Image

ഓമല്ലൂർ ഓമനയുടെ ഓംലറ്റ് (ഹാസ്യ ചെറുകഥ: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

Published on 16 March, 2023
ഓമല്ലൂർ ഓമനയുടെ ഓംലറ്റ് (ഹാസ്യ ചെറുകഥ: സുനിൽ വല്ലാത്തറ ഫ്ലോറിഡ)

പത്തനംതിട്ട ജില്ലയിലെ പ്രകൃതി മനോഹരമായ പ്രദേശമാണ് ഓമല്ലൂർ. ഓമല്ലൂർ ഗ്രാമത്തിലെ മാതൃക ദമ്പതികൾ ആണ് ഓമനക്കുട്ടനും ഭാര്യ ഓമനയും. ഓമനക്കുട്ടന് ഊണിന്റെ കൂടെ നിർബന്ധം ആയും മീൻകറി വേണം. ഓമന കുടംപുളി ഇട്ട മീൻകറി കൃത്യമായി ഉണ്ടാക്കികൊടുക്കും. അങ്ങനെ ഇരിക്കെ ഓമന മകളെയും കൂട്ടി ഡൽഹിയ്ക്കു ടൂർ പോയി. ഡൽഹിയിലെ ആഡംമ്പര ജീവിതവും കോണ്ടിനെന്റൽ ഭക്ഷണവും കഴിച്ചു മടങ്ങിയെത്തിയ ഓമന മീൻകറിയ്ക്കു പകരം ഓമനക്കുട്ടന് ഓംലറ്റ് ഉണ്ടാക്കി കൊടുക്കുവാൻ തുടങ്ങി. ആദ്യം പരിഭവം ആയി അത് പിണക്കമായി പിന്നെ വലിയ വഴക്കായി. നാട്ടുകാർ മുഴുവൻ സംഭവം അറിഞ്ഞു. പഞ്ചായത്ത്‌ പ്രസിഡന്റ് ഇടപെട്ട് ഇരുവരെയും വിളിപ്പിച്ചു ഒത്തുതീർപ്പാക്കാൻ ശ്രെമിച്ചെങ്കിലും ഫലം കണ്ടില്ല. നാട്ടുകാർ ചേരി തിരിഞ്ഞു. ഒരു വിഭാഗം ഓമനക്കുട്ടന്റെ കൂടെയും പുരോഗമന വാദികൾ ഓമനയ്ക്കൊപ്പവും നിലകൊണ്ടു. ഓമനക്കുട്ടൻ സഹോദരന്റെ വീട്ടിലേയ്ക്കു താമസം മാറി. ഓമല്ലൂർ കവലയിൽ ഇരു വിഭാഗവും തമ്മിൽ വാക്പോര് പതിവായി. ഓമനക്കുട്ടൻ വിഭാഗം സ്‌ഥലം  M L A യുടെ ഓഫീസിലേയ്ക്കും  ഓമന വിഭാഗം  M L A യുടെ വീട്ടിലേയ്ക്കും മാർച്ച്‌ നടത്തി  M L A പ്രശ്നത്തിൽ ഇടപെട്ടു. ഓമനക്കുട്ടനെയും ഓമനയെയും ഇരുവിഭാഗത്തിലെയും നേതാക്കന്മാരെയും ഒപ്പം പഞ്ചായത്ത്‌ പ്രസിഡന്റിനെയും ചർച്ചെയ്ക്കു വിളിച്ചു. ആഴ്ചയിൽ നാലു ദിവസം മീൻകറി വേണമെന്ന് ഓമനക്കുട്ടൻ വിഭാഗവും നാലു ദിവസം ഓംലറ്റ് വേണമെന്ന് ഓമന വിഭാഗവും വാശി പിടിച്ചു. മൂന്ന് മണിക്കൂർ നീണ്ട മാരത്തോൺ ചർച്ചയ്കൊടുവിൽ M L A പ്രശ്നപരിഹാരമായി ഒരു നിർദ്ദേശം വച്ചു. ആഴ്ചയിൽ മൂന്നു ദിവസം മീൻകറി കൂട്ടിയും മൂന്നു ദിവസം ഓംലറ്റ് കൂട്ടിയും ഊണും ഒരു ദിവസം പച്ചക്കറി സദ്യയും. നീണ്ട ആലോചനകൾക്ക് ശേഷം ഇരു വിഭാഗവും അത് അംഗീകരിച്ചു. ഇരു വിഭാഗം നേതാക്കളും കൈ കൊടുത്തു. ഓമനയും ഓമനക്കുട്ടനും കെട്ടിപിടിച്ചു പുറത്തു തടിച്ചുകൂടിയ നാട്ടുകാരും  M L A യും പഞ്ചായത്ത്‌ പ്രസിഡന്റ്റും കൂടി ഓമനക്കുട്ടനെയും ഓമനയെയും അവരുടെ വീട്ടിൽ കൊണ്ടുചെന്നാക്കി. ഓമല്ലൂരിലെ യുവജനങ്ങളുടെ നേതൃതോത്തിൽ ലഡു വിതരണവും നടന്നു. 
കടപ്പാട് 
ഒരു ഓമല്ലൂർ നിവാസി  

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക