Image

മിഷേൽ യോ ഓസ്‌കർ പ്രസംഗത്തിൽ  ഡോൺ ലെമണെ ഉന്നം വച്ചെന്നു വ്യാഖ്യാനം 

Published on 13 March, 2023
മിഷേൽ യോ ഓസ്‌കർ പ്രസംഗത്തിൽ   ഡോൺ ലെമണെ ഉന്നം വച്ചെന്നു വ്യാഖ്യാനം 

 

 

മികച്ച നടിക്കുള്ള ഓസ്‌കർ സ്വീകരിച്ചു സംസാരിക്കുമ്പോൾ ഏഷ്യൻ അമേരിക്കൻ മിഷേൽ യോ സി എൻ എൻ ആങ്കർ ഡോൺ ലെമണെ  ഒന്നു തോണ്ടിയോ? ഈ അവാർഡ് ആദ്യമായി നേടിയ ഏഷ്യൻ നടി സുവർണ ശിൽപം ഉയർത്തിപ്പിടിച്ചു ഇങ്ങിനെ പറഞ്ഞു: "ഇത് തെളിവാണ്. വലിയ സ്വപ്‌നങ്ങൾ കാണുക. സ്വപ്‌നങ്ങൾ യാഥാർഥ്യമാകും. വനിതകളെ, നിങ്ങൾ മികവിന്റെ ഘട്ടം പിന്നിട്ടുവെന്നു പറയാൻ ആരെയും അനുവദിക്കാതിരിക്കുക." 

നിറഞ്ഞ കരഘോഷം ഉണർത്തിവിട്ട ആ വാചകം ഡോൺ ലെമണെ  ലക്‌ഷ്യം വച്ചായിരുന്നു എന്നാണ് നിഗമനം. സി എൻ എൻ പ്രഭാത പരിപാടിയിൽ റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർഥി നിക്കി ഹേലിക്കെതിരെ ലെമൺ നടത്തിയ പരാമര്ശത്തിനുള്ള പ്രതികരണം. 

ഹേലി (51) മികവിന്റെ പ്രായത്തിലല്ല എന്നു പറഞ്ഞ ലെമൺ സ്ത്രീകൾ മികവ് നേടുന്നത് 30 നും 40 നും ഇടയ്ക്കാണെന്ന തന്റെ അഭിപ്രായം ഉറപ്പിക്കാൻ ഗൂഗിളിനെ കൂട്ടു പിടിച്ചിരുന്നു. സഹ അവതാരകരായ പോപ്പി ഹാർലോ, കൈറ്റ്ലാൻ കോളിൻസ് എന്നിവർ അതിൽ ക്ഷുഭിതരായി. 

തിങ്കളാഴ്ച രാവിലെ ഓസ്‌കർ ചർച്ച ചെയ്യുമ്പോൾ സി എൻ എന്നിൽ അവർ യോവിന്റെ നേട്ടം ചർച്ച ചെയ്തു. നടിയുടെ പ്രസംഗത്തിന്റെ ചില ഭാഗങ്ങളും സംപ്രേക്ഷണം ചെയ്തു. എന്നാൽ സ്ത്രീയുടെ പ്രായത്തെ കുറിച്ചുള്ള പരാമർശം ഒഴിവാക്കി. 

ലെമൺ ആവട്ടെ, യോവിന്റെ നേട്ടത്തെ പ്രശംസിച്ചെങ്കിലും വിവാദ ഭാഗങ്ങൾ തൊട്ടില്ല. രണ്ടു വനിതകളുടെയും നടുവിൽ അദ്ദേഹം ഇരിക്കുമ്പോൾ ഹാർലോ പെട്ടെന്ന് വിഷയം മാറ്റുകയും കോളിന്സിനെ ഒന്ന് ഇരുത്തി നോക്കുകയും ചെയ്തു. 

സാമൂഹ്യ മാധ്യമങ്ങളിൽ പക്ഷെ യോവിന്റെ വാചകം ആറാട്ടായി. 

ഹേലിയെ കുറിച്ച് പറയുമ്പോൾ സ്ത്രീകളെ കൂടി അവഹേളിച്ച ലെമണേ സി എൻ എൻ മേധാവി ശാസിച്ചെന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. ഒരു ഇടവേളയ്ക്കു ശേഷം ഫെബ്രുവരി 22 നാണു ലെമൺ വീണ്ടും സി എൻ എൻ പ്രഭാത പരിപാടിയിൽ എത്തിയത്. 

Michelle Yeoh seems to have targeted Don Lemon 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക