Image

വെല്ലുവിളി (ചരിത്രകഥ: പട്ടണക്കാട് അബ്ദുൽ ഖാദർ)

Published on 14 March, 2023
വെല്ലുവിളി (ചരിത്രകഥ: പട്ടണക്കാട് അബ്ദുൽ ഖാദർ)

പത്തൊമ്പതാം നൂറ്റാണ്ടിലെ പന്തളത്തെ ഒരു ആഴ്ച ചന്ത -
കച്ചവടക്കാരുടെ വായ്ത്താരികളും വിലപേശലുകളുടെ സ്വര ഭേദങ്ങളും ചന്തയെ ഉഷാറാക്കുന്നു. കത്തിജ്വലിക്കുവാൻ തുടങ്ങിയ സൂര്യനെ വലിയൊരു കാർമേഘം മറക്കുവാൻ തുടങ്ങി.
ഒരു സ്ത്രീയുടെ അലറിക്കരച്ചിൽ -
ചന്തയും പരി സരവും ഞെട്ടി! ഒച്ചയും ബഹളവും നിലച്ചു !
പെരുവഴിയിലേക്ക് ആളുകൾ ഓടി .
വേദന കൊണ്ട് പുളയുന്ന ഒരു യുവതി ! അവളുടെ മൂക്കിന്റെ ഒരു വശം പറിഞ്ഞ് കിടക്കുന്നു! കുടുകുടാ ഒഴുകുന്ന ചോരച്ചുവപ്പിൽ എത്തി നോക്കുന്ന ഒരു മഞ്ഞപ്പ് !
ഇടതു കൈ കുത്തി നിലത്തിരിക്കുന്ന യുവതി വേദന മാറ്റാനെന്നോണം അങ്ങോട്ടുമിങ്ങോട്ടും വലതു കൈ വീശുന്നു.
"തെക്കെങ്ങാണ്ടു ള്ള ഒര് ഈഴവത്തിയാണ്! "
- അരിക്കച്ചവടക്കാരൻ അയ്മുറാവുത്തർ അറിയിച്ചു.
"മാളിയേല മൂത്തമ്പ്രാനും കൂട്ടരുമാണ് ഈ ചതി കാട്ടിയതു്! "
- വഴിയാത്രക്കാരൻ ചോതി ശബ്ദം താഴ്ത്തി പറഞ്ഞു.
"പൊന്നിന്റെ മൂക്കുത്തിയാണ് ആ തമ്പ്രാൻ പറിച്ചത്! "
- സമീപത്തു് കിളച്ചു കൊണ്ട് നിന്ന കോമൻ സങ്കടപ്പെട്ടു.
" കീഴ് ജാതിക്കാര് പൊന്നിന്റെ മൂക്കുത്തി യിടാമൊ? എവള് കാട്ടിയത് ധിക്കാരം!! ഫു!.. "
- പരമു ക്കൈമൾ വെറുപ്പ് പ്രകടിപ്പിച്ചു.
"മോളിലിരിക്കുന്നവൻ ഓരോ ചാതിക്കും ഓരോന്ന് വിതി ച്ചിട്ടുണ്ട്. ''
- ചൂരൽ വെട്ടി തോളിലേറ്റിക്കൊണ്ടുവരുന്ന ചീരു മേലോട്ട് േനാക്കി നാട്ടു നടപ്പിനെ പിന്തുണച്ചു.
കാഴ്ചക്കാർ രണ്ട് പക്ഷമായി.
സ്വർണ്ണ മൂക്കുത്തിയിട്ടു വന്നവളോട് സഹതപിക്കുന്നവരും മുക്കുത്തി പറിച്ച പ്രമാണി യോട് യോജിക്കുന്നവരും. അവർ പരസ്പരം വെറുപ്പോടെ നോക്കി.
ഉയർന്നും താഴ്ന്നും കൊണ്ടിരുന്ന നിലവിളി തുടരുമ്പോൾ മഴ ചാറിത്തുടങ്ങി.. കൂടി നിന്നവർ ഓട്ടമായി. ആരൊക്കെയൊ യുവതിയെ പിടിച്ച് വലിച്ച് എങ്ങോട്ടോ കൊണ്ടു പോയി!
പന്തളത്തും പരിസരത്തും ആ സംഭവം വാർത്തയായി! മേൽജാതിക്കാർ സ്വർണ്ണ മൂക്കുത്തി പറിച്ച പ്രമാണിയെ പുകഴ്ത്തി. കീഴാളർ അമർഷം കടിച്ചമർത്തി.
വീരകൃത്യം കാട്ടിയതിൽ സംതൃപ്തനായ പ്രമാണിയും കൂട്ടരും ഉത്സാഹത്തോടെ ചതുരംഗംകളിച്ചു. കുടിലുകളിലും കുപ്പമാടങ്ങളിലും ഭീതി പടർന്നു . പഴഞ്ചൊല്ലുകളും പഴങ്കഥ കളും അവർക്ക് ആശ്വാസമേകിയില്ല.
" കീഴ് ജാതി പെണ്ണാളിന് പൊന്നിന്റെ മൂക്കുത്തിയിട്ടു കൂടെ? "
- ചില യുവാക്കൾ പാടത്തും വരമ്പത്തും പരസ്പരം േചാദിച്ചു. അവ ഉത്തരമില്ലാത്ത ചോദ്യങ്ങളായി.
ആയിടെ തണ്ടും തടിയുമുള്ള ചില പുറനാട്ടുകാർ കീഴ് ജാതിക്കാരുടെ ചെറ്റക്കുടിലുകളിലും കുപ്പമാടങ്ങളിലും കയറിയിറങ്ങി.
ഉഷ പൂജ കഴിഞ്ഞ് മടങ്ങുന്ന എമ്പ്രാന്തിരിയും വെളുത്തേടൻ രാരു നായരും സാക്ഷികളാണ്.
ആരാണവർ ? ...
പ്രമാണിമാർ തല പുകഞ്ഞു.

വീണ്ടും പന്തളത്തൊരു ആഴ്ചച്ചന്ത -
കാളവണ്ടികളിലും തലച്ചു മടുകളായും കപ്പയും ചേനയും ചേമ്പും ഏത്ത ക്കുലകളും പടവലവും പീച്ചിലും കുടം പുളിയും ചട്ടീം കലോ മൊക്കെയായി വന്നു തുടങ്ങി.
കച്ചവടക്കാർക്ക് ഉത്സാഹമായി.ഉയരുന്ന വായ്ത്താരികൾ ...
മറച്ചു നിന്ന കാർമേഘങ്ങളുടെ വിടവിൽ കൂടി സൂര്യൻ എത്തിനോക്കി.
ഒരു കുതിര പാഞ്ഞു വന്ന് ചന്തക്കു സമീപമുള്ള പെരുവഴിയിൽ നിന്നു. അതിലിരുന്ന യാൾ ചുറ്റും ആരെയൊ തെരഞ്ഞു. പിന്നെ ചന്ത വലം വെച്ച് മടങ്ങിപ്പോയി.
ആരും അതത്ര ശ്രദ്ധിച്ചില്ല.
ബഹളവും വായ്ത്താരികളും കൊണ്ട് ചന്ത സജീവമാകുകയാണ്. 
ഒരു കാറ്റ് വന്ന് തമ്പടിച്ചു നിന്ന കാർമേഘ ങ്ങളെ തുടച്ചു മാറ്റി.
അന്നേരം -
കച്ചവടത്തിന്റെ തിരക്കിനെ തുളച്ചു കൊണ്ട് കുതിരക്കുളമ്പടികൾ ഉയർന്നു.
ആളുകൾ ചെവി വട്ടം പിടിച്ചു. 
പടിഞ്ഞാറെ പെരുവഴിയിലൂടെ കുറെ കുതിരകൾ പൊടി പടർത്തിക്കൊണ്ടു പാഞ്ഞു വരുന്നു !!
ചന്ത നിശബ്ദമായി.
ചന്തയോട് തൊട്ട് കുതിരകൾ നിന്നു.
മുന്നിലെ കുതിരപ്പുറത്തു നിന്ന് നേതാവ് ചാടിയിറങ്ങി. വെളുത്തു അജാന ബാഹുവായ ഒരു യുവാവ് ! തലയിൽ കുടുമ. കാതുകളിൽ സ്വർണ്ണ ക്കടുക്കൻ. സ്വർണ്ണ മുത്തും രുദ്രാക്ഷവും ഇടകലർത്തിയുള്ള മാല കഴുത്തിൽ. അരയിൽ വാളും പരിചയും.
ആരാണിയാൾ?...
ജനം മിഴിച്ചു നിന്നു.
കുതിരപ്പുറത്തു നിന്ന് ആയുധധാരികളായ അനുയായികൾ ഇറങ്ങിയതോടെ ചന്തയ നിശ്ചലമായി!
"വരുക. "
- നേതാവ് ചുറ്റും നോക്കി വിളിച്ചു.
കിഴക്കുനിന്ന് കാത്തു നിന്ന പോലെ കുറെ കീഴ് ജാതി സ്ത്രീകൾ വരവായി.
അവർ നേതാവിനെ കുമ്പിട്ട് വണങ്ങി ഭവ്യതയോടെ നില്പായി.
ജനം പരസ്പരം നോക്കി.
"മുരുകാ . കാർത്തിക്കേയാ."
- നേതാവ് വിളിച്ചു.
അനുയായികളിൽ നിന്ന് രണ്ട് തട്ടാന്മാർ മുന്നോട്ടു വന്നു. ഒരാളുടെ കൈയിൽ ആ മാടപ്പെട്ടി! മറ്റെയാളുടെ തോളിൽ മാറാപ്പ് .
പെണ്ണുങ്ങൾ മൂക്കുകളിലെ തുളകളിൽ നിന്ന് ഈർക്കിലികളും കമ്പികളുമൊക്കെ ഊരിക്കളഞ്ഞു. മൂക്ക് തുളക്കാത്ത പെണ്ണുങ്ങളെ കരിങ്ക ല്ലിന്റെ പുറത്തിരുത്തി തട്ടാന്മാർ മൂക്കു തുളച്ചു കൊടുത്തു.
നേതാവ് ഉത്സാഹത്തോടെ ആ മാടപ്പെട്ടി യിൽ നിന്ന് സ്വർണ്ണ മൂക്കുത്തികൾ ഓരോന്നായി എടുത്ത് തട്ടാന്മാർക്ക് നല്കി.
പെണ്ണുങ്ങളുടെ മൂക്കുകളിൽ സ്വർണ്ണ മൂക്കുത്തികൾ തിളങ്ങി!..
ചുണ്ടുകളിൽ പുഞ്ചിരികൾ പൂത്തുലഞ്ഞു. അനുയായികളിൽ കൗതുകം പടർന്നു.ആശങ്കയോടെ നിന്ന ചന്ത ഞെട്ടി!
കഴിഞ്ഞ ചന്തയിലെ പുകില് കുടുതൽ ശക്തിയായി ആ വർത്തിക്കുമെന്ന് തന്നെ ജനം കണക്കുകൂട്ടി,
"തെണ്ടിത്തരം ! "
- കൊട്ടയിൽ പച്ചക്കറികൾ അടുക്കി വെക്കുന്ന പരമു കൈമൾക്ക് ആ കാഴ്ച ദഹിച്ചില്ല. "പൊന്നിന്റെ മൂക്കുത്തിയണിഞ്ഞിട്ട് എന്താകാനാണ്? " - നാറാപിള്ള കൂട്ടിച്ചേർത്തു.
"കാക്ക കുളിച്ചാൽ കൊക്കാകൂല്ല ന്നേ ! "
- അടുത്ത പറമ്പിൽ തെങ്ങിനു തടം വെട്ടുന്ന ചോതി പരിഹസിച്ചു.
" ഇദ്ദേഹം ആരാണാവൊ ?"
- അയ്മുറാവുത്തർ ശബ്ദം താഴ്ത്തി ചോദിച്ചു. 
കേട്ടവർ കൈ മലർത്തി.
" ഞാൻ ആറാട്ടുപുഴ വേലായുധപ്പന്നിക്കർ ! കീഴ് ജാതി പെണ്ണുങ്ങളുടെ മൂക്കു തുളച്ചാൽ സ്വർണ്ണ മുക്കുത്തിയും ഇടാം. അതു പാടില്ലെന്ന് പറഞ്ഞു് പറിച്ചു കളയാൻ ധൈര്യമുള്ളവർക്ക് മുന്നോട്ടു വരാം."
- നേതാവ് നെഞ്ച് വിരിച്ച് ഉച്ചത്തിൽ വെല്ലുവിളിച്ചു. 
ആ വാക്കുകൾ ഒരു ബോംബായി പൊട്ടി !! :
പന്തളത്തും പരിസരത്തും അതിന്റെ ധ്വനി അലയടിച്ചതിങ്ങനെയാണ്:-
"ഈഴവ പ്രമാണി !! "
" കീഴ് ജാതിക്കാരും മേൽജാതിക്കാരും ഒരുപോലെ ആ ദരിക്കുന്നവൻ !! "
----... ---------... - കുറിപ്പ് - ആറാട്ടുപുഴ വേലായുധപ്പണിക്കർ ജീവിച്ചത് AD 1825 - 1874.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക