StateFarm

ഒരു പോസിറ്റീവ് സ്വപ്നം! (കഥ: കെ എന്‍ വിജയന്‍)

Published on 14 March, 2023
ഒരു പോസിറ്റീവ് സ്വപ്നം! (കഥ: കെ എന്‍ വിജയന്‍)

കോവിഡ് എന്ന വില്ലന്‍ ഏല്‍പ്പിക്കുന്ന നിസ്സഹായതയുടെ നടുവില്‍, കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിന്റെ നാലാംദിനം രാത്രി!

തുടക്കത്തില്‍ക്കണ്ട മിക്ക ബുദ്ധിമുട്ടുകള്‍ക്കും ശമനം കണ്ടുതുടങ്ങിയെങ്കിലും കോവിഡുദീനത്തിന്റെ നാലാംരാത്രി മറ്റേതിനോവേണ്ടി കോപ്പുകൂട്ടുകയായിരുന്നു.

കോവിഡ് പോസിറ്റീവ് സൃഷ്ടിച്ച സമാനതകളില്ലാത്ത മാനസ്സികവും ശാരീരികവുമായ പിരിമുറക്കത്തിനിടയില്‍, രാത്രിയുടെ ഏതോ യാമത്തില്‍, എപ്പോഴോ ഉറങ്ങിപ്പോയി. ആ ഉറക്കത്തിന്റെ ചുരവളവുകളിലെ കയറ്റത്തിലോ ഇറക്കത്തിലോ എങ്ങോ തട്ടി ഞെട്ടിയുണര്‍ന്നു. ഉണര്‍ന്നെങ്കിലും, അനങ്ങാന്‍ കഴിയുന്നില്ല, കിടക്കുന്ന കിടപ്പിലൊന്നു തിരിയാന്‍ കഴിയുന്നില്ല, കൈകാലുകള്‍ നിവരുന്നില്ല, നെഞ്ചിനകത്ത് വലിയൊരു കല്ലെടുത്തുവച്ചപോലെ ഭാരം, ശ്വാസത്തിനുവേണ്ടി ശ്വാസകോസത്തിന്റെ ഉള്‍ഭിത്തികള്‍ വിങ്ങുന്നു. ചുമ അതിന്റെ ഉത്ഭവസ്ഥാനത്തുതന്നെ തട്ടിത്തടഞ്ഞുനിന്നു. ചുണ്ടിലും നാവിലും  വായിലും തൊണ്ടയിലും വരള്‍ച്ചയുടെ മധ്യാഹ്നസൂര്യന്‍ നിന്നുകത്തുന്നു. നാഡിഞരമ്പുകളും അസ്ഥിസന്ധിബന്ധങ്ങളും ഒടിഞ്ഞുനുറുങ്ങുന്നു. ശരീരം മുഴുവനും ഇടിച്ചുപിഴിഞ്ഞെടുക്കുന്നപോലത്തെ വേദന. വല്ലാത്ത ക്ഷീണം. ക്ഷീണം, വീണ്ടും എന്നെ ഉറക്കത്തിന്റെ മറ്റൊരു ആഴക്കയത്തിലേക്ക് വലിച്ചുകൊണ്ടുപോയി!

ലോകത്തിലെ ഏറ്റവും മനോഹരനഗരങ്ങളിലൊന്നായ ദുബായ് നഗരത്തിലെ ഏറ്റവും മനോഹരറോഡുകളിലൊന്നായ ഷെയ്ക്ക് സയ്യിദ് റോഡിലൂടെ ഞാന്‍ എന്റെ നിസാന്‍ മുറോണ എസ്യൂവിക്കാര്‍ അതിവേഗത്തില്‍ ഓടിച്ചുപോകുന്നു. ദുബായ് മഹാനഗരത്തിന്റെ മന്ദിരവനങ്ങളുടെ നടുവിലൂടൊഴുകുന്ന ഒരു മഹാനദിപോലെ ഷെയ്ക്ക് സയ്യിദ്  റോഡ് അതിന്റെ എല്ലാ പ്രൗഡോജ്ജ്വലമായ ഗംഭീരതയോടെ സജീവും. മഹാനദിയിലൂടെ ഒഴുകുന്ന ആഡംബരനൗകകള്‍പോലെ വാഹനങ്ങള്‍ വരമുറിയാതെ, വരിതെറ്റാതെ, നിരനിരയായി. റോഡിന്റെ ഇരുവശവും അംബരചുംബികളായ സൌധങ്ങള്‍. നിയോണ്‍ ബള്‍ബുകളുടെ പ്രഭാപൂരത്തില്‍ ഷെയ്ക്ക് സയ്യദ് റോഡില്‍ കനകപ്പൂമഴ പെയ്യുന്നപോലെ. റോഡിന്റെ ഇരുഭാഗത്തുംകൂടി വാഹനങ്ങള്‍ തിങ്ങിനിറഞ്ഞു, തൊട്ടൂ തൊട്ടില്ലാ എന്ന ഭാവേനെ നീങ്ങുന്നു. റോഡിന്റെ ഇരുവശവുമുള്ള അംബരചുംബികള്‍ ദീപാലങ്കാരപ്രഭയില്‍ വര്‍ണ്ണപ്രപഞ്ചം തീര്‍ത്തുനിന്നു. കാറിന്റെ സ്പീഡോമീറ്ററിന്റെ  മാപനമുള്ള് എമ്പത്‌-നൂറ്-നൂറ്റിയിരിപത് എന്നിങ്ങനെ പെരുക്കപ്പട്ടിക പലവുരു ചൊല്ലിരസിക്കുന്നു.

യാത്രയുടെ ഇടയിലെപ്പോഴോ റോഡ് തിരക്കുകുറഞ്ഞ ഒറ്റവരിപ്പാതയായിമാറി.  അപ്പോഴും റോഡിന്റെ ഇരുവശങ്ങളിലും അംബരചുംബികള്‍ പ്രകാശപൂരത്തിലാറാടിനില്‍ക്കുന്നു. കെട്ടിടങ്ങളുടെ താഴെയായി റോഡിനിരുവശവും ജനം നിരനിരയായി നില്‍ക്കുന്നു. കൈവീശി, ഉത്സഹത്തിമിര്‍പ്പോടെ എന്നെ അഭിവാദ്യംചെയ്യുന്ന നിരവധി ആളുകള്‍. അവരെല്ലാം മുഖമറയ്ക്കുള്ളില്‍. അതില്‍, ബന്ധുമുഖങ്ങള്‍, സ്വന്തമുഖങ്ങള്‍, സൌഹൃദമുഖങ്ങള്‍, പരിചിതമുഖങ്ങള്‍, അപരിചിതമുഖങ്ങള്‍, വിഭിന്നരാജ്യങ്ങളിലെ മുഖങ്ങള്‍, വിഭിന്നഭൂഖണ്ഡങ്ങളിലെ മുഖങ്ങള്‍, ഉത്തര-ദക്ഷിണാര്‍ദ്ധഗോളമുഖങ്ങള്‍, പശ്ചിമ-പൂര്‍വ്വ-മധ്യേഷ്യാമുഖങ്ങള്‍, മുഖം മറച്ച മുഖങ്ങള്‍, അല്പമാത്രവസ്ത്രസംസ്കാരമുഖങ്ങള്‍. എല്ലാവരിലും ദുബായുടെ ആധുനികസുഖസൌകര്യങ്ങളുടെ എച്ചിഡി ദൃശ്യമികവ്.

കുറഞ്ഞ സമയം പിന്നിട്ടപ്പോള്‍, റോഡിന്റെ ഇരുവശങ്ങളിലുമുള്ള കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞുവരുന്നു. കെട്ടിടങ്ങളുടെ പ്രൌഡിയും ഭംഗിയും കുറയുന്നു. ഇരുവശങ്ങളിലുമുള്ള ജനത്തിന്റെ എണ്ണം കുറയുന്നു. ജനത്തിരക്ക് കുറഞ്ഞുകുറഞ്ഞു ആരുമേ ഇല്ലാതാകുന്നു. കെട്ടിടങ്ങളുടെയും റോഡിന്റെയും ഭംഗിയും കുറയുന്നു. കെട്ടിടങ്ങളുടെ സ്ഥാനത്ത് മരങ്ങള്‍ നിരനിരയായി കാണപ്പെടുന്നു. മരങ്ങളുടെ ഇലച്ചാര്‍ത്തുകള്‍ റോഡിലേക്ക് ഞാഞ്ഞുകൊടക്കുന്നു. റോഡില്‍ നിഴലും ഇളനിലാവും ഇടകലര്‍ന്ന ദൃശ്യഭീകരത തളംകെട്ടിക്കിടക്കുന്നു. ഇപ്പോള്‍, കാറിന്റെ സ്പീഡോമീറ്ററിന്റെ മാപനമുള്ള് നാല്പത് -അമ്പത്‌-അറുപത് എന്നതിലേക്ക് ആരോഹണയവരോഹണതാളലയത്തില്‍ ഉലഞ്ഞാടിക്കൊണ്ടിരുന്നു.

ഇപ്പോള്‍ വാഹനം, ഇരുവശങ്ങളിലും മരങ്ങള്‍ അതിരിട്ട ഒരു പാതയിലൂടെ അതിവേഗം പൊയ്ക്കൊണ്ടിരിക്കുന്നു. മരച്ചാര്‍ത്തുകള്‍ പാതിയിലേക്ക് വളര്‍ന്നുപന്തലിച്ചു പാതയ്ക്കുമുകളില്‍ പച്ചിലക്കമാനം തീര്‍ത്തപോലെ. കൂടുതല്‍ ദൂരം മുന്നോട്ടുപോകുന്തോറും പാത ഇടുങ്ങിയതും പരുക്കനുമാകുന്നു. മുന്നോട്ടുള്ള ഗമനത്തിന് തടസ്സംവന്നപോലെ കാറിന്റെ വേഗം നന്നേകുറഞ്ഞു. കാറിന്റെ വേഗം കുറഞ്ഞതുകൊണ്ടോ എന്തോ ഹെഡ് ലൈറ്റിന്റെ പ്രകാശപ്പൊലിമയും നന്നേകുറഞ്ഞു.  ഇലച്ചാര്‍ത്തിനിടയിലൂടെ അരിച്ചിറങ്ങുന്ന ഇത്തിരി നിലാവെട്ടത്തില്‍ മരം കൂടുതല്‍ വ്യക്തമായി കാഴ്ചയില്‍ തെളിഞ്ഞുതുടങ്ങി. എല്ലാം റമ്പൂട്ടാന്‍ മരങ്ങള്‍. മരച്ചില്ലകള്‍ നിറയെ റമ്പൂട്ടാന്‍ കായ പച്ചനിറത്തിലും ഇളം മഞ്ഞനിറത്തിലും കടും ചെമപ്പുനിറത്തിലും കുലച്ചുകുത്തി കിടക്കുന്നു. പാത നിറയെ പഴുത്തുചെമന്ന റമ്പൂട്ടാന്‍ പഴങ്ങള്‍, പാതയൊരു ചെമപ്പന്‍ പരവതാനിപോലെ കണ്ണെത്താദൂരത്തില്‍ കിടക്കുന്നു. കാറിന്റെ മുന്നോട്ടുള്ള ഗമനത്തിന് റമ്പൂട്ടാന്‍ പരവതാനി തടസ്സമാകുന്നപോലെ.

മുന്നോട്ട് പോകുന്തോറും റമ്പൂട്ടാന്‍ പരവതാനിയുടെ ഘനം കൂടിക്കൂടിവരുന്നു. കാറിന്റെ ചക്രങ്ങള്‍ റമ്പൂട്ടാന്‍ പഴത്തിനിടയിലേക്ക് പൂണ്ടുപോകുന്നപോലെ. ഇലച്ചാര്‍ത്തുകളുടെ ഇടയില്‍നിന്നു കൂടുതല്‍  റമ്പൂട്ടാന്‍ പഴങ്ങള്‍ വീണുകൊണ്ടിരിക്കുന്നു. കാറിന്റെ മുകളിലും  റമ്പൂട്ടാന്‍ പഴങ്ങള്‍ കൂട്ടമായും ഒറ്റയ്ക്കും നിപതിക്കുന്ന താളമേളം. എല്ലായിടവും  റമ്പൂട്ടാന്‍ പഴങ്ങള്‍ മാത്രം. പാതയിലെല്ലായിടത്തും റമ്പൂട്ടാന്‍ പഴങ്ങള്‍ പറന്നുനടക്കുന്നു. കാറിന്റെ മുന്നോട്ടുള്ള ഗമനം നിലച്ചു. കാറ് ആകമാനം  റമ്പൂട്ടാന്‍ പഴങ്ങള്‍കൊണ്ടു മൂടി. കാറിന്റെ ബോണറ്റിലും ചില്ലുജാലകങ്ങളിലും റമ്പുട്ടാന്‍ പഴങ്ങള്‍ ഒട്ടിപ്പിടിച്ചിരിക്കുന്നു. മുമ്പില്‍ റമ്പൂട്ടാന്‍ പഴങ്ങളല്ലാതെ ഒന്നുമേ കാണ്മാനില്ലാതായിരിക്കുന്നു. കാറ് റിവേഴ്സ് ഗീറിലേക്ക് വലിച്ചിട്ടു. ഇല്ല, കാറ് പിന്നോട്ട് ചലിക്കുന്നില്ല. ഞാന്‍ കാറിന്റെ ഡോര്‍ മെല്ലേ തള്ളിത്തുറന്നു പുറത്തിറങ്ങി. പുറത്തിറങ്ങേ ഞാന്‍ റമ്പൂട്ടാന്‍ പഴങ്ങളാല്‍ മൂടപ്പെട്ടു. പിന്നോട്ട് നടക്കാന്‍ പിന്‍കാഴ്ചകളൊന്നും കാണ്മാനില്ല. എനിക്കുമുകളില്‍ വീണുകൊണ്ടിരിക്കുന്ന പഴങ്ങളാല്‍ എന്നെ മുന്നോട്ട് തള്ളിമാറ്റുന്നു. പിന്നില്‍നിന്നുമടിക്കുന്ന ശക്തമായ കാറ്റ് എന്നെ മുന്നോട്ട് തള്ളിക്കൊണ്ടുപോകുന്നു.

കാറുപേക്ഷിച്ച് മുന്നോട്ടുമെല്ലെ നീങ്ങാന്‍തുടങ്ങി.  റമ്പൂട്ടാന്‍പഴങ്ങളെ കാലുകൊണ്ട്‌ തള്ളിനീക്കിയും കൈകൊണ്ടു വകഞ്ഞുമാറ്റിയും മെല്ലെമെല്ലെ മുന്നോട്ടു നീങ്ങിത്തുടങ്ങി. പാത ഇടുങ്ങിവരുന്നതുകൊണ്ട് മുന്നോട്ടുള്ള ഗമനം ദുര്‍ഘടമായിവരുന്നു. നിലാവെട്ടം മങ്ങിമങ്ങി ഇരുട്ടാകുന്നു. അതെ, കൂരാക്കൂരിരിട്ട്. റമ്പൂട്ടാന്‍പഴങ്ങളെ കാലുകൊണ്ട്‌ തള്ളിനീക്കിയും കൈകൊണ്ടു വകഞ്ഞുമാറ്റിയും മെല്ലെമെല്ലെ മുന്നോട്ടു നീങ്ങിത്തുടങ്ങി. പാത ഒരു ഗുഹപോലെ അനുഭവപ്പെടുന്നു. അതേ, മുന്നോട്ടുമാത്രം ഗമിക്കാന്‍ കഴിയുന്ന ഗുഹ. ഗുഹ ഇടുങ്ങിയിടുങ്ങി നേര്‍ത്തതായി. മെല്ലേ വലിഞ്ഞുനിരങ്ങി തിങ്ങിനിരങ്ങിയാണ് മുന്നോട്ടുള്ള ഗമനം. ഒടുക്കത്തിന്റെ അസ്തമനത്തിലേക്ക് അടുക്കുന്നപോലെ. യാത്ര ഒരു ബിന്ദുവില്‍ അവസാനിക്കുന്നപോലെ. ഓര്‍മ്മകളുടെ അവസാനത്തെ ഇലയും പറന്നുപോകുന്നപോലെ. അക്ഷരങ്ങളും ഓര്‍മ്മകളും എന്നില്‍നിന്ന് ഇറങ്ങിയോടുന്നപോലെ. വാക്കുകളും ചിന്തകളും കൂടുവിട്ട് എങ്ങോട്ടോ ഉയര്‍ന്നു പറക്കുന്നപോലെ. ശരീരം നേര്‍ത്തുനേര്‍ത്തു നീളംവയ്ക്കുന്നപോലെ. ഏതോ ദൂരൂഹതയുടെ ഇരുട്ടടരുകള്‍ എന്നെ വന്നു പൊതിയുന്നപോലെ. എപ്പോഴോ ശരീരത്തിലെ വസ്ത്രങ്ങളെല്ലാം ഊരിമാറിപ്പോയി. മരവേരുകളുടെ ഇടയിലൂടെ ഇഴയുന്ന സര്‍പ്പത്തിന്റെ പടം പൊഴിഞ്ഞുപോകുന്നപോലെ. ഉറയില്ലാത്ത ഉടലുമായി ഗുഹാഗര്‍ഭത്തിലൂടെ ഇരുള്‍ വകഞ്ഞുമാറ്റി സര്‍പ്പത്തെപ്പോലെ ഇഴഞ്ഞു. മൗനത്തെ ഭേദിച്ച് എന്റെ  നെടുവീര്‍പ്പ് ഒരേങ്ങലോടെ പുറത്തേക്കു വന്നുകൊണ്ടിരിക്കുന്നു. ആ നെടുവീര്‍പ്പുകള്‍ ഗുഹയെ  കമ്പനംകൊള്ളിച്ചു കടന്നുപോകുന്നപോലെ എങ്ങും അലയടിക്കുന്നു. നെഞ്ചില്‍ ഉമിനീര്‍ തടഞ്ഞുനിന്നു. എന്റെ വിരല്‍ത്തുമ്പുകളില്‍ തരിപ്പും തണുപ്പും പടര്‍ന്നു. ഗുഹയില്‍ എല്ലുരുക്കുന്ന തണുപ്പ്. തലയ്ക്കുള്ളില്‍ പരശ്ശതം ചീവീടുകള്‍ മൂളുന്നപോലെ. സംഭ്രമം പിടികൂടിയ ഹൃദയം എന്തോ ഒരു വന്യതാളബോധത്തോടെ മിടിക്കുന്നു! തോളെല്ലുകളും ചങ്കിന്‍കൂടും ഞെരിഞ്ഞുടയുന്ന ശബ്ദം. തണുത്തുറയുന്ന വിയര്‍പ്പുമണികള്‍, ഊര്‍ജ്ജം നശിക്കുന്ന നിശ്വാസങ്ങള്‍. ഓര്‍മ്മവിളക്കിന്റെ തിരിനാളങ്ങളെ ആരോ ഊതിക്കെടുത്തുന്നപോലെ!

ഗുഹയില്‍ അനന്തമായ മൗനം. ആ മൗനത്തെ ഭേദിച്ചുകൊണ്ടു ഗുഹയിലേക്ക് എങ്ങുനിന്നോ ഇഴഞ്ഞുകയറിവരുന്ന കുളിരടരുകളുടെ മരവിച്ചശബ്ദം. തലച്ചോറിന്റെ ഓരോ അടരുകളിലേക്കും വിഭ്രാന്തികളുടെ ആവേഗങ്ങള്‍ കിതച്ചുകയറുന്ന അനുഭവത്തിന്റെ ബോധാവസ്ഥ. വിറയ്ക്കുന്ന ശരീരം, ചുരുണ്ടുണങ്ങുന്ന മനസ്സ്, ബോധം മുറിഞ്ഞും മറഞ്ഞും പോകുന്നു, പതിഞ്ഞുയരുന്ന നെടുവീര്‍പ്പുകള്‍, പ്രജ്ഞയിലേക്ക് കനുത്ത ഇരുട്ട് ഒഴുകിവരുന്നു. വേദനയുടെ മൂര്‍ച്ചയുള്ളൊരു വാള്‍ പൊള്ളുന്ന തലച്ചോറിനെ പിളര്‍ത്തിക്കൊണ്ടുപോകുന്നു. വാക്കുകള്‍ ആരോ എടുത്തുകൊണ്ടു പോകുന്നു. നെഞ്ചിന്‍കൂട്ടില്‍ ശ്വാസനാളങ്ങള്‍ വെറുങ്ങലിക്കുന്നു. കണ്ണുകളിലെ നനവുവറ്റി വരണ്ടുണങ്ങുന്നു. കണ്ണുകളിലേക്ക് ഇരുട്ട് ചേക്കേറുന്നു. ഘനീഭവിച്ച ഒരു തണുത്ത കാറ്റ് മുഖത്തേക്കാഞ്ഞവീശി. നെഞ്ചിലേക്ക് തണുപ്പിന്റെ അടരുകള്‍ അരിച്ചിറങ്ങി. ശബ്ദം തൊണ്ടയില്‍ കുരുങ്ങുന്നു. വേദനയില്ലാത്ത മയക്കത്തിന്റെ ഗര്‍ത്തത്തിലേക്കുവീണത്‌ നിശ്ചിതനിദ്രയിലേക്കോ?

ബോധാബോധാവസ്ഥയുടെ ഏതോവൊരു വിഷമസന്ധിയില്‍, അതാ, ഗുഹയുടെ അങ്ങേത്തലയ്ക്കല്‍ നേരിയ പ്രകാശം. കാഴ്ചക്കുറവിന്റെ ലാഞ്ചന കവര്‍ന്ന എന്റെ കണ്ണുകള്‍ക്കു മുന്നില്‍ അങ്ങുദൂരെ, ഇരുട്ടിന്റെ വന്യതയുടെ വിദൂരതയില്‍ ഒളിച്ചിരിക്കുന്ന ഒറ്റക്കണ്ണന്‍ കരിമ്പൂച്ചയുടെ കണ്ണുപോലെ തരിവെട്ടം! കനംവച്ച ഇരുട്ടിലൂടെ അകലെയുള്ള വെളിച്ചത്തിന്റെ കരയിലേക്ക് ഇഴഞ്ഞടുത്തുകൊണ്ടിരുന്നു. മുന്നോട്ടു നീങ്ങുംന്തോറും പ്രകാശതീവ്രത വര്‍ദ്ധിക്കുന്നു. ഗുഹയിലെ തണുപ്പിന്റെ അടരുകള്‍ക്ക് കനംകുറയുന്നപോലെ. ഭൂതക്കണ്ണാടിയിലൂടെ നോക്കുന്നപോലെ വളരെ അടുത്തടുത്തു കാണാറാകുന്നു ആ ദൂരവെട്ടം. ഗുഹയിലെ ഇരുട്ട് മെല്ലേ ഗുഹാന്ത്യത്തിലെ പ്രകാശത്തിനു വഴിമാറുന്നു. ഗുഹാന്ത്യത്തിലെ പ്രകാശത്തോട് അടുക്കുന്തോറും ഗുഹയില്‍ നേര്‍ത്ത പുഷ്പസുഗന്ധം. എവിടെനിന്നോ നേര്‍ത്തോരു സംഗീതം ഒഴുകിവരുന്നു. തികച്ചും നിഗൂഢമായി തോന്നുന്ന ഒരുതരം സംഗീതം. സുഗന്ധവും സംഗീതവും ഉയര്‍ന്നുയുര്‍ന്നുവരുന്നു. സുഗന്ധവും സംഗീതവും ഉയര്‍ന്നുവരുന്ന റിതത്തില്‍ മുന്നോട്ടുള്ള ഗമനം അല്പം ത്വരുതത്തിലാകുന്നു. ഭാരമില്ലായ്മ എന്ന അവസ്ഥയിലേക്ക് മാറുന്നു. ശരീരം ഭാരമില്ലാതെ ഒഴുകിനടക്കുന്ന അവസ്ഥയില്‍, മനസ്സും പ്രജ്ഞയും ഏതോവൊരു ധ്യാനവസ്ഥയുടെ മൂര്‍ദ്ധന്യതയിലേക്കെന്നപോലെ പരിവര്‍ത്തനംചെയ്യപ്പെടുന്നു. ഗുഹാമുഖത്തേക്ക് അതിവേഗമടക്കുന്നു. പിന്നില്‍നിന്നു ആരോ ശക്തിയില്‍ തള്ളിയപോലെ, ഗുഹാമുഖത്തിലൂടെ എങ്ങോട്ടോ തെറിച്ചു വീഴുന്നു. കണ്ണിമചിമ്മുന്ന വേഗേന, അമ്പരപ്പിക്കുന്ന വേഗേന അനന്തതയിലെ  ഭീതിയിലേക്ക് തെറിച്ചുവീഴുന്നു! അല്ല, എങ്ങോട്ടോ നിപതിക്കുന്നു! സ്ഥലകാലങ്ങള്‍ക്കും ജനിമൃതികള്‍ക്കും അപ്പുറത്തേക്കോ? ഒരു വഴി അവസാനിക്കുന്നിടത്തിലൂടെ മറ്റൊരു വഴിയുടെ ആരംഭത്തിലേക്കോ? ഇരുട്ട് അവസാനിക്കുന്നിടത്തുനിന്നു പുതിയൊരു വെളിച്ചത്തിലേക്കോ? കോവിഡാനന്തരം ശ്മാശാനത്തില്‍നിന്നേറ്റുവന്നു മണലാരണ്യങ്ങളിലൂടെ രാത്രിയുടെ നീലാവുനനഞ്ഞുനടക്കുന്നവര്‍ക്കൊപ്പം കൂടാനോ? മരുഭൂമിയുടെ ഉഷ്ണകങ്ങളിലൂടെ മരുപ്പച്ചതേടിനടക്കുന്ന പൂര്‍വ്വികരുടെ ഒട്ടകക്കൂട്ടങ്ങള്‍ക്ക് കൂട്ടുപോകാനോ?

എങ്ങും അതിപ്പൂരിതപ്രകാശം. ആയിരം സൂര്യചന്ദ്രന്മാര്‍ ഉദിച്ചുയര്‍ന്നപോലെ. അവിനശിയായൊരു ഊര്‍ജ്ജമണ്ഡലം എന്നെ വലയംപ്രപിച്ചതുപോലൊരു തോന്നല്‍. ചുറ്റിലും അവര്‍ണ്ണനീയമായ എന്തോ പോസിറ്റീവ് എനേര്‍ജി പരിലസിക്കുന്നപോലെ. അനുപമിതമായ ഒരു സ്പര്‍ശനമെന്നില്‍ മായികമായൊരു അനുഭൂതി സൃഷ്ടിച്ചപോലെ. അഞ്ജാതമായ ഒരു പൂസ്പര്‍ശം ഉടലില്‍ത്തൊട്ടുപോകുന്ന സുഖം. അവിടെങ്ങും നേര്‍ത്തസംഗീതവും ചെമ്പകപുഷ്പസുഗന്ധവും. ഭാരമില്ലായ്മ എന്ന അത്ഭുതപ്രതിഭാസം. എന്റെ നഗ്നതയിലേക്ക്‌ എവിടൊന്നോ ഒരു സുതാര്യധവളവസ്ത്രം പറന്നുവന്നെന്നെ മൂടിപ്പൊതിഞ്ഞു. മുഖത്തും കൈവെള്ളയിലും കാല്‍വെള്ളയിലും തുഷാരധൂളിമയുടെ ശീതളത. പുതിയലോകം, പുതിയ അനുഭവങ്ങള്‍. അതിവിശാലമായൊരു നിമ്നോന്നതരഹിതസമതലപ്രദേശത്താണ് എത്തിയിരിക്കുന്നത്. എങ്ങും ചെറിയ മെയ്മാസറാണിച്ചെടിപോലെ തോന്നിക്കുന്നതും എന്നാല്‍ നിലംപറ്റിവളരുന്നതുമായ ചെറിയ ചെടികള്‍. അവ നിറയെ ചെടിയില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന ധവളപുഷ്പങ്ങള്‍. അങ്ങങ്ങായി ഒറ്റപ്പെട്ടുനില്‍ക്കുന്ന ചെമ്പകമരങ്ങള്‍. വാര്‍ദ്ധക്യത്തിന്റെ ജരാനരകള്‍ ബാധിച്ചപോലെ ഇലകളില്ലാത്ത ആ മരങ്ങള്‍ നിറയെ ചെമ്പകപ്പൂക്കള്‍. ചെമ്പകമരങ്ങളുടെ താഴെ ചെമ്പകപ്പൂക്കള്‍ ചെമ്പകമലര്‍മെത്തപോലെ നിറയെ വീണുചിതറിക്കിടക്കുന്നു. അവിടവിടായി പൌരാണികയുടെ പ്രൌഡിവിളിച്ചറിയിക്കുന്ന ചെറിയചെറിയ ശിലാമണ്ഡപങ്ങളും ശില്പഗോപുരങ്ങളും പഞ്ചലോഹമണിമന്ദിരങ്ങളും വെണ്മാടങ്ങളും. ആ ശിലാമണ്ഡപങ്ങളുടെയും ശില്പഗോപുരങ്ങളുടെയും പഞ്ചലോഹമണിമന്ദിരങ്ങളുടെയും വെണ്മാടങ്ങളുടെയും അകത്തളങ്ങളിലും പൂമുഖത്തും മട്ടുപ്പാവിലും മകുടങ്ങളിലും അലങ്കാരവസ്തുക്കളും ദാരുശില്പങ്ങളും ചിത്രശിലാപാളികളും ചെമ്പകപുഷ്പതോരണങ്ങളും. മണ്ഡപത്തൂണുകള്‍ നിറയെ സാലഭഞ്ജികളും അതിപ്പൂരിതപ്രകാശപാശ്ചാത്തലത്തിലും എരിയുന്ന നെയ്‌ച്ചെരാതുകളും. അനാദിയോ അന്ത്യമോ ഇല്ലാത്ത ഏതോ ഒരു സ്ഥലകാലരാശിയില്‍ നിസ്സഹായതയുടെ  ലോകത്ത്. എങ്കിലും, തികച്ചും നിഗൂഢവും അതേസമയം കാല്പ്പനികവുമായ എന്തോ ഒരു വശ്യഭംഗി എങ്ങും!

ഇവിടെങ്ങും പക്ഷിമൃഗാദികളൊന്നും കാണുന്നില്ല. നിമ്നോന്നതരഹിതസമതലങ്ങള്‍ക്കുമുകളില്‍ ദൂരാകാശം. ആകാശമാകെ രത്‌നക്കല്ലുകള്‍പോലെ മിന്നുന്ന പരകോടി താരഗണങ്ങള്‍. മഞ്ഞുപെയ്യുന്നപോലെ ധവളരശ്മികള്‍ അന്തരീക്ഷമാകെ. അവാച്യമായൊരു ഭാരമില്ലായ്മ അനുഭവപ്പെടുന്നു. പാദം തറയില്‍ തൊടുന്നില്ല. ഭാരമില്ലായ്മയുടെ പ്രതിഭാസത്താല്‍ അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കുന്നപോലെ, തെന്നിനടക്കുന്നപോലെ. കാറ്റിന്റെ സാന്നിധ്യമില്ലാത്ത ഉച്ചവെയിലില്‍ പാറിനടക്കുന്ന അപ്പൂപ്പന്താടിപോലെ. ഊതിവീര്‍പ്പിച്ചുവിട്ട ബലൂണ്‍പാവകള്‍പോലെ. ചില്ലുപത്രത്തിലെ നിശ്ചലജലത്തില്‍ നീന്തുന്ന വെള്ളിമത്സ്യംപോലെ. ശരീരത്തെ പൊതിഞ്ഞിരിക്കുന്ന സുതാര്യധവളവസ്ത്രം ചിറകും തുവലുംപോലെ ആടിയുലയുന്നു. ഭാരമില്ല, ശ്വാസോച്ഛ്വാസമില്ല, വിശപ്പില്ല, ദാഹമില്ല, വിചാരവികാരങ്ങളൊന്നുമില്ല. അതാ, അവിടവിടായി എന്നെപ്പോലെ വേറെയും ചിലര്‍. സുതാര്യധവളവസ്ത്രത്തില്‍ പൊതിഞ്ഞ് ഭാരമില്ലായ്മയുടെ അദൃശ്യനൌകയില്‍ തെന്നിത്തെന്നി അന്തരീക്ഷത്തില്‍ നീന്തിനടക്കുന്നു. വെണ്‍ശലഭങ്ങള്‍പോലെ! വെണ്‍ശലഭരൂപംപൂണ്ട മനുഷ്യരോ മനുഷ്യരൂപംപൂണ്ട വെണ്‍ശലഭങ്ങളോ? അവരില്‍ ആരാണ്, ആണെന്നോ പെണ്ണെന്നോ തിരിച്ചറിയാനാവുന്നില്ല. എല്ലാവര്‍ക്കും ഒരേ രൂപം, ഒരേ നിറം, ഒരേ വലുപ്പം, ഒരേ വയസ്സ്, ഒരേ വസ്ത്രം, ഒരേ ചലനഗതി, ഒരേ മുഖം, എന്റെ മുഖംതന്നെ. മനുഷ്യരൂപംപൂണ്ട വെണ്‍ശലഭങ്ങളുടെ വ്യോമലോകം.

അതാ, ഒരു മണിമന്ദിരത്തില്‍നിന്ന് ഏതാനും വെള്ളപ്പറവകള്‍ എന്റെ നേര്‍ക്കായി അവരുടെ സുതാര്യധവളവസ്ത്രം അന്തരീക്ഷത്തില്‍ ഒരു പ്രത്യേകതാളത്തില്‍ വീശി പറന്നുവരുന്നു. അവരുടെ കൈകളില്‍ ചെമ്പകപുഷ്പതാലങ്ങളും ചെമ്പകപുഷ്പമാലകളും. അന്തരീക്ഷത്തിലേക്ക് എന്തോ ഒരു വാദ്യസംഗീതം അലയടിച്ചുയരുന്നു. തികച്ചും നിഗൂഢമായി തോന്നുന്ന ഒരുതരം വാദ്യസംഗീതം. ചെമ്പകപുഷ്പത്തിന്റെ അഭൗമസുഗന്ധവും എങ്ങും പടരുന്നു. അവരടുത്തെത്തേ, ദേവകിന്നരസംഗീതംപോലെ തോന്നിക്കുന്ന വാദ്യസംഗീതവും ചെമ്പകപുഷ്പസുഗന്ധവും അതിന്റെ ഉച്ചസ്ഥായിയിലെത്തി. അടുത്തുവന്നര്‍ ഓരോരിത്തരായി അവരുടെ കൈയിലെ പുഷ്പതാലത്തിലെ ചെമ്പകപ്പൂക്കള്‍ എന്നിലേക്ക്‌ അര്‍പ്പിച്ചു. ചെമ്പകപ്പൂമാലയും എന്നെ അണിയിച്ചു. ആനന്ദത്തിന്റെ പരമോന്നതിയിലേക്ക് മനസ്സിനും ശരീരത്തിനും സ്ഥാനഭ്രംശം സംഭവിക്കുന്നപോലെ, ജിജ്ഞാസകളിലേക്ക് ശാന്തമായി ഒഴുകുന്നപോലെ. അവസാനത്തെ ചെമ്പകപ്പൂമാലയും എന്നെ അണിയിച്ചു കഴിഞ്ഞപ്പോള്‍, പൊടുന്നനെ വാദ്യസംഗീതം നിലച്ചു. അപ്പോള്‍, എവിടെനിന്നോ ഒരു സ്വര്‍ഗ്ഗീയവായ്‌ത്താരി അന്തരീക്ഷത്തില്‍ പ്രതിധ്വനിച്ചു! 

"അല്ലാഹു അക്ബര്‍... അല്ലാഹു അക്ബര്‍... അശ്ദു അന്‍ ലാ... ഇലാഹ ഇല്ലല്ലാഹ്..."

അടുത്ത പള്ളിയില്‍നിന്നുള്ള സുബ്ഹി വാങ്ക്! ഉച്ചഭാഷിണിയിലൂടെ അന്തരീക്ഷത്തിലാകെ നിറഞ്ഞു!

ഞാന്‍ ഞെട്ടിയുണര്‍ന്നു.... മൂടിയിരുന്നു പുതപ്പ് കൈകൊണ്ടും കാലുകൊണ്ടും തട്ടിമാറ്റി... കോവിഡിന്റെ വല്ലായ്മകള്‍ എല്ലാംതന്നെ വിട്ടൊഴിഞ്ഞ തോന്നല്‍... ഞാന്‍ അല്പസമയം കട്ടിലില്‍ എണീറ്റിരുന്നു... മനസ്സില്‍ ആരോ മന്ത്രിക്കുന്നപോലെ...

"ഹയ്യ അലല്‍ ഫലാഹ്.... അസ്സലാത്തു ഖയ്റും മിനല്‍നൗം..."

(വരൂ വിജയത്തിലേക്ക്.... ഉറക്കത്തേക്കാള്‍ ശ്രേഷ്ഠമാണ് നമസ്കാരം...)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക