Image

ആലപ്പുഴപ്പട്ടണത്തിൽ ( കവിത : കിനാവ് )

Published on 15 March, 2023
ആലപ്പുഴപ്പട്ടണത്തിൽ ( കവിത : കിനാവ് )

കടൽച്ചൂരുണ്ട്
അതോ
മീനിന്റെ ജീവൻ 
കരയെടുത്തപ്പോൾ
കിട്ടിയ മണമാണോ!

കടൽക്കാറ്റ്
ചിലപ്പോളങ്ങനെയാണ്.

എന്തായാലും
ബോംബിന്റെ ആധിയും
പ്ലാസ്റ്റിക്കു കരിഞ്ഞ ഗന്ധവുമില്ല,
ഡയോക്സിനോ
ഫുറാനോ ഇല്ല,
അർബുദമുണ്ടാകുമെന്ന
പേടിവേണ്ടാ!
പ്രത്യുത്പാദനവ്യവസ്ഥകൾ
താറുമാറാകില്ല.

അതിമധുരം വിളിമ്പിയോളുണ്ടോന്നു നോക്കാൻ വന്നതാ!

തിരമാലകൾ
എന്നെക്കണ്ടിട്ടാകും
വെയിലുകൊണ്ടു
വാടിക്കരിഞ്ഞ
കരയെ
തൊട്ടുനോക്കാനുള്ള
ശ്രമവുമായി
ആർത്തലയ്ക്കുന്നുണ്ട്!

ഇരുണ്ടുപോയ
ആകാശത്തിൽ
മാലാഖമാർക്കു
വഴിതെറ്റാതിരിക്കാൻ
നക്ഷത്രങ്ങൾ
മൈലീസുകുറ്റികളായി
സ്ഥാനംപിടിച്ചിട്ടുണ്ട്!

പുകമറയില്ലാതെ
ആകാശം കാണണമെങ്കിൽ
ആലപ്പുഴേൽ
വരണമെന്ന
ഗതിയായി!

മൂന്നാൾപൊക്കത്തിനു
മുകളിലുള്ള
എലവേറ്റഡ് നിരത്തിലൂടെ
ജീവൻ അപകടത്തിലാണെന്നു
വിളിച്ചുകൂകിക്കൊണ്ട്
മിന്നിക്കളിക്കുന്ന
വെളിച്ചം
കടന്നുപോകുന്നുണ്ട്.

പുറകെ
തീപ്പെട്ടികൾ
റ്റോർച്ചുമായി
നീങ്ങുന്നുമുണ്ട്!

നെയ്യപ്പം
തിന്നാനാണേൽ
കുമാരേട്ടനെ
കെട്ട്യാൽമതീന്നു
എന്തു ലാഘവത്തോടെയാണ്
പാറു 
പെണ്ണുകാണാൻ
വന്നവനോടു പറഞ്ഞത്!

കാലം
മാറിയത്
അറിയാതെപോകുന്നവരാണ്
പ്ലാസ്റ്റിക്കൊക്കെ
കെട്ടിക്കെട്ടിവച്ച്
പുകയുണ്ടാക്കുന്നത്!

ജീവൻകൊണ്ട്
കളിക്കുന്നവരെ
അകത്താക്കാനാരുമില്ല!

അവസാനം
കടൽ 
കരയോളം
പതഞ്ഞുവന്നന്നെ തൊട്ടു!

തിരമാലകൾ
ചിലപ്പോൾ
വിപ്ലവമുദ്രാവാക്യങ്ങൾ
മുഴക്കാറുണ്ട്
കാറ്റിനൊപ്പം.

കൊച്ചിയിലെ
ആകാശങ്ങളിൽ
ഇനിയെന്നാകും
നക്ഷത്രങ്ങൾ പൂക്കുക,
പറവകൾ ചിറകുവിടർത്തുക,
കാറ്റ് മതിയാവോളം
പൂക്കൊൾക്കൊപ്പമാകുക.

എന്നായിരിക്കും
കുട്ടികൾ
പള്ളിക്കൂടാരവങ്ങളിൽ
നിറയുക.

ഇനിയെന്നാണ്
പൂമ്പാറ്റകൾ
വസന്തവുമായി വരിക

ഏതു പകലറുതിയിലാകും
കടൽത്തീരത്തു
കൈപിടിച്ചുനടക്കാനാകുക

എന്നാകും
സൂര്യൻ ചിരിതുകിയുണരുക

അല്ല
എന്നായിരിക്കും
പുകമണങ്ങളെപ്പേടിക്കാതെ
പുകമരണങ്ങളെ ഭയക്കാതെ
ഒന്നുറങ്ങാനാകുക!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക