Image

ജുവൻ (കഥ: രമ്യ രതീഷ്)

Published on 17 March, 2023
ജുവൻ (കഥ: രമ്യ രതീഷ്)

'ജുവൻ 'അതായിരുന്നു അവന്റെ പേര് . സ്ക്കൂൾ തുറന്ന് രണ്ടു മാസം കഴിഞ്ഞ് അതായത് ആഗസ്ത് മാസത്തിൽ അച്ചാച്ചന്റെ ( അച്ഛൻ ) കയ്യും പിടിച്ച് സ്ക്കൂളിന്റെ പടി കടന്ന് വന്നപ്പോഴാണ് ഞാനവനെ ആദ്യ മായി കാണുന്നത് . തിളക്കമുള്ള ആ മിഴികളായിരുന്നു എന്നെയേറെ ആകർഷിച്ചത്. പേര് ചോദിച്ചപ്പോൾ അവ്യക്തമായ ഭാഷയിൽ മറുപടിയും പറഞ്ഞു .

എന്താണെന്നറിയില്ല കുട്ടികൾക്കൊക്കെ എന്നും അവനെ കുറിച്ച് പരാതികളായിരുന്നു. ജുവൻ പിച്ചി,മാന്തി,കടിച്ചു,തള്ളിയിട്ടു... ഇങ്ങനെ പോവുമായിരുന്നു പരാതികൾ. പക്ഷെ അവനൊരിക്കലും ആരെ കുറിച്ചും പരാതി പറഞ്ഞില്ല. ആരെന്തു തെറ്റ് ചെയ്യാതാലും അവസാനം എല്ലാം അവന്റെ തലയിലായാവുന്ന സ്ഥിതിയിലായി തുടങ്ങി.ചോദ്യത്തിനുള്ള ഉത്തരമില്ലാത്ത അവന്റെ കണ്ണും മിഴിച്ചുള്ള മൗനത്തെ ഞങ്ങൾ ടീച്ചേഴ്‌സിനെ ശരിക്കും ദേഷ്യം പിടിപ്പിച്ചു കൊണ്ടിരുന്നു .

ഒരു ദിവസം പതിവിലും നേരത്തേയാണ് ഞാൻ സ്ക്കൂളിൽ എത്തിയത് .ഗേറ്റിൽ എത്തുന്നതിനു മുന്നേ കേട്ടു സ്ക്കൂളിലെ ബഹളം . കാരണമന്വോഷിച്ചപ്പോൾ പ്രതി നമ്മുടെ ജുവൻ തന്നെ... രണ്ടെണ്ണം കൊടുക്കാനുള്ള അരിശത്തിലാണ് അവനടുത്തെത്തിയത്. പക്ഷെ അവിടെ കണ്ട കാഴ്ച അക്ഷരാർത്ഥത്തിൽ എന്നെ ഞെട്ടിച്ചു കളഞ്ഞു. നെറ്റി മുറിഞ്ഞ് രക്തം കുടുകുടാന്ന് ഒഴുകുന്നു . അത് കണ്ട് എന്റെ നെഞ്ചൊന്നാളി .മുറിവ് കഴുകി സ്റ്റാഫ് റൂമിലേക്ക് നടക്കുമ്പോൾ ഞാനൊരു കാര്യം ശ്രദ്ധിച്ചു .ഒരിക്കൽ പോലും ആ കുട്ടിയൊന്ന് കരഞ്ഞില്ല എന്നത് . അതാരാണ് ചെയ്തത് എന്നതു പോലും മറ്റ് കുട്ടികൾ പറഞ്ഞാണ് അറിഞ്ഞത്. ആ ഒരു സംഭവത്തോടെ ജുവനെ ഞാൻ കൂടുതൽ ശ്രദ്ധിച്ചുതുടങ്ങി . എന്റെ ശ്രദ്ധയും ,കരുതലും അവന് വല്ലാത്തൊരു ആശ്വാസമാകുന്നുണ്ടെന്ന് എനിക്ക് മനസിലായി .

ഹെഡ്മാസ്റ്ററോട് ചോദിച്ച് അവന്റെ വീട്ടുകാര്യങ്ങളും ചുറ്റുപാടുകളും മനസിലാക്കി . കല്പ്പണയിൽ ജോലിയുള്ള ജുവന്റെ അച്ഛൻ ക്രിസ്തിയാനിയായ ജോസഫ് എബ്രഹാം .ആദ്യ ഭാര്യ മരിച്ചതിനു ശേഷം ,കൂടെ പണിയെടുക്കുന്ന ജസീന്തയെന്ന മുസ്ലീം യുവതിയെ വിവാഹം കഴിച്ചു അതിൽ പിറന്ന മക്കളാണ് ജിൻസിയും, ജുവനും .

ജുവനെക്കാളും രണ്ടുമൂന്ന് വയസിന് മുതിർന്ന കുട്ടി .ആദ്യ ഭാര്യയിലെ മകനായ തോംസണിനെ പേടിച്ച് ഓടിവന്നതാണ് ഈ നാട്ടിൽ ,മദ്യപിച്ച് വന്നാൽ വല്ലാത്ത ഉപദ്രവം .അങ്ങനെ രക്ഷപ്പെട്ട് രക്ഷപ്പെട്ട് എത്തിയതാണ് ഇവിടെ ;സ്ക്കൂളിനടുത്തെ മിച്ചഭൂമിയിൽ ആരുടെയും അനുവാദം ചോദിക്കാതെ,കുറച്ച് കല്ലും ,ഷീറ്റും വളച്ചു കെട്ടി ഒരു മുറി പരുവത്തിലാക്കിയാണ് ആ കുടുംബം കഴിഞ്ഞത് . തങ്ങൾക്ക് കിട്ടാത്ത വിദ്യാഭ്യാസം മക്കൾക്ക് ലഭിക്കണമെന്ന മോഹത്തിലാണ് മക്കളെ രണ്ടു പേരെയും സ്ക്കൂളിൽ ചേർത്തത്.

പക്ഷെ തോംസണെങ്ങനെയോ അവർ ഇവിടെയുണ്ടെന്നറിഞ്ഞു . പിന്നെ എന്നും വഴക്കും വക്കാണവും തന്നെ.

തന്നെയാണ് അവന് തീരെ പിടിക്കാത്തതെന്ന തിരിച്ചറിവിൽ ഭർത്താവിനേയും മക്കളേയും വിട്ട് ജസീന്ത സ്വന്തം വീട്ടിലേക്ക് പോയി.

ഇപ്പോഴെനിക്ക് കാര്യങ്ങൾ ഏറെക്കൂറെ മനസിലായി തുടങ്ങി .കിട്ടുന്ന ഒഴിവുവേളകളിൽ ഓടി എന്നരികിലെത്തി അവ്യക്തമായ ഭാഷയിൽ വിശേഷങ്ങൾ പറയുന്ന ജുവന്റെ മനസിൽ അടുത്തില്ലാത്ത അവന്റെ അമ്മയുടെ സ്ഥാനമാണെനിക്കെന്ന് .

ഇടക്കിടെ മക്കളെ കാണാൻ വേണ്ടി സ്ക്കൂളിലെത്തുന്ന ജസീന്തയെ ഒരു ദിവസം ഞാൻ കണ്ടു .

      എനിക്കും ഒരു മകളുള്ളതു കൊണ്ടോ ,എന്തുകൊണ്ടോ വളർന്നു വരുന്ന മകളേയും,മകനേയും ഇട്ടിട്ട് പോയെന്നുള്ള കാരണത്താലോ...! ജനിച്ചു വീഴുന്ന പെൺകുഞ്ഞുങ്ങളെ പോലും പീഡനത്തിരയാക്കുന്ന വാർത്തകൾ കേട്ടോ എന്താണെന്നറിയില്ല ആ സ്ത്രീയോടെനിക്ക് വല്ലാത്ത രോഷമാണ് തോന്നിയത്. അതുകൊണ്ടാവാം അവരോട് സംസാരിക്കുമ്പോഴൊക്കെ എന്റെ സംസാരത്തിൽ അത് പ്രകടമായി കൊണ്ടിരുന്നു . എല്ലാം മനസിലായിട്ടും,എന്റെ ഓരോ ചോദ്യത്തിനും മറുപടിയെല്ലാം കണ്ണീരൊലിപ്പിച്ച് ആ സ്ത്രീ മൗനമായി നിന്നതേയുള്ളു...

കുറച്ചു നാളായി ജിൻസിയേയും, ജുവനെയും സ്ക്കൂളിലേക്ക് കണ്ടതേയില്ല എന്താണ് അവർക്ക് പറ്റിയതെന്ന് ഞാൻ സാറിനോട് ചോദിച്ചു . പള്ളിക്കാർ അവരുടെ അവസ്ഥയറിഞ്ഞ് അവരെ പള്ളിയിലേക്ക് കൂട്ടി കൊണ്ടു പോയെന്നും,കുട്ടികളെ അവിടത്തെ പള്ളിവക സ്കൂളിൽ ചേർത്തുവെന്നും സാറ് പറഞ്ഞപ്പോൾ എന്തോ ,മനസില് വല്ലാത്തൊരു ഭാരം പോലെ...അല്ലെങ്കിൽ എന്തോ നഷ്ടപ്പെട്ടതുപോലെ....കുറച്ച് നാൾ ഇത്തിരി വിഷമമൊക്കെ  തോന്നിയെങ്കിലും പതിയെ പതിയെ ജുവനെ ഞാനും മറക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു .

പക്ഷെ അതെന്റെ വ്യർത്ഥമോഹം മാത്രമായിരുന്നു . കഷ്ടിച്ച് ഒരു മാസം കഴിഞ്ഞിട്ടുണ്ടാവും ജുവൻ തിരികെ ഞങ്ങളുടെ സ്ക്കൂളിൽ തന്നെ തിരിച്ചെത്തി. പുതിയ സ്ക്കൂളുമായി ഇണങ്ങാൻ അവനൊരിക്കലും തയ്യാറായില്ല . എന്നെ കാണണമെന്ന് പറഞ്ഞ് അച്ചാച്ചനോട് നിരന്തരം വാശി പിടിക്കാൻ തുടങ്ങി. അതും പോരാഞ്ഞ് കൂടെയുള്ള കുട്ടികളെ മുറിവ് പറ്റുന്ന തരത്തിൽ ഉപദ്രപിക്കാനും തുടങ്ങിയപ്പോൾ അവിടത്തെ ഫാദർ ടിസി എഴുതികൊടുത്ത് പറഞ്ഞുവിടുകയായിരുന്നു.ജിൻസിയെ അവിടെ തന്നെ നിർത്തി, അവധി ദിവസങ്ങളിൽ വീട്ടിലേക്ക് വരാം അത്രയും പറയുമ്പോഴും ജോസഫ് മുഖം ഉയർത്തിയതേയില്ല.പക്ഷെ ജുവന്റെ കണ്ണുകൾ കൂടുതൽ പ്രകാശിക്കുന്നുണ്ടായിരുന്നു.ഞാനവനെ ചേർത്തു പിടിച്ച് എന്റെ ക്ളാസിലേക്ക് കൊണ്ടുപോയി അതുവരെയുള്ള അവന്റെ വിശേഷങ്ങൾ കേൾക്കാൻ....

എന്നും രാവിലെ ബ്രെഡും, കട്ടൻ കാപ്പിയും ആണെന്ന് പറയുന്ന ജുവന് വീട്ടിലുണ്ടാക്കുന്ന പലഹാരത്തിന്റെ ഒരു പങ്കിൽ നിന്ന് സ്ക്കൂളിലേക്കെടുക്കാൻ എന്റെ മോൾക്കും ഭയങ്കര ഇഷ്ടമായിരുന്നു.

പതിവുപോലെ പലഹാരം കഴിക്കുന്നതിനിടയിൽ ഞാനോരോ വിശേഷങ്ങൾ ചോദിച്ചു കൊണ്ടിരുന്നു .കഴിക്കുന്ന ബന്ധപ്പാടിനിടയിലും എന്റെ ചോദ്യത്തിന് താമസിച്ചാണേലും അവനുത്തരം നൽകി. പറച്ചിലിനിടക്ക് തോംസണിന്റെ കാര്യവും ഞാനെടുത്തിട്ടു . ഒരു നിമിഷം കഴിക്കുന്നതു നിർത്തി അവനെന്റെ മുഖത്തേക്കു നോക്കി.
"മോൻ പറ... തോംസൺ നിങ്ങളെ ഉപദ്രവിക്കാറുണ്ടോ...?" ഉണ്ടെന്നോ,ഇല്ലെന്നോ വ്യക്തമാക്കാത്ത വിധത്തിൽ അവനെന്നെ തന്നെ നോക്കുകയാണ്.
"പറയെടാ... "ഞാൻ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.

        "ചേട്ടായിക്ക് എന്നെ തീരെ ഇഷ്ടല്ല ടീച്ചറേ... ജിൻസിയെ വണ്ടിയിലൊക്കെ കൂട്ടി കൊണ്ട് പോവ്വും,ഉടുപ്പ് വാങ്ങിച്ചു കൊടുക്കും,പലഹാരം വാങ്ങിച്ചു കൊടുക്കും , എന്നെയെന്താ ചേട്ടായിക്ക് ഇഷ്ടല്ലാത്തെ !എപ്പൊഴും എന്നോട് ദേഷ്യാ...കണ്ടാ ,ഒരൂസം വണ്ടിയിൽ കയറാൻ വാശിപിടിച്ചപ്പോ...ബീഡിയോണ്ട് കുത്തിയതാ".അതും പറഞ്ഞ് മുട്ടോളമെത്തുന്ന ട്രൗസർ മെലോട്ടാക്കി തുടയിലെ പാടെനിക്കു കാണിച്ചു തന്നു .ആ മുറിവ് ഉണങ്ങി വരുന്നതേ ഉള്ളു .
"ജുവന് അച്ഛാച്ഛനോട് ഇക്കാര്യം പറഞ്ഞൂടായിരുന്നോ...?"
"അതിന് അച്ഛാച്ഛനും ചേട്ടായിയെ പേടിയാ ടീച്ചറേ... "

ആ കുഞ്ഞിനെ ഇങ്ങനെ ഉപദ്രപിക്കാനുള്ള മനസ് തോംസണിന് ഉണ്ടെങ്കിൽ തീർച്ചയായും അവന്റെ ഉള്ളിൽ ഒരു മൃഗമൊളിഞ്ഞിരിപ്പുണ്ടെന്ന് എന്റെ മനസ് മന്ത്രിച്ചു കൊണ്ടിരുന്നു .ആ ചെകുത്താന്റെ അടുത്ത് ജിൻസിയൊരിക്കലും സുരക്ഷിതയല്ലെന്നും എനിക്ക് തോന്നി തുടങ്ങി.

എപ്പോഴും ജിൻസിയവിടെ ഇല്ലെങ്കിലും അവധി ദിനങ്ങളിൽ അവൾ വരാറുണ്ടെന്ന് ജുവൻ പറയും . അവൾ വരുമെന്ന് പറയുമ്പോൾ അവന്റെ വാക്കുകളിൽ സന്തോഷം തിരതല്ലുമായിരുന്നു . ഈ വരുന്ന ക്രിസ്മസിന് ജെസി വരും അപ്പോൾ ഉമ്മച്ചിയെ കാണാൻ പോകുമെന്നും,അന്നേരം 'ഞാൻ ഫാസിലും,ജെസി ഫാസിലയും ' ആകുമെന്നും അവനിടക്കെപ്പൊഴോ എന്നോട് സൂചിപ്പിച്ചു. ഞാനതത്ര കാര്യമാക്കിയില്ലെങ്കിലും ജോസഫു തന്നെ എന്നോട് അക്കാര്യം പറഞ്ഞു.

"ജസീന്തയുടെ മതത്തിൽ ഞാനും പിള്ളേരും ചേർന്നാൽ പള്ളിവക വീട് വെച്ചുതരാമെന്നാ...അവര് പറയുന്നേ..!ഒരു കണക്കിന് നോക്കിയാ അതാ നല്ലതെന്ന് എനിക്കും തോന്നി എത്ര നാളെന്നു വെച്ചാ ഇങ്ങനെ... " അത് പറയുമ്പോൾ അയാളുടെ ശബ്ദമിടറുന്നുണ്ടായിരുന്നു.അതിനൊരു മറുവാക്ക് പറയാൻ എന്തുകൊണ്ടോ എനിക്കും സാധിച്ചില്ല .

ക്രിസ്മസ് പരീക്ഷ കഴിഞ്ഞ് സ്കൂൾ പത്തുദിവസത്തേക്ക് അടച്ചു . ഞങ്ങളുടെ വീടും സ്ക്കൂളിനടുത്തു തന്നെ ആയതുകൊണ്ട് ജോസഫ് രാവിലെ പണിക്കു പോകുമ്പോൾ വൈകുന്നേരം വരെ ജുവൻ ഞങ്ങളുടെ കൂടെതന്നെയാവും.ബാലുവേട്ടനും അവനെ വല്യ കാര്യമായിരുന്നു . ക്രിസ്മസ് അവധിക്ക് ജിൻസി കൂടി വന്നപ്പോൾ അവന്റെ സന്തോഷം ഇരട്ടിയായി. അപ്രാവശ്യത്തെ ക്രിസ്മസിന് ഡ്രസും,കേക്കും ഞങ്ങളുടെ വകയായിരുന്നു .

ക്രിസ്മസ് അവധി തീരുന്നതിന് രണ്ടു ദിവസം മുമ്പായിരുന്നു നാടിനെയും ഞങ്ങളെയും നടുക്കിയ ആ സംഭവം അരങ്ങേറിയത് . അന്നൊരു ശനിയാഴ്ചയായിരുന്നു .

ബാലുവേട്ടൻ ഓഫീസിലേക്ക് പോയികഴിഞ്ഞതിനു ശേഷമാണ് ജിൻസിയും , ജുവനും വീട്ടിലേക്ക് വരുന്നത് .അന്ന് പതിവു സമയം കഴിഞ്ഞിട്ടും രണ്ടു പേരേയും കണ്ടില്ല . കുറച്ചു സമയം കഴിഞ്ഞു കാണും നിർത്താതെയുള്ള കോളിംങ്ബെല്ലിന്റെ ശബ്ദം കേട്ട് ഞാൻ ചെന്നു വാതിൽ തുറന്നു .

പുറത്തെ കാഴ്ച കണ്ട് ഞാനാകെ ഞെട്ടിത്തരിച്ചു പോയി .'രക്തത്തിൽ കുളിച്ച് ജുവൻ!'.
എവിടെയോ വീണ് പൊട്ടി വന്നിരിക്കുകയാണെന്നാണ് എനിക്കാദ്യം തോന്നിയത്. എന്താ സംഭവിച്ചതെന്ന് ചോദിക്കുന്നതിനു മുമ്പേ തന്നെ വിക്കി കൊണ്ടവൻ പറഞ്ഞു.
"ടീച്ചറേ...അവിടെ വീട്ടില് ...ചേട്ടായി...!''
അത്രയുമേ പറഞ്ഞുള്ളു ,അപ്പോഴേക്കും അവനെന്റെ കയ്യ്ക്കുള്ളിലേക്ക് തളർന്നു വീണുപോയി . കുറച്ച് വെള്ളം കുടിക്കാൻ കൊടുത്തതിന് ശേഷം ജുവനെയും,മോളേയും കൂട്ടി അവരുടെ താമസസ്ഥലത്തേക്ക് ഞാൻ ഓടുകയായിരുന്നു . അവിടെ കണ്ട കാഴ്ച അതിനേക്കാൾ ഭയാനകമായിരുന്നു . തറയിൽ തോംസൺ വീണുകിടക്കുന്നു രക്തം ചുറ്റും തളംകെട്ടി കിടക്കുന്നു.അരികിലായി ഒരു വലിയ കമ്പി കഷ്ണം!. ഒരു മൂലയിൽ പേടിച്ചരണ്ട് കീറിയ കുപ്പായവുമായി ജിൻസിയിരിക്കുന്നു.

എന്നെ കണ്ടപ്പാടെ കരഞ്ഞു കൊണ്ട് "ടീച്ചറേ... ''എന്ന വിളിയോടെ ഓടി വന്നവൾ കെട്ടി പിടിച്ചു . ആ കാഴ്ചയിൽ നിന്നു തന്നെ അവിടെ എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഊഹിക്കാനായി.

അപ്പോഴേക്കും ഓരോരുത്തറായി അവിടെ കൂടിത്തുടങ്ങിയിരുന്നു . സംഭവമറിഞ്ഞ് പണയിലെത്തിയ ജോസഫും ഓടികിതച്ച് അവിടെ എത്തി .

വിവരമറിഞ്ഞെത്തിയ പോലീസുകാർ കൊലപാതകിയെ കണ്ട് ആകെ അന്തം വിട്ടു .'പത്തുവയസുപോലും തികയാത്ത ഒരു കൊച്ചു ചെറുക്കൻ!.

പക്ഷെ അവരുടെ ചോദ്യത്തിനെല്ലാം സത്യസന്ധമായി തന്നെ അവൻ മറുപടി പറഞ്ഞു കൊണ്ടിരുന്നു .

"ഇന്നലെ രാത്രിയാണ് ചേട്ടായി ഇവിടെ വന്നത് . കള്ളും കുടിച്ചിട്ടുണ്ടായിരുന്നു. രാവിലെയും കള്ളുകുടിച്ചു.അച്ഛാച്ഛൻ പണിക്കിറങ്ങിയപ്പോൾ ചേട്ടായി എന്നോട് ബീഡി വാങ്ങിച്ച് കൊണ്ടരാൻ പറഞ്ഞു . ഞാൻ കടയിൽ പോയി തിരിച്ച് വരുമ്പോ... ജിൻസി ഒച്ചത്തി കരയുന്ന കേട്ടു.ഓടി വന്നപ്പോ...ചേട്ടായി ജിൻസിയെ ഉപദ്രവിക്കുന്നതു കണ്ടു.വിടാൻ പറഞ്ഞിട്ടൊന്നും വിട്ടില്ല.ഞാനൊത്തിരി കടിച്ചു .അപ്പൊ എന്നെ തള്ളി താഴെയിട്ടു.അന്നേരം എനക്ക് നല്ലോണം ദേഷ്യം വന്നു. ആ കമ്പി കൊണ്ട് ചേട്ടായിക്കും ഞാൻ നല്ലോണം അടി കൊടുത്തു തലക്കായിരുന്നു കൊടുത്തത് .കണ്ടോ ചേട്ടായി ഉന്തിയിട്ടപ്പോ;മുറിഞ്ഞതാ..."
മുടിയുടെ ഒരുഭാഗം പകുത്ത് ആ മുറിവ് അവനെല്ലാർക്കും കാട്ടി തന്നു .അപ്പോൾ മാത്രമാണ് ഞാനും അത് ശ്രദ്ധിച്ചത് ആഴത്തിലുള്ളൊരു മുറിവ് .

ചെയ്തത് കുറ്റകൃത്യമായതുകൊണ്ട് പോലീസുകാർക്ക് അവനെ കൊണ്ടു പോവാതിരിക്കാൻ കഴിയില്ലായിരുന്നു . പ്രതിയുടെ പ്രായം കണക്കിലെടുത്തും, അങ്ങനെയൊരു കൃത്യം നടത്താൻ അവനെ പ്രേരിപ്പിച്ച ചേതോവികാരവും കണക്കിലെടുത്ത് കോടതിയവനെ പതിനാലു ദിവസത്തേക്ക് ജുവൈനൽ ഹോമിലേക്ക് അയക്കാൻ ഉത്തരവിട്ടു .

ജുവൈനൽ ഹോമിൽ നിന്നും പുറത്ത് വരുന്ന ജുവനെ കാണാൻ ജോസഫിന്റെ കൂടെ ഞങ്ങളും പോയി . പുറത്ത് വന്ന അവൻ അച്ഛാച്ഛന്റെ അടുത്തേക്ക് പോകുന്നതിനു പകരം ഞങ്ങളുടെ അരികിലേക്കാണ് ഓടി വന്നത് .''ജിൻസിയെവിടെ...'' എന്ന അവന്റെ ചോദ്യത്തിന് ,ജിൻസി ഫാസിലയാവാൻ ഉമ്മച്ചിയുടെ കൂടെ പോയെന്നും , മോൻ പുറത്തിറങ്ങിയിട്ട് അച്ഛാച്ഛനും മോനും പേര് മാറ്റാമെന്നും പറഞ്ഞപ്പോൾ അവൻ നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് ഞങ്ങളോട് കൂടുതൽ ചേർന്നു നിന്നു .

"ഇല്ല... ജുവന് ഇനി ഫാസിലാവണ്ട അച്ഛാച്ഛാ... ജുവന് ഇനി ഫാസിലാവണ്ട.എനിക്കിനി ടീച്ചറമ്മ മതി ഉമ്മച്ചി വേണ്ടാ..."
'ടീച്ചറമ്മ ' ജുവൻ ആദ്യമായാണ് എന്നെയങ്ങനെ വിളിച്ചത് .
"ഞാനിവിടെ ഉള്ളപ്പോ...ഒരിക്കപ്പോലും ഉമ്മച്ചി എന്നെ കാണാൻ വന്നില്ലല്ലോ...?"ആ വാക്കുകളിൽ സങ്കടവും,ഒറ്റപ്പെടലും ,വേദനയും ഒക്കെ നിഴലിച്ചിരുന്നു .

അതുവരെ എല്ലാം കണ്ടും കേട്ടും നിന്നിരുന്ന ബാലുവേട്ടൻ പൊടുന്നനെ ജോസഫിനോട് ചോദിച്ചു . "ജോസഫ്...ഇവനെ ഞങ്ങൾക്ക് തരുന്നോ...?ഞങ്ങളുടെ മകനായി ;അമ്മുവിനൊരു ആങ്ങളയായി അവന് ഇഷ്ടമുള്ളിടത്തോളം ഞങ്ങളോടൊപ്പം നിന്നോട്ടെ...ഞങ്ങൾ നോക്കിക്കോളാം പൊന്നുപോലെ എന്ന് പറയുന്നില്ല എന്നാലും ഉറപ്പ് പറയുന്നു. ഞങ്ങൾ...ഒരിക്കലും അവനെ സങ്കടപ്പെടുത്തില്ലെന്ന് ''.
എന്തു പറയണമെന്ന നിസ്സഹായതയിലായിരുന്നു ജോസഫ് അപ്പൊഴും. ജുവനാണെങ്കിൽ ഞങ്ങളുടെ കൂടെ പോരാൻ റെഡിയായി കഴിഞ്ഞിരുന്നു . അവസാനം അവനെ ഞങ്ങളോടൊപ്പം അയക്കാൻ അയാൾ പാതി സമ്മതം മൂളി...

യാത്ര പറഞ്ഞ് വണ്ടിയിൽ കയറുമ്പോൾ അയാളുടെ കണ്ണുകൾ നിറയുന്നുണ്ടെന്ന് എനിക്ക് തോന്നി. ആ കാഴ്ച കാണാതിരിക്കാൻ ജുവനോട് അച്ഛാച്ഛനോട് യാത്ര പറയാൻ പറഞ്ഞു.ബാലുവേട്ടൻ വണ്ടി മെല്ലെ മുന്നോട്ടെടുത്തു.പതിയെ പതിയെ ജുവൈനൽ ഹോമും,ജോസഫും ഞങ്ങളുടെ കാഴ്ചയ്ക്കുമപ്പുറത്തേക്ക് മറഞ്ഞു കൊണ്ടിരുന്നു...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക