത്തുപ്പിയപ്പോൾ ചെറുതും വലുതുമായ രുധിരവൃത്തങ്ങൾ സൃഷ്ടിക്കപ്പെട്ടു.
   അപരിചിതമായ കവലയിൽ എത്തിപ്പെട്ട പതർച്ചയോടെ ചുറ്റും നോക്കി ഇടറിയ കാലുകളോടെ ഒന്നും മിണ്ടാതെ തിരിച്ചു നടക്കുമ്പോൾ ചിന്നപ്പയുടെയുള്ളിൽ വിശപ്പ് കാനനക്കാറ്റായി ആഞ്ഞു വീശിക്കൊണ്ടിരുന്നു. വിജനത മുറ്റിയ എസ്റ്റേറ്റിനുള്ളിൽ നിന്നും വന്യമായ ശബ്ദങ്ങൾ പുറത്തേക്ക് പ്രസരിച്ചു. ഗോണിക്കുപ്പയിലെ അറിയപ്പെടുന്ന വട്ടിപ്പലിശക്കാരനാണ് ക്രൂരനായ വട്ടി ഗജേന്ദ്രൻ. കുറെ വർഷങ്ങൾക്ക് മുമ്പ് കണ്ണൂരിലെ മലയോര ഗ്രാമമായ ഉളിക്കലിൽ നിന്നും കുടകിലേക്ക് കുടിയേറിയതാണ് ഗജേന്ദ്രൻ. ആദ്യമാദ്യം ആയിരവും രണ്ടായിരവുമൊക്കെ കൊടുത്തു തുടങ്ങിയ അയാൾ ഇപ്പോൾ കൊടുക്കുന്നത് ലക്ഷങ്ങളാണ്. നൽകിയത് എത്രയാണെങ്കിലും അത് കൃത്യമായി തിരിച്ചു മേടിക്കാൻ അയാൾക്കറിയാം. ആരുടെ മുന്നിൽ വെച്ചും തെറി പറയാൻ മടിക്കാത്ത ഗജേന്ദ്രന്റെ ബിസിനസ്സ് ഗോണിക്കുപ്പയിൽ മാത്രമല്ല, പെരിയ പട്ടണത്തും സൊണ്ടിക്കുപ്പയിലും പൊന്നമ്പേട്ടയിലുമെല്ലാം എസ്റ്റേറ്റിലെ കുരുമുളക് വള്ളി പോലെ പടർന്നു കിടക്കുന്നുണ്ട്. ആരെങ്കിലും പൈസ കൊടുക്കാതെ കളിപ്പിക്കാൻ തുനിഞ്ഞാൽ, അയാളുടെ വലം കൈയായി കൂടെ നടക്കുന്ന ചെട്ടള്ളി നാഗപ്പയുടെ കൈക്ക് പണിയാകും. ചുവന്ന കണ്ണുകളും വേട്ടക്കാരനെ പോലെ താഴോട്ട് പിരിച്ചു വെച്ച മീശയുമായി, രക്തം ഛർദ്ദിക്കുന്നത് പോലെ മുറുക്കാൻ തുപ്പിക്കൊണ്ടിരിക്കുന്ന അയാളെ കാണുമ്പോൾ തന്നെ പൈസ മേടിച്ചവരുടെ പകുതി ജീവൻ കാട് കയറും. അത്കൊണ്ട് തന്നെ ഗജേന്ദ്രന്റെ പൈസ എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കാൻ ശ്രമിക്കുന്നവരാണ് പലരും. അല്ലാത്ത പലരുടെയും വീടുകളും പറമ്പുമെല്ലാം ഇപ്പോൾ  ഗജേന്ദ്രന്റെ കൈകളിലാണ്. അഞ്ചേക്കറോളം വരുന്ന കാപ്പിത്തോട്ടത്തിന് നടുവിലാണ് അയാളുടെ ഇരുനില ബംഗ്ലാവ്. ഭാര്യ ബിന്ദുവും അഞ്ചു വയസ്സുള്ള അനുരാഗും ഒന്നര വയസ്സ് കഴിഞ്ഞ അനുമോളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. ഗജേന്ദ്രന്റെ ക്രൂരമായ പെരുമാറ്റങ്ങൾ ബിന്ദുവിൽ പലപ്പോഴും അസ്വാരസ്യങ്ങളും വേദനയും പടർത്താറുണ്ടെങ്കിലും അവൾക്കും അയാളെ എതിർത്തു പറയാൻ ഭയമാണ്. ബന്ധങ്ങളുടെ ആർദ്രമായ സുഗന്ധത്തേക്കാൾ അയാൾക്കിഷ്ടം നോട്ടുകെട്ടുകളുടെ ഉളുമ്പുമണമാണ്.

 3

   "നിങ്ങൾ ഏനപ്പ അവുടെ പോകണത്? നമ്മ ദുരൈ അണ്ണനോട് കേള സാക്കൽവ?" നാട്ടിൽ നിന്നും വന്ന്, തോട്ടപ്പണിയെടുക്കുന്നതിന്റെ ഇടവേളയിൽ, ഏകാന്തത വാരിപ്പുതച്ച് വിഷാദക്കറുപ്പിൽ ഇഴഞ്ഞു നടക്കുന്ന കുടകനായ ചിന്നപ്പയെ കേറി പ്രേമിച്ച് അയാളുടെ ദാരിദ്ര്യത്തിന് കനം വെപ്പിച്ചു കൂടെ കൂടിയ ശാന്തമ്മ പകുതി മലയാളത്തിലും ബാക്കി കന്നഡയിലുമായി ഭർത്താവിനെ ശാസിച്ചു. അവരുടെ സംഭാഷണത്തിൽ കന്നഡയും മലയാളവും വിരുന്നു വരികയും ഇടക്ക് രണ്ടും കൂടിക്കുഴഞ്ഞ് പുതിയൊരു മിശ്രിത ഭാഷ രൂപപ്പെടുകയും ചെയ്യും. അങ്ങനെയവർ ഭാഷകളുടെയും പ്രാദേശികതയുടെയും വരണ്ട മതിൽക്കെട്ടുകൾ പൊളിച്ചടുക്കും.

 നടന്നു ക്ഷീണിച്ചു പുറത്തെ മരക്കസേരയിൽ ഇരുന്ന് തണുത്ത കാറ്റിന്റെ ശീലുകൾ ഏറ്റുവാങ്ങിക്കൊണ്ട് ചിന്നപ്പ അവളെ തുറിച്ചു നോക്കി. "നനഗേ അവരെ ഗോത്തില്ലല്ല ശാന്തമ്മാ. നാൻ എങ്ങനെ സോദിക്കും?" അയാളുടെ വാക്കുകൾ പൂർവ്വാധികം വിറച്ചിരുന്നു. നാഗേഷ് നാട്ടിലേക്ക് പോയത് കൊണ്ട് കുറച്ച് ദിവസമായി ശാന്തമ്മക്ക് തോട്ടത്തിലും പണിയില്ല. അതിനിടയിലാണ് രണ്ട് മക്കളുടെയും പഠനച്ചെലവും. മാസങ്ങളായി അടച്ചിട്ടിരിക്കുന്ന സ്കൂൾ അടുത്താഴ്ച്ച മുതൽ തുറക്കുകയാണ്. ദീപേഷിനും അമ്മൂട്ടിക്കുമാവശ്യമായ പുസ്തകങ്ങളും യുണിഫോമുമൊക്കെ വാങ്ങാനുള്ള പൈസക്ക് വേണ്ടിയാണ് മനസ്സ് ആയിരം തവണ വേണ്ടെന്നു പറഞ്ഞിട്ടും ഗജേന്ദ്രന്റെ ദുർഗന്ധം വമിക്കുന്ന പച്ചത്തെറികളുടെ താഴെ കുനിയേണ്ടി വന്നത്. "നാനു ആ നാഗേഷനോട്‌ കേളി നോക്കാം. അവന്റെ അണ്ണൻ അല്ലെ?" മൂടിക്കെട്ടിയ നിശബ്ദതയെ കീറിപ്പൊളിച്ചു കൊണ്ട് വിളറിയ ശബ്ദത്തിൽ പറയുമ്പോൾ ശാന്തമ്മയുടെ കണ്ണുകളിൽ പ്രതീക്ഷയുടെ മിന്നാമിനുങ്ങുകൾ പാറി. അവൾ ധരിച്ചിരുന്ന, കരി പുരണ്ട മുഷിഞ്ഞ സാരിയിലും വാക്കുകളിലും ദാരിദ്ര്യത്തിന്റെ കാരമുള്ളുകളേറ്റ് വിണ്ടു കീറിയ  ജീവിതത്തിന്റെ അടയാളങ്ങൾ വീണു കിടന്നു.
     അണ്ണാ ദുരൈയോട് ചോദിച്ചാൽ പൈസ കിട്ടുമെന്ന് അവൾക്ക് വിശ്വാസമുണ്ടായിരുന്നു. അവിടുത്തെ മറ്റൊരു പലിശക്കാരനാണ് വർഷങ്ങൾക്ക് മുമ്പ് തമിഴ്നാട്ടിലെ സേലത്ത് നിന്നും കുടകിലെത്തി, ആദ്യം കുരുമുളക് കച്ചോടവും പിന്നെ പതിയെ പലിശയിടപാടിലേക്കും കയറിയ അണ്ണാദുരൈ. ഇവർ രണ്ടു പേരുമാണ് ഗോണിക്കുപ്പയിലെ അറിയപ്പെടുന്ന പലിശയിടപാടുകാർ. അണ്ണാദുരൈയുടെ അനിയനായ നാഗേഷിന്റെ തോട്ടത്തിലാണ് ശാന്തമ്മക്ക് പണി. പക്ഷെ അണ്ണാദുരൈ ഗജേന്ദ്രനെ പോലെ ക്രൂരനല്ല. ആരെങ്കിലും പൈസ കൊടുക്കാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നെന്ന് തോന്നിയാൽ അയാൾ ക്ഷമിക്കും. ചെറിയ പൈസയാണെങ്കിൽ അത് വേണ്ടെന്ന് വെക്കാനും റെഡിയാണ് ദുരൈ. അങ്ങനെ പല പാവങ്ങളുടെയും പണം തിരിച്ചു വാങ്ങാതെയിരുന്നിട്ടുമുണ്ട്. പക്ഷെ പണം ഉണ്ടായിട്ട് കളിപ്പിക്കുകയാണെന്ന് തോന്നിയാൽ അണ്ണന്റെ തനി സ്വഭാവം പുറത്തേക്ക് വരികയും തുക പിടിച്ചു വാങ്ങുകയും ചെയ്യും. പക്ഷെ ദുരൈ ആരെയും ചീത്ത പറയുന്നത് ഇന്നു വരെ ഗോണിക്കുപ്പയിൽ ആരും കേട്ടിട്ടില്ല. അങ്ങനെ വ്യത്യസ്ത സ്വാഭാവസവിശേഷതകളും ഭാഷാവ്യതിരിക്തയുമുള്ള രണ്ട് പലിശക്കാർക്കിടയിൽ കിടന്നു വട്ടം കറങ്ങുകയാണ് ഗോണിക്കുപ്പയിലെ സാധാരണക്കാർ. 

4

  ഈറനണിഞ്ഞ സായാഹ്നം എസ്റ്റേറ്റിൽ നിഴലിട്ട നേരത്ത് ശാന്തമ്മ സ്നേഹം ചാലിച്ചിട്ടു കൊടുത്ത കട്ടൻ കാപ്പിയും കുടിച്ച് കോട വലിച്ചിട്ട തണുപ്പിനെ വകയാൻ കീറിയ കമ്പിളിയും പുതച്ചു ചിന്നപ്പ ഗോണിക്കുപ്പ ടൗണിലേക്കിറങ്ങി. വൈകുന്നേരങ്ങളിൽ ദുരൈ തന്റെ കുരുമുളക് കടയിൽ കാണും. രാവിലെ ചായയും കുടിച്ച് തന്റെ ഹീറോ ഹോണ്ട സ്‌പ്ലെൻഡറിൽ ഗോണിക്കുപ്പയിൽ നിന്നും ഇറങ്ങി വനങ്ങൾക്കിടയിലൂടെയുള്ള തണുത്ത റോഡിലൂടെ അയാൾ പെരിയ പട്ടണത്തേക്ക് നീങ്ങും. പലർക്കായി കൊടുത്ത കാശിന്റെ ഗഡുക്കൾ തിരിച്ചു പിടിച്ച് മാൽദാരിയിലുള്ള സുഹൃത്ത് കമലേഷനെയും കണ്ട് വൈകുന്നേരത്തോടെ ഗോണിക്കുപ്പയിൽ തിരിച്ചെത്തും. അതയാളുടെ ദിനചര്യയാണ്. സൊണ്ടിക്കുപ്പ-മടിക്കേരി റോഡിൽ അയാൾക്ക് രണ്ട് നില വീടും എസ്റ്റേറ്റുമുണ്ട്. അതു കൂടാതെ ബജകൊല്ലിയിൽ ചെറിയൊരു വീടുമുണ്ട്. ഇടക്കെപ്പോഴെങ്കിലും അയാൾ കൂട്ടുകാരായ അണ്ടി ഗണേശനെയും ലിംഗകുമാറിനെയും കൂട്ടി അവിടേക്ക് വിടും. വിശാലമായ തോട്ടത്തിലെ പേരക്ക മരങ്ങളുടെയും നാടൻ മുട്ടകൾ പോലെ തൂങ്ങിക്കിടക്കുന്ന സപ്പോട്ടകളുടെയും താഴെയിരുന്നു പാട്ടുകൾ പാടുകയും കുടിച്ചു മദിക്കുകയും ചെയ്യും. ഒരു പകലും രാത്രിയും അയാൾ തോട്ടത്തണുപ്പിന്റെ വന്യതയിൽ തിന്നും കുടിച്ചും അർമാദിക്കും. സ്വന്തമായി ഇന്നോവ കാറുണ്ടെങ്കിലും തന്റെ പഴയ ബൈക്കിലാണ് അയാളുടെ യാത്രകൾ കൂടുതലും. പണ്ട് കുരുമുളക് കച്ചവടം തുടങ്ങുമ്പോൾ കൂടെ കൂട്ടിയതാണ്. തന്റെ ഭാഗ്യം തെളിഞ്ഞത് ആ ബൈക്കിലൂടെയാണെന്നും എത്ര പൈസ കിട്ടിയാലും അത് കൊടുക്കില്ല എന്നും അയാൾ അതിനെ സ്നേഹത്തോടെ തലോടിക്കൊണ്ട് പറയും. പെട്രോൾ പമ്പുകളില്ലാത്ത നീണ്ട ആരണ്യയാത്രയിൽ ഇടക്ക് എണ്ണ തീർന്നു ബൈക്ക് വഴിയിൽ കിടന്ന അനുഭവങ്ങളും അയാൾക്കുണ്ടാവും. കാരണം ആവശ്യത്തിന് മാത്രമേ അയാൾ പെട്രോൾ അടിക്കാറുള്ളൂ. അയാളുടെ വണ്ടിയിലെ പെട്രോൾ സൂചിക എന്നും ചുവന്ന വരയെ പ്രണയിച്ചു കൊണ്ടിരിക്കും. അത്കൊണ്ട് പലതവണ പാതിവഴിയിൽ കുടുങ്ങി ഓട്ടോ പിടിച്ചു കുശാൽ നഗറിലോ സോമാർ പേട്ടയിലോ പോയി പെട്രോൾ മേടിച്ചു വന്നിട്ടുണ്ട്. എന്നാലും അയാൾ ഫുൾ ടാങ്ക് അടിക്കാറില്ല.
  ചിന്നപ്പ പുറത്ത് നിന്നും പരുങ്ങുന്നത് കണ്ടപ്പോൾ ദുരൈ അയാളെ അകത്തേക്ക് വിളിച്ചു. "എന്ന വിശേസ ചിന്നപ്പാ? എപ്പടിയിരുക്ക്? വാങ്കോ ഉള്ളെ. എന്നാച്ച്?" മുന്നിലെ റോഡിലൂടെ കിതക്കുന്ന വാഹനങ്ങളുടെ നിലവിളികൾക്കിടയിൽ ചിന്നപ്പയുടെ പതറിയ ശബ്ദം പുറത്തേക്കിഴഞ്ഞു. "അണ്ണാ, സ്വല്പം പണ ബേക്കു. സാലഗ ശുരു ആയിതു. ഈഗ തുമ്പ കഷ്ട.."
"അതുക്കാ നീങ്ക ഇപ്പടി ഭയപ്പെടറ്ത്. ഹണ കൊടുക്കറ്തുക്ക് താനെ ഞാൻ ഇങ്കെ ഉക്കാർന്തിട്ടിറുക്ക്. ശൊല്ലുങ്കോ എവളു വേണം?" തമിഴും കന്നഡയും മലയാളവുമൊക്കെ സമ്മിശ്രമായി വിളക്കിച്ചേർത്ത് ചിരിച്ചു കൊണ്ട് അണ്ണാദുരൈ ചിന്നപ്പയുടെ തോളിൽ കയ്യിട്ടു. കുടകിലെ ജനങ്ങൾ അങ്ങനെയാണ്.  മലയാളികളും തമിഴരും കുടവരുമെല്ലാം സങ്കരിച്ച കുടകിലെ സംസാരത്തിൽ എല്ലാ ഭാഷകളും രസകരമായി ഒളിച്ചു കയറും. തങ്ങളുടെ സംസാരത്തിൽ ഏതൊക്കെ ഭാഷകൾ ചിന്നിവീഴുന്നുണ്ടെന്ന് ചിലപ്പോൾ പറയുന്നവർക്ക് പോലും മനസ്സിലാവാറില്ല. തൊട്ടടുത്ത അപ്പണ്ണ ടവറിന് പുറത്ത്, പഴകിയ ടീ ഷർട്ടും തുന്നു വിട്ട് പുകയടിച്ച ജീൻസുമിട്ട് സിമന്റ് കോരുന്ന മെലിഞ്ഞ ആളെ ചൂണ്ടിക്കാണിച്ചു അണ്ണാ ദുരൈ ചിന്നപ്പയോട് ചോദിച്ചു. "അയാളെ തെറിയുമാ ഉങ്കൾക്കു?" "ഇല്ലണ്ണാ..." ചിന്നപ്പയുടെ സ്വരം നേർത്ത് ഭൂമിയോട് താഴ്ന്നിരുന്നു. "അവനിക്ക് അമ്പത് ഏക്കർ എസ്റ്റേറ്റ് ഇരുക്ക്. അതുക്കുള്ളെ പെരിയ ബംഗ്ലാവും എരടു കാറുമിരുക്ക്. ആണാലും ഇങ്കെ വന്നു കൽസ പണ്രത് പാര്. തലക്ക് സിന്ന പ്രച്ചന. അതിനാലെ പൊണ്ടാട്ടിയെല്ലാം വിട്ടു പോയിറ്ക്ക്.. എന്നാ പെരിയ ആളപ്പാ.."
      ദുരൈ കൊടുത്ത പൈസയുമായി എതിരെയുള്ള ഗോണിക്കുപ്പ കോംപ്ലക്സിന്റെ മുറ്റത്ത് കസേരയിട്ട് വെടി പറഞ്ഞിരിക്കുന്ന ശിവപ്പയുടെയും ദേവയ്യയുടെയും അടുത്തേക്ക് നടക്കുമ്പോഴും അവിശ്വസനീയയതയുടെ മൂടലുമായി ചിന്നപ്പയുടെ കണ്ണുകൾ സിമന്റ് കോരുന്ന മെല്ലിച്ച മനുഷ്യനിലേക്ക് പാളി വീണുകൊണ്ടിരുന്നു.
"എന്താ ചിന്നപ്പാ, അയാളുടെ മനയല്ലി കൽസ ബെക്കാ.. നാനു ഹേളുതിനി.." ചിന്നപ്പയുടെ ചുഴിഞ്ഞു നോട്ടത്തെ സമർത്ഥമായി തന്റെ വാക്കുകളുമായി ബന്ധിപ്പിച്ചു കൊണ്ട് ശിവപ്പ അയാളെ കളിയാക്കി. പകുതി പണി കഴിഞ്ഞിട്ടിരിക്കുന്ന ഗോണിക്കുപ്പ കോംപ്ലക്സിന് മുന്നിലിരുന്നാണ് ചിന്നപ്പയും കൂട്ടുകാരും സായന്തനങ്ങളിൽ ചായയോടൊപ്പം വെടി പറയുന്നത്. ചിന്നപ്പ പണം കിട്ടിയ ആശ്വാസത്തോടെ അവരിലേക്ക് അലിഞ്ഞു ചേർന്നു. തൊട്ടടുത്ത കിട്ടൻസ് തട്ടുകടയിൽ നിന്നും കൈകളിലെത്തിയ ചായയുടെ മധുരം നുണച്ചിറക്കിക്കൊണ്ട് അയാൾ കസേര വലിച്ചിട്ടിരുന്നു. പണക്കാരായ കൊടകർ അമ്മത്തിയിലും സൊണ്ടിക്കുപ്പയിലും മറ്റുമുള്ള ക്ലബ്ബുകളിൽ ഒത്തുകൂടുമ്പോൾ ചിന്നപ്പയെ പോലുള്ളവരുടെ ക്ലബ്ബാണ് ഗോണിക്കുപ്പ കോംപ്ലക്സ്. എല്ലാ വൈകുന്നേരങ്ങളിലും മൂന്നോ നാലോ ആളുകൾ അവിടെയിരുന്നു ചീട്ട് കളിക്കുകയോ ചായ കുടിക്കുകയോ ചെയ്തു. പണ്ട് സ്ഥിരമായി പണി കഴിഞ്ഞു വരുമ്പോൾ അവിടെ അല്പനേരമിരുന്നു സൊറ പറഞ്ഞിട്ട് മാത്രമേ ചിന്നപ്പ വീട്ടിലേക്ക് പോകാറുള്ളൂ. പക്ഷെ അടുത്ത കാലത്തായി അത് വളരെ കുറഞ്ഞിരുന്നു.

5

   'പോളിബെട്ട - ഗോണിക്കുപ്പ, പോളിബെട്ട -ഗോണിക്കുപ്പ..' സിദ്ധാപുര ബസ്റ്റാൻഡിൽ നിർത്തിയിട്ട ഭാഗമണ്ടേശ്വരി ബസ്സിന്റെ ഡോറിന് താഴെ നിന്നും ഉച്ചത്തിലുള്ള കിളിയുടെ ശബ്ദം ചീളിത്തെറിക്കുന്നതിനിടയിലൂടെ, ശ്രീ മുത്തപ്പൻ ഭഗവതി ടെംപിൾ എന്നെഴുതിയ ചതുരാകൃതിയിലുള്ള കമാനത്തിലൂടെ ചന്തറോഡിലേക്ക് നടക്കുന്നതിനിടെ ചിന്നപ്പയും ശാന്തമ്മയും ചുറ്റും നോക്കിക്കൊണ്ടിരുന്നു.

  "അണ്ണാ നമുക്കിന്നു സന്തക്ക് പോയാലോ? സിദ്ധാപുര ഞായറാഴ്ച്ച  സന്ത അല്ലെ? " ദുരൈയിൽ നിന്നും പൈസയും വാങ്ങി വീട്ടിലെത്തിയ ചിന്നപ്പയോട് ശാന്തമ്മ കൊഞ്ചലിന്റെ പാശ്ചാത്തലത്തോടെ പറഞ്ഞു. അങ്ങനെയാണ് ബംഗാളിപ്പണിക്കാരെയും കൊണ്ട് ഗോണിക്കുപ്പയിൽ നിന്നും സിദ്ധാപുരത്തേക്ക് പോകുന്ന ജീപ്പിൽ ഹിന്ദി ചെരിഞ്ഞു വീഴുന്ന ബഹളങ്ങൾക്കിടയിൽ അവരും അലിഞ്ഞു ചേർന്നത്. പണ്ടൊക്കെ തമിഴന്മാരും മലയാളികളുമായിരുന്നു കൂടുതലും തോട്ടപ്പണിക്ക് വരാറുണ്ടായിരുന്നത്. ആഗോള പ്രതിഭാസത്തിന്റെ പ്രതിഫലനമെന്നോണം അവിടെയുമിപ്പോൾ ആസാമികളും ബംഗാളികളുമാണ്. കുടകിലെ പല സ്ഥലങ്ങളിലും പല ദിവസങ്ങളിലാണ് ചന്ത നടക്കുക. ഞായറാഴ്ച്ച സിദ്ധാപുരത്താണ്. ഒരു ഭാഗത്ത് മഴവിൽ വിരിഞ്ഞിറങ്ങിയ പോലെ പലനിറത്തിലുള്ള ചിപ്സ്, മിച്ചർ, മുറുക്ക്, തുടങ്ങിയവയും എതിർഭാഗത്ത് പച്ചക്കറികളും ഫ്രൂട്ട്സും നിറഞ്ഞ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ കടകളും സമ്മാനിച്ച ദൃശ്യ വിരുന്ന് ആസ്വദിച്ച് മുന്നോട്ടു നടക്കുമ്പോൾ  'അർദ്ധ കിലോ ഇപ്പത്തു.. ബന്നി.. ബന്നി..' എന്ന കച്ചവടക്കാരുടെ ക്ഷണിക്കലുകൾ ഉയർന്നു കൊണ്ടിരുന്നു. നിലത്ത് പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് ഉള്ളിയും തക്കാളിയും ഇഞ്ചിയും മല്ലിച്ചപ്പും വിൽക്കുന്ന സ്ത്രീ പ്രതീക്ഷയോടെ രണ്ട് പേരെയും നോക്കി. അവർ ഇരുഭാഗത്തും നോക്കി മുന്നോട്ട് നടന്ന്  പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ഇടനാഴിയിലൂടെ മുകളിലേക്ക് കയറി. അവിടെ പച്ചക്കറികളുടെയും, ചെരുപ്പ്, കമ്പിളി, പാത്രങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളുടെയും ഉത്സവമാണ്. അതിനിടയിൽ ഉത്തരേന്ത്യൻ ചാറ്റുകൾ വിൽക്കുന്ന തട്ട് കടകളും. അവിടെ പാനി പൂരിയും മസാല പൂരിയും മിക്സ്‌ ചാറ്റുമൊക്കെ കിട്ടും. ശാന്തമ്മക്ക് അത് വലിയ ഇഷ്ടമാണ്. ആഴ്ച്ചയിൽ ആറു ദിവസം പണിയെടുക്കുന്ന തോട്ടം തൊഴിലാളികൾക്ക് ആഘോഷിക്കാൻ കിട്ടുന്നതാണ് ചന്ത ദിവസം. അന്ന് ചന്ത നടക്കുന്ന തെരുവുകളിൽ തൊഴിലാളികളുടെ ഇരച്ചു കയറ്റവും ബഹളവുമായിരിക്കും. അത്യാവശ്യം വേണ്ട വീട്ടുസാധനങ്ങളുമായി അവർ വൈകുന്നേരം ജീപ്പിലോ ബസ്സിലോ തിരിച്ചു പോകും.

6
 
     നിറഞ്ഞ പാൽ കുപ്പികളുമായി ഡെച്ചമ്മ തണുത്ത കോടക്കാറ്റിന്റെ തലോടലേറ്റ് മൂളിപ്പാട്ടും പാടി നടക്കുമ്പോഴാണ് ഗജേന്ദ്രന്റെ വെള്ള സ്കോർപ്പിയോ ഇരച്ചു വന്ന് അവളുടെ തൊട്ടടുത്ത് ബ്രേക്കിട്ടത്.
"സ്വല്പ ഹാലു നനഗേ കൊടുത്തീറാ." അശ്ലീലച്ചിരി തെറിപ്പിച്ചു അയാൾ അവളെ അടിമുടി നോക്കി കണ്ണുകളാൽ ഊറ്റിക്കുടിച്ചു. "പോടാ സൂളമകാ, നീ പോയി നിന്റെ ഹേണ്ടതിക്കെ കേളടാ.. പാലു കിട്ടും." വെറുപ്പിന്റെ പാട പതച്ച് ഡെച്ചമ്മ എരിയുന്ന കണ്ണുകളോടെ അയാളെ നോക്കി മുന്നോട്ട് നീങ്ങി. "നിനക്കാ ഒണക്ക ചിന്നപ്പ മതിയല്ലെടീ.. അവനു ഏന് ജാസ്തി ഇതേ? അതിനേക്കാൾ വലുത് നാനു കൊടുത്തിനി. ഒന്തു സാല സാക്കു." വണ്ടി അവളുടെ പിന്നാലെ പതിയെ ഉരുട്ടിക്കൊണ്ട് അയാൾ ചൊറിഞ്ഞു. "നീ പോടാ ചെറ്റേ." ഡെച്ചമ്മ തിരിഞ്ഞു നിന്ന് കത്തുന്ന കണ്ണുകളോടെ അയാളെ നോക്കി.
"നിന്നെ ഞാൻ എടുത്തോളാടീ, ബണ്ടിമകളെ.." പാൽക്കുപ്പികളുമായി നടന്നു നീങ്ങുന്ന വശ്യത തുളുമ്പുന്ന ഡെച്ചമ്മയുടലിനെ കാമനോട്ടത്താൽ നക്കിത്തുടച്ച് എന്തോ പിറുപിറുത്തു കൊണ്ട് അയാൾ വണ്ടി പതിയെ മുന്നോട്ടെടുത്തു. വാരികകളിലെ നോവലുകൾക്ക് വേണ്ടി വരക്കപ്പെട്ട നയികാചിത്രം പോലെ വടിവുകളൊത്ത ഡെച്ചമ്മയുടെ ഉടലഴക് തീക്ഷ്ണമായ കാമനകളുടെ ബഹിർസ്ഫുരണമായി അയാളുടെയുള്ളിൽ തിളച്ചപ്പോൾ തുടയിടുക്കുകൾ അകലുകയും അനിയന്ത്രിതമായ വികാരങ്ങളാൽ അയാളുടെ കാലുകൾ ആക്‌സിലേറ്ററിൽ അസാധാരണമായി അമരുകയും ചെയ്തു. തോട്ടക്കാറ്റിരമ്പുന്നത് പോലെയുള്ള ശബ്ദം പുറപ്പെടുവിച്ചു വണ്ടി മുന്നോട്ട് കുതിച്ചു.
  മനസ്സിൽ നുരഞ്ഞ വെറുപ്പിന്റെ പത ഡെച്ചമ്മ തുപ്പലുകളായി പുറത്തേക്ക് തെറിപ്പിച്ചു. കാനനപുഷ്പങ്ങളുടെ ഗന്ധവും പേറി വന്ന തണുത്ത കാറ്റ് അവളുടെ മുടിയിഴകളെ തഴുകി ദേഹമാകെ കുളിർപ്പിച്ചപ്പോഴാണ് എതിരെ നടന്നു വരുന്ന ചിന്നപ്പയെ കണ്ടത്. അതോടെ കാപ്പിപ്പൂക്കളുടെയും ഓറഞ്ച് മരങ്ങളുടെയും മണമുള്ള ഓർമ്മകൾ അവളിലൂടെ കയറിയിറങ്ങുകയും ശരീരമാകെ ഒന്നുലയുകയും ചെയ്തു. അപ്പോഴേക്കും ചിന്നപ്പ തൊട്ടു മുന്നിലെത്തിയിരുന്നു. ഡെച്ചമ്മയുടെ കാമാതുരമായ നോട്ടത്തിന്റെ താപത്തിൽ അയാളുടെ മുഖം വിളറി. "ചിന്നപ്പണ്ണാ ഏന് സമാചാര?" അവളുടെ കാതരമായ ശബ്ദം ഒരു നിമിഷം അയാളെ നിശ്ചലനാക്കി. നിറം മങ്ങിയ ഓർമ്മകളുടെ ഈറൻ നിറഞ്ഞൊരു കാലം അയാളിലൂടെ മലങ്കാറ്റ് പോലെ കടന്നു പോയി. ഇപ്പോഴും അവളുടെ ശരീരത്തിന് ഉടവ് തട്ടിയിട്ടില്ല. ഒരു കാലത്ത് ഒരുപാട് മോഹിച്ച അവളുടെ രൂപം അയാളിൽ പ്രണയസ്മരണകളുടെ വേലിയേറ്റമുയർത്തി. "ഏന് ഇല്ല, ദച്ചൂ.. തോട്ടത്തിൽ എനാദ്രേ കൽസ നോട്‌ ബേക്കു." അയാളുടെ സ്വരം ദുർബലമായിരുന്നു. "എന്നെ മറന്ത്‌ പോയ ചിന്നപ്പണ്ണാ. എനക്ക് ചിന്നപ്പണ്ണനോട്‌ ഏനു ദേഷ്യ ഇല്ല." അവളുടെ ശബ്ദം അയാളെ വർഷങ്ങൾക്ക് മുമ്പുള്ള പ്രണയാർദ്രമായ ഒരു കാലത്തേക്ക് ആനയിച്ചു കൊണ്ടു പോയി. "ഹേഗുധീറാ.. ദച്ചൂ.. ചെന്നാഗിതെയാ?" ചിന്നപ്പയുടെ സ്വരം വിറയലാൽ ഇടറിപ്പോയിരുന്നു.
'ശാന്തമ്മാക്ക് സുഖമാ..?' എന്ന മറുചോദ്യത്തിൽ അവൾ പുറത്തേക്കിരമ്പാൻ തുടങ്ങിയ വികാരങ്ങളെ അടിച്ചൊതുക്കി. അപ്പോൾ കാടിനുള്ളിൽ ഇലമർമ്മരങ്ങൾ ഉയരുകയും ഉള്ളിലെവിടെയോ ചിന്നിയൊഴുകുന്ന കാട്ടാറിന്റെ പാദസരക്കിലുക്കങ്ങൾ അവരുടെ അനുരാഗസ്മരണകൾക്ക് പാശ്ചാത്തലമൊരുക്കുകയും ചെയ്തു.

 7

  കാപ്പിപ്പൂക്കളുടെ സുഗന്ധം പേറി വന്ന നനുത്ത ഇളം കാറ്റിന്റെ ആലസ്യത്തിൽ എസ്റ്റേറ്റിലെ ഓറഞ്ച് മരത്തിന്റെ ചുവട്ടിൽ ഡെച്ചമ്മയോട് ചേർന്നിരിക്കുമ്പോൾ ചിന്നപ്പയുടെ മനസ്സിൽ പ്രണയം മഴവില്ല് പോലെ വിരിഞ്ഞു നിന്നു. നേരിയ മഞ്ഞുപാട മരങ്ങൾക്കിടയിലൂടെ അരിച്ചിറങ്ങുന്നു. "ദച്ചൂ.. നിന്റെ അപ്പ ഇതിന് സമ്മതിക്കുവോടീ..? നമ്മുടെ സ്വപ്‌നങ്ങൾ തോട്ടത്തിലെ ഓറഞ്ച് മരങ്ങൾ പോലെ കായയില്ലാത്ത മുരടിച്ചു പോകുമോ?" ചിന്നപ്പയുടെ കൈകളിൽ തലോടിക്കൊണ്ടിരുന്ന ഡെച്ചമ്മയുടെ കൈകൾ ഒന്നു വിറച്ചു. കണ്ണുകളിൽ അസാധാരണമായ ഭയം ഒളിഞ്ഞു കയറി അവളുടെ വാക്കുകൾ ചിന്നിപ്പെയ്തു. "നീനു എന്നെ വന്നു ബിളിക്ക്.. നാൻ ഇറങ്കി വന്നാൽ പോരെ..?"  അവളുടെ സ്വരം പക്ഷിക്കുറുകലിൽ കീറലിട്ട് ചിന്നപ്പയുടെ അകത്തളങ്ങളിൽ പ്രകാശം പരത്തി. ഇരച്ചു വന്ന കാറ്റ് ഊതിപ്പൊഴിച്ച മഞ്ഞയിലകളും പൂക്കളും അവർക്കിടയിൽ അടിഞ്ഞു വീണുകൊണ്ടിരുന്നു. "നമ്മക്ക് ഒന്തു ചിക്കു മന സാക്കു. ബേറെ ഏന് ബേഡാ." ഡെച്ചമ്മയുടെ ശബ്ദം പച്ചിലമർമ്മരങ്ങൾക്കിടയിലൂടെ പതിയെ ഒഴുകിക്കൊണ്ടിരുന്നു. ചിന്നപ്പ ഇലക്കീറുകൾക്കിടയിൽ തെളിഞ്ഞു കാണുന്ന ആകാശച്ചീളുകളിലേക്ക് നോക്കി മൂളി. അധികം സംസാരിക്കാത്ത അയാൾക്ക് അവളുടെ വർത്തമാനം കേൾക്കാനായിരുന്നു ഇഷ്ടം.
ഗോണിക്കുപ്പയിലെ ഏക്കർ കണക്കിന് വരുന്ന തോട്ടങ്ങളും, മൂറനാടും കുശാൽ നഗറിലുമായി നിരവധി കെട്ടിടങ്ങളും സ്വന്തമായുള്ള മുദ്ദപ്പ മുതലാളിയുടെ മകളായ ഡെച്ചമ്മയെ തനിക്ക് കിട്ടണമെങ്കിൽ ഏറ്റവും വലിയ അത്ഭുതം നടക്കണമെന്ന് അയാൾക്കറിയാമായിരുന്നെങ്കിലും അവളുടെ വശ്യമായ നോട്ടത്തിലും ചിരിയിലും സംസാരത്തിലും അയാൾ ഇടറി വീഴുകയായിരുന്നു. എസ്റ്റേറ്റിലെ പച്ചപ്പകലുകളിലും തണുത്തിരുണ്ട രാത്രികളിലും കോട പൊതിയുന്ന സായന്തനങ്ങളിലും അവരുടെ നിശ്വാസങ്ങൾ ഗോണിക്കുപ്പയുടെ ഹൃദയത്തിൽ പതിച്ചു കൊണ്ടിരുന്നു.
ചിന്നപ്പയുടെ മൂളലും ചീവീടുകളുടെ വിസിലടികളും സമ്മിശ്രമായി കൂടിക്കലരുകയും ഇഴപിരിയുകയും ചെയ്യുന്ന ഇടവേളകളിലെപ്പെഴോ ഭയാനകമായ ഗർജ്ജനം മരച്ചില്ലകളെ ചുഴറ്റിക്കൊണ്ട് കൊടുങ്കാറ്റ് പോലെ അവിടെക്കിരച്ചു.
"ഫ.. സൂളമക്കളെ, ബേഗ ഹോഗി മനയല്ലി..." മുദ്ദപ്പയുടെ ഉറഞ്ഞ ശബ്ദത്തിന്റെ കനത്തിൽ ഞെട്ടിയെഴുന്നേറ്റ ഡെച്ചമ്മ അപ്പനെ ഭീതിയുടെ ഇരപ്പോടെ ഒന്ന് നോക്കി വീട്ടിലേക്കോടി. രോഷം കൊണ്ട് വിറച്ച കണ്ണുകളുമായി നിൽക്കുന്ന മുദ്ദപ്പ കയ്യിലുണ്ടായിരുന്ന ഇരട്ടക്കുഴൽ തോക്ക് മുകളിലേക്ക് ചൂണ്ടി വെടി പൊട്ടിച്ചപ്പോൾ സിൽവർ മരത്തിന്റെ ചില്ലയോടൊപ്പം ഒരു കാക്കയും അവസാന ശ്വാസവും അവസാനിപ്പിച്ച് താഴേക്കു വീണു. ഭയന്ന് വിളറിയ ചിന്നപ്പ നിശ്ചലനായി തറഞ്ഞു നിന്നു പോയി. "മത്തെ.. ഒന്തു സാല അവളെ ജൊത്തെ നോടിതിനി നെഞ്ച് പൊളയ്ക്കും ബണ്ടിമകാ. ഈ മുദ്ദപ്പ യാരുന്തെ നിനഗേ ഗൊത്തില്ല.." കാട്ടുപന്നിയുടെ മുരൾച്ച പോലെ ഭീതിതമായ ആ ശബ്ദത്തിന്റെ മൂർച്ചയിൽ ഒരു നിമിഷം തറഞ്ഞു പോയ ചിന്നപ്പ ഒന്നും മിണ്ടാതെ എസ്റ്റേറ്റിനു പുറത്തേക്ക് നടന്നു. ഉള്ളിൽ പുകഞ്ഞ ഭയത്തിന്റെയും നിരാശയുടെയും മൂടലുകൾക്കിടയിൽ അയാൾ ഗോണിക്കുപ്പ കോംപ്ലക്സ് ലക്ഷ്യമാക്കി നടക്കുമ്പോൾ എസ്റ്റേറ്റിനുള്ളിൽ പെയ്യുന്ന ഇരട്ട മഴപ്പെയ്ത്ത് പോലെ മുദ്ദപ്പയുടെ ശബ്ദം പിന്നെയും വെടിച്ചു കൊണ്ടിരുന്നു.

8

  "നമ്മക്ക് രാജേശ്വരിയുടെ പൊരേ കൂടലിന് ഹോഗബേക്കു." ഉപ്പുമാവും കട്ടനും കുടിച്ച് തോട്ടങ്ങളിൽ ചിതറുന്ന ചാറ്റൽ മഴയുടെ ദൃശ്യങ്ങൾ മിഴികളിലേക്ക് ആവാഹിക്കുമ്പോൾ ശാന്തമ്മയുടെ സ്വരം അയാളിലേക്കു കുതിച്ചിറങ്ങി. അവളുടെ കൂടെ തോട്ടപ്പണിക്ക് വരുന്ന രാജേശ്വരിയുടെ വീട് കൂടൽ ഇന്നാണ്. "പോകാം.. ഉച്ചക്കല്ലേ.. ഹോഗി റെഡി ആകൂ." ചുണ്ടിൽ ചിരിയായി വിരിഞ്ഞ സന്തോഷത്തോടെ ശാന്തമ്മ അകത്തേക്ക് നടക്കുമ്പോൾ അയാൾ ഒരു ബീഡിക്ക് തീ കൊളുത്തി ഡെച്ചമ്മയുടെ ഓർമ്മകൾ അകത്തേക്ക് വലിച്ചെടുത്തു.
 അന്നത്തെ സംഭവത്തിനു ശേഷം പെട്ടെന്നാണ് വീരാജ് പേട്ടയിലെ ദൊപ്പയ്യാ എസ്റ്റേറ്റ് ഉടമ ദൊപ്പയ്യയുമായി ഡെച്ചമ്മയുടെ കല്യാണം ഉറപ്പിച്ചത്. തനിക്കെന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുമ്പ് തന്നെ എല്ലാം കഴിഞ്ഞിരുന്നു. അല്ലെങ്കിലും മുദ്ദപ്പയെ പോലുള്ള ഒരാളോട് ഏറ്റുമുട്ടി മകളെ സ്വന്തമാക്കാൻ ഇത് പുനീത് രാജ് കുമാറിന്റെ സിനിമയല്ലല്ലോ. ഇരുളടഞ്ഞ വർഷങ്ങൾ പൊഴിയുന്നതിന്റെ ഇടവേളയിലെപ്പോഴോ കൂട്ടായി ശാന്തമ്മ വന്നു. അതിനിടയിലും ദച്ചുവിന്റെ കാര്യങ്ങൾ നാട്ടുകാരിൽ നിന്നും അറിയുന്നുണ്ടായിരുന്നു. മുഴുക്കുടിയനായ ദൊപ്പയ്യയുടെ ഉപദ്രവവും അയാളുടെ അമ്മയും നാത്തൂന്മാരുമായുള്ള സംഘർഷങ്ങളും കൊടുമുടിയിലെത്തി നിൽക്കുമ്പോഴാണ് മദ്യപിച്ചു ലക്ക് കെട്ടൊരു ദിവസം തോട്ടത്തിൽ നടന്ന പുകിലിനിടയിൽ സുഹൃത്തായ ബൊപ്പണ്ണയുടെ തോക്കിൽ നിന്നും ലഹരിയുടെ മൂർധന്യത്തിൽ പുറപ്പെട്ട വെടിയുണ്ട ദൊപ്പയ്യയുടെ ആത്മാവുമായി കാട് കയറിയത്. പിന്നെ ഡെച്ചമ്മ അവിടെ നിന്നില്ല. ഭർത്താവിനോടും കുടുംബത്തോടുമുള്ള രോഷവും അപ്പനോടുള്ള പകയുമെല്ലാം ഒന്നിച്ചപ്പോൾ അവൾ തിരിച്ചു വീട്ടിൽ പോകാതെ അമ്മയുടെ കാലത്തുള്ള പഴയ വീട്ടിൽ ഒറ്റക്ക് താമസം തുടങ്ങി.
 
 തീ തിന്ന്‌ തീർത്ത ബീഡിക്കുറ്റിയോടൊപ്പം ഡെച്ചമ്മയോർമ്മകളെയും അയാൾ പുറത്തേക്കെറിഞ്ഞപ്പോഴേക്കും ശാന്തമ്മയും കുട്ടികളും വേഷം മാറി പുറത്തെത്തി.
"ബേഗ റെഡി ആകൂ, സമയ ആയിതു." അവളുടെ ശബ്ദം പുറത്തേക്കും അയാൾ അകത്തേക്കും തെറിച്ചപ്പോഴാണ് നേരിയ ചാറ്റൽ മഴ വീടിനു മുകളിൽ പൊടിഞ്ഞത്.
   മഴയുടെ തലോടലേറ്റ് നനഞ്ഞു കുതിർന്ന വഴിയിലൂടെ നടന്ന് അവർ രാജേശ്വരിയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ യുവാക്കളും യുവതികളും ചേർന്നുള്ള കുടവനൃത്തം നടക്കുകയായിരുന്നു. ഉച്ചത്തിലുയർന്ന പാട്ടിന്റെ അലയൊലികൾ ചിന്നപ്പയുടെ കാതുകളിലേക്ക് ഹിമകണങ്ങളായി പെയ്തു.

'കൊമ്പ മീശറ ബംബങ്കൊള്ളി എന്ന മാടിറാ..
പാതി കൊടുത്തിന മാരി തിന്ത്..
തിന്ത് തേഗിതാ..
കൊടതി മുടി ബടുവത്തിന്ത്‌ പാടി കളിപ്പീറാ..
എന്നെങ്കച്ചി ഇന്നാനിയാവന്ത് ഗ്യാന മാടിതാ..
കൊമ്പ മീശറ ബംബ കൊള്ളി എന്ന മാടിറാ..
പാതി കൊടുത്തിന മാരി തിന്ത്..
തിന്ത് തേഗിതാ..'.

  കൊടവ വാലഗ നൃത്തത്തിന്റെ ആവേശത്തിൽ ചിന്നപ്പയും പതിയെ ആടിത്തുടങ്ങി. അയാളിലെ സങ്കടങ്ങൾ പാട്ടിന്റെയും ഡാൻസിന്റെയും ശീതക്കാറ്റിലും തണുത്ത ബിയറിന്റെ നുരകൾക്കിടയിലും സിൽവർ മരത്തിന്റെ ഇലകൾ പോലെ കൊഴിഞ്ഞു വീണു കൊണ്ടിരുന്നു.

9.

 "എന്നാലും ആ ഗജേന്ദ്രന് ഇങ്ങനെ ആകൂന്ന് വിചാരിച്ചില്ലപ്പാ. പാവങ്ങളോട് ചെയ്ത ക്രൂരതക്ക് ദൈവ കൊടുത്തതാ. ഇങ്ങളയെല്ലാ നല്ലോണ ചീത്ത പറഞ്ചില്ലേ..?" ശാന്തമ്മയുടെ ശബ്ദത്തിൽ ദേഷ്യവും ഭീതിയും രോഷവുമെല്ലാം ഇടകലർന്നിരുന്നു.
   "അങ്ങനെ ഹേളാതമ്മാ. നമ്മ കാശ് കൊടുക്കാനില്ലേ? അതോണ്ടല്ലേ ചീത്ത പറഞ്ചത്. പാവം, ആ ഹെണ്ടതിയും കുട്ടികളും." ചിന്നപ്പയുടെ സ്വരത്തിൽ വേദന തിങ്ങിയിരുന്നു.
"എന്നാലും അയാളെന്തിനാ വെള്ളപ്പയുടെ അടുത്ത് പോയി ലഹള ആക്കിയത്? അതു കൊണ്ടല്ലേ ഇങ്ങനെയൊക്കെ സംഭവിച്ചത്." ശാന്തമ്മയുടെ സ്വരം വിറഞ്ഞു തൂവി. "അയാളുടെ സംസാര ശരിയല്ല, പൈസ ഉണ്ടായ മാത്ര എന്താകാൻ? വെള്ളപ്പക്ക് ഹെണ്ടത്തിയെ തുമ്പ ഇഷ്ട. അപ്പൊ അങ്ങനെ പറഞ്ഞാ വെറുതെ വിടോ? വെള്ളപ്പ ഗോണിക്കുപ്പയിൽ പെരിയ ആള്." പിറകിലെ തോട്ടത്തിൽ നിന്നും നേർത്ത ചിന്നംവിളി മരങ്ങൾക്കിടയിലൂടെ കിളിയൊച്ചകളെ വകഞ്ഞു കൊണ്ട് അവിടേക്കിരച്ചതോടെ ശാന്തമ്മയുടെ കണ്ണുകളിൽ ഭയത്തിന്റെ നേരിപ്പോടുകളെരിഞ്ഞു. "ഇന്നലെ തൊമ്മനഹള്ളിയിൽ ഒരു ചെക്കനെ ആന ചവിട്ടിക്കൊന്നത്രെ. ഗോണിക്കുപ്പയിലൊക്കെ അതാണ് സമാചാര. ചെക്കൻ രാത്രി പണി ആക്കി മനക്ക് വാപസ് പോകുമ്പോ സ്‌കൂട്ടറിൽ ചവിട്ടി മറിച്ചിട്ടു, വലിയ കാട്ടു കൊമ്പൻ." ചിന്നപ്പയുടെ വാക്കുകളിൽ വിറയലുണ്ടായിരുന്നു. "രാജേശ്വരി പറഞ്ഞപ്പാ ഞാൻ അറിഞ്ഞത്. രണ്ട് ചെക്കൻമാർ ഉണ്ടായിന്ന്. ഒരുത്തൻ ഓടി രക്ഷപെട്ടു. പക്ഷെ സ്‌കൂട്ടർ ഓടിച്ച ചെക്കനെയാ ചവിട്ടിയത്. പാവം. അവന്റെ അമ്മേനെ എനക്കറിയ. ഭയങ്കര കരച്ചിലാ. ഇങ്ങള് രാത്രി തോട്ടത്തിലൂടെ നടക്കുമ്പോ സൂക്ഷിക്കണം. കഴിഞ്ഞ മാസല്ലേ ആ നടേശനെ ആന കുത്തിക്കൊന്നത്." കരുതലിൽ ചാലിച്ച ശാന്തമ്മയുടെ ശബ്ദം കേട്ട ചിന്നപ്പ കനത്തിൽ മൂളി. "ഞാൻ കഞ്ഞി എടുത്ത് വെക്കാം." പറഞ്ഞു കൊണ്ട് ശാന്തമ്മ ദീർഘനിശ്വാസമിട്ട് അകത്തേക്ക് നടക്കുമ്പോൾ ചിന്നപ്പയുടെ മനസ്സിൽ പലവിധ ചിന്തകൾ കുഴഞ്ഞു മറിയുകയായിരുന്നു. "ചിന്നപ്പണ്ണാ, ഇങ്ങള് കണ്ടതൊന്നും ആരോടും പറയാൻ നിക്കണ്ടാ, എത്ര ആളെല്ലാ ആന ചവിട്ടി കൊന്നിന്. അങ്ങനെ ബിചാരിച്ച മതി." അകത്ത് നിന്നുയർന്ന ശാന്തമ്മയുടെ വാക്കുകൾ അയാളെ പിന്നെയും ഗജേന്ദ്രനെ കുറിച്ചുള്ള ഓർമ്മകളിലേക്ക് കൊണ്ടു പോയി. അതയാളിൽ അസാധാരണമായ ഭയത്തോടെ, മലമ്പാമ്പിനെ പോലെ ചുറ്റി വരിഞ്ഞു കൊണ്ടിരുന്നു. പുറത്തെ ഇരുട്ടിലേക്ക് തറച്ചു നോക്കുമ്പോൾ ചിന്നപ്പയുടെ കണ്ണുകളിൽ ഇന്നലെ രാത്രിയിലെ ഭീകരമായ സംഭവത്തിന്റെ ഭീതി കോടയായി നുരഞ്ഞു കയറുകയും അയാൾ ഭയങ്കരമായി വിറക്കുകയും ചെയ്തു.

10

കെട്ടു പൊട്ടിച്ചു ചിതറി വീണ നാട്ടു വിശേഷങ്ങളുടെ അവസാനം ശിവപ്പയോട് യാത്ര പറഞ്ഞ്, ഗോണിക്കുപ്പ കോംപ്ലക്സിൽ നിന്നിറങ്ങുമ്പോൾ വല്ലാതെ വൈകിയിരുന്നു. നിലാവിന്റെ നേർത്ത പാടയിൽ തെളിഞ്ഞ ഇടവഴിയിയിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ചിന്നപ്പയുടെ ചിന്തകൾ പല വഴിക്കായി ചിതറിക്കൊണ്ടിരുന്നു. തണുത്ത രാത്രിയുടെ വിറയാർന്ന കൈകളിൽ അന്തരീക്ഷം വിറങ്ങലിച്ചു കൊണ്ടിരിക്കുകയും ചൂളം കുത്തിയടിച്ച മലങ്കാറ്റിൽ മരങ്ങൾ ഉലയുകയും ചെയ്തപ്പോഴാണ് വെള്ളപ്പയുടെ എസ്റ്റേറ്റിലെ ചതുപ്പ് നിലത്തിന്റെ അരികിൽ നിന്നും ഉച്ചത്തിലുള്ള സംഭാഷണങ്ങൾ പുറത്തേക്ക് തെറിച്ചത്. വെട്ടി നിരയൊപ്പിച്ച ബുഷ് പ്ലാന്റിന്റെ നേരിയ വിടവിലൂടെ അവിടേക്ക് നോക്കിയ ചിന്നപ്പയുടെ ഹൃദയം ഭയന്ന് വിറച്ചു പോയി. ഗജേന്ദ്രന്റെ നെഞ്ചത്തേക്ക് ഇരട്ടക്കുഴൽ തോക്ക് ചൂണ്ടി നിന്ന് വിറക്കുകയാണ് വെള്ളപ്പ. "നിന്നോട് ഞാൻ പറഞ്ചില്ലേ നായേ, പൈസ കാപ്പി വിറ്റാ തറുമെന്ന്. എന്നിട്ട് ഞാൻ ഇല്ലാത്തപ്പ മനയിൽ വന്നിട്ട് ഭാര്യന്റെ മെലെ ജെഹള ആക്കിനാ സൂളമകാ. നിന്നെ കൊന്ന് പട്ടിക്കിറ്റ് കൊടുക്കും." വെള്ളപ്പയുടെ ശബ്ദം അമിതമായ കോപത്താൽ വിറച്ചു.
 "നിനക്ക് പൈസ കൊടുത്തിട്ട് എത്ര മാസ ആയെടാ. തിരിച്ചു തരാണ്ട് വേലയിറക്കുന്നോ. കൊടകനായോണ്ടുള്ള അഹങ്കാരാ നിനക്ക് അല്ലേടാ. ഇന്ന് പൈസ മേടിച്ചിട്ട് മാത്ര ഗജേന്ദ്ര തിരിച്ചു പോകൂ. അല്ലെങ്കിൽ നിന്ന ഹെണ്ടത്തിയെ നന്ന കൂടെ കളസി ബിഡി.." ഗജേന്ദ്രന്റെ ശബ്ദം മുഴുവനായി പുറത്തേക്ക് വരുന്നതിനു മുമ്പ് വെടി പൊട്ടുകയും ഗജേന്ദ്രന്റെ നിലവിളി എസ്റ്റേറ്റിലെ മൂകതയെ പൊളിച്ചു കീറുകയും ചെയ്തു. ഭയന്ന് വിളറിയ ചിന്നപ്പ കാതുകൾ പൊത്തിക്കൊണ്ട് ചുറ്റും നോക്കി. ശ്വാസം വിലങ്ങി നിശ്ചലനായ അയാളിൽ നിന്നുയർന്ന നിലവിളി പുറത്തേക്ക് വരാതെ തൊണ്ടയിൽ കുരുങ്ങി വിളറി നിന്നു. അതിനിടയിൽ ഒരു തവണ കൂടി വെടി പൊട്ടുകയും വെള്ളപ്പയുടെ അലർച്ച അന്തരീക്ഷത്തിൽ മുഴങ്ങുകയും ചെയ്തു. കാപ്പിമരങ്ങളുടെ നേർത്ത വിടവിലൂടെ ഒന്ന് കൂടി അകത്തേക്കു നോക്കിയ അയാൾ കണ്ടത് ഗജേന്ദ്രന്റെ നിശ്ചല ശരീരം അവസാന ഞരക്കവും കഴിഞ്ഞ് പതിയെ ചെളിവെള്ളം നിറഞ്ഞ ചതുപ്പിലേക്ക് താണു പോകുന്നതാണ്. ഭയം കൊണ്ട് വിറഞ്ഞ ചിന്നപ്പയുടെ ശരീരം നിശ്ചലത വെടിയാൻ നിമിഷങ്ങളെടുത്തു. അതോടെ ബാക്കി കാണാനുള്ള കരുത്തില്ലാതെ ഇടറിയ കാലുകളോടെ അയാൾ ഇടവഴിയിലൂടെ വീടിന്റെ നേർക്ക് നടന്നു. മരച്ചില്ലകളെ ഉലച്ചു കൊണ്ട് തോട്ടത്തിലൂടെ വീശിയടിച്ച ശീതക്കാറ്റിൽ അയാൾ നന്നായി വിറക്കുന്നുണ്ടായിരുന്നു.


Notes.

മാടി കൊടുത്തിനി - ചെയ്തു കൊടുക്കും.
എല്ലി ഹോഗിതെ - എവിടെ പോകുന്നു.
ഇഷ്ടേ ബെളിഗേ -ഇത്ര രാവിലെ
ഒന്തു സാല - ഒരു പ്രാവശ്യം
കൽസ - ജോലി
ഹണ - പണം
ഹെണ്ടതി - ഭാര്യ
കേള സാക്കൽവ - ചോദിച്ചാൽ പോരെ.
ഗൊത്തില്ല -അറിയില്ല
സാലഗ ശുരു ആയിതു - സ്കൂൾ തുറന്നു.
ഈഗ തുമ്പ കഷ്ട - ഇപ്പോൾ ഭയങ്കര കഷ്ടമാണ്.
ഹേഗുദ്ദീറ ചെന്നാഗിതയാ? - എന്തൊക്കെയുണ്ട് സുഖമാണോ?
ചിക്കു മന സാക്കു - ചെറിയ വീട് മതി.
ജൊത്തെ നോടിതിനി - ഒന്നിച്ചു കണ്ടാൽ
കൊടവ വാലഗ - കുടകരുടെ ആഘോഷനൃത്തം
കളസി ബിടി -അയക്ക്.
    

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക