Image

സുരബാല (നോവൽ 15: വൈക്കം സുനീഷ് ആചാര്യ)

Published on 17 March, 2023
സുരബാല (നോവൽ 15: വൈക്കം സുനീഷ് ആചാര്യ)

ഡോക്ടർ എസ് പി യുടെ മുഖത്തേക്ക് അൽപ്പനേരം നോക്കി. എന്തോ ആലോചിച്ചിരുന്ന ശേഷം സംസാരം തുടങ്ങി.
"എസ് പി യോട് ഒരു പ്രധാന കാര്യം പറയുവാനുള്ളത്, കുറ്റവാളികളാരെന്ന് ചൂണ്ടിക്കാണിക്കാൻ എനിക്ക് കഴിയില്ല. പക്ഷെ അതിലേക്കുള്ള വഴി ചിലപ്പോൾ സാധ്യമാകും. ഇവിടെ സുരബാലയെ പോസ്റ്റുമാർട്ടത്തിന് കൊണ്ടു വരുമ്പോൾ മരിച്ചിട്ട് എട്ടുമണിക്കൂറേ ആയിട്ടുള്ളു. അതായത് വെളുപ്പിന് മൂന്നു നാലുമണിയോടെയായിരിക്കണം മരിച്ചിരിക്കുന്നത്. അബോധാവസ്ഥയിലായതിന് ശേഷവും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്.ബോഡിയിലെ എല്ലാമുറിവുകളും രേഖപ്പെടുത്തരുതെന്നും എത്രരൂപ വേണമെങ്കിലും തരാമെന്ന് പറഞ്ഞ് ഒരാൾ എന്നെ വന്നു കണ്ടിരുന്നു."
"ആരാണ്.. ആരാണ് ഡോക്ടർ.. അത് "എസ് പി യുടെ ആകാംക്ഷ വർദ്ധിച്ചു.

"ആളെ എസ് പി അറിയും.... സബ് ഇൻസ്‌പെക്ടർ മാരുതി "

"ഓഹ് മൈ ഗോഡ്..."

"അതാണ് പറഞ്ഞത്.. കുറ്റവാളികളാരെന്ന് എനിക്കറിയില്ല.. പക്ഷെ വഴികൾ ചൂണ്ടിക്കാണിക്കാൻ കഴിയും "

"എനിക്ക് കഴിഞ്ഞ ദിവസമാണ് സംശയം തോന്നിയത്.."

"ഇനിയുമുണ്ട് കാര്യങ്ങൾ.. അയാൾ എന്നോട് വന്നു സംസാരിക്കുമ്പോൾ.. അതായത് രാവിലെ സമയത്ത്.. സുരബാലയുടെ മരണം ഔദ്യോഗികമായി റിപ്പോർട്ട്‌ ചെയ്തിട്ടില്ല. അപ്പോൾ ഇവർ ഇതെല്ലാം മുൻ‌കൂട്ടി കണ്ടിരുന്നു "
"ഓഹ് മൈ ഗോഡ്.. ഹോറിബിൾ.."

"വിഷം ഉള്ളിൽച്ചെന്ന് മരിച്ചുവെന്നുള്ളത് ശരിയാണ്.. പക്ഷെ അത് ബലമായി കുടിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. തുടർച്ചയായി ബാലത്സംഗം ചെയ്ത് മരണശയ്യയിൽ എത്തിയപ്പോഴാവാം അവർ ഇത് ചെയ്തിട്ടുള്ളത്."
"ഡോക്ടർ പറയുമ്പോഴൊക്കെ.. അവർ എന്ന് പറയുന്നുണ്ടല്ലോ.. വേറെ ആരെയെങ്കിലും ഡോക്ടർ അറിയുമോ "

"അത് പിന്നെ.. ആരാണെന്നു കണ്ടില്ല.. പക്ഷെ ഒരു കറുത്ത സ്കോർപിയോയിൽ ആരൊക്കെയോ ഇരിക്കുന്നുണ്ടായിരുന്നു വെളിയിൽ. അയാളുടെ നീക്കങ്ങളിൽ സംശയം തോന്നിയപ്പോൾ ഞാൻ ജനലിൽക്കൂടി നോക്കി.. അപ്പോഴാണ് ഈ വണ്ടി ശ്രദ്ധയിൽ പെട്ടത് "
ഒരു കറുത്ത സ്കോർപിയോ എപ്പോഴൊക്കെയോ ജയദേവിനെ പിന്തുടർന്നിരുന്നതായി പറഞ്ഞത് എസ് പി ഓർമ്മിച്ചു. കറുത്ത സ്കോർപിയോ, പോലീസ് സ്റ്റേഷനിൽ വന്നുപോയെന്ന് ജയദേവ് പറഞ്ഞ അജ്ഞാതൻ, സെക്യൂരിറ്റിയുടെ നാടുവിടൽ, മംഗൾ ദാസിന്റെ സംശയാസ്പദമായ യാത്ര എല്ലാം പരസ്പരം ബന്ധമുള്ളതായി എസ് പിക്കു തോന്നി. ഇതെല്ലാം കൂട്ടിമുട്ടിച്ചാൽ കേസ് തെളിയും. പക്ഷെ ഡോക്ടർ പറഞ്ഞത് പോലെ കുറ്റവാളികൾ അവന്റെ പിന്നിലാണ്. മതിയായ തെളിവുകളില്ലാതെ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ല. പെട്ടന്ന് മാരുതിയെ കസ്റ്റഡിയിലെടുത്താൽ അയാൾ വധിക്കപ്പെടാൻ സാധ്യതയുണ്ട്. അതോടെ കുറ്റവാളികളിലേക്കുള്ള വഴിയടയും. ഇവിടെ അൽപ്പം തന്ത്രപരമായി കാര്യങ്ങൾ നീക്കണം. മാരുതി അറസ്റ്റിലായാൽ യഥാർത്ഥ പ്രതികൾക്ക് രക്ഷപെടാൻ അവസരമാകും.
"ഡോക്ടർ വേറെ എന്തെങ്കിലും വിവരം കൈമാറാനുണ്ടോ?"
"തത്കാലം.. ഇത്രയേയുള്ളൂ.. ബലാത്സംഗം ചെയ്ത് മൃതപ്രായയായ സുരബാലയെ വിഷം കുടിപ്പിച്ചു കൊന്നു. പക്ഷെ എന്തിന് വേണ്ടി? ആർക്കു വേണ്ടി? കുറ്റവാളികളാരൊക്കെ?
ഇതെല്ലാം കണ്ടുപിടിക്കേണ്ടത് എസ് പിയുടെ ചുമതലയാണ്."
"ശരി.. ഡോക്ടർ താങ്ക്യു സൊ മച്ച്.. ഞങ്ങൾ ഇറങ്ങുന്നു. തത്കാലം മാരുതിയെ അറസ്റ്റ് ചെയ്യുന്നില്ല. മാരുതിയുടെ മേൽ സംശയമില്ലന്ന് തോന്നിപ്പിക്കേണ്ടത് ആവശ്യമാണ്. എന്തെങ്കിലും ആവശ്യം വന്നാൽ ഡോക്ടറുടെ മൊഴിയും
വേണ്ടിവരും "
"ശരി. ഞാൻ വേണ്ടത് ചെയ്തോളാം "

എസ് പി യാത്ര പറഞ്ഞിറങ്ങി. ഷോലെ ഇതെല്ലാം കേട്ട് ഞെട്ടിയിരുന്നു. മാരുതിയെക്കുറിച്ച് പല കേസുകളിലും സംശയം തോന്നിയിട്ടുണ്ട്. അയാൾ സാമ്പാദിച്ചിരിക്കുന്ന സ്വത്ത്‌ മുഴുവനും അപ്രകാരം കിട്ടിയ പണമായിരിക്കും.

"ഇനി എങ്ങോട്ടാ സാർ.."

"നമുക്ക് ഫോറെൻസിക് ഡിപ്പാർട്മെന്റിലേക്ക് പോകാം "

വണ്ടി നേരെ മെയിൻ റോഡിലേക്ക് കയറി. അവിടെന്ന് ഒരു കിലോമീറ്റർ അകലമേയുള്ളു ഫോറെൻസിക് ഓഫീസിലേക്ക്.എസ് പി യുടെ മനസ്സിൽ മാരുതിയെ അയാളറിയാതെ എങ്ങനെ തളക്കണമെന്ന് പദ്ധതിയിടുകയായിരുന്നു.
"സാർ.. മാരുതിയുടെ കാര്യമാണോ തലപുകഞ്ഞ് ആലോചിക്കുന്നത്.."
"അതെ.. അത് തന്നെ.. കൊടുംവിഷമാണവൻ. ഇനിയൊരിക്കലും ജോലിയിൽ പ്രവേശിക്കരുത്. അങ്ങനെ പൂട്ടിക്കളയണം ദ്രോഹിയെ "
"അതിനോട് ഞാനും യോജിക്കുന്നു.. സാർ.. അയാൾ ഒരു ദയയും അർഹിക്കുന്നില്ല. കുറ്റം ചെയ്യുന്നതിനേക്കാൾ മാരകമാണല്ലോ അതിന് കൂട്ടുനിൽക്കുന്നത്.ഇയാൾ എല്ലാം ദ്രോഹത്തിനും മുമ്പിലുണ്ട്."
"ഇത് അവന്റ അവസാന കളിയാണ്.. ഈ കേസിൽ അവനെയും പ്രതിചേർക്കും. പിന്നെ ജോലിയിൽ ഉണ്ടാവില്ല "

വണ്ടി ഫോറെൻസിക് ഓഫീസിലെത്തി. ഡയറക്ടർ നിപുൺ ശർമ്മ അക്ഷമനായി കാത്തിരിക്കുന്നുണ്ടായിരുന്നു.
"എന്താ എസ് പി.. ഞാൻ നിങ്ങളെയും കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറെ നേരമായി "
"ക്ഷമിക്കണം.. മിസ്റ്റർ നിപുൺ...അൽപ്പം വൈകി.. പോസ്റ്റുമാർട്ടം ചെയ്ത നമ്മുടെ ഡോക്ടറെ കാണേണ്ടി വന്നു."
"പറയൂ.. എന്തൊക്കെയാണ് അറിയേണ്ടത് "

എസ് പി ഫോറെൻസിക് ഓഫീസറുടെ മുമ്പിലിരുന്നു. മേശപ്പുറത്ത് മൃതദേഹങ്ങളുടെ ഫോട്ടോ നിരത്തി വെച്ചിട്ടുണ്ടായിരുന്നു. തൊട്ടു തലേദിവസം ദാദറിലെ ഫ്ലാറ്റിൽ നടന്ന കൂട്ടക്കൊലയുടേതാണെന്ന് കണ്ടപ്പോൾ മനസ്സിലായി.

"ഇത് ഇന്നലെ നടന്ന കൊലപാതകമല്ലേ ദാദറിൽ "

"ഉം.. അതെ.. ഇതിലും ഒരുപാട് വ്യത്യസ്തതകളുണ്ട്.. ആസൂത്രിതമാണ് "

"ഉം.. സാർ എനിക്ക് അറിയേണ്ടത് നിങ്ങൾ ഫോറെൻസിക് ഡിപ്പാർട്മെന്റ് ഏതൊക്കെ തരത്തിലാണ് പരിശോധനകൾ നടത്തുന്നത്. കാരണം സുരബാലയുടെ കൊലപാതകത്തിൽ ഭൗതികപരമായ തെളിവുകളൊന്നും കിട്ടിയിട്ടില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ സേവനം ആവശ്യമാണ് "

"എസ് പി ഞാൻ വിശദമായി പറയാം. എന്നിട്ട് നിങ്ങൾക്ക് ഏതൊക്കെ സഹായം വേണമെന്ന് തീരുമാനിക്കാം.
ഒന്ന് ഞങ്ങൾ മൃതദേഹങ്ങൾ പരിശോധിക്കാറുണ്ട്. എന്തെങ്കിലും പാടുകൾ വിരലടയാളങ്ങൾ ഇതൊക്കെ ഉണ്ടോയെന്നു നോക്കും. അത് സുരബാലയുടെ കേസിൽ ചെയ്തിട്ടുണ്ട്. പിന്നെ ഡിഎൻഎ ടെസ്റ്റുകൾ, ട്രെയ്സ് ടെസ്റ്റുകൾ, മറ്റ് ലാബ് ടെസ്റ്റുകൾ എന്നിവ നടത്തുന്നു, അത് കുറ്റകൃത്യ സമയത്ത് എന്താണ് സംഭവിച്ചതെന്ന് അറിയാൻ ഏറെ സഹായിക്കുന്നു.അടുത്തത് ഒഡോന്റോളജി പരിശോധനയാണ്.കുറ്റവാളികളെ  അല്ലെങ്കിൽ ഇരകളെ തിരിച്ചറിയാൻ അവരുടെ പല്ലു സംബന്ധിച്ച വിവരങ്ങൾ ഉപയോഗിക്കുന്നു.ഇത്രയുമാണ് പ്രത്യകിച്ച് പറയുവാനുള്ളത്. ബാക്കിയെല്ലാം സാധാരണ രീതിയിലാണ്. സംഭവം നടന്ന സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുന്നു. പക്ഷെ സുരബാലയുടെ കാര്യത്തിൽ പോലീസിന്റെ സഹകരണം വേണ്ടുവോളം ഉണ്ടായില്ല. അതിന്റെ പോരായ്മകൾ റിപ്പോർട്ടിലുണ്ട് "

"ഡോക്ടർ രണ്ടാമത് പറഞ്ഞ കാര്യം നമുക്ക് ഉപകരിക്കും.ഡിഎൻഎ , ട്രെയ്സ് ടെസ്റ്റ് , മറ്റ് ലാബ് ടെസ്റ്റുകൾ. കാരണം കൃത്യം നടന്നതെങ്ങനെയെന്ന് കൃത്യമായ തെളിവുകൾ വേണം. പ്രതികൾ ശക്തരാണ്. അറിയപ്പെടുന്നവരുമാണ്."

"അപ്പോൾ മൃതദേഹം പുനപരിശോധിക്കേണ്ടി വരും.. അതിന് സാധ്യതയുണ്ടോ?"

"തീർച്ചയായും. അതിനുവേണ്ടി വാറണ്ട് വാങ്ങാം.. പക്ഷെ കേരളത്തിലാണ് മൃതദേഹം അടക്കം ചെയ്തിരിക്കുന്നത്.പുനപരിശോധന വേണ്ടി വരുമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടതിനാൽ കുഴിച്ചിടുകയാണ് ചെയ്തത്"

"പക്ഷെ അതിന് പ്രത്യേകം വാറണ്ട് വാങ്ങണം കോടതിയിൽ നിന്ന്. എങ്കിൽ മാത്രമേ ചെയ്യാൻ സാധിക്കൂ,"

"അതെല്ലാം ഞാൻ ഏറ്റു.."

"പിന്നെ ചെയ്യേണ്ട കാര്യങ്ങളും വേണ്ട തയ്യാറെടുപ്പുകളും ഞാൻ വിശദീകരിക്കാം.
കുഴിച്ചെടുക്കാൻ ഉദ്ദേശിക്കുന്ന തീയതിക്കു മൂന്ന് ദിവസം മുമ്പ് ഖനനം ചെയ്യുന്നതിനും തലക്കല്ല് നീക്കം ചെയ്യുന്നതിനും പ്രത്യേക അനുമതികൾ വേണം .   പേര്, പ്രായം, ഭാരം, ഉയരം, , മരണകാരണം എന്നിവയുൾപ്പെടെ, മരിച്ചയാളെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പ്രത്യേകം തയ്യാറാക്കണം.സാധ്യമെങ്കിൽ വിഷ്വൽ ഐഡന്റിഫിക്കേഷൻ ആവശ്യമാണ്.  കുഴിച്ചെടുക്കുന്നതിന് മുമ്പും സമയത്തും ശേഷവും ശവക്കുഴി ഫോട്ടോയെടുക്കണം.  ഖനനത്തിനും ആരോഗ്യവും സുരക്ഷയും കർശനമായി പാലിക്കേണ്ടതുണ്ട്,  സുരക്ഷിതമായ വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്."

"അതിനുള്ള ചിലവുകൾ ഡിപ്പാർട്മെന്റ് വഹിക്കുമല്ലോ "

"തീർച്ചയായും.. ചെയ്യുന്ന കാര്യങ്ങൾ കൂടി പറയാം. അതനുസരിച്ചു നിങ്ങൾക്ക് വേണ്ട തയ്യാറെടുപ്പുകൾ ചെയ്യാൻ സാധിക്കും."

"പറഞ്ഞോളൂ.. ഷോലെ.. ഈ പറയുന്ന കാര്യങ്ങൾ എഴുതിയെടുക്കൂ "

'ശവത്തിന്റെ നിരപ്പിൽ നിന്ന് മുകളിലേക്ക് മണ്ണ് നീക്കം ചെയ്യുന്നു.  അതിനുശേഷം സ്‌ക്രീനിംഗ്,മാധ്യമശ്രദ്ധ ഒഴിവാക്കാനും മരിച്ചയാളോട് അന്തസ്സ് പുലർത്താനും വേണ്ടപ്പെട്ടവർ മാത്രം കാണാൻ പാടുള്ളു. ശവപ്പെട്ടിക്ക് ചുറ്റും കുഴിയെടുക്കുക,എന്നിട്ട് വശത്തേക്ക് മാറ്റുകയാണ് ഏറ്റവും നല്ല രീതി.
 ശരീരം വായുവിലേക്ക് തുറന്നുകാട്ടിയാൽ, വായുവിൽ സമ്പർക്കം പുലർത്തുമ്പോൾ അഴുകൽ പെട്ടന്ന് നടക്കും. അതുകൊണ്ട് വേഗത്തിൽ മോർച്ചറിയിലേക്ക് കൊണ്ടുപോകണം.  പുനഃസംസ്‌കാരം വരെ സംസ്കരിച്ച സ്ഥലത്തിന് പോലീസ് സുരക്ഷയൊരുക്കണം. മുകളിൽ നിന്നും ചുറ്റുമുള്ള മണ്ണ്, വസ്ത്രങ്ങൾ, ദ്രാവകങ്ങൾ, എന്നിവയുടെ സാമ്പിൾ എടുക്കും. ഇത്രയും കാര്യങ്ങൾ അടിസ്ഥാനപരമായി വേണം. "

"ഓഫീസർ അതൊന്നും കുഴപ്പമില്ല.. അതിനു വേണ്ടി പ്രത്യേകം പോലീസ് ഗ്രൂപ്പിനെ കേരളത്തിലേക്ക് മുൻകൂട്ടി അയക്കാം. ലോക്കൽ അതോറിറ്റിയുടെ അനുവാദമുൾപ്പടെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് ഏർപ്പാടാക്കിക്കോളും.ഈ പറഞ്ഞ കാര്യങ്ങൾ അല്ലാതെ എന്തെങ്കിലുമുണ്ടെങ്കിൽ ഇടക്ക് അറിയിച്ചാൽ മതി."

"പോലീസിന്റെ പിന്തുണയുണ്ടെങ്കിലേ നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം ഞങ്ങൾക്ക് തരാൻ കഴിയൂ.. കൊലപാതകം നടന്ന സമയത്ത് നിങ്ങളുടെ ഒരു സബ് ഇൻസ്‌പെക്ടർ ഉണ്ടല്ലോ.. അങ്ങേരുടെ പേര് ഞാൻ മറന്നു.. ഒന്നും കാര്യമായി ചെയ്യാൻ സമ്മതിക്കുന്നുണ്ടായിരുന്നില്ല.എങ്ങനെയെങ്കിലും കാര്യങ്ങൾ അവസാനിപ്പിക്കാനുള്ള തിരക്കിലായിരുന്നു അയാൾ "

എസ് പി എന്തു മറുപടി പറയണമെന്നോർത്ത് ഒരു നിമിഷം ആലോചിച്ചു. മാരുതി കൊടുംവിഷമാണെന്ന് മനസ്സിലായെങ്കിലും ആരോടും വെളിപ്പെടുത്തിയാൽ ശരിയാകില്ല. ഇത് അവനറിഞ്ഞാൽ പല വൃത്തികെട്ട കളികളും കളിക്കും. കേസ് അട്ടിമറിക്കാൻ തന്നെ ശ്രമിച്ചെന്ന് വരാം. അറിഞ്ഞിടത്തോളം വലിയ ശക്തികൾ അവന്റെ പിന്നിലുണ്ട്. അതുകൊണ്ട് വിവരങ്ങൾ ചോർന്നു പോകാതെ സൂക്ഷിക്കുകയും വേണം.

"എസ് പി എന്താണ് ആലോചിക്കുന്നത്.."
"ഒന്നുമില്ല. സാർ.. എന്റെ ഭാഗത്തു നിന്ന് അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല.. അത്രമാത്രം ഉറപ്പ് നൽകുന്നു."

അപ്പോൾ എസ് പിയുടെ ഫോൺ റിംഗ് ചെയ്തു. റെയിൽവേ പൊലീസാണ് വിളിക്കുന്നത് 

(തുടരും )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക