Image

എഴുത്തു ജീവിതത്തിലൂടെ കഥാകൃത്ത് സജിനി എസിനെ പരിചയപ്പെടുത്തുന്നു.

ദുര്‍ഗ മനോജ് Published on 15 March, 2023
എഴുത്തു ജീവിതത്തിലൂടെ കഥാകൃത്ത് സജിനി എസിനെ പരിചയപ്പെടുത്തുന്നു.

പതിനഞ്ചാം വയസ്സില്‍ ബാലരമയില്‍ കഥയെഴുതി ലഭിച്ച പതിനഞ്ചുരൂപ ഒരു വലിയ പ്രചോദനമായി ആ കുഞ്ഞ് എഴുത്തുകാരിക്ക്. വലിയ സാഹിത്യ പാരമ്പര്യമൊന്നുമില്ലാത്ത വീട്ടില്‍ പുസ്തകശേഖരങ്ങളൊന്നും ഇല്ലായിരുന്നു. ആകപ്പാടെ ഉണ്ടായിരുന്നത്, അധികമാരുടേയും ശ്രദ്ധയില്‍പ്പെടാത്ത, എന്നാല്‍  കവിതകളെ സ്‌നേഹിച്ച അച്ഛന്‍, ആര്‍ ശ്രീധരന്‍ അവിടവിടെ കുറിച്ചിട്ട കവിതകള്‍ മാത്രമായിരുന്നു. ആ അച്ഛന്റെ കവിഹൃദയം മകള്‍ തിരിച്ചറിഞ്ഞു എന്നു കാലം തെളിയിച്ചു. അങ്ങനെ ചെറുപ്പം മുതല്‍ വായന ശീലമാക്കി, സജിനി .എസ് എന്ന എഴുത്തുകാരി മെല്ലെ രൂപപ്പെട്ടുവന്നു.

അച്ഛന്‍ ആര്‍ ശ്രീധരന്റേയും, അമ്മ കെ.കെ രാജമ്മയുടേയും മകളായി 
എറണാകുളം ജില്ലയിലെ പിറവത്താണ് സജിനി ജനിച്ചത്. പിറവം എം.കെ.എം ഹൈസ്‌കൂളിലും കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജിലുമായിരുന്നു സജിനിയുടെ വിദ്യാഭ്യാസം. മലയാള സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടി, പിന്നീട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ജോലി ലഭിച്ചതിനാല്‍ സ്ഥിര താമസം തിരുവനനന്തപുരത്തേക്കു മാറ്റി.  അഡീഷണല്‍ സെക്രട്ടറിയായി ജോലിയില്‍ നിന്നും വിരമിച്ചു.. .ആദ്യ കാലത്ത് ദേശാഭിമാനി വാരികയില്‍ സ്ഥിരമായി കഥയെഴുതിയിരുന്നു. 1988 ല്‍ വിവാഹ ശേഷം എഴുത്തിന് ഇടവേള.

തിരുവനന്തപുരത്ത് എത്തിയതോടെയാണ് സജിനി എസിന്റെ എഴുത്തു ജീവിതത്തില്‍ കാര്യമായ മുന്നേറ്റം ഉണ്ടായത്. അതോടെ ധാരാളം കഥകള്‍ മുഖ്യധാര പ്രസിദ്ധീകരണങ്ങളിലൂടെ പിറന്നു വീണു. എഴുത്തിന് അംഗീകാരം ലഭിക്കുക ഏതൊരു സാഹിത്യകാരിയുടേയും ആഗ്രഹമാണ്. കേസരി പുരസ്‌കാരം, തകഴി അവാര്‍ഡ്. മുതുകുളം പാര്‍വ്വതി അമ്മ പുരസ്‌കാരം ബാലകൃഷ്ണന്‍ മങ്ങാട് പുരസ്‌കാരം. പ്രവാസി ശബ്ദം മാസിക അവാര്‍ഡ് തുടങ്ങിയ പുരസ്‌ക്കാരങ്ങള്‍ സജിനി എസ് എഴുതിയ കഥകളെത്തേടി എത്തി.

യേശു മഴ പുതയക്കുന്നു , മാന്‍ ഓഫ് ദി മാച്ച്, സാന്‍ ആന്‍ഡ്രിയാസിലെ പടയാളികള്‍, കറുത്തവരുടെ കടല്‍ എന്നീ കഥാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ഓര്‍മ്മ ക്കൂട്ട് എന്ന ഓര്‍മ്മക്കുറിപ്പുകളും ഭര്‍ത്താവ് ബാബു രാഗലയവുമായി ചേര്‍ന്ന് മലാലയുടെ ഡയറിക്കുറിപ്പുകള്‍ സ്വാത്ത് താഴ്വരയിലെ . ചോളപ്പൂവ് എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച യേശു മഴ പുതയ്ക്കുന്നു. എന്ന പുസ്തകത്തിനാണ് മുതുകുളം പാര്‍വ്വതി അമ്മ പുരസ്‌കാരം 2017 ല്‍ ലഭിച്ചത്. പ്രസ്തുത കഥയ്ക്ക് ആയിരുന്നു 2015 ലെ തകഴി പുരസ്‌ക്കാരം. ലളിതാംബിക അന്തര്‍ജ്ജനം സ്റ്റഡി സെന്റര്‍ എഡിറ്റ് ചെയ്ത കഥാ സമാഹാരത്തിലും യേശു മഴ പുതയ്ക്കുന്നു എന്ന കഥ ഉള്‍പ്പെട്ടിരുന്നു. എഴുതാതിരിക്കാന്‍ ആവതില്ല എന്ന ഘട്ടത്തില്‍ മാത്രം എഴുതുക എന്ന രീതിയാണ് സജിനി സ്വീകരിച്ചിരിക്കുന്നത്. അതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ കഥകള്‍ മാത്രം എഴുതുന്നു.
എഴുത്തുകാരി എന്നതിലുപരി സംഗീതജ്ഞ കൂടിയാണ് സജിനി എസ്. തിരുവനന്തപുരത്ത് കുടപ്പനക്കുന്നില്‍ രാഗലയം സ്‌കൂള്‍ ഓഫ് മ്യൂസിക് നടത്തുന്നുണ്ട്. ഭര്‍ത്താവ് കഥാകൃത്തും വിവര്‍ത്തകനുമായ ബാബു രാഗലയമാണ്. മക്കള്‍ യദു രാഗ്, ശ്രീരാഗ്. മരുമകള്‍ ചന്ദന യദുരാഗ്.
എഴുത്തില്‍ കൂടുതല്‍ സജീവമാകണമെന്ന് ആഗ്രഹിക്കുന്ന സജിനി എസ് ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് നോവല്‍ രചനയിലാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക