StateFarm

ഫോമാ മുൻ പ്രസിഡന്റ് ബേബി ഉരാളിലിന്റെ സപ്തതി ആഘോഷിച്ചു 

Published on 14 March, 2023
ഫോമാ മുൻ പ്രസിഡന്റ് ബേബി ഉരാളിലിന്റെ സപ്തതി ആഘോഷിച്ചു 

ന്യു യോർക്ക്: സാമൂഹിക-സാംസ്കാരിക രംഗത്ത് വലിയ സംഭാവനകൾ നൽകിയ ബേബി ജോൺ ഊരാളിലിന്റെ സപ്തതിയും  അമേരിക്കയിലെത്തിയതിന്റെ അൻപതാം വാര്ഷികവും ആഘോഷിച്ചു.

മക്കകളും കൊച്ചുമക്കളും  മറ്റു ബന്ധുക്കളുമടങ്ങിയ സദസ് ജീവിതത്തിന്റെ പ്രധാനപ്പെട്ട നാഴികക്കല്ല് പിന്നിടുന്ന അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ആശംസകൾ അർപ്പിക്കുകയും ചെയ്തു.  ലോംഗ് ഐലൻഡിൽ കൊട്ടിലിയൻ  റെസ്റ്റോറന്റിൽ ആയിരുന്നു ലളിതമായ ആഘോഷം.

കസിനായ  സ്റ്റീഫൻ ഊരാളിൽ പൊന്നാട അണിയിച്ചു. കൊച്ചുമക്കൾ ഗ്രാൻഡ് പായെപ്പറ്റി സംസാരിച്ചു. സഹോദരരുടെ മക്കളും ബന്ധുക്കളുടെ മക്കളും ഗാനങ്ങൾ ആലപിച്ചു. 

നേർരേഖകളിലൂടെ സഞ്ചരിച്ച, സംതൃപ്തമായ ജീവിതത്തിന്റെ പ്രതീകമായാണ് ബേബി ഉരാളിലിനെ ബന്ധുമിത്രാദികൾ ചൂണ്ടിക്കാട്ടുന്നത്.  ഭാര്യ സലോമി എല്ലാ പ്രവർത്തനങ്ങൾക്കും ശക്തിസ്രോതസ്സായി.  മകൻ ഷോബിൻ സ്വന്തമായി ബാങ്കിംഗ് കമ്പനി നടത്തുന്നു . മകൾ ഷാരൺ ന്യൂയോർക്കിൽ എൻവൈയു ഹോസ്പിറ്റലിൽ ഡോക്ടർ. രണ്ട് കൊച്ചുമക്കൾ 

സപ്തതി പ്രമാണിച്ചു മലയാള മനോരമ അദ്ദേഹത്തിന്റെ പ്രത്യേക അഭിമുഖം പ്രസിദ്ധീകരിച്ചു. https://www.manoramaonline.com/global-malayali/us/2023/03/13/baby-ooralil-shares-his-experiences-of-50-years-of-us-life.html

ഇ-മലയാളി നേരത്തെ പ്രസിദ്ധീകരിച്ച പ്രൊഫൈലിൽ നിന്നുള്ള പ്രസക്ത  ഭാഗങ്ങൾ: https://emalayalee.com/vartha/270605

സാംസ്‌കാരിക- സാമൂദായിക രംഗത്ത് തന്റേതായ വഴികൾ വെട്ടിത്തെളിച്ച നേതാവാണ് ബേബി ഊരാളിൽ. ഫോമയുടെ മുന്‍പ്രസിഡന്റ്‌ , മലയാളം ടെലിവിഷന്റെ സി.ഇ.ഒ , കെ.സി.സി.എന്‍.എയുടെ മുന്‍ പ്രസിഡന്റ്‌ തുടങ്ങിയ എല്ലാ പദവികളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കേരളാസെന്ററിന്റെ  കമ്മ്യൂണിറ്റി സര്‍വീസ്‌ അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയ ബേബി ഊരാളിൽ ഇ-മലയാളി വായനക്കാരോട്  സംസാരിക്കുന്നു... 

പ്രവാസ ജീവിതത്തിന്റെ ആദ്യകാല ഓർമ്മകൾ?

കോട്ടയം മോനിപ്പള്ളിയിലാണ് ഞാൻ ജനിച്ചുവളർന്നത്. ഞങ്ങൾ ഒൻപത് മക്കളായിരുന്നു. നഴ്‌സായ മൂത്ത സഹോദരി ഗ്രേസി അമേരിക്കയിലേക്ക് പോയപ്പോൾ മുതൽ, ഈ രാജ്യത്ത് എത്തപ്പെടണമെന്ന് ആഗ്രഹിച്ചിരുന്നു.  സഹോദരി സ്പോൺസർ ചെയ്ത്   സ്റ്റുഡന്റ് വിസയിൽ 1973 ലാണ് അമേരിക്കയിലെത്തുന്നത്. അന്ന് മുതൽ സഹോദരി ഗ്രേസി എല്ലാകാര്യത്തിനും മാർഗ്ഗദീപമായി മുന്നിൽ നിന്നുവെന്നത് നന്ദിയോടെ ഓർക്കുന്നു

അക്കാലത്ത്, കേരളത്തിൽ നിന്നൊരാളെ കണ്ടുമുട്ടുന്നതൊക്കെ അത്ഭുതമായിരുന്നു.  ഹൈവേയുടെ എതിർവശത്തുനിന്ന കുടുംബം മലയാളം സംസാരിക്കുന്നതുകേട്ട് അവരുടെ അരികിലേക്ക് ഓടിച്ചെന്ന് പരിചയപ്പെട്ടതൊക്കെ ഇന്ന് കേട്ടാൽ വിശ്വസിക്കുമോ? കേരള സമാജത്തിൽ അംഗത്വം എടുത്ത ശേഷമാണ് ഇവിടെയുള്ള മലയാളികളുമായി അടുക്കുന്നത്. വിജയൻ എന്ന വ്യക്തിയുടെ സംഭാവനകൾ അമേരിക്കൻ മലയാളികൾക്ക് മറക്കാനാവില്ല. അദ്ദേഹം ഒരു ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചിരുന്ന മലയാള സിനിമകൾ കാണുന്നതായിരുന്നു അന്നത്തെ വലിയ വിനോദം. 

എഴുത്തിൽ താല്പര്യമുണ്ടോ? അമേരിക്കയിലെ ആദ്യകാലപ്രസിദ്ധീകരണമായ അശ്വമേധവുമായി ചേർന്ന് പ്രവർത്തിച്ച ഓർമ്മകൾ?

എഴുതാൻ വലിയ കഴിവില്ല. വായിക്കും, പ്രസംഗിക്കാറുമുണ്ട്. സാഹിത്യത്തോടും കലയോടും ഇഷ്ടമാണ്. അശ്വമേധം എന്നൊരു മാസിക ഏതാനും സുഹൃത്തുക്കളുമായി ചേർന്നാണ് നടത്തിയിരുന്നത്. രാജൻ മാരേട്ടായിരുന്നു ചീഫ് എഡിറ്റർ. പരസ്യങ്ങളാണല്ലോ പ്രസിദ്ധീകരണങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. പരസ്യം ലഭിക്കാനും, കിട്ടിയാൽ തന്നെ പണം കളക്ട് ചെയ്യാനും ഏറെ ബുദ്ധിമുട്ടായിരുന്നു. ഞങ്ങൾ എല്ലാവരും തന്നെ മറ്റൊരു ജോലിയിൽ നിൽക്കെ ഇതിനു പിന്നാലെ പോകുന്നതിന്റേതായ പ്രയാസങ്ങളും വന്നു. പബ്ലിക്കേഷൻ കൊണ്ട് അമേരിക്കയിലാർക്കും പണം സമ്പാദിക്കാൻ സാധിക്കില്ലെന്ന് എല്ലാവർക്കും അറിയാം. എത്രയൊക്കെ പാഷൻ ഉണ്ടെങ്കിലും, കയ്യിലുള്ള പണം പോകുമ്പോൾ മനസ്സ് മടുക്കും.  അങ്ങനെ, അത് വേറൊരു ടീമിനെ ഏൽപ്പിച്ചു. അവരത് പത്രമായി മുന്നോട്ടു കൊണ്ടുപോയി. ഇന്നത് ഓൺലൈൻ ആയി പ്രവർത്തിക്കുന്നു.
സാമ്പത്തികമായ നേട്ടങ്ങൾ ഉണ്ടായില്ലെങ്കിലും വളരെ നല്ല ചില ഓർമ്മകൾ, അശ്വമേധവുമായി ബന്ധപ്പെട്ട് ഇപ്പോഴും മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. സാഹിത്യകാരന്മാരുമായും കലാകാരന്മാരുമായും അടുത്തിടപഴകാൻ അതിലൂടെ സാധിച്ചു. എം.ടി.വാസുദേവൻ നായരുമായും ജെറി അമൽദേവുമായും ഒക്കെ അത്തരത്തിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടുണ്ട്. ജെറി അമൽദേവ് അമേരിക്കയിലാണ് മ്യൂസിക് പഠിച്ചത്.

കോവിഡിന്റെ പ്രാരംഭഘട്ടത്തിൽ നിന്ന് ഇപ്പോഴത്തെ അമേരിക്കയെ നോക്കുമ്പോൾ?

കോവിഡിന്റെ പ്രാരംഭഘട്ടം ഇപ്പോഴും ഓർക്കുമ്പോൾ നടുക്കമാണ്. പ്രാർത്ഥിക്കാനോ സാധനങ്ങൾ വാങ്ങിക്കാനോ പോലും പുറത്തിറങ്ങാൻ കഴിയാതെ ആകെ ബുദ്ധിമുട്ടി. ജോലിക്ക് ആളെക്കിട്ടാതെ മാനേജ്‌മെന്റ് രംഗത്തുള്ളവർക്കും ഇറങ്ങി പ്രവർത്തിക്കേണ്ടിവരും.
 സാമ്പത്തികമായി അമേരിക്ക തകർന്നുപോകുമോ എന്ന് പോലും ഭയപ്പെട്ടിരുന്നു. എന്നാൽ, ഗവണ്മെന്റ് പിടിച്ചുകയറി. ബിസിനസ് മെച്ചപ്പെടുത്താനും ക്ലേശങ്ങളിൽ നിന്ന് കരകയറാനുമായി നിരവധി ഫണ്ടുകൾ അനുവദിച്ചു. റെസ്റ്റോറന്റ് പോലെ അടഞ്ഞുപോയ പല ബിസിനസുകളും പുനരാരംഭിച്ചു. വാടക കുടിശിക അടയ്ക്കാൻ നിവൃത്തി ഇല്ലാത്തവർക്കും സർക്കാർ സഹായം നൽകി. ശമ്പളം ലഭിക്കാത്തവർക്ക് പേ - റോൾ നൽകുകയും ബിസിനസ് നടത്താൻ പണമില്ലാത്തവർക്ക് വായ്‌പകൾ അനുവദിക്കുകയും ചെയ്തതിലൂടെ സാമ്പത്തിക ഉത്തേജനം സാധ്യമാക്കി. എല്ലാ കുടുംബങ്ങൾക്കും വർഷത്തിൽ രണ്ടു തവണ തിരിച്ചടയ്ക്കേണ്ടാത്ത ധനസഹായം എത്തി. അതുകൊണ്ടുതന്നെ ഇവിടെ ജനങ്ങൾ ഹാപ്പിയാണ്. 

സ്പെഷ്യലൈസ്ഡ് മെഡിക്കൽ ലാബ് നടത്തുന്ന വ്യക്തി എന്നനിലയിൽ, കോവിഡ് കാല അനുഭവങ്ങൾ എങ്ങനെയായിരുന്നു?

കോവിഡിനെ തുടർന്നാണ്  അത്യാധുനിക ഉപകരണങ്ങളുമായി മോളിക്യൂലർ ലാബ് തുടങ്ങിയത്, സാമ്പത്തിക നേട്ടങ്ങളിലും ഉപരിയായി ഒരുപാട് ആളുകൾക്കത് സഹായകമായി. അന്താരാഷ്‌ട്ര വിമാന യാത്രകൾക്ക് 24 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് പരിശോധനാഫലം വേണമായിരുന്നല്ലോ. ഉടനടി അത് ലഭ്യമാക്കുന്നതിന്, മലയാളി എന്ന നിലയിൽ പരിചയക്കാർ എന്റെ അടുത്ത് ഓടിവരുമായിരുന്നു. അത് വലിയ സഹായമായെന്ന് പിന്നീട് പറഞ്ഞിട്ടുമുണ്ട്. ലാബിൽ എത്താൻ പ്രയാസമുള്ളവരുടെ വീട്ടിൽ ആളെവിട്ട്, പരിശോധന നടത്താനുള്ള സൗകര്യവും ചെയ്തുകൊടുത്തു.

പരിശോധനാരംഗത്തെ താങ്കളുടെ വൈദഗ്ധ്യം കേരളത്തിന് കൂടി  ഗുണകരമാക്കാൻ ശ്രമിച്ചിട്ടുണ്ടോ?

ലോകകേരള സഭയിൽ രണ്ടുതവണ പങ്കെടുത്തപ്പോഴും, മോഡേൺ ലാബുകൾ കേരളത്തിൽ സജ്ജീകരിക്കുന്നതിനെക്കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട പേപ്പറുകൾ സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Ninan Mathullah 2023-03-15 00:54:08
Best wishes and prayers Baby-Ooralil. Thanks that I could work in your COVID Testing Molecular lab in Houston as a Medical Technologist and for all the good memories.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക