Image

തെക്കേടത്തമ്മ പബ്ലിക്കേഷൻസ് (ദർശന)

Published on 17 March, 2023
തെക്കേടത്തമ്മ പബ്ലിക്കേഷൻസ് (ദർശന)

തെക്കേടത്തമ്മ വല്ലാതെ പരവശയായിരുന്നു. മുക്കോണുമുറിയിലെ അഞ്ചരപ്പറക്കണ്ടത്തിൻ്റെ വടക്കേക്കരയിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കൽത്തറയിൽ നട്ടുച്ചമയക്കത്തിലാണ്ടിരിക്കയായിരുന്നു . ചുറ്റിനും കാടുപിടിച്ചു കിടക്കുന്ന കാവ്. വിണ്ടുകീറിയ കൽത്തളിമം. അന്നേരത്താണ് ഒരു കാക്ക മച്ചിന് മേലെ വന്നിരുന്നത് . ഉറക്കം ഞെട്ടി. കയ്യിലിരുന്ന ശൂലം കൊണ്ട് ഒരു കുത്ത് കൊടുക്കാനാണ് തോന്നിയത്. കാക്കയുടെ വെരുകലിൽ ഒന്നോ രണ്ടോ മേച്ചിലോടുകൾ താഴെ വീണു ചിതറി. ഭാഗ്യത്തിന് കേടൊന്നും പറ്റിയില്ല . ഇനിയിപ്പോ ഇവിടെ ഇരിക്കാൻ വയ്യ. ആൽത്തറയിൽ ചെന്നിരിക്കാം. അവിടെയാവുമ്പോ ഇത്തിരി കാറ്റും കിട്ടും. തെക്കേടത്തമ്മ ശൂലവും കുത്തി പ്രാഞ്ചി പ്രാഞ്ചി നടന്നു. 

അഞ്ഞൂറേക്കറു നിറഞ്ഞുകിടന്ന പാടമാണ്. ഇപ്പൊ ആകെയുള്ളത് അഞ്ചരക്കണ്ടം. അതും തരിശിട്ടത്. കൊയിലാണ്ടിയില് പഠിക്കാൻ പോയേക്കുന്ന ചെക്കന്റെ പേരിലായതുകൊണ്ട് പാടവും കാടുപിടിച്ചു കിടക്കുന്ന കാവും ആരും കയ്യേറിയിട്ടില്ല. ന്നാ ഇല്ല്യാന്ന് പറയാൻ പറ്റോ. വൈകുന്നേരായാൽ പന്ത് കളിക്കാരുടെ ബഹളാ. അടി അത്ര പോരാത്തോണ്ട് വലിയ പരുക്കൊന്നും പറ്റിയിട്ടില്ല. ന്നാ ഇത്തിരി ചെറു പിള്ളേര് ഇറങ്ങിട്ട് ണ്ട്. പ്രായം ഇചിര്യെ ആയുള്ളൂ ന്ന് ച്ച്വാലും നാക്ക് കാരണവന്മാരുടെയാ. ഒരൂട്ടം വടികൊണ്ട് പന്ത് അടിച്ചു വിടുക . കാൽപന്തിൻ്റത്ര വലിപ്പല്യാ.. ന്നാ കൊണ്ടാലോ പ്രാണൻ പോവും . ഈ തലേല് ഒന്ന് കൊണ്ടതാ. അതീപ്പിന്നെ ആകെ ഇളകിയാ ഇരിക്കുന്നത് . അതിനുശേഷം ആകെ ഒരു തിരിച്ചിലാ ചില നേരത്ത്. 

 പാടത്തിന്റെ അങ്ങേക്കരയിലു പാട്ട് കേൾക്കുന്നുണ്ട്. നേരത്തെയാണല്ലോ. വലിയ അലങ്കാരം കാണുന്നുണ്ട്. തേവരുടെ എഴുന്നള്ളിപ്പ് ണ്ടാവും. തേവര് ക്ക് ഇപ്പോൾ എന്താ സുഖം . പ്രവാസിയായിരുന്നു. പണ്ടത്തെ വേരുകളും പറഞ്ഞ് ഇവിടെ കൂടീരിക്ക്യ . ദ്വാപരയുഗത്തില് ഈ പറമ്പീക്കൂടെ കടന്നു പോയിട്ടുണ്ടായിരുന്നൂ ത്രെ. രണ്ടുനേരം ആനപ്പുറത്തിരുന്ന് നാടു നീളെ കാണാം. അതിനും ഒരു ഗമയൊക്കെ ഉണ്ടല്ലോ. രണ്ടു കൊട്ടുകാരു ചെണ്ടയും പിടിച്ച് മുന്നിലും രണ്ട് താളക്കാര് തൊട്ടുപിന്നിലും. കിണികിണിന്ന് ഒരു കൂട്ടം മണിയടി തന്നെ . തേവർക്കു കണ്ണിന് കാഴ്ച കുറവുണ്ടെന്ന് തോന്നണ്. പട്ടാപ്പകൽ എഴുന്നള്ളത്തിന് എന്തിനാ പ്പോ തീവട്ടി . കഴിഞ്ഞ പൂരത്തിന് ഇവിടെയിങ്ങനെ കാറ്റും കൊണ്ട് രാത്രി ഇരിക്ക്യായിരുന്നു. പണ്ടാണെന്ന്വച്ചാല് ഒരെണ്ണം ഈ പരിസരത്തൂടെ പോവില്ല. അത്രയ്ക്ക് പേടിയാ. ന്നാ ഇപ്പഴോ തിരിഞ്ഞുനോക്കേം കൂടില്യാ. . കഴിഞ്ഞമാസം കാട്ടിപ്പറമ്പ് പള്ളിക്കൂടത്തിലെ പിള്ളേര് ഒളിഞ്ഞും മറഞ്ഞും വന്നിട്ട് പൊന്തക്കാടിന്റെ മറേലിരുന്ന് ഒരൂട്ടം പൊകയ്ക്കണുണ്ടായിരുന്നു. 

എന്തുട്ടാ കുട്ടിയോളെ ന്ന് ചോദിച്ചു . ആരുക്ക്ണ്ട് കുലുക്കം . ആകെങ്ങട് പെരുത്ത് കയറി. കരിമൂർഖനെ വിളിച്ചിറക്കി . വിളിച്ചപ്പളെ വന്നൂട്ടോ. സ്നേഹം ഉണ്ട്. എന്നിട്ടും ആവശ്യം കേട്ടപ്പോ അവൻ ഒന്നു മടിച്ചതാ . 
"പണ്ടത്തെ കാലൊന്ന്വല്ല തെക്കേടത്തമ്മേ. ഓരവിടിരുന്ന് പുകച്ചോട്ടെ"  

"അനക്ക് പേടിയുണ്ടെങ്കിൽ ഞാനന്നെ ചോദിക്കാം"
 എന്ന് മുട്ടുവേദന വകവയ്ക്കാണ്ട് എണീക്കാൻ നോക്കിയപ്പോൾ നടുംതല്ലി ഒരു വീഴ്ച . എൻ്റെ സ്ഥിതി കണ്ട അവൻ പിള്ളേരുടെ അടുത്തേക്ക് ചെന്നു. പിള്ളേര് പുകച്ചു പുകച്ച് പൊന്തക്കാടിന് തീ പിടിച്ചാ കിടക്കാൻ ഒരു സ്ഥലം ഇല്ലാണ്ട് ആവും ന്ന് കരുതിയിട്ടാവും. പാമ്പുകൾക്ക് മാളമുണ്ട്. പറവകൾക്ക് ആകാശമുണ്ട്. തെക്കേടത്തമ്മയ്ക്ക് തലചായ്ക്കാൻ ഈ തറ മാത്രമേ ഉള്ളൂ ന്ന് ഉറക്കെ പാടാൻ തോന്നി . തോന്നലു തൊണ്ടയിൽ വന്നു മുട്ടി . കര കരാന്ന് തീർന്നു . കരിമൂർഖൻ ഇഴഞ്ഞു വലിഞ്ഞ് അടുത്ത് ചെന്നപ്പോഴേക്കും ഒരുത്തൻ അതിൻ്റെ പടം പിടിച്ചു . ഇത്തിരി ഉശിരുള്ള വേറൊരുത്തൻ അതിന്റെ വാലുമ്മേ പിടിച്ച് അഞ്ചാറ് കറക്ക് കറക്കി ഒറ്റ അടി നിലത്ത്. മൂന്ന് ദിവസം. കിടന്ന കിടപ്പില് . കണ്ണു തുറക്കണ കൂടി ണ്ടായില്ല. പിന്നെ പരലോകത്തിക്ക് പോയി. പോണ പോക്കിൽ ന്തോ പിറുപിറുത്തു. ഇതുതന്നെയാണ് ങ്ങൾക്കും ഗതി ന്നാവോ. 

എന്നാലും പരമുനായര് പറഞ്ഞപ്പോഴാണ് ശക്തി ക്ഷയിച്ചിട്ടില്ല ന്ന് തോന്നിയത് . അഞ്ചാം ഉത്സവത്തിന്റന്നാ തെച്ചിക്കോട്ടുകാരൻ പണിമുടക്കിയത്. പണ്ടത്തെ കാലമൊന്നുമല്ല പണ്ടാണെങ്കിൽ രണ്ടോലയിട്ട് കൊടുത്താ പ്രശ്നം തീർന്നു . ഇപ്പോ വഴിനീളെ പനിനീര് തെളിക്കണം. ഇളവനും പൊട്ടു വെള്ളരീം തണ്ണിമത്തനും മാറിമാറി കൊടുക്കണം. അത് നേരത്തിന് കിട്ടിയില്ല ന്ന്വാച്ചാ ഏത് ആന്യായാലും പണിമുടക്കും . പിന്നെയാ തെച്ചിക്കോട്ടുകാരൻ. 

ബാലേയ്ക്ക് വന്നവരും അമ്പലപ്പറമ്പില് ഇരുന്നോരും ഓടിയ ഓട്ടം. ഈ ആൽത്തറേല് ഇരുന്ന് രസിച്ചു കണ്ടു. കുന്നുംപറമ്പിലെ സരസ്വതി സ്റ്റേജിലേക്കാ ഓടിക്കയറീത്. ഇനിയിപ്പോ അവളുടെ സരസ്വതി നടനം ഉണ്ടാവോ ഇത് കഴീമ്പോ ന്ന് ആലോചിച്ചിരിക്കുമ്പോഴാണ് തെച്ചിക്കോട്ടുകാരൻ നേരെ ഈ കാവിനുള്ളില്ക്ക് ഓടി വന്നത് . വേഗം കൽത്തറയില് ചെന്നിരുന്നു . ഒരു കുത്തു കിട്ടിയാൽ തീർന്നു. അങ്ങനെ നിരീച്ച് ഇരിക്കുമ്പോ ആന നേരെ കൽത്തറേടെ മുന്നില് വന്നു മുട്ടുകുത്തി. കണ്ടോരു കണ്ടോര് അന്തിച്ചു പോയി. എന്താ ഭഗോതീടെ ഒരു ശക്തി. ഇക്കണ്ട കാലായിട്ടും ഇങ്ങനെ ഒരു കാഴ്ച കാണാൻ പറ്റിയിട്ടില്ല. എന്നൊക്കെ ആളുകള് വിളിച്ചു പറയുന്നത് കേട്ടപ്പോൾ കാണാൻ പാകത്തിൽ ഇത്തിരി ഗൗരവൊക്കെ മുഖത്ത് വരുത്തി അങ്ങനെ ഇരുന്നു. പാവം തെച്ചിക്കോട്ട്കാരൻ കണ്ണ് കാണാണ്ട് കല്പടീമ്മെ തട്ടി വീണതാണ് ന്ന് മ്മക്ക് മാത്രല്ലേ അറിയൂ . തല കൊണ്ടന്ന് കല്ലുമ്മ കുത്തി അതിന് ആകെ മരവിപ്പായി . അതുതന്നെ തരം ന്ന് വെച്ച് പാപ്പന്മാരു വന്ന് ആലുമ്മെ തളച്ചു. നേരം വെളുത്തപ്പോൾ ലോറിയിലു കൊണ്ടുപോകാൻ നേരത്ത് അത് ന്നെ നോക്ക്യ നോട്ടം . കിടുങ്ങിപ്പോയി . നിനക്ക് വെച്ചിട്ടുണ്ട് ട്ടാ ന്നല്ലെ അതിൻ്റെ ഒരിത്. എന്തേലും ആട്ടെ. അത് കഴിഞ്ഞിട്ട് പ്പ എത്ര നാളായി. 

വെയിലാറീപ്പഴാണ് പാറുമ്മേടെ വരവ്. ഒരു ചൂലും കത്തിയും ഒക്കെ കയ്യിലുണ്ട് . പെണ്ണുമ്പിള്ള എന്തിനുള്ള പുറപ്പാടാന്ന് നോക്കി . കൽത്തറയുടെ ചുറ്റും അങ്ങട് വെട്ടി വെടിപ്പാക്കി. ചുരുട്ടി വച്ചിരുന്ന സഞ്ചീന്ന് ഒരു ചെരാതെടുത്ത് ഇത്തിരി എണ്ണയൊഴിച്ച് അവിടെ കത്തിച്ചു വച്ചു . പിന്നെ ഇത്തിരി പൂവും അവലും മലരും രണ്ടച്ച് ശർക്കരേം ഒരെലേലു വച്ചു. ന്നെ ക്കൊണ്ട് ത്രോക്ക്യെ പറ്റൂന്ന് പിറുപിറുത്തേരുന്നു. വിശന്ന് പൊരിഞ്ഞ് ഇരിക്ക്യായിരുന്നു . ഒന്നും നോക്കിയില്ല . പാറുവമ്മ നീട്ടിപ്പിടിച്ച് തൊഴണ നേരത്ത് അതങ്ങട് വാരിത്തിന്നു. ഒരു വായ്ക്ക് ണ്ടായിരുന്നില്ല . നാളെ ഇത്തിരി കൂടുതലു കൊണ്ടുവന്നോളൂ ട്ടോ. ഇത്തിരി കള്ള് കിട്ടിയാൽ നന്നായി. ന്ന് അടക്കം പറഞ്ഞു. 

പാറുവമ്മ പ്രാർത്ഥനയ്ക്കിടയിൽ ഞെട്ടി. തെക്കേടത്തമ്മയെ തുറിച്ചു നോക്കി. 

"കള്ളോ!?"

"എന്താ ഇയ്ക്ക് കള്ളുകുടിച്ചാ. പാറുവമ്മ ഏതു ലോകത്തിലാ ജീവിക്കണെ. ഇതാ പ്പോ ഫാഷൻ. കള്ളില്ലേ ലും ഷാപ്പിലെ കറി ആയാലും മതി . പൊഴമീൻ വറ്റിച്ചതാച്ചാൽ 
അസ്സലാ.."

പാറുവമ്മയ്ക്ക് തലകറങ്ങി . സഞ്ചിയെടുത്ത് തിടുക്കത്തില് വഴിയിലേക്ക് ഇറങ്ങി. "എന്താ ഇവിടെ പാറുവമ്മെ, ചെക്കൻ വരാറായോ ?"

"ഭഗോതിയേ കാക്കണേ."
 അയാൾ തെക്കേടത്തമ്മയ്ക്ക് നേരെ നിന്ന് നീട്ടിത്തൊഴുതു. "കാർന്നോമ്മാരായിട്ട് ണ്ടായിരുന്നത് നശിപ്പിക്കുമ്പോ ഓർക്കണം. പൂജേം ഒന്നുല്ലാണ്ടായിട്ട് എത്ര കൊല്ലായി. എന്നാലും പാറുവമ്മ ചെയ്തതു നന്നായി . ഇടഞ്ഞ കൊമ്പനെ പിടിച്ചുനിർത്തിയ ദേവ്യാ. നിശ്ചയാ. കാക്കും. പ്രാർത്ഥിച്ചോളാ. "

" ഭഗോതിക്ക് കള്ള് വെയ്ക്കോ രാമന്നായരെ?
തൊഴണതിൻ്റെ എടേല് കള്ള് ന്ന് കേട്ട പോലെ"
 പാറുവമ്മ അടക്കം പറഞ്ഞു. 

"മുത്തപ്പന്റെ കൂടെ ഇരുന്നോളല്ലേ. കള്ളും കുടിക്കും . ചിലപ്പോ ഇനി കഞ്ചാവും ചോദിക്കും. എന്നാലും ൻ്റെ ഭഗോത്യെ നീയേ തുണ."

കൊശവൻ. നീട്ടി തൊഴുത് പോണകണ്ടില്ലേ. 

പാറുമ്മേനെ പറ്റി പറഞ്ഞില്ല ല്ലേ. കൊയിലാണ്ടിയില് പഠിക്കാൻ പോയ ചെക്കൻ ല്ലേ . പ്രസാദൻ. ഓൻ്റമ്മ്യാ. മലയാള പഠനഗവേഷണ കേന്ദ്രത്തിലാ പഠിത്തം. ഗവേഷണം ന്ന് കേൾക്കുമ്പോ ചിരിയാ
ഇപ്പൊ.

കുറച്ചീസം മുന്ന് കാവിന്റെ മൂലയിലെ പടരു വാഴയുടെ കൊല വെട്ടാൻ വന്ന ഈനാശു മാപ്പിള ഉണ്ണിനായരോട് ചോദിക്കണ്ടാർന്നു. ഇതിപ്പോ ചങ്ങമ്പുഴേടെ കൊലയാണോ. വൈലോപ്പിള്ളിടെ കൊലയാണോ ന്ന്. ആരുടെ കൊലയായാലും വേണ്ടില്ല പറഞ്ഞ കാശ് കിട്ടണം ന്ന് ഉണ്ണി നായര്. 

പഹയന്ണ്ടോ വല്ല ബോധോം. 

ഇതിപ്പോ ഞാനെങ്ങനെ അറിഞ്ഞുന്നാവും. പത്രക്കാര് വെണ്ടയ്ക്ക അക്ഷരത്തില് അച്ച് നെരത്തിയിട്ടുണ്ടായിരുന്നു ലോ. ഒന്നും രണ്ടുമല്ല അഞ്ചാറ് പത്രങ്ങളാ മ്മടെ കാട്ടിപ്പറമ്പന്റെ പള്ളിക്കൂടത്തിലെ മലയാളം ടീച്ചറ് രാധാമണി പിറുപിറുത്തോണ്ട് ഇങ്ങട് ചുരുട്ടി കൂട്ടി എറിഞ്ഞത്. നേരം പോണം ല്ലോ ന്ന് വെച്ചിട്ട് നോക്കിയപ്പോഴല്ലേ സംഗതി പിടികിട്ടിയത്. 

എന്തായാലും പാറു അമ്മ ഇടയ്ക്ക് വരും. അവിലും മലരും പൂവും വെച്ച് ഒരു തിരി കത്തിക്കും. ചെക്കന് നല്ല ബുദ്ധി തൊന്നണേ ന്ന് നെഞ്ചുരുക്കും .

" എന്തോരം പഠിപ്പുള്ള ചെക്കനാ. ഗവേഷണം ന്ന് പറഞ്ഞിട്ട് ആറേഴു കൊല്ലായി. ഓരോരുത്തരും രണ്ടുകൊല്ലം മൂന്നു കൊല്ലം കൂടുമ്പോൾ ഡോക്ടറാവണ്. ഇവനുമാത്രം എന്താണാവോ ഇത്ര പഠിക്കാൻ . വീട്ടില് വന്നാ പുസ്തകത്തിന്ന് തലപൊക്കില്ല. ഈ ഗവേഷ്ണം ഒന്ന് നിർത്തി തരണേ ൻ്റെ ഭഗോത്യെ."

"പാറുവമ്മ പൊക്കോ. ഞാൻ നോക്കിക്കോളാം. "
 അവിലു വാരി വായിലിട്ടു കൊണ്ട് തെക്കേടത്തമ്മ പറഞ്ഞു. 

 "ഇയില് ശർക്കരില്ല്യല്ലോ, പാറുവമ്മേ . രണ്ടച്ച് ശർക്കര ണ്ട് ച്ചാ ഒരു രസംണ്ടാർന്നൂ."

"കണ്ട വീട്ടില് പണിക്ക് പോണ എനിയ്ക്ക് എവിടുന്ന് കിട്ടാനാ ഇപ്പൊ ശർക്കര. മാളുവമ്മ പോയേപ്പിന്നെ ശർക്കര്യൊന്നും അവിടെ വാങ്ങണില്യ. ചക്കരകാപ്പി ആർക്കും ഇഷ്ടല്യ. ശർക്കരയ്ക്കൊക്കെ ന്താ വില . ഈനാശു മാപ്ലിയാണെങ്കി വല്യ എടങ്ങേറിലാ. "

പരാതിക്കെട്ട് മുറുക്കി പാറുവമ്മ പോയതിൻ്റെ രണ്ടാം ദിവസം വൈകുന്നേരം തെക്കേടത്തമ്മ അരയാൽ തറയിൽ ഇരിക്കുകയായിരുന്നു. പ്രസാദൻ വരുന്നത് ദൂരെന്നെ കണ്ടു. വന്ന പാടെ അവൻ തെക്കേടത്തമ്മയുടെ മടിയിൽ തല വച്ച് കിടന്നു. 

"നെന്നെ കണ്ടിട്ട് എത്ര നാളായി. താടിയും മുടിയും വളർന്ന് കോലം കെട്ടു. "

തെക്കേടത്തമ്മ പ്രസാദൻ്റെ മുടിയിഴകളിൽ പതുക്കെ തലോടി. പ്രസാദൻ കണ്ണുകളടച്ചു. 

"നെൻ്റെ ഗവേഷണം എന്തായി ?"

"എന്ത് ണ്ടാവാൻ? പ്രബന്ധം ണ്ടാക്കി. ഇനി അത് പ്രസിദ്ധീകരിക്കണ്ടെ. "

 മയക്കത്തില് പ്രസാദൻ പറഞ്ഞു. 

"അതെന്തിനാ. അഞ്ചോ പത്തോ കൊടുത്താ പ്രോജക്ട് ഉണ്ടാക്കി കിട്ടില്ലേ. " പ്രസാദൻ മയക്കത്തിൽ കണ്ണുചുളിച്ചു. താടി വിറപ്പിച്ചു . 

"ഇങ്ങളേത് ലോകത്താ, അമ്പതിനായിരം കൊടുക്കണം പ്പോ പ്രോജക്ടിന് .എൻ്റെ ഗവേഷണോം കഴിഞ്ഞു. ഒക്കേം കഴിഞ്ഞു. ഇനീപ്പോ ഒരു ജോല്യ വേണ്ടെ."

"ഡോക്ടർമാർക്കാ ജോലിക്ക് പഞ്ഞം."

"ഇത് അപോത്തിക്കിര്യല്ല ൻ്റെ തെക്കേടത്തമ്മെ. "

 "ഇയ്ക്ക് ഈ പ്രബന്ധം ഒന്ന് പ്രസിദ്ധീകരിച്ചാലോ ന്ന് ഒരു പൂതീണ്ട്. " 

"അല്ല നിനക്കന്നെ ചെയ്തൂടെ"

"എന്തൂട്ട്?"

ചെക്കൻ കൊയിലാണ്ടി പോയിട്ട് മ്മടെ ഭാഷ മറന്നിട്ടില്ല . തെക്കേടത്തമ്മ ആശ്വസിച്ചു. 

"നെനക്കന്നെ അത് ചെയ്തൂടെ ന്ന് . പ്രസാദകന്മാരിപ്പോ ന്തോരം കാശാ വാങ്ങണ്. വേറേം ആളോൾടെ വാങ്ങി ചെയ്യാലോ. ലാഭോളള കച്ചോടാ വിറ്റാലും വിറ്റില്ലേലും മേത്ത് തട്ടില്ല. പേര് വേണം ന്ന്വാച്ചാ ന്റെ പേരിട്ടോ. തെക്കേടത്തമ്മ പബ്ലിക്കേഷൻസ്. "

തെക്കേടത്തമ്മ പ്രതീക്ഷയോടെ പ്രസാദനെ നോക്കി. 

"ഇനിയിപ്പോ ആപ്പീസ് വേണച്ചാല് ഇവിടെത്തന്നെ ഒന്ന് കെട്ടിക്കോ. ഞാൻ ആ മൂലയ്ക്ക് മാറി ഇരുന്നോളാം. "

പ്രസാദൻ ചാടിപ്പിടഞ്ഞ് എഴുന്നേറ്റു . ചിതറിയ മുടിയഴകളെ മേലോട്ട് ഒതുക്കി . മുഖം തുടച്ചു. ഇങ്ങനെ ഒരു ചിന്ത എന്തേ തോന്നാഞ്ഞത് എന്ന് ആലോചിച്ചു . ഇരുട്ടു കേറിയ ഇടവഴിക്കൂടെ വീട്ടിലേക്ക് നടന്നു. അമ്മേടെ കയ്യില് വല്ല പൊട്ടും പൊടിയും കാണാണ്ടിരിക്കില്യാ. 

തെക്കേടത്തമ്മയന്നേരം കാവിന്റെ മൂലയിൽ ആപ്പീസിന് സ്ഥലം നോക്കി. പബ്ലിക്കേഷൻസിന്റെ ബോർഡും സ്വപ്നം കണ്ട് അരയാൽ തറയിലിരുന്നു . തേവരുടെ അമ്പലത്തിലെ വിളക്കുകളെല്ലാം കെട്ടിട്ടും കൽത്തറയിലെ ചെരാത് മുനിഞ്ഞു കത്തുന്നുണ്ടായിരുന്നു.

 

Join WhatsApp News
ഷാഫി മുഹമ്മദ് റാവുത്തർ 2023-03-18 03:09:04
അതിമനോഹരം രസകരം അഭിവാദനങ്ങൾ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക