StateFarm

കാണാപ്പുറങ്ങള്‍ (പിയാര്‍കെ ചേനം)

Published on 16 March, 2023
കാണാപ്പുറങ്ങള്‍ (പിയാര്‍കെ ചേനം)

ഹെഡ്ഡ് ഓഫീസില്‍ നിന്നും ആന്‍ഡ്രിയയാണ് വിളിച്ചത്. അന്നേരം ഫോണ്‍ എടുക്കാനായില്ല. തപാലുകള്‍ ഒപ്പിടുന്നതിന്റെ തിരക്കിലായിരുന്നു. ശനി, ഞായര്‍ മുടക്കുകഴിഞ്ഞെത്തിയ ദിവസമായതിനാല്‍ ഓരോ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ഫോറസ്റ്റ്, എക്‌സൈസ് കേന്ദ്രങ്ങളില്‍ നിന്നും ധാരാളം ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍, ഒക്കറന്‍സ്, ക്രൈം റിപ്പോര്‍ട്ടുകളും അന്വേഷണം പൂര്‍ത്തീകരിച്ച ഫൈനല്‍ റിപ്പോര്‍ട്ടുകളും എത്തീട്ടുണ്ടായിരുന്നു. കൂടാതെ സീന്‍ മഹസ്സറുകള്‍, സ്വീഷര്‍ മഹസ്സറുകള്‍, സെര്‍ച്ച്‌മെമ്മോകള്‍, തിരുത്തല്‍ റിപ്പോര്‍ട്ടുകള്‍, കോപ്പി അപേക്ഷകള്‍, പ്രോപ്പര്‍ട്ടി ലിസ്റ്റുകള്‍ തുടങ്ങി അനേകം ലൊട്ടുലൊടുക്കുറിപ്പോര്‍ട്ടുകള്‍ വേറെയും. അഞ്ച് ഫയല്‍പേടുകളാണ് അതെല്ലാം സീല്‍ ചെയ്ത് അടുക്കിചേര്‍ത്ത് വെയ്ക്കാന്‍ ശ്രീജ ഉപയോഗിച്ചത്. അതിലെല്ലാം ഓഫീസ് മുദ്ര പതിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവര്‍ ആരോടെന്നില്ലാതെ വിളിച്ചു പറഞ്ഞു.
''ഓ, ഇതെന്താ, ലേകാവസാനാ... കൈയ് കടയുന്നുണ്ട്.''
അതുകേട്ട് കോര്‍ട്ട് ഡ്യൂട്ടിയ്ക്ക് വന്ന പോലീസുകാരന്‍ ഒന്നു ചിരിച്ചുകാട്ടി. പിന്നെ കോര്‍ട്ട് ഹാളിലേക്ക് എന്നത്തേയുംപോലെ നടന്നുപോയി. ഓഫീസ് മുദ്ര പതിപ്പിച്ചുകഴിഞ്ഞ ശേഷം അതെല്ലാം മുന്നില്‍ നിരന്നപ്പോള്‍ ആദ്യം ഒന്നു നെടുവീര്‍പ്പിട്ടു. ഇതെല്ലാം പരിശോധിച്ച് ഒപ്പ് വെച്ച് വരുമ്പോഴേക്കും ഇന്നത്തെ പാതി ഡ്യൂട്ടിസമയം തീരും. അതിനുമുന്നേ പെറ്റികേസുകളില്‍ പ്ലീഡിങ്ങ് ഗില്‍റ്റി പറഞ്ഞ് പിഴയടക്കാന്‍ വന്നു നില്‍ക്കുന്നവരുടെ തിരക്കുതുടങ്ങും. ഓരോ ദിവസവും അമ്പതും അറുപതും ഫയലെങ്കിലും ഇത്തരത്തില്‍ വരും. ബാക്കിയുള്ളവയെല്ലാം വാറണ്ടയക്കാന്‍ ഓര്‍ഡര്‍ എഴുതി പ്രോസസ്സ് ക്ലര്‍ക്കിനുമുന്നിലേക്ക് പോകും. ഓരോ ദിവസവും നൂറുകണക്കിന് പെറ്റികളല്ലേ പോലീസ് കൊണ്ടുവരുന്നത്. എന്തു ചെയ്യാം, എല്ലാം ചെയ്‌തേ പറ്റൂ. സമരം ചെയ്യാനോ സംഘടിക്കാനോ അധികാരമോ അവകാശമോ ഇല്ലാത്ത ഞങ്ങളെപ്പോലെയുള്ള വിഭാഗക്കാര്‍ക്ക് എല്ലാം അവരവര്‍ ചെയ്യേണ്ട ഡ്യൂട്ടിയാണ്. അതിനു ഭംഗം വന്നാല്‍ ഭവിഷ്യത്ത് സ്വയം അനുഭവിക്കേണ്ടി വരും. ആര്‍ക്കും രക്ഷിക്കാന്‍ കഴിയാത്ത കുരുക്കുകളാണ് അതെല്ലാം. എന്തായാലും ഡ്യൂട്ടിയല്ലേ ചെയ്യാതിരിക്കാനാവുമോ... അതാണ് ഓരോരുത്തരും സ്വയം സമാധാനം കണ്ടെത്താനായി എപ്പോഴും പറയുക. 
ഫയല്‍പേഡുകള്‍ ഓരോന്നായി കെട്ടഴിച്ച് പരിശോധിച്ച് ഒപ്പിട്ടുകൊണ്ടിരിക്കുമ്പോഴായിരുന്നു ആന്‍ഡ്രിയയുടെ കോള്‍ വന്നത്. അന്നേരം കോള്‍ എടുക്കാനുള്ള മാനസികാവസ്ഥ ഒട്ടും ഉണ്ടായിരുന്നില്ല. മാത്രമല്ല മുന്നിലെ കൂമ്പാരങ്ങളില്‍ അത്രമേല്‍ പിരിമുറുക്കവും ഉണ്ടായിരുന്നു. ശ്വാസമടക്കിപ്പിടിച്ച് കുറേയെല്ലാം ചെയ്തുതീര്‍ത്തപ്പോള്‍ ജോലിതിരക്കുകള്‍ക്കെല്ലാം അല്പം ശാന്തത കൈവന്നു. അപ്പോള്‍ ആന്‍ഡ്രിയയെ തിരിച്ചുവിളിച്ചു. അന്നേരമാണ് വിശേഷങ്ങളറിഞ്ഞത്. എന്തു ചെയ്യാം മനുഷ്യന്റെ കാര്യങ്ങള്‍ അത്രയേ ഉള്ളൂ. അല്ലാതെന്താണ് പറയുക. ആരോഗ്യത്തോടെ ഇരിക്കുന്ന കാലത്ത് മറ്റുള്ളവര്‍ക്ക് ഗുണകരമാവുന്ന രീതിയില്‍ നന്നായി പ്രവര്‍ത്തിക്കുക. എങ്കില്‍ ആളുകള്‍ ഓര്‍ക്കുകയെങ്കിലും ചെയ്യും. 
കഴിഞ്ഞ ആഴ്ചയാണ് ജോണ്‍ സാമുവല്‍ ഹെഡ് ഓഫീസില്‍ നിന്നും റിട്ടയര്‍ ചെയ്ത് പോയത്. ഇരുപതാമത്തെ വയസ്സില്‍ അയാള്‍ ജോലിക്ക് കയറിയതാണ്. സര്‍വ്വീസിലിരിക്കേ അമ്മ മരിച്ചപ്പോള്‍ ഡൈയിംഗ് ഹാര്‍നസ് ആനുകൂല്യത്തിലാണ് അദ്ദേഹത്തിന് ജോലി തരപ്പെട്ടത്. പത്താംക്ലാസ്സ് കഷ്ടിച്ച് പാസ്സായിട്ടേയുണ്ടായിരുന്നുള്ളൂ. പി എസ് സി പരീക്ഷകളൊന്നും എഴുതാന്‍ മിനക്കെട്ടിരുന്നില്ല. ജോലിക്കുകയറി രണ്ടു വര്‍ഷത്തിനുള്ളില്‍ പാസ്സാകേണ്ടിയിരുന്ന മാനുവല്‍ ഓഫ് ഓഫീസ് പ്രൊസീജിയര്‍ വീണ്ടും വീണ്ടും പെര്‍മിഷന്‍ വാങ്ങി ആറു വര്‍ഷമെടുത്താണ് പാസ്സായത്. പ്രൊമോഷന് അവശ്യം വേണ്ടതായ എക്കൗണ്ട് ടെസ്റ്റുകളോ ജുഡിഷ്യറി ടെസ്റ്റുകളോ അദ്ദേഹം എഴുതിയിരുന്നില്ല. അതിനാല്‍തന്നെ അമ്പതു വയസ്സുവരെ ക്ലര്‍ക്കായി തുടരേണ്ടി വന്നു. അമ്പതു വയസ്സുകഴിഞ്ഞശേഷം ആദ്യമായി വന്ന പ്രൊമോഷന്‍ ഒഴിവില്‍ അങ്ങനെ അദ്ദേഹവും സീനിയര്‍ ക്ലര്‍ക്കായി. മുപ്പത്തഞ്ച് വര്‍ഷത്തെ സര്‍വ്വീസ് പൂര്‍ത്തീകരിച്ച് റിട്ടയര്‍ ചെയ്യുമ്പോഴും അദ്ദേഹം സീനിയര്‍ ക്ലര്‍ക്കായിരുന്നു. അദ്ദേഹത്തിന്റെ ഒപ്പം ഇരുപത്തിയഞ്ചും മുപ്പതും മുപ്പത്തഞ്ചും വയസ്സില്‍ ജോലിക്കു കയറിയവരെല്ലാം ശിരസ്തദാറും, സീനിയര്‍ സുപ്രണ്ടും, ജൂനിയര്‍ സൂപ്രണ്ടുമൊക്കെയായി റിട്ടയര്‍ ചെയ്തു. അമ്പതുവയസ്സു കഴിഞ്ഞവര്‍ ടെസ്റ്റുകളൊന്നും എഴുതണമെന്നില്ല എന്ന എക്‌സംപ്ഷന്‍ ഇല്ലായിരുന്നെങ്കില്‍ അദ്ദേഹം ഒരു സാധാക്ലര്‍ക്കായിതന്നെ റിട്ടയര്‍ ചെയ്യേണ്ടി വന്നേനെ... 
ചെയ്യുന്ന ജോലിയില്‍ ആത്മാര്‍ത്ഥത കാണിച്ചിരുന്ന വ്യക്തിയായിരുന്നു ജോണ്‍ സാമുവല്‍. പത്തു മണിക്കാണ് ഡ്യൂട്ടി തുടങ്ങുന്നതെങ്കിലും രാവിലെ എട്ടുമണിക്ക് ഓഫീസിലെത്തും. തലേന്നത്തെ മറ്റുള്ളവരുടെ ചെയ്തുതീരാത്ത ജോലികളെല്ലാം പൂര്‍ത്തീകരിക്കുകയാണ് ആദ്യത്തെ പണി. ഓരോരുത്തരും തങ്ങളുടെ ബാക്കിയായ ജോലികള്‍ തലേന്ന്തന്നെ ജോണ്‍ സാമുവലിന്റെ മേശപ്പുറത്ത് എത്തിച്ചുകൊടുത്തിട്ടുണ്ടാവും. പരോപകാരവേലകള്‍ ചെയ്തു തീര്‍ത്തശേഷമേ അദ്ദേഹം തന്റെ തലേന്നത്തെ തീരാത്ത ജോലികള്‍ ചെയ്യാന്‍ തുടങ്ങൂ. പതിനൊന്നിനും മൂന്നുമണിക്കും അടുത്തുള്ള കേശവേട്ടന്റെ തട്ടുകടയില്‍ നിന്ന് ചായയും വടയും സീറ്റിലെത്തും. ആയതിനാല്‍ ഇരുന്ന സീറ്റില്‍ നിന്നും ചായ കുടിക്കാന്‍ പോലും അദ്ദേഹം അനങ്ങാറില്ല. ഇടയ്ക്കിടെ അടുത്ത സീറ്റിലെ ജയലക്ഷ്മി പറയും. 
''എന്റെ ജോണേ... വേരു പിടിക്കാതിരിക്കാനെങ്കിലും ഇടയ്‌ക്കൊന്ന് എണീറ്റ് നടക്ക്. പണീണ്ട്ന്ന് കരുതി ചാവാന്‍ പറ്റ്വോ...'' ഓരോ മണിക്കൂര്‍ കഴിയുമ്പോഴും സീറ്റില്‍ നിന്നുമെണീറ്റ് ബാത്ത് റൂമില്‍ പോയി വരുന്ന ജയലക്ഷ്മിയുടെ നടത്തം എല്ലാവര്‍ക്കും പരിചിതമാണ്. ജോണ്‍ സാമുവല്‍ ഊണു കഴിക്കുന്ന സമയം മാത്രമാണ് സീറ്റില്‍ നിന്ന് എണീറ്റ് പുറത്തുപോകാറുള്ളത്. സ്വന്തം ജോലികള്‍ ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരുടെ ജോലികള്‍ വളരെ സന്തോഷത്തോടെ കൈകാര്യം ചെയ്യുന്നതില്‍ അതീവ തല്പരനായിരുന്നു അദ്ദേഹം. ഓരോ ദിവസവും രാത്രി എട്ടു മണിവരേയെങ്കിലും അദ്ദേഹം ഓഫീസിലുണ്ടാവും. അമ്മ മരിച്ചപ്പോള്‍ അനാഥനായ അയാള്‍ക്ക്, ഡയിംഗ് ഹാര്‍നെസ്സില്‍ ജോലി ലഭിച്ചപ്പോള്‍ മുതല്‍ അയാളുടെ സര്‍വ്വവും ഓഫീസായി മാറി. ഉറങ്ങാനും കുളിക്കാനും വസ്ത്രം മാറാനും മാത്രമുള്ള ഒന്ന് മാത്രമായിരുന്നു അദ്ദേഹത്തിന് വീട്. ഭക്ഷണം ഓഫീസില്‍ വരുന്ന വഴിക്കും പോകുമ്പോഴും പുറത്തു നിന്നു കഴിക്കും. വീട്ടില്‍ കട്ടന്‍ചായപോലും അദ്ദേഹം ഉണ്ടാക്കാറില്ല. തന്റെ ഓഫീസിലേക്ക് ജോണ്‍ സാമുവലിനെ കിട്ടിയിരുന്നെങ്കില്‍ എന്ന് പല ചീഫ് മിനിസ്റ്റീരിയല്‍ ഓഫീസര്‍മാരും ആഗ്രഹിക്കാറുണ്ട്. ഏതു ജോലിയും ഏല്പിക്കാവുന്ന വിശ്വസ്തനായിരുന്നു അദ്ദേഹം. ഏത് ഓഫീസിലായിരുന്നാലും ജോണ്‍ സാമുവലിന്റെ നിത്യവൃത്തികള്‍ക്ക് യാതൊരു മാറ്റവുമില്ലായിരുന്നു. ദൂരെയുള്ള ഓഫീസിലേക്ക് മാറ്റം കിട്ടിയാലും യാതൊരു പ്രതിഷേധവുമില്ലാതെ അവിടെ പോയി ജോലി ചെയ്യും. അയാള്‍ എപ്പോഴും ജോലിയില്‍ സംതൃപ്തനായിരുന്നു. 
കുന്നംകുളം കോടതിയില്‍ ജോലിക്കു ചേരാന്‍ ചെന്നപ്പോഴാണ് ജോണ്‍ സാമുവലിനെ ആദ്യമായി പരിചയപ്പെടുന്നത്. ജോലിയില്‍ ജോയിന്‍ ചെയ്തശേഷം സൂപ്രണ്ട് തനിക്കുള്ള ജോലി പറഞ്ഞുതന്ന് സീറ്റില്‍ ഇരുത്തിയ ശേഷം അദ്ദേഹം നീട്ടിയൊരു വിളി വിളിച്ചു 
''ജോണേ...'' വിളികേട്ടതും ചിരിച്ചുകൊണ്ട് വളരെ സൗമ്യനായി ഒരാള്‍ അടുത്തെത്തി. സൂപ്രണ്ട് അദ്ദേഹത്തോട് പറഞ്ഞു. 
''ഇയാള്‍ക്ക് ഈ സീറ്റിലെ ജോലിയെല്ലാം എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഒന്ന് പറഞ്ഞുകൊടുക്ക്.'' 
സീറ്റിന്റെ ഇരുവശങ്ങളിലും പുറകിലുമായി ഇട്ടിരുന്ന ആറടി ഉയരത്തിലുള്ള റാക്കുകളില്‍ നിറച്ച് അടുക്കിവെച്ചിരുന്ന ഫയലുകളില്‍ നിന്ന് ചെറിയ കെട്ടെടുത്ത് മേശപ്പുറത്ത് നിരത്തി ഒരു കെട്ട് അഴിച്ചപ്പോള്‍തന്നെ അതില്‍ അമ്പതിലേറെ ചെറിയ കേസുകളുണ്ടായിരുന്നു. അതില്‍ നിന്ന് ഒന്ന് എടുത്ത് നിവര്‍ത്തി വെച്ച് ജോണ്‍ സാമുവല്‍ പറഞ്ഞു. 
''ഇതെല്ലാം പെറ്റിക്കേസുകളാണ്. എല്ലാത്തിലും വാറണ്ട് അയക്കണം. എങ്കിലേ പോലീസ് അവരെ പിടിച്ചു കൊണ്ടുവരികയുള്ളൂ. വാറണ്ട് അയച്ചിട്ടുണ്ടെന്നറിഞ്ഞാല്‍ ഒരുവിധം ആള്‍ക്കാരെല്ലാം ഇവിടെ സ്വമേധയാ വന്ന് ഫൈന്‍ അടച്ച് പോകും. നാട്ടില്‍ ഇല്ലാത്തവരാണെങ്കില്‍ ഒന്നുരണ്ടു തവണ വാറണ്ട് അയച്ചെങ്കില്‍ മാത്രമേ മജിസ്‌ട്രേറ്റിന് അതെല്ലാം ഡിസ്‌പോസ് ചെയ്യാനാകൂ.' അതും പറഞ്ഞ് അയാള്‍ വാറണ്ട് എങ്ങനെ എഴുതണം എന്ന് ഒരു വാറണ്ട് ഫോം എടുത്തുവെച്ച് എഴുതി കാണിച്ചുതന്നു. ഒപ്പം ഇരുന്ന് കുറേ വാറണ്ടുകള്‍ എനിക്കായി എഴുതിതരികയും ചെയ്തു. ആദ്യദിവസം കുറേ വാറണ്ടുകള്‍ എഴുതി കഴിഞ്ഞപ്പോള്‍ സന്തോഷം തോന്നി. പോലീസ്, വാറണ്ട് എന്നെല്ലാം കേള്‍ക്കുമ്പോള്‍ ഭയന്നിരുന്ന താനിപ്പോള്‍ ആളുകളെ പിടിച്ചുകൊണ്ടുവരുന്നതിനായി പോലീസിനു കൊടുക്കാന്‍ വാറണ്ടുകള്‍ എഴുതുന്നു. അങ്ങനെ ആനന്ദനിര്‍വൃതിയില്‍ നില്‍ക്കുമ്പോഴാണ് അദ്ദേഹം ഓര്‍മ്മിപ്പിച്ചത്. ''ഇവിടത്തെ പ്രധാന ജോലി എന്നത് പെറ്റിക്കേസുകള്‍ക്ക് വാറണ്ട് അയക്കലല്ല.'' പിന്നെന്ത് എന്ന ചോദ്യത്തോടെ ഞാനദ്ദേഹത്തെ ശ്രദ്ധിച്ചു. ''ഇതുകണ്ടോ, ഈ ഓരോ തിയ്യതികളും എഴുതി ഫ്‌ളാപ്പ് ഇട്ട് വെച്ചിരിക്കുന്ന തടിച്ച ഫയലുകളുടെ കെട്ടുകള്‍ കണ്ടോ? നിത്യവും വിചാരണക്ക് വെച്ചിട്ടുള്ള പ്രധാനപ്പെട്ട കേസുകളാണിതെല്ലാം. ഇതിലെ സാക്ഷികള്‍ക്ക് സമന്‍സ് അയക്കണം. പ്രതി ഹാജരില്ലാത്ത കേസുകളില്‍ വാറണ്ടുണ്ടായെന്നു വരും. അപ്പോള്‍ അതയക്കണം. ചിലപ്പോള്‍ ജാമ്യക്കാര്‍ക്ക് നോട്ടീസ് അയക്കേണ്ടി വരും. ഒരിക്കലും പ്രതി ഹാജരാകാത്ത കേസുകളില്‍ ക്രിമിനല്‍ പ്രൊസീജിയര്‍ കോഡ് അനുസരിച്ചുള്ള സെക്ഷന്‍ 82, 83 നടപടികളും ഉണ്ടാവും. അങ്ങനെയുള്ള കേസുകളില്‍ അയാള്‍ക്കെതിരെ വാറണ്ട് മാത്രം എഴുതിയാല്‍ പോരാ. അതിനൊപ്പം നാട്ടിലും വില്ലേജ് ഓഫീസ് പരിസരത്തും കോടതി പരിസരത്തും അയാള്‍ക്കെതിരെ പ്രൊക്ലമേഷന്‍ പതിച്ചു നടത്തണം. കൂടാതെ അയാള്‍ക്ക് നാട്ടില്‍ സ്വത്തുക്കളുണ്ടോ എന്നറിയുന്നതിനും അത് കേസിന്റെ ആവശ്യാര്‍ത്ഥം മരവിപ്പിക്കുന്നതിനും വേണ്ടി വില്ലേജിലേക്ക് റിക്വസ്റ്റ് നല്‍കണം. ഒപ്പം ജാമ്യമെടുത്തു മുങ്ങിയ വ്യക്തിയാണെങ്കില്‍ ജാമ്യക്കാര്‍ക്കെതിരെ അയാളെ ഹാജരാക്കാത്തതിന് നിയമനടപടികള്‍ എടുക്കുന്നതിനുള്ള നോട്ടീസ് അയക്കണം. അങ്ങനെയങ്ങനെ പല കാര്യങ്ങളുമുണ്ട്.'' ഓരു ചിരിയോടെ അദ്ദേഹം പറഞ്ഞു നിര്‍ത്തി. ആദ്യദിനം തന്നെ ഇതല്ലാം കേട്ടപ്പോള്‍ ഒരു പുകയാണ് തോന്നിയത്. അതുമനസ്സിലാക്കി അദ്ദേഹം പറഞ്ഞു. ''നമ്മള്‍ ഇതെല്ലാം എഴുതി മജിസ്‌ട്രേറ്റിനെക്കൊണ്ട് ഒപ്പിടുവിച്ച് രജിസ്റ്ററില്‍ ചേര്‍ത്ത് അതത് ഡ്യൂട്ടി പോലീസുകാര്‍ക്ക് നല്‍കിയാല്‍ മതി, മറ്റെല്ലാം അവര് ചെയ്‌തോളും''. അതുകേട്ടപ്പോള്‍ അല്പം സമാധാനം തോന്നി. എങ്കിലും ജോണ്‍ സാമുവല്‍ എന്ന വ്യക്തിയുടെ സാന്നിദ്ധ്യം മനസ്സിനെ ഭയവിമുക്തമാക്കി. 
കുറച്ചുകാലമേ ജോണ്‍ സാമുവലിനൊപ്പം അവിടെ ജോലി ചെയ്തുള്ളുവെങ്കിലും ഇതുവരയുള്ള ജീവിതത്തിലെ ഏറ്റവും ഉറ്റ സുഹൃത്തിനെപ്പോലെയായി മാറി അദ്ദേഹം. എല്ലാ മാസവും ഇരുപതാം തിയ്യതിയാകുമ്പോഴേയ്ക്കും കയ്യിലുള്ള പണമെല്ലാം കഴിഞ്ഞിരിക്കും. അടുത്ത ശമ്പളദിവസം വരെ ആവശ്യമായ ചിലവുകള്‍ക്കെല്ലാം പലപ്പോഴും ജോണ്‍ സാമുവലാണ് പണം തന്ന് സഹായിക്കാറ്. ഒന്നാം തിയ്യതി ശമ്പളം കിട്ടിയാല്‍ ആദ്യം തീര്‍ക്കുന്നതും ആ കടം തന്നെ. 
തീര്‍ത്താല്‍ തീരാത്ത ജോലിയുടെ കാഠിന്യത്തില്‍ മുഴുകി കുടുംബം, വിവാഹം ഇത്യാദി കാര്യങ്ങളൊന്നും അദ്ദേഹം ഓര്‍ത്തേ ഇല്ല. ആരും അതൊന്നും അദ്ദേഹത്തെ ഓര്‍മ്മപ്പെടുത്താറുമില്ല. വേണ്ടപ്പെട്ടവരായി ആരുമില്ലാത്തവനായിരുന്നതിനാല്‍ അത്തരം കാര്യങ്ങളില്‍ ഒരു സഹായവും അദ്ദേഹത്തിന് ആരില്‍ നിന്നും കിട്ടാനില്ലായിരുന്നു. അത് അദ്ദേഹത്തിന്റെ ജീവിതത്തെ ഏകാന്തമാക്കിത്തീര്‍ത്തു. എന്നാല്‍ ഓഫീസിലെ എത്ര ചെയ്താലും തീരാത്ത ജോലികള്‍ അദ്ദേഹത്തിന് വിരസതയില്ലാത്ത ജീവിതം സമ്മാനിച്ചു.
കഴിഞ്ഞ മുപ്പത്തഞ്ച് വര്‍ഷക്കാലം ഓഫീസ് കാര്യങ്ങള്‍ മാത്രം ചെയ്ത് സ്വകാര്യജീവിതം മറന്നുപോയ അദ്ദേഹം റിട്ടയര്‍ ചെയ്യുന്ന ദിവസം ഓഫീസിന്റെ പടിയിറങ്ങിയപ്പോള്‍ കൊച്ചുകുട്ടികളെപ്പോലെ നെടുവീര്‍പ്പിട്ടു കരഞ്ഞു. പിന്നെ തിരിഞ്ഞുപോലും നോക്കാതെ ഒറ്റ പോക്കായിരുന്നു. പിന്നീട് ആരും ജോണ്‍ സാമുവലിനെപ്പറ്റി ഒന്നും അറിയാറില്ല. ആരും ഒന്നും തിരക്കാറില്ല. ജോലിത്തിരക്ക് തന്നെ മുഖ്യ കാരണം. 
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ എഴുതി വാങ്ങിക്കുന്നതിനായി അയാല്‍ ഇടയ്ക്കിടെ ഓഫീസില്‍ വരുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു എന്നാല്‍ അതുണ്ടായില്ല. ടെര്‍മിനല്‍ ലീവ് സറണ്ടര്‍ പാസ്സാക്കിയെടുക്കുവാനോ, ഗ്രൂപ്പ് ഇന്‍ഷൂറന്‍സ് ക്ലോസ് ചെയ്യുന്നതിനോ അപേക്ഷ നല്‍കാനോ അതു വാങ്ങാന്‍ വേണ്ട കാര്യങ്ങള്‍ തിരക്കാനോ എന്തിന് പെന്‍ഷന്‍സംബന്ധമായ പേപ്പറുകള്‍ ല്ലാം അയച്ചോ എന്ന് തിരക്കാന്‍ പോലും അദ്ദേഹം ഓഫീസില്‍ വന്നു നോക്കിയില്ല. ജോലി തീര്‍ന്നതോടെ എല്ലാം തീര്‍ന്നെന്ന ഒരു മനോഭാവമായിരുന്നു ജോണ്‍ സാമുവലിന്റേത്. തന്റെ ആനുകൂല്യങ്ങള്‍ക്കായി അയാള്‍ സെക്ഷന്‍ ക്ലര്‍ക്കിനെ ഒരിക്കല്‍ പോലും വിളിച്ച് ശല്യപ്പെടുത്തിയില്ല. അത് എല്ലാവരേയും അത്ഭുതപ്പെടുത്താതിരുന്നില്ല. 
മജിസ്‌ട്രേറ്റില്‍ നിന്നും പെര്‍മിഷന്‍ വാങ്ങി ജോണ്‍ സാമുവലിന്റെ വീട്ടിലേക്ക് പോകാന്‍ തയ്യാറായപ്പോള്‍ ജോണ്‍ സാമുവലിന്റെ സഹായങ്ങള്‍ ആവോളം കൈപ്പറ്റിയിരുന്ന സ്റ്റാഫുകളോട് എല്ലാവരോടുമായി തിരക്കി.
''ആരൊക്കെ പോരുന്നുണ്ട്? കാറുവിളിച്ചാല്‍ ഇടം മതിയാവുമോ? അതോ ട്രാവലര്‍ വേണ്ടി വരുമോ?''
ആ ചോദ്യങ്ങള്‍ക്കൊന്നും ആരും ഉത്തരം പറഞ്ഞില്ല. ആരും ഇരുന്നിടത്തുനിന്നും അനങ്ങുകപോലുമുണ്ടായില്ല. ഞാന്‍ വീണ്ടും അന്വേഷണം തുടര്‍ന്നു. അപ്പോള്‍ ചിലര്‍ മുരടനക്കി.
''സാറ് പൊയ്‌ക്കോ... ചത്തവര് ചത്തു. അതിനപ്പുറം നമുക്കെന്താണ് ബന്ധം.''
നിരാശ തോന്നി. സ്റ്റാഫിന്റെ വീടുകളില്‍ അവരുടെ ഉറ്റവര്‍ മരണമടഞ്ഞ വാര്‍ത്ത കേള്‍ക്കുമ്പോള്‍ ആദ്യം അവിടെ ഓടിയെത്തുന്നവനായിരുന്നു ജോണ്‍ സാമുവല്‍. കാറു വിളിക്കാനും ആളുകളെ കൂട്ടി അവിടെ പോയി അനുശോചനമറിയീക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് സഹായങ്ങള്‍ നല്‍കാനും എപ്പോഴും മുന്നില്‍ ഉണ്ടായിരുന്നവനാണ് ജോണ്‍ സാമുവല്‍. ഇന്ന് അവന്റെ വിയോഗത്തില്‍ ഇവിടെ ആരും വേവലാതിപ്പെടാന്‍പോലും തയ്യാറല്ലെന്നറിഞ്ഞപ്പോള്‍, വര്‍ഷങ്ങള്‍ക്കുമുമ്പ് അഞ്ചാറുമാസം മാത്രമാണ് അദ്ദേഹത്തോടൊത്ത് ജോലി ചെയ്തതെങ്കിലും ആരോടും ഒന്നും പറയാതെ ഈര്‍പ്പം മുറ്റിയ മനസ്സുമായി ഇറങ്ങി നടന്നു.

Darsana 2023-03-17 14:36:12
വളരെ നന്നായി പക്ഷേ അപൂർണ്ണമായി അവസാനിച്ച പോലെ തോന്നി ഇനിയും വായിക്കാനുള്ളത് പോലെ കാത്തിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക