Image

ഇന്ന്....(കവിത : ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 16 March, 2023
ഇന്ന്....(കവിത : ദീപ ബിബീഷ് നായര്‍)

വാര്‍ത്തകള്‍ പരന്നു
കാട്ടിലഗ്‌നിയെന്ന പോലതാ
വൈറലാക്കുവാന്‍ തുനിഞ്ഞു
മുന്നില്‍ മാധ്യമങ്ങളും
നടന്നതോ പറന്നുപോയ്
പറന്നതോ മറഞ്ഞുപോയ്
നമ്മളാണു മുന്നിലെന്നു
മാധ്യമങ്ങള്‍ സര്‍വ്വരും
കണ്ടതൊക്കെ സത്യവും
കേട്ടേതോ അസത്യവും
കണ്ടുകേട്ടറിഞ്ഞിടുമ്പോള്‍
ഇണ്ടല്‍ വ്യര്‍ത്ഥമെന്നപോല്‍
നമ്മളെത്ര കണ്ടതാണിതെന്ന
മട്ടില്‍ പുച്ഛവും
നാടുമീ നഗരവും
വളര്‍ന്നുവെന്നു ഭാഷണം
മെയ്യനങ്ങി വേലചെയ്യും
നാളില്‍ രോഗമന്യവും
യന്ത്രവല്‍ക്കൃതത്തിലിന്ന്
വ്യാധിതര്‍ മനുജരും
നന്മയാകും കതിരുകള്‍
പൂത്തിടേണ്ട വേളയില്‍
കളകള്‍പോലെ തിന്മകള്‍
പരന്നുനീളെയിന്നിതാ
ജീവശ്വാസമേകുവാന്‍
മതങ്ങളില്ല, ജാതിയും
തിരികെ വീണ്ടുമെത്തിടുമ്പോള്‍
കെട്ടിടുന്നു വേലിയും
ജനിപ്പതും മരിപ്പതും
തുടര്‍ച്ചയാണവനിയില്‍
മനുഷ്യനായ് രമിച്ചിടാം
ഇഹത്തിലുള്ള വേളയില്‍ .....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക