Image

നഷ്ട പ്രമാണം (സുന്ദർ ചിറക്കൽ)

Published on 17 March, 2023
നഷ്ട പ്രമാണം (സുന്ദർ ചിറക്കൽ)

വല്ലാത്തൊരു പ്രതിസന്ധിയിലൂടെയാണ് കുഞ്ഞനന്തൻ മാഷുടെ ദിവസങ്ങൾ കടന്നുപോകുന്നത്. വാർദ്ധക്യസഹജമായ എല്ലാവിധ തളർച്ചയും ബാധിച്ച് നേരാംവണ്ണം നടക്കാൻ പോലും പാങ്ങില്ലാത്ത ഈ പ്രായത്തിൽ ഇങ്ങനെ ഒരു പ്രശ്നം അഭിമുഖീകരിക്കേണ്ടിവരുമെന്ന് മാഷ് സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. തന്റെ ഭാഗത്ത് നിന്നു പറ്റിയ ഗുരുതരമായ തെറ്റിന്റെ പ്രശ്നസങ്കീർണതകളിൽപ്പെട്ട് മാസങ്ങളോളം നന്നായൊന്നു ഉറങ്ങാൻ പോലും കഴിയാതെ, കുറ്റിയിൽ കെട്ടിയ കന്നിനെപ്പോലെ നടന്നും ഇരുന്നും കിടന്നും സമയം തള്ളിനീക്കി.

ചില ദിവസങ്ങളിൽ ഉറക്കത്തിനായി പ്രാർത്ഥിച്ചു കിടന്നു. ഉറക്കത്തിന്റെ ഇരുണ്ട ലഹരി കണ്ണിൽ ആവാഹിക്കവെ, തന്നിൽ നിന്നു ഉറക്കം വെളിയിലേക്ക് ഇറങ്ങിനിന്നു. വക്രിച്ച മുഖഭാവത്തോടെ കുഞ്ഞനന്തൻ മാഷ്ക്ക് നേരെ കുറ്റവിചാരത്തിന്റെ നീണ്ട പട്ടിക വായിച്ചു തുടങ്ങി.

ഉറക്കത്തിന്റെയും സ്വപ്നത്തിന്റെയും കെട്ടുപിണഞ്ഞുനിൽക്കുന്ന ഇരുണ്ട ഇടനാഴിയിൽ നിന്നു ആരോ തനിക്ക് നേരെ കുറ്റവിചാരണ നടത്തുകയും വിധി പ്രസ്താവിക്കുകയും ചെയ്യുന്നത് കാതിലൊരു പിറുപിറുപ്പായ് ഉയരവെ മാഷ് ചാടി എഴുന്നേറ്റ് മിനിറ്റുകളോളം ഷോക്കേറ്റവനെപ്പോലെ കട്ടിലിലിരുന്നു പിടഞ്ഞു.

മാസങ്ങളായി ഉറക്കം കൃത്യമാവാത്തതു കൊണ്ടുതന്നെ കുഞ്ഞനന്തൻ മാഷ്ക്ക് മേലാസകലം ചുട്ടുപൊള്ളുന്നതുപോലെ തോന്നി. സ്വന്തം ശരീരത്തിൽ നിന്നു ഉയരുന്ന വിയർപ്പിന്റെ വേവുമണം അസഹനീയമായപ്പോൾ ഒന്ന് ഓക്കാനിച്ചു കൊണ്ട് മെല്ലെ എഴുന്നേറ്റു ഫാനിന്റെ വേഗത കൂട്ടി. സീറോ ബൾബിന്റെ നീല വെളിച്ചത്തിൽ ഭാര്യ ഭവാനിയെ ഒന്നു നോക്കി. പാവം രാപകൽ പണിയെടുത്തു തളർന്ന് ഉറങ്ങുന്നു.

മേശപ്പുറത്തെ ജഗ്ഗിൽ നിന്നു വെള്ളമെടുത്ത് കുടിച്ചു നെടുതായ് ഒന്നു നിശ്വസിച്ചുകൊണ്ട് ജനാല തുറന്നു പുറത്തേക്ക് നോക്കി. മേടച്ചൂടിന് ശക്തി കൂടിയിരുന്നെങ്കിലും പുറത്ത് നല്ല നിലാവ് ഉണ്ടായിരുന്നു. നിലാവെളിച്ചം കണ്ട് കാക്കകളും ചെറുകിളികളും ഇടയ്ക്കിടെ ശബ്ദിച്ചു കൊണ്ടിരുന്നു.

കുഞ്ഞനന്തൻ മാഷ് ഉറുമാലെടുത്ത് കഴുത്തും ശരീരവും തുടച്ചു. ശബ്ദമില്ലാതെ ജനാല അടച്ചു . മേശവലിപ്പും അലമാരയും ശ്രദ്ധയോടെ പരതി. ഏറെ നേരത്തെ തിരച്ചിലിനുശേഷം 'ഛെ' എന്ന ശബ്ദമുണ്ടാക്കി 'ഞാനത് എവിടെ കൊണ്ടു വെച്ചു.' എന്നു പിറുപിറുത്ത് നിരാശയോടെ കട്ടിലിൽ വീണ്ടുമിരുന്നു ,

ഓർമക്കുറവിന്റെ ഇരുളു നിറഞ്ഞ കയത്തിൽ നിന്നു ഒന്നും ഓർത്തെടുക്കാനാവാതെ മാഷ് ഉറങ്ങിക്കിടക്കുന്ന ഭാര്യയുടെ നരച്ചു ചെമ്പിച്ച മുടിയിഴയിലൂടെ വിരലോടിച്ചു. തന്റെ പതിനേഴാം വയസ്സിൽ പ്രിയപത്നിയായി കൈപിടിച്ചു ജീവിതത്തിലേക്ക് കടന്നുവന്ന ഭവാനിക്ക് ഒരു കുഞ്ഞിനെപ്പോലും നൽകാൻ തനിക്ക് കഴിഞ്ഞില്ലല്ലോ എന്ന ദുഃഖത്തോടെ കുഞ്ഞനന്തൻ മാഷ് ഭാര്യയോട് ചേർന്ന്കിടന്ന് തലയിണയിൽ മുഖം പൂഴ്ത്തി.

ചെറിയൊരു വേനൽമഴയുടെ അലങ്കോലത്തോടെയാണ് നേരം പുലർന്നത്. ആകാശച്ചെരുവിൽ മഴക്കോളുകൾ കനത്തുനിന്നു . പുലരിയുടെ പ്രകാശം തീർത്തും പുറത്തുവരാതെ സൂര്യൻ മേഘങ്ങൾക്കുള്ളിൽ മറഞ്ഞുനിന്നു. രാത്രി ഒരോന്നും ആലോചിച്ചു വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി. പുലരാറായപ്പോഴാണ് കുഞ്ഞനന്തൻ മാഷ് ഒന്ന് കിടന്നത്. അതുകൊണ്ടുതന്നെ ഉറക്കത്തിന്റെ ആലസ്യം പൂർണ്ണമായും വിട്ടുമാറിയിയിട്ടില്ലായിരുന്നു. വീർത്ത കണ്ണും മുഖവുമായി മാഷ് ഉമ്മറത്തേക്ക് ഇറങ്ങി. ഭാര്യ മുറ്റമടിച്ചുവാരുന്നു. ' ഇന്നും ചൂലു തന്നെ കണി' എന്നു വിചാരിച്ചുകൊണ്ട് ഉമ്മറത്തിണ്ണയിലിരുന്നു പുറത്തേക്ക് നോക്കി. നിരത്തിൽകൂടി ഒറ്റൊറ്റയായി വാഹനങ്ങൾ ഓടിത്തുടങ്ങി. നേരം ഇത്രയായിട്ടും ഇനിയും പത്രം എത്തിയില്ലല്ലോ എന്നു വിചാരിച്ച് അക്ഷമയോടെ പത്രത്തിനായി കാത്തിരുന്നു.

താമസിച്ചു പത്രം കൊണ്ടുവന്ന പയ്യനെ രൂക്ഷമായൊന്നു നോക്കുകയല്ലാതെ ഒന്നും പറഞ്ഞില്ല. പകരം തന്റെ കണ്ണടയൂരി മുണ്ടിന്റെ കോന്തല കൊണ്ട് കണ്ണട തുടച്ചു വെച്ചു പത്രം നിവർത്തി കണ്ണോടടുപ്പിച്ചു. പ്രതീക്ഷിച്ച ഏതോ വാർത്തയ്ക്ക് വേണ്ടി പേജുകൾ മറിച്ചു കൊണ്ടിരുന്നു. അനന്തരം പത്രം മടക്കി മേശപ്പുറത്തുവെച്ചു , അസ്വസ്ഥതയോടെ മാഷ് കോലായിലിട്ട ചാരുകസേരയിലിരുന്ന് പുറത്തേക്ക് നോക്കി. റോഡ് പതുക്കെ സജീവമായിത്തുടങ്ങി.

കാലത്ത് ഒരു കട്ടൻചായ പ്രഭാതകർമ്മങ്ങൾക്ക് വേഗതകൂട്ടും എന്നു പറയാറുള്ള മാഷുടെ അരികിലേക്ക് പതിവുപോലെ ഭാര്യ ഭവാനി ചൂടുകട്ടൻചായയുമായെത്തി. ഭവാനിയമ്മ ചോദിച്ചു.
 "ന്താ ... മാഷേ, ഒരു വല്ലായ്മാ " 
 ചൂടുചായ ചെറുതായ് നുണഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ തലയുയർത്താതെ മറുപടി പറഞ്ഞു "ഒന്നൂല്ല..."
" ഒന്നും ഇല്ലെന്ന് പറഞ്ഞാൽ എങ്ങനെയാ മാഷേ. കുറേ കാലായില്ലേ ഞാൻ കൂടെ ജീവിക്കാൻ തുടങ്ങീട്ട് . കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു. ആകപ്പാടെ മാഷ്ക്ക് ഒരു ഇരിക്കപ്പെറുതിയില്ലായ്മ."

പിടിക്കപ്പെട്ട കുറ്റവാളിയെപ്പോലെ ഭാര്യയ്ക്ക് മുമ്പിൽ തലതാഴ്ത്തിനിന്നു. കുറേ ദിവസമായി തന്റെ മനസിനെ മഥിച്ചുകൊണ്ടിരിക്കുന്ന പ്രശ്നം ഭാര്യയോട് പങ്കുവയ്ക്കണമെന്ന് കുഞ്ഞനന്തൻ മാഷ് ആഗ്രഹിച്ചു. തുറന്നുപറഞ്ഞാൽ ഉണ്ടാകുന്ന പുകില് എന്തായിരിക്കും എന്നൊരു എത്തുംപിടിയും കിട്ടാതെ കുറേനേരം നിശബ്ദനായിരുന്നു. പിന്നെ, ഒരു പൊട്ടിക്കരച്ചിൽ ഒതുക്കിപ്പിടിച്ച് തൊണ്ടയിടറിക്കൊണ്ട് ഭാര്യയോട് പറഞ്ഞു.  
" പോയ് ഭവാനീ ... എല്ലാം പോയ്. ആറാട്ടുകരയിലെ പാവങ്ങൾ എന്നെ വിശ്വസിച്ചു ഏൽപ്പിച്ച അവരുടെ വീടിന്റെയും കൃഷിസ്ഥലത്തിന്റെയും പ്രമാണം ഞാൻ വക്കീലാപ്പീസിൽ പോയ് വരുംവഴി എവിടെയോ വെച്ചു മറന്നു ."

മാസങ്ങൾ കുറേയായി പത്രമാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും ആറാട്ടുകര പ്രധാന വാർത്തയായി നിറഞ്ഞുനിൽക്കാൻ തുടങ്ങിയിട്ട്. ഏത് നിമിഷവും വീടും കൃഷിസ്ഥലവും നഷ്ടപ്പെടുമെന്ന വാർത്തയറിഞ്ഞു എന്തു ചെയ്യണമെന്നറിയാതെ നാട്ടുകാരും കൃഷിക്കാരും കുഞ്ഞനന്തൻ മാഷുടെ സ്നേഹവീട്ടിൽ ഒത്തുകൂടി.

പ്രഭാതകൃത്യങ്ങൾ അതിവേഗം നിർവ്വഹിച്ചു. പ്രാതൽ കഴിച്ചു എന്നുവരുത്തി. മുണ്ടും ജുബ്ബയും എടുത്തുടുത്ത് മാഷ് കോലായിലേക്ക് ഇറങ്ങി. ഭാര്യയോട് ഒരക്ഷരം മിണ്ടാതെ തന്നെ കാത്തിരിക്കുന്ന കരക്കാരുമൊത്ത് മുറ്റത്തിറങ്ങി രണ്ടടി നടന്നു. എന്തോ ഓർത്തിട്ടെന്നപോലെ തിരിഞ്ഞുനിന്നു. ക്ഷീണിച്ച സ്വരത്തിൽ ഭാര്യയോട് പറഞ്ഞു.

" വരാം ... തോണിപ്പുരയിൽ മാധവനെ ഒന്നു കാണണം അവനാണ് പുതുതായി വന്ന നമ്മുടെ വില്ലേജ് ആപ്പീസർ " പ്രതീക്ഷയോടെ മാഷും കൂട്ടരും മാധവന്റെ വീട്ടിലേക്ക് നടന്നു.

നടത്തത്തിനിടയിൽ കുഞ്ഞനന്തൻ മാഷ് ഓർത്തു. പഠിക്കാൻ മിടുക്കനായിരുന്നു മാധവൻ. പക്ഷേ, ഒരിക്കൽപോലും കൃത്യമായി സ്കൂളിലെത്താൻ അവനു കഴിഞ്ഞില്ല. പുസ്തകങ്ങളുടെ ഭാരിച്ച വിലയും മറ്റു വിദ്യാഭ്യാസ ചിലവും ദാരിദ്യത്തിൽ കഴിയുന്ന മാധവന്റെ അച്ഛനു താങ്ങാത്തതായിരുന്നു. ഒടുക്കം പഠിത്തം നിർത്തി മാധവൻ ബീഡികമ്പനിയിൽ ചേർന്നു. സഹപാഠികളിൽ നിന്നു മാധവന്റെ അവസ്ഥ കേട്ടറിഞ്ഞ താൻ മാധവന്റെ വീട്ടിൽ ചെന്ന് അവന്റെ അച്ഛനോട് വിശദമായി സംസാരിച്ചു. പുസ്തകവും മറ്റു വിദ്യാഭ്യാസചെലവും വഹിക്കാമെന്ന് മാധവന്റെ അച്ഛന് വാക്ക് കൊടുത്തു.

കോലായിരുന്നു ചായകുടിച്ചുകൊണ്ട് പത്രം വായിക്കുകയായിരുന്നു വില്ലേജ് ആപ്പീസർ മാധവൻ. ഗേറ്റ് തുറക്കുന്ന കരകരശബ്ദം കേട്ട് മാധവൻ തലയുയർത്തി നോക്കി. കുഞ്ഞനന്തൻ മാഷും നാട്ടുകാരും തന്റെ വീട്ടിലേക്ക് വരുന്നതു കണ്ട് മുറ്റത്തേക്ക് ഇറങ്ങിച്ചെന്ന് മാഷുടെ കൈപിടിച്ചുകൊണ്ട് ചോദിച്ചു.
"ന്താ മാഷേ, ഇത്ര രാവിലെ തന്നെ. ആരെയെങ്കിലും പറഞ്ഞു വിട്ടാൽ ഞാൻ അങ്ങോട്ട് വരുമായിരുന്നല്ലോ!"

വത്സലശിഷ്യന്റെ സ്നേഹപ്രകടനത്തിൽ സന്തുഷ്ടനായ കുഞ്ഞനന്തൻ മാഷ് അഭിമാനത്തോടെ കൂടെ വന്നവർക്ക് നേരെ കണ്ണെറിഞ്ഞുകൊണ്ട് മാധവൻ കോലായിലിട്ട കസേരയിലിരുന്നു. രണ്ടാം മുണ്ടു കൊണ്ട് വിയർപ്പു തുടച്ചു. പരവശത മറച്ചു പിടിച്ചു നേരിയ കിതപ്പോടെ പറഞ്ഞു.
"മാധവാ... ആറാട്ടുകര എയർപോർട്ടിനു ഭൂമി അക്വയർ ചെയ്ത കാര്യം അറിഞ്ഞിരിക്കുമല്ലോ? നമ്മുടെ വീടും കൃഷിസ്ഥലവും അവരുടെ സർവെയിൽപ്പെട്ടിരിക്കുന്നു"
വില്ലേജ് ആപ്പീസർ മാധവൻ ചെറുചിരിയിൽ ഉത്തരം ഒളിപ്പിച്ചു. നിമിഷങ്ങൾ മൗനത്തിലൂടെ കടന്നുപോയി. നെടുവീർപ്പോടെ കുഞ്ഞനന്തൻ മാഷ് വീണ്ടും തുടർന്നു. 'പൊന്ന് വിളയുന്ന ഈ കൃഷിഭൂമി വിട്ട് നമ്മളെല്ലാം എങ്ങോട്ടു പോകും. പോയാൽ തന്നെ മറ്റൊരു സ്ഥലം ഇതുപോലെ കൃഷിഭൂമിയാക്കി മാറ്റാൻ ആരോഗ്യത്തിനു ആവതുണ്ടോ ? ഉള്ളതെല്ലാം വിട്ടെറിഞ്ഞു ഈ പാവങ്ങളായ ഞങ്ങൾ എങ്ങോട്ടു പോകും."
കുഞ്ഞനന്തൻ മാഷിന്റെ സങ്കടം കണ്ട് വില്ലേജ് ആപ്പീസർ മാധവൻ വിഷമത്തോടെ പറഞ്ഞു.
"മാഷേ , ഓരോ വ്യക്തിക്കും നഷ്ടപ്പെടുന്ന ഭൂമിയുടെ വില നിശ്ചയിച്ചു നൽകുന്നുണ്ട്. വീടും സ്ഥലവും നഷ്ടപ്പെടുന്നവരുടെ കുടുംബത്തിലെ ഒരംഗത്തിന് ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. എത്രകാലമായി സമരം ചെയ്തും നിരാഹാരം കിടന്നും നമ്മളിങ്ങനെ... ഗവൺമെന്റ് എല്ലാത്തിനും ഒരു പരിഹാരം കാണും "

മാധവന്റെ മറുപടി ഇഷ്ടപ്പെടാതെ നെറ്റി ചുളിച്ചുകൊണ്ട് മാഷ് പറഞ്ഞു. 
"എന്ത് ഗവൺമെന്റ് ... എവിടുത്തെ ഗവൺമെന്റ് ഏഴിമലനേവൽ അക്കാദമിക്ക് വീടും സ്ഥലവും ഒഴിഞ്ഞുകൊടുത്ത പാവങ്ങളോട് ഗവൺമെന്റ് വാക്ക്പാലിച്ചോ? ഇരുപത്തിയഞ്ച് കൊല്ലമായില്ലേ മാധവാ അവിടത്തുകാരുടെ കിടപ്പാടം നഷ്ടപ്പെട്ടിട്ട്. ഓരോ ഉദ്യോഗസ്ഥനെ ചെന്നു കാണുമ്പോഴും അവർ ഫണ്ടില്ലെന്ന് പറഞ്ഞു കൈമലർത്തും. ഓഫീസുകളായ ഓഫീസുകൾ കയറിയിറങ്ങി മടുത്ത് മരിച്ചു പോയവരുണ്ട് അവിടെ. എന്തു തെറ്റ് ചെയ്തിട്ടാണ് അവിടുത്തെ ജനങ്ങളെ മാറിമാറിവരുന്ന ഗവൺമെന്റ് ഇങ്ങനെ ശിക്ഷിക്കുന്നത്."

മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്കൊടുവിൽ കുഞ്ഞനന്തൻ മാഷ് പഴയ ശിഷ്യൻ മാധവനോട് യാത്ര പറഞ്ഞിറങ്ങി. ഈ അടുത്ത കാലത്തായി തന്റെ തീരുമാനങ്ങൾ ഒന്നും നടപ്പിൽ വരുത്താൻ കഴിയുന്നില്ലല്ലോ എന്ന മനോവിചാരത്തിൽ മനംമടുത്ത് മാഷ് ഒതുക്കുകൾ മെല്ലെയിറങ്ങി. ഗെയ്റ്റ് വരെ തന്നെ അനുഗമിച്ച മാധവനോട് സങ്കടക്കടൽ നെഞ്ചിലൊളിപ്പിച്ച മാഷ് സ്വരം താഴ്ത്തി പറഞ്ഞു.  
"മാധവാ... ഞാൻ വല്ലാത്തൊരു പ്രതിസന്ധിയിലാണ്.''
ഇതിനു മുമ്പൊരിക്കലും ഇത്രയും ദീനമായ അവസ്ഥയിൽ മാഷെ കണ്ടിട്ടില്ലല്ലോ എന്ന് അത്ഭുതപ്പെട്ട് മാധവൻ ചോദിച്ചു.
"ന്താ മാഷെ "
എയർപോർട്ടിനെതിരെ നിയമയുദ്ധം ചെയ്യാൻ വല്ല പഴുതുണ്ടോ എന്നാലോചിക്കാൻ വക്കീലാഫീസിൽ കൊണ്ടുപോയ ഈ പാവങ്ങളുടെ പ്രമാണങ്ങളും മറ്റു രേഖകളും ഞാൻ എവിടെയോ വെച്ചു മറന്നു. ദിവസങ്ങളോളം വീടിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി. കയറിച്ചെന്ന ആപ്പീസുകളിൽ പലകുറി ചെന്നന്വേഷിച്ചു. ഇനി പരതാൻ ഒരിടവും ബാക്കിയില്ല. എന്റെ വാക്ക് വിശ്വസിച്ച് എന്നോടൊപ്പം ഇറങ്ങിത്തിരിച്ച ഈ പാവങ്ങളോട് ഞാൻ എന്തു മറുപടി പറയും? ഇതു പറയുമ്പോൾ കുഞ്ഞനന്തൻ മാഷിന്റെ ഉള്ളിൽ ഒരു ചുഴലിക്കാറ്റ് ആഞ്ഞുവീശുന്നുണ്ടായിരുന്നു.  

കാലത്ത് കരക്കാരുമൊത്ത് അധികാരിയെ കാണാൻപോയ കുഞ്ഞനന്തൻ മാഷ് രാത്രിയേറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്തിയില്ല. തൊഴുത്തിൽ കെട്ടിയ പശുക്കൾ ഇടയ്ക്കിടെ അമറിക്കൊണ്ടിരുന്നു. ഭവാനിയമ്മ തൊഴുത്തിൽ നോക്കി പറഞ്ഞു.
" വരുന്നു ... വരുന്നു. ഇത്തിരി നേരം സമയം തെറ്റിയാൽ എന്തിനാ ഇങ്ങനെ കെടന്നു ബഹളം കൂട്ടുന്നത്."

ഭവാനിയമ്മ പശുക്കളോട് പയ്യാരം പറഞ്ഞും തൊട്ടുതലോടിയും ഉമ്മവെച്ചും അവയ്ക്ക് തീറ്റ ഇട്ടു കൊടുത്ത്, കയ്യും മുഖവും കഴുകി കോലായിൽ പടുതിരികത്തുന്ന നിലവിളക്കെടുത്ത് അകത്ത് വെച്ച് നാമം ജപിച്ചു കൊണ്ടിരുന്നു.

രാത്രി പത്ത് മണി കഴിഞ്ഞിരിക്കുന്നു. കുഞ്ഞനന്തൻ മാഷിന്റെ വരവും കാത്ത് ഭവാനിയമ്മ ആധിയോടെ വെളിയിലേക്ക് നോക്കി. ഇനിയും മാഷ് വന്നില്ലല്ലോ. നിരത്തിൽക്കൂടി ആരൊക്കെയോ നടന്നു പോകുന്നുണ്ട്. ആരാണെന്ന് വ്യക്തമാകുന്നില്ല. എങ്കിലും ഒരൂഹം വെച്ചു ഭവാനിയമ്മ വിളിച്ചു.
"ദാമൂ ...ഏയ് ദാമൂ ... ഇവിടത്തെ മാഷിനെ വഴിയിലെങ്ങാനും കണ്ടോ ?"
ഭവാനിയമ്മയുടെ കൂറ്റ് കേട്ട് പഞ്ചായത്ത് മെമ്പർ ദാമോദരൻ നീട്ടി ചോദിച്ചു.
"ഏടത്തി എന്താ ചോദിച്ചത്? "
ഒരു പൊട്ടിക്കരച്ചിൽ എന്നപോലെ ഭവാനിയമ്മ പറഞ്ഞു. 
" അതിരാവിലെ കരക്കാരുമൊത്തുപോയ മാഷ് നേരമിത്രയായിട്ടും തിരിച്ചുവന്നിട്ടില്ല. ഇതുവരെ അങ്ങനെ .., "
വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ ഭവാനിയമ്മ സാരിത്തലപ്പുകൊണ്ട് കണ്ണ് തുടച്ചു .
കുഞ്ഞനന്തൻ മാഷ് ഇനിയും വീട്ടിലെത്തിയിട്ടില്ലെന്ന വാർത്ത ഒരു നടുക്കത്തോടെയാണ് ദാമോദരനറിഞ്ഞത്.
"ഉച്ചക്ക് മുമ്പ് വക്കീലപ്പീസ് വരെയൊന്നു പോകണം എന്നു പറഞ്ഞു പോയതാണല്ലോ മാഷ് "
ദാമോദരൻ പറഞ്ഞു.
കാത്തിരിപ്പിനൊടുവിൽ ഭവാനിയമ്മ പൂമുഖവാതിൽ പൂട്ടി ജനാല തുറന്ന് കുഞ്ഞനന്തൻ മാഷിന്റെ വരവും കാത്ത് ജാലകത്തിനരികിലിരുന്നു. വിശപ്പും ദാഹവും കാത്തിരിപ്പിന്റെ മടുപ്പും ഭവാനിയമ്മയെ തീർത്തും അവശയാക്കിയിരുന്നു. പാതിരാത്രിയുടെ ഇരുട്ടിലേക്ക് ഇമയനക്കാതെ നോക്കിയിരിക്കുന്ന ഭവാനിയമ്മ തന്റെ നല്ലതും ചീത്തയുമായ കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മകളിലേക്ക് മെല്ലെയിറങ്ങി.

അൻപതു വർഷങ്ങൾക്കു മുമ്പ് ആറാട്ടുകരയിലെ കമലാ നെഹ്റു യു.പി സ്കൂളിൽ മലയാളാധ്യപകനായി കുഞ്ഞനന്തൻ മാഷ് എത്തുമ്പോൾ കുന്നുകളും കൂറ്റൻ പാറക്കല്ലുകളും കുണ്ടൻ ഇടവഴികളും കെട്ടുപിണഞ്ഞു നിൽക്കുന്ന ഒന്നിനും കൊള്ളാത്ത പ്രദേശമായിരുന്നു ആറാട്ടുകര. ഇന്നു കാണുന്ന ആറാട്ടുപുഴയും ആറാട്ടുവയലും അന്ന് ഇത്രയും സൗന്ദര്യം നിറഞ്ഞതായിരുന്നില്ല.

സ്കൂൾ ഒഴിവുദിവസങ്ങളിൽ കുഞ്ഞനന്തൻ മാഷ് ഓരോരോ വീടുകളിൽ കേറിയിറങ്ങി വിദ്യാഭ്യാസത്തിനൊപ്പം കൃഷിയുടെ മഹത്വത്തെയും പറഞ്ഞു പഠിപ്പിച്ചു. കൈയിലുള്ള മൊട്ടഭൂമി ഇടിച്ചുനിരത്തി കൃഷിയിറക്കാൻ ഗ്രാമവാസികളെ പ്രോത്സാഹിപ്പിച്ചു. പിന്നീടങ്ങോട്ട് ഒരു വർഷത്തോളം കുഞ്ഞനന്തൻ മാഷും കൂട്ടരും കഠിനമായി അദ്ധ്വാനിച്ചു. കുന്നുകൾ ഇടിച്ചുനിരത്തി തട്ടുകളാക്കി തിരിച്ചു. പാറകൾക്കിടയിൽ കണ്ട നീരുറവച്ചാലുകൾ കീറി ശക്തികൂട്ടി. തോടുവെട്ടി പറമ്പിൽ വെള്ളമെത്തിച്ചു. തെങ്ങ്, കവുങ്ങ്, കപ്പ, വാഴ, നെല്ല് എന്നുവേണ്ട എല്ലാ കൃഷികളും വെച്ചുപിടിപ്പിച്ചു. തോട്ടിൽനിന്ന് വെള്ളം കോരി കൃഷി നനച്ചു. കൃഷി തളിർത്തു. പൂത്തു. മണ്ണിൽ വിശ്രമമില്ലാതെ പണിയെടുത്തവർക്ക് മണ്ണ് പൊന്നുംവിള നൽകി.

ആലയിൽ നിന്ന് പുള്ളിച്ചിപശു എന്തോ കണ്ട് ഭയപ്പെട്ടതുപോലെ അമറുകയും ചീറുകയും ചെയ്തുകൊണ്ടിരുന്നു. പശുക്കളുടെ മുക്രകേട്ട് ചിന്തയുടെ ചരട് പൊട്ടിയ ഭവാനിയമ്മ ചുമരിലെ ക്ലോക്കിലേക്ക് നോക്കി. സമയം പന്ത്രണ്ട് കഴിഞ്ഞിരിക്കുന്നു. പിന്നെ, കണ്ണിനു കൈമറ പിടിച്ചുകൊണ്ട് ഇരുട്ടിലേക്ക് നോക്കി. കനംതൂങ്ങിനിൽക്കുന്ന ഇരുട്ടിനെ വകഞ്ഞു മാറ്റി ആരോ വീട്ടിലേക്ക് വരുന്നുണ്ട്. ആളെ തിരിച്ചറിഞ്ഞ ഭവാനിയമ്മ ധൃതിയിൽ വാതിൽ തുറന്നു.

ഇരുട്ടിൽ നിന്ന് കോലായിലേക്ക് കാലുരച്ചു കൊണ്ട് കുഞ്ഞനന്തൻ മാഷ് കടന്നുവന്നു. ഇന്നു മാഷോട് രണ്ടു പറഞ്ഞിട്ടുതന്നെ കാര്യം എന്ന അരിശത്തിൽ കോലായിലേക്ക് ഇറങ്ങിയ ഭാര്യയെ നോക്കി കുഞ്ഞനന്തൻ മാഷ് ഒരു തണുപ്പൻചിരി ചിരിച്ചു. വിളറി വെളുത്ത സി.എഫ്.എൽ. ബൾബിന്റെ വെളിച്ചത്തിൽ മാഷിന്റെ കോലം കണ്ട് ഭവാനിയമ്മ ഞെട്ടി. കുഞ്ഞനന്തൻ മാഷിന്റെ ചെവിയിൽ നിന്നും മൂക്കിൽ നിന്നും രക്തമൊലിച്ചിറങ്ങുന്നുണ്ടായിരുന്നു. മേലാസകലം പൊടിയും ചെളിയും നിറഞ്ഞിരിക്കുന്നു. എവിടെയോ വീണു പരിക്കുപറ്റിയാണ് മാഷുടെ വരവ്.

ഭവാനിയമ്മ എന്തോ പറയുവാൻ ആയുന്നതിന് മുമ്പ് ചിരിച്ചുകൊണ്ട് മാഷ് പറഞ്ഞു.
"നോക്കൂ ഭവാനി, നഷ്ടപ്പെട്ടുവെന്ന് ഞാൻ വിചാരിച്ച പ്രമാണക്കെട്ടുകൾ എവിടെയാ വെച്ചതെന്ന് എനിക്ക് ഓർമ്മ വന്നു. കിടപ്പുമുറിയിലെ സ്റ്റാന്റിൽ തൂക്കിയ കാലൻകുടക്കുള്ളിൽ ഭദ്രമായി വെച്ചിട്ടുണ്ട്‌."
ഒരു നിമിഷം എന്തു പറയണമെന്ന് ആലോചിച്ചുനിൽക്കുന്ന ഭവാനിയമ്മയെ നോക്കി നന്നായൊന്നു മന്ദഹസിച്ചുകൊണ്ട് കുഞ്ഞനന്തൻ മാഷ് കിടപ്പുമുറിയിൽ കടന്ന് വാതിലടച്ചു.

ഇടിയോടുകൂടിയ കാറ്റും മഴയുമൊത്താണ് നേരം പുലർന്നത്. രാത്രി കിടക്കാൻ താമസിച്ചതുകൊണ്ട് നേരംവൈകിയാണ് ഭവാനിയമ്മ ഉറക്കമുണർന്നത്. പുറത്തു നിന്ന് ആരുടെയോ കാൽപെരുമാറ്റവും പിറുപിറുപ്പും ഉയരുന്നുണ്ടായിരുന്നു. വാതിൽ തുറന്ന ഭവാനിയമ കോലായിലും മുറ്റത്തും അവിടെയവിടെ പരിചിതരും അപരിചിതരുമായ ഒരു കൂട്ടം ആളുകൾ കാറ്റുംമഴയത്ത് തണുത്തു മരവിച്ചുനിൽക്കുന്നത് കണ്ട് ചോദിച്ചു.
"ദാമൂ ...ഏയ് ദാമൂ ...എന്തിനാ എല്ലാവരും മഴയത്ത് നിൽക്കണത് കോലായിൽ കയറിയിരിക്കൂ. ഇന്നും എയർപോർട്ടിനെതിരെ സഭ കൂടുന്നുണ്ട് അല്ലെ? മാഷ് പാതിര കഴിഞ്ഞാണ് എത്തിയത്. നല്ല ക്ഷീണം കാണും. നന്നായൊന്നുറങ്ങട്ടെ. "
പിന്നെ ഭവാനിയമ്മ സത്യശീലനോടായി പറഞ്ഞു.
"ഗ്രീൻ ട്രിബ്യൂണലിന്റെ വിധിയും പ്രധാനമന്ത്രിയുടെ ആപ്പീസ് തള്ളി അല്ലേ, സത്യാ ... ജെ.സി.എസ് ഗ്രൂപ്പ് ആറാട്ടുകരക്കാരുടെ നെഞ്ചത്ത് കല്ലിട്ടു തുടങ്ങി. "
പിന്നെപിന്നെ ആരോടെന്നില്ലാതെ പറഞ്ഞു. " കോർപ്പറേറ്റുകൾക്കും മതഭ്രാന്തന്മാർക്കും കൊടിപിടിക്കുന്ന പ്രധാനമന്ത്രിയും പരിവാരങ്ങളും. ഫൂ ... നശിച്ചുപോട്ടെ ... നശിച്ചുപോട്ടെ.''
ഭവാനിയമ്മ ഒരു ഉന്മാദിനിയെപ്പോലെ വാതോരാതെ സംസാരിച്ച് കോലായിലൂടെ തലങ്ങുവിലങ്ങും നടന്നുകൊണ്ടിരുന്നു. ഉത്കണ്ഠാകുലങ്ങളായ നിമിഷങ്ങൾ കടന്നുപോയി. കുഞ്ഞനന്തൻ മാഷിന്റെ സ്നേഹവീട്ടിൽ നിർത്താതെ ഹോണടിച്ചുകൊണ്ട് ഒരാംബുലൻസ് വന്നു നിന്നു. സ്ത്രീകളും കുട്ടികളും കരഞ്ഞുകൊണ്ടിരുന്നു. കൂടിനിന്നവരൊക്കെ കണ്ണുതുടച്ചു.

ചേർത്തു നിർത്തിയ ആംബുലൻസിൽ നിന്ന്‌ വെള്ളത്തുണിയിൽ പൊതിഞ്ഞ മൃതശരീരം കോലായിൽ ഇറക്കിവെച്ചു.. മൃതശരീരം തിരിച്ചറിഞ്ഞ ഭവാനിയമ്മ തന്നോട് ചേർന്നുനിൽക്കുന്ന സ്ത്രീകളെ തള്ളിമാറ്റികൊണ്ട് ഒരു നിലവിളിയോടെ കുഞ്ഞനന്തൻ മാഷിന്റെ കിടപ്പുമുറിയിലേക്കോടി. അടഞ്ഞുകിടക്കുന്ന മുറി തള്ളിത്തുറന്നു. പക്ഷേ കുഞ്ഞനന്തൻ മാഷെ അവിടെയെന്നും കാണാനുണ്ടായിരുന്നില്ല.
പകരം നഷ്ടപ്പെട്ട പ്രമാണകെട്ടുകളും ചില്ലുപൊട്ടിയ കണ്ണടയും ചോരപുരണ്ടുണങ്ങിയ വാച്ചും മാത്രം.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക