Image

ജീൻസ് ധരിച്ച മണവാട്ടികൾ (യാത്രയ്ക്കിടയിൽ : പോളി പായമ്മൽ )

Published on 15 March, 2023
ജീൻസ് ധരിച്ച മണവാട്ടികൾ (യാത്രയ്ക്കിടയിൽ : പോളി പായമ്മൽ )

പശ്ചിമ ബംഗാളിലെ ഹൗറയിലേക്കുള്ള ട്രെയിൻ യാത്രക്കിടയിലാണ്
ഞാൻ ആ പെൺകുട്ടികളെ പരിചയപ്പെടുന്നത്. 

നല്ല സുന്ദരിക്കുട്ടികൾ. തരുണീമണികൾ.

തൃശൂർ മുതൽ പാലക്കാട്, കോയമ്പത്തൂർ,തിരുപ്പൂർ, ഈറോഡ് പിന്നിട്ട് സേലം വരെ അവരൊന്നും കാര്യമായി മിണ്ടിയിരുന്നില്ല. 

ഒരുതരം മൗനമായിരുന്നു അവർക്ക്.

ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് 
അവരിൽ ഒരു പെൺകുട്ടി എന്നോട് വാട്ടർ ബാഗ് തന്നിട്ട് 
അടുത്ത സ്റ്റേഷനിൽ വച്ച് വണ്ടി നിറുത്തുമ്പോൾ 
കുറച്ച് വെള്ളം പിടിച്ചു തരണമെന്ന് പറഞ്ഞത്. 

ഞാൻ ശരിയെന്നു പറഞ്ഞു. 

നാട്ടിൽ നിന്നും വിട്ടു പോന്നതിന്റെ വിഷമം എന്താണാവോ അത് അവരെ കണ്ടപ്പോൾ കുറെശ്ശെ മാറി. 
സംസാരിക്കാൻ തുടങ്ങിയപ്പോൾ അത് പൂർണ്ണമായി മാറി. 

വെല്ലൂര് വച്ച് ഞാൻ വെള്ളം പിടിച്ചു കൊടുത്തു. അവർ ഓരോരുത്തരും കൊണ്ടു വന്ന പൊതിച്ചോറ് കഴിച്ചു.
പിന്നെ ടോയ്‌ലറ്റിൽ പോയി വന്നു. 
ഞാൻ ബർത്തിൽ കയറി കിടന്നു. 
ഓരോരോ ചിന്തകളുമായിട്ട്..

കുറച്ച് നേരം കഴിഞ്ഞ് ഒരു പെൺകൂട്ടിക്ക് തലവേദന. 
മറേറ രണ്ട് പെൺകട്ടികൾ ഗാഢനിദ്രയിലാണ്. 

ഞാൻ ബാഗിൽ കരുതിയിരുന്ന വിക്സ് എടുത്ത് കൊടുത്തു. 
അത് നെറ്റിയിൽ വാരി തേച്ച് അവൾ വീണ്ടും കിടന്നു. 
അല്പം കഴിഞ്ഞ് അവൾ മെല്ലെ കണ്ണ് തുറന്നൊന്ന് എന്നെ നോക്കി.

ഞാൻ ചോദിച്ചു, ഇപ്പോൾ തലവേദനയൊക്കെ എങ്ങനുണ്ട്? 
സ്വൽപ്പം ആശ്വാസം തോന്നണുണ്ടെന്ന് പറഞ്ഞ് അവൾ ചരിഞ്ഞു കിടന്നു. 

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ ആടിയാടിയുള്ള കിടപ്പ് ഒരു രസംതന്നെയാണ്. 

വേറെയൊന്നും ചിന്തിക്കാതെ ഞാനും തിരിഞ്ഞു കിടന്നു. 

തമിഴ്നാട്ടിലെ മദ്രാസ് എഗ്‌മോറിലെത്തിയപ്പോൾ നേരം വെളുത്തിരുന്നു. 

അവർ നേരത്തെ എഴുന്നേറ് ഫ്രഷ് ആയിരുന്നു. 

ഞാൻ എഴുന്നേറ്റെങ്കിലും കുറച്ചു നേരം കൂടി വെറുതെ കമിഴ്ന്നു കിടന്നു.

പിന്നെ ടോയ്ലറ്റിൽ പോയി. തിരിച്ചു വന്നപ്പോൾ ഒരു പെൺകട്ടി പോക്കററ് റേഡിയോ ഓൺ ചെയ്ത് പാട്ട് കേൾക്കുകയാണ്. 

"നീയെന്റെ പ്രാർത്ഥന കേട്ടു .
നീയെന്റെ മാനസ്സം കണ്ടു.
ഹൃദയത്തിൻ അൾത്താരയിൽ 
വന്നെൻ അഴലിൻ കൂരിരുൾ മാററീ.. "

 നല്ല പാട്ട്. 
മറ്റേ പെൺകുട്ടി ഒരു ചെറിയ പുസ്തകം വായിക്കുകയാണ്. 
വേറൊരുത്തി താടിക്ക് കൈ കൊടുത്ത് ജനാലകൾക്ക് പുറത്തെ കാഴ്ചകൾ കാണുകയാണ്. 

ചായ കുടിച്ചോ എന്ന് ചോദിച്ചപ്പോൾ ഉവ്വ് എന്ന മറുപടി കിട്ടി. 
എന്നാ ഞാൻ കുടിച്ച് വരട്ടേയെന്ന് പറഞ്ഞ് ഫ്ലാററ്ഫോമിലേക്കിറങ്ങി. 

ഇറങ്ങും നേരത്ത് എന്തെങ്കിലും കഴിക്കാൻ വാങ്ങണോയെന്ന് ചോദിച്ചപ്പോൾ വേണ്ടാന്ന് ... വീട്ടിൽ നിന്നും കൊണ്ടു വന്ന ഏത്തക്കായ ഉണ്ടെന്ന്... 
ആ.. ശരി.. ശരി.. 

ട്രെയിൻ ഇളകി തുടങ്ങിയിരുന്നു. 
കോളിളക്കം സിനിമയിൽ ജയൻ ഹെലികോപ്റ്ററിൽ ചാടി പിടിക്കുന്ന പോലെയാണ്  ഞാൻ അകത്ത് തൂങ്ങി കയറിയത്...

 നെല്ലൂർ, ഗുണ്ടൂർ, വിജയവാഡ വരെ ഞാൻ പഴയ പുസ്തകങ്ങൾ വായിച്ചു കൊണ്ടിരുന്നു. 

അവർ എന്തൊക്കെയോ തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്. 

കണ്ടാലറിയാം. കാശുള്ള വീട്ടിലെ പെൺകുട്ടികളാണെന്ന്. 

അടിപൊളി വേഷം. 
ജീൻസും ടീ ഷർട്ടുമാണ് അണിഞ്ഞിരിക്കുന്നത്. കാലിൽ ഹൈ ഹീൽ ചെരുപ്പുകൾ. ലിപ്സ്റ്റിക്കിട്ടില്ലെങ്കിലും ചുണ്ടുകൾക്ക് നല്ല പോപ്പുണ്ട്.. 

കാണാൻ  നല്ല ചന്തമുണ്ട്

ഇതിലൊരണ്ണത്തിന് എന്നോട് ഇഷ്ടം തോന്നിയെങ്കിൽ എന്ന് ഞാൻ ആശിച്ചു പോയ്.
ഏകാന്ത ജീവിതത്തിൽ ഒരു സുഖമൊക്കെ വേണ്ടേ ...

രാജമുന്ദ്രീയെത്തിയത് ഞാനറിഞ്ഞില്ല. അതിലൊരു  പെൺകുട്ടി ചോദിച്ചു കൽക്കട്ടയിലാണോ ജോലി? 

ഞാൻ പറഞ്ഞു ബർദ്വാൻ ജില്ലയിലെ അസൻസോളിലാണെന്ന്.. 

"എത്ര നാളായി ഇവിടെ?" 

"മൂന്ന് വർഷം " 

"ബംഗാളിയെല്ലാം പഠിച്ചോ? "

" ങാ. പഠിച്ചു. "

ഞാൻ തിരിച്ച് ചോദിച്ചു. 

"നിങ്ങൾ .എവിടുന്നാ ?"

എന്റെ വീട് അങ്കമാലി, ഇവൾ കോട്ടയം, മറേറാള് ആലുവ... ഞങ്ങൾ എറണാകുളത്തു നിന്നാ കയറിയത്?"

"ആട്ടെ, കൽക്കത്തയിൽ എവിടെയാ ജോലി? അതോ പഠിക്കുകയാണോ?"

മറുപടി പറയുന്നതിന് മുൻപ് ടിക്കററ് എക്സാമിനർ വന്നു. വെരിഫൈ ചെയ്ത് പോയി. 

വിശാഖപട്ടണത്തെത്തിയപ്പോൾ രാത്രി 9.45 ആയി.
അവർ ഭക്ഷണം കഴിച്ച് കിടന്നു. 
എനിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ല. 

എന്റെ മനസ്സിൽ ഓരോരോ ചിന്തകൾ കടന്നു വരികതന്നെയാണ്... 

കേരളം എന്ന് കേട്ടാൽ എന്റെ ചോര തിളക്കാറുണ്ട്. 
ബംഗാൾ എന്ന് കേട്ടാൽ അതില്ല. 

ഡാർജിലിങ് ,ശാന്തിനികേതൻ, ആനന്ദമഠം,
മദർ തെരേസയുടെ മിഷനറി ഓഫ് ചാരിറ്റീസ്, 
ഹൗറാ തൂക്കുപ്പാലം. 
വിദ്യാ സാഗർ സേതു. 
റൈറ്റേഴ്സ് ബിൽഡിഗ്, 
ഖരക് പൂരിലെ റയിൽവേ ഫ്ലാററ്ഫോം 

പിന്നെ കേശവദേവിന്റെ ഓടയിൽ നിന്നിലെ റിക്ഷാ വണ്ടികൾ, 
കുഷ്ഠരോഗികൾ. 
സോണാ ഗച്ചിയിലേയും ഇച്ചാ പൂരിലെയും സർക്കാർ അധികൃത ലൈഗീക വിപണന കേന്ദ്രങ്ങൾ.... 

കൽക്കത്താ ഒരു മഹാനഗരമാണ്. 
ഡൽഹൗസി ഭരിച്ചിരുന്നപ്പോൾ ബ്രിട്ടീഷ് ഇൻഡ്യയുടെ തലസ്ഥാന നഗരി'. കമ്യൂണിസത്തിന്റെ ഈററില്ലം. 

ജ്യോതിബസുവിനേയും ബുദ്ധദാസ് ഗുപ്തയേയും സോമനാഥ ചാറ്റർജിയേയും സാക്ഷാൽ മദർ തെരേസയേയും നേരിൽ കണ്ട ഓർമ്മകൾ ഇപ്പോഴും ബാക്കിയുണ്ട്. 

സത്യജിത് റേയുടെ പഥേർ പാഞ്ചാലി എന്ന സിനിമാ അവിടെ വച്ചാണ് കണ്ടത്. 

സലിൽ ചൗധരിയുടെ ചില ഗാനങ്ങൾ കേൾക്കുമ്പോൾ പഴയ ചില മലയാള ഗാനങ്ങൾ ഓർത്തു പോകാറുണ്ട്. 

വംഗനാട് ഒരളവ് വരെ നമ്മുടെ കേരളം പോലെ തന്നെയാണ്. 
അതൊക്കെ ശരി തന്നെയാണ്.

പക് ഷേ, നഗരം അതിന്റെ പ്രൗഡിയിൽ നിലനിൽക്കുമ്പോൾ തന്നെയും മലീനമായ ചില കാപട്യങ്ങളെ വഹിച്ചുകൊണ്ടിരിക്കുന്നു. 

നാറിയതും പുഴുക്കുത്തുമുള്ളതുമായ ചില ദുഷിച്ച പ്രവണതകൾ. 

കമ്യൂണിസമാണ്. നക്സൽ പ്രസ്ഥാനം ഉടലെടുത്തത് ഇവിടെ നക്സൽ ബാരി എന്ന ഗ്രാമത്തിലാണ്. 

എപ്പോഴാണ് ഞാൻ ഉറങ്ങിപ്പോയതറിഞ്ഞില്ല. 

ഒറീസ്സയിലെ കട്ടക്കും ഭൂവനേശ്വറും വിജയനഗരവുമെല്ലാം കടന്നു പോയതെന്നറിഞ്ഞില്ല. 

ഉണർന്നപ്പോൾ ട്രെയിൻ ബംഗാളിന്റെ വിരിമാറിലൂടെ കുതിച്ചു പായുകയാണ്. 

ഇനി അധികം നേരമില്ല ഖരഖ്പൂർ കഴിഞ്ഞ് ഹൗറയിലെത്താൻ...? 

ഞാൻ നോക്കുമ്പോൾ പെൺകുട്ടികളെല്ലാം നല്ല ഉത്സാഹവതികളായ് കാണപ്പെട്ടു. 

എന്റെ  ഒരു സംശയം ഇവരെല്ലാം കൽക്കത്തയിൽ എവിടെയാണ് ജോലി ചെയ്യുന്നത്? എവിടെയാണ് താമസിക്കുന്നത്? 

സത്യത്തിൽ ജോലി അന്വേഷിച്ചു വരുന്നവരുടേയും ബിസ്സിനസ്സുകാരുടെയും ആശാ കേന്ദ്രമാണ് ഇവിടം.. 

അതിനിടയിൽ ഒററപ്പെട്ട് പോകുന്നവരുടെയും ചതിക്കപ്പെടുന്നവരുടെയും പീഡിപ്പിക്കപ്പെടുന്നവരുടെയും നീണ്ട കഥകൾ പറയാനുണ്ട് ഈ മഹാ നഗരത്തിന്.. 

എന്റെ  ചിന്തകൾ കാട്കയറി. 
മനസ്സ് പ്രക്ഷുബ്ധമായി. 

ഇനിയെങ്ങാനും ഈ പെൺകുട്ടികൾ അവിടേക്കാണോ? സോണാ ഗച്ചിയിലേക്ക്? ചുവന്ന തെരുവിലേക്ക് ? 

ട്രെയിൻ ഹൗറാ സ്റ്റേഷനോട് അടുക്കാറായി. 

പെൺകുട്ടികൾ ടോയ്ലറ്റിൽ പോയി വസ്ത്രങ്ങളെല്ലാം മാറ്റി വന്നു. 

ഞാൻ ഇരുന്ന ഇരുപ്പിൽ തന്നെ പാന്റും ഷർട്ടും മാറ്റി ബാഗ് ഒരുക്കി വച്ചു.

തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ അത്ഭുതസ്തബ്ധനായി നിന്നു. 

എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാനായില്ല. 

ഇത്രയും ദിവസം ഈ നേരം വരെ ഞാൻ കണ്ട ആ പെൺകുട്ടികൾ നീലക്കരയുള്ള വെള്ള സാരിയുടുത്ത് പ്രസന്നവദനരായി നിൽക്കുന്നു. 
അവർക്കെല്ലാം ഒരേ മുഖമായിരുന്നു
മദർതെരേസയുടെ മുഖം -

ട്രെയിനിറങ്ങി യാത്ര പറഞ്ഞ് പിരിയുമ്പോൾ അവരിൽ ഒരു പെൺകുട്ടി പറഞ്ഞു :

"ഞങ്ങൾ മിഷനറീസ് ഓഫ് ചാരിറ്റിയിലെ അന്തേവാസികളാണ്.. പ്രാർത്ഥിക്കാട്ടോ..!!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക