StateFarm

മാരുതിക്ക് ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം : എസ്. ബിനുരാജ്

Published on 17 March, 2023
മാരുതിക്ക് ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം : എസ്. ബിനുരാജ്

1983 ഡിസംബറിൽ ആണ് രാജ്യത്തെ ആദ്യത്തെ മാരുതി കാർ നിരത്തിൽ ഇറങ്ങിയത്. നറുക്കെടുപ്പിൽ കൂടി അത് ആദ്യം സ്വന്തമാക്കിയത് ഇന്ത്യൻ എയർലൈൻസ് ജീവനക്കാരൻ ആയിരുന്ന ഹർപാൽ സിംഗ് ആണ്. താക്കോൽ കൈ മാറുമ്പോൾ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കണ്ണ് നിറഞ്ഞു എന്നാണ് കേട്ടിട്ടുള്ളത്. 53,000 രൂപയുടെ മാരുതി ഇന്ദിരാഗാന്ധിയുടെ മാത്രമല്ല സഞ്ജയ് ഗാന്ധിയുടെയും സ്വപ്നം ആയിരുന്നു.

ആദ്യ മാരുതിയും ആയുള്ള ഒരാളുടെ വൈകാരികമായ അടുപ്പം ആണ് മഹേഷും മാരുതിയും എന്ന പടത്തിൻ്റെ ഇതിവൃത്തം. ഈ പടത്തിൽ ആദ്യ മാരുതിയുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങൾ ഉണ്ട് അത് അവസാനം പറയാം.

ഇപ്പോള്‍ വിഷയം സിനിമാ പേരില്‍ മാരുതി വന്നതിനെ കുറിച്ചാണ്. 

മഹേഷും മാരുതിയും  ഇറങ്ങിയപ്പോഴാണ് വണ്ടികളുടെ പേരില്‍ എത്ര സിനിമാ പേരുകള്‍ ഉണ്ടെന്ന് ഓര്‍ത്തത്. ആസിഫ് അലിയാണ് മഹേഷും മാരുതിയിലെ നായകന്‍. 

ആസിഫ് അലി തന്നെ നായകനായ വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്ന ചിത്രത്തിൻ്റെ കഥയുമായി സ്കൂട്ടറിന് ബന്ധം ഒന്നും ഇല്ലെങ്കിലും പേരിൽ വിജയ് സൂപ്പര്‍ എന്നൊരു സ്ക്കൂട്ടറിന്റെ പേരുണ്ട്. 

എഴുപതുകളുടെ രണ്ടാം പകുതിയിലും എണ്‍പതുകളുടെ തുടക്കത്തിലും ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ രോമാഞ്ചമായിരുന്നു വിജയ് സൂപ്പര്‍. ബജാജ് ചേതക്ക് എന്ന ജനപ്രിയ വാഹനം ഇറങ്ങുന്നതിന് മുമ്പ് സാധാരണക്കാരന്റെ ഇരുചക്ര വാഹന സ്വപ്നത്തെ സാക്ഷാത്ക്കരിച്ച വാഹനം. വിജയ് സൂപ്പര്‍ സ്ക്കൂട്ടര്‍ 1983ലെ ലോക കപ്പ് ക്രിക്കറ്റ് നേടിയ ഇന്ത്യന്‍ ടീം അംഗങ്ങള്‍ക്ക് കമ്പനി സമ്മാനമായി നല്‍കിയത് അന്ന് വലിയ വാര്‍ത്തയായിരുന്നു. വിജയ് എന്ന പേരിന് പിന്നിലും ഒരു കഥയുണ്ട്. 1971 ലെ ഇന്തോ പാക്ക് യുദ്ധത്തില്‍ ഇന്ത്യ നേടിയ വിജയത്തെ അനുസ്മരിപ്പിക്കുന്നതിനാണ് അത്തരമൊരു പേര് നല്‍കിയതെന്ന് കമ്പനി പറയുന്നു. ഇന്നും ആ ദിവസത്തിന്റെ വാര്‍ഷികം വിജയ് ദിവസ് ആണല്ലോ.
 
മാരുതിയുടെ മലയാള സിനിമാ ബന്ധം തുടങ്ങിയത് മഹേഷും മാരുതിയിലുമല്ല. അമ്പത് ലക്ഷവും മാരുതി കാറും എന്ന പേരില്‍ ഒരു പടം 1992 ൽ പൂര്‍ത്തിയായെങ്കിലും പുറത്തിറങ്ങിയില്ല. യൂസഫലി കേച്ചേരിയും ജോണ്‍സണും ഒരുമിച്ച അപൂര്‍വം ചിത്രങ്ങളിലൊന്നായിരുന്നു അമ്പതു ലക്ഷവും മാരുതി കാറും.

മാരുതി കാറിന്റെ പേര് പോലെ ഒരു സ്ക്കൂട്ടര്‍ ബ്രാന്‍ഡിന്റെ പേരില്‍ നിര്‍മ്മിക്കപ്പെട്ട ഒരു പടത്തിനും പെട്ടിയിലിരിക്കാനായിരുന്നു യോഗം. 1995ല്‍ നിര്‍മ്മാണം പൂര്‍ത്തിയായ സണ്ണി സ്ക്കൂട്ടര്‍. ഇതിലെയും സംഗീത സംവിധാനം ജോണ്‍സണ്‍ ആയിരുന്നു. ഇതില്‍ ഒ എന്‍ വി എഴുതിയ അഴകേ നിന്‍ മുഖമൊരു മുഴുതിങ്കള്‍ പൂവെന്ന് വെറുതെ ഞാന്‍ കളി പറഞ്ഞു എന്നത് മനോഹരമായ ഒരു പാട്ടാണ്. 

ബജാജ് കമ്പനി ഇറക്കിയ സണ്ണി സ്ക്കൂട്ടറിനെ ഓര്‍മ്മയില്ലേ? രാജ്യത്ത് ആദ്യമായി ഗിയറില്ലാത്ത സ്ക്കൂട്ടര്‍ ഇറക്കി കൈനറ്റിക്ക് ഹോണ്ട ഇന്ത്യയുടെ ഇരുചക്രവാഹന വിപണിയില്‍ തരംഗമായപ്പോൾ  സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലയില്‍ ബജാജ് ഇറക്കിയതാണ് 60 സിസി മാത്രം ശേഷിയുള്ള സണ്ണി എന്ന ഗിയർ രഹിത സ്കൂട്ടർ. 

കൈനറ്റിക്കും സണ്ണിയും പെണ്‍കുട്ടികളുടെ പ്രിയ വാഹനമായിരുന്നു. മാധ്യമപ്രവര്‍ത്തനം പഠിക്കുന്ന കാലത്ത് ഞങ്ങളുടെ ഒപ്പം പഠിച്ചിരുന്ന സുനിലയ്ക്ക് കൈനറ്റിക്ക് ഹോണ്ട ആയിരുന്നു. മായക്ക് സണ്ണിയും. രണ്ടും ഇല്ലാത്ത ഞാന്‍ ഇവരില്‍ നിന്നും ഇരന്ന് വാങ്ങി രണ്ടും ഓടിച്ചിരുന്നു. 

ബ്രാന്‍ഡ് നെയിം അല്ലെങ്കിലും വെറും വാഹനങ്ങളുടെ പേരിലും മലയാള സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ലോറി (1980), ഏയ് ഓട്ടോ (1990), ദി കാർ (1997) സൈക്കിള്‍ (2008) എന്നിവ ചില ഉദാഹരണങ്ങള്‍. 

പേരില്‍ വാഹനമോ വാഹനത്തിന്റെ പേരോ ഇല്ലെങ്കിലും വാഹനം കഥയുടെ പ്രധാന ഘടകമായി വന്ന പല പടങ്ങളും മലയാളത്തിലിറങ്ങിയിട്ടുണ്ട്. ഗൗതമന്റെ രഥം എന്ന പടത്തില്‍ നാനോ കാര്‍ കഥയുടെ പ്രധാന ഭാഗമാണ്. അമ്പിളിയില്‍ സൈക്കിള്‍, നീലാകാശം പച്ചക്കടല്‍ എന്ന പടത്തില്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ്, ആട് എന്ന പടത്തില്‍ പിങ്കി എന്ന പേരുള്ള മഹീന്ദ്രാ ജീപ്പ്...അങ്ങനെ കുറെയേറെയുണ്ട്.

രാജ്യത്തെ ആദ്യത്തെ മാരുതി കാർ കമ്പനി ഈയിടെ പുനഃസ്ഥാപിച്ചു. ഇന്ദിരാഗാന്ധിയുടെ സാന്നിധ്യത്തിൽ പ്ലാൻ്റിൽ നിന്നും പുറത്ത് ഇറങ്ങിയ അവൾക്ക്  40 വയസ് ആകുന്നു. വണ്ടിയുടെ restoration ദൃശ്യങ്ങൾ മഹേഷും മാരുതിയും പടത്തിൻ്റെ അവസാനം ചേർത്തിട്ടുണ്ട്. ഇന്ത്യയെ ചലിപ്പിച്ച മാരുതിക്ക് ഒരു സമർപ്പണം കൂടിയാണ് ഈ ചിത്രം.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക