Image

വിക്രത്തിന്റെ 'തങ്കലാന്‍' റിലീസിന് തയ്യാറാകുന്നു

Published on 14 March, 2023
 വിക്രത്തിന്റെ 'തങ്കലാന്‍' റിലീസിന് തയ്യാറാകുന്നു

വിക്രം ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. പാ രഞ്ജിത്താണ് ചിത്രത്തിന്റെ സംവിധായകന്‍. 'തങ്കലാന്റെ' അപ്‌ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.  'തങ്കലാന്റെ' റിലീസ് സംബന്ധിച്ചുള്ള സൂചനകളാണ് സിനിമാ ഗ്രൂപ്പുകളില്‍ ഇപ്പോള്‍ പ്രചരിക്കുന്നത്.

'തങ്കലാന്‍' ഓഗസ്റ്റിലായിരിക്കും റിലീസെന്നാണ് റിപ്പോര്‍ട്ട്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 'തങ്കലാന്‍' എന്ന ചിത്രത്തിലേത് ഇതുവരെ താന്‍ ശ്രമിക്കാത്ത ഒരു സംഗീതമാണെന്ന് ജി വി പ്രകാശ് കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. വിക്രം നായകനാകുന്ന ചിത്രത്തിലേതായി പുറത്തുവന്ന ഫോട്ടോകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.


സ്റ്റുഡിയോ ഗ്രീനും നീലം പ്രൊഡക്ഷന്‍സും ചേര്‍ന്ന് ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കെ ഇ ജ്ഞാനവേല്‍ രാജയാണ്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ഇതുവരെ ഒരുങ്ങിയതില്‍ ഏറ്റവും ഉയര്‍ന്ന ബജറ്റ് ചിത്രമായിരിക്കും ഇതെന്നാണ് നിര്‍മ്മാതാവ് ജ്ഞാനവേല്‍ രാജ മുന്‍പ് പറഞ്ഞത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പശ്ചാത്തലം കര്‍ണാടകത്തിലെ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സ് ആണ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് 'തങ്കലാന്‍' എന്ന ചിത്രം ഒരുങ്ങുന്നതെന്നാണ് വിവരം.

മലയാളികളായ പാര്‍വതിയും മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളാകുന്നു.  'തങ്കലാന്‍' എന്ന ചിത്രത്തില്‍ പശുപതി, ഹരി കൃഷ്ണന്‍, അന്‍പു ദുരൈ തുടങ്ങി താരങ്ങളും ഭാഗമാണ്. എ കിഷോര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.  ചിയാന്‍ വിക്രം നായകനാകുന്ന അറുപത്തിയൊന്നാമത്തെ  ചിത്രം 'തങ്കലാന്റെ' കലാ സംവിധാനം നിര്‍വഹിക്കുന്നത് എസ് എസ് മൂര്‍ത്തിയാണ്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക