StateFarm

നമുക്കിടയിൽ പ്രസാദ് സാറുമാർ ജീവിക്കുന്നുണ്ട് : ജോസ് ടി തോമസ്

Published on 17 March, 2023
നമുക്കിടയിൽ പ്രസാദ് സാറുമാർ ജീവിക്കുന്നുണ്ട് : ജോസ് ടി തോമസ്

ഈ ലിറ്റിൽ മാഗസിനുകൾക്ക് എന്തു ചെയ്യാൻ കഴിയും എന്ന് അവർ എഴുപതുകളിൽ ചോദിച്ചു.
അതിന്റെ നന്മകൾ രഹസ്യത്തിൽ സ്വാംശീകരിക്കുകയും ചെയ്തു.
എഡിറ്റർ ഇല്ലാത്ത സോഷ്യൽ മീഡിയ കൊണ്ട് എന്തു ഗുണം എന്ന് അവരിന്നു ചോദിക്കുന്നു.
വരൂ, കാണൂ, 
ഫേസ്ബുക്കിലെ Prasad Paul -ന്റെ, ഞാൻ താഴെ പകർത്തുന്ന ഈ പോസ്റ്റ് കാണൂ.
ഇതാണ് ആശയവിനിമയം. ഇതാണു മാധ്യമപ്രവർത്തനജീവിതം.
തന്റെ അധ്യാപനജീവിതത്തെ ബദൽ മാധ്യമപ്രവർത്തനമാക്കിയ ആ റിട്ട. പ്രഫസറുടെ പോസ്റ്റിനുതാഴെ ചെന്ന് ഈ നവമാധ്യമ ജീവിതത്തിന് അഭിവാദ്യം അർപ്പിക്കാം. പരമ്പരാഗത മാധ്യമങ്ങളെ ചീത്ത പറഞ്ഞു നേരം പോക്കാതെ Positive& Significant, Little-but-Great Journalism-ത്തിന് ഒപ്പം എന്ന് പറയാം.

പ്രസാദ് പോൾ എഴുതുന്നു:
'ബ്രഹ്മപുരം' വേതാളത്തെ തലയിൽ നിന്ന് ഇറക്കിവിട്ടു.

"ബ്രഹ്മപുരം അഗ്നിബാധയോട് അനുബന്ധിച്ചുള്ള രാസ, ആരോഗ്യ വിഷയങ്ങളിൽ എന്റെ എളിയ അറിവ് വച്ചുകൊണ്ട് ചെയ്യാവുന്ന സകലതും ഞാൻ ചെയ്തുകഴിഞ്ഞു. 
ഇക്കാര്യത്തിൽ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്നത് കേരളത്തിലെ ഏതാണ്ടെല്ലാ വ്യക്തികളുടെയും നാവിൽ 'ഡയോക്സിൻ' എന്ന വാക്കിനെ പ്രതിഷ്ഠിക്കാൻ എനിക്ക് കഴിഞ്ഞെന്നതാണ്.

"ഇന്ന് മീഡിയ, സമൂഹമാദ്ധ്യമങ്ങൾ, വിദഗ്ദർ, അതിവിദഗ്ദർ, പണ്ഡിതർ ഒക്കെ 'സ്ലോ ആറ്റം ബോംബ്' ഡയോക്സിൻ എന്നൊക്കെ ഉച്ചത്തിൽ ആവേശത്തോടെ വിളിച്ചു പറയുമ്പോൾ ഞാൻ നീലഗിരിമലനിരകളിലെ 'എൽക്ക് ഹില്ലിന്റെ' ഓരത്തുള്ള വീട്ടിൽ കൊടുംതണുപ്പിൽ പുതച്ചുമൂടിയിരുന്ന് ആനന്ദാശ്രു പൊഴിക്കുകയാണ്. 
അതിനൊരു കാരണമുണ്ട്.

"ദശകങ്ങൾക്ക് മുന്നേ, കോളേജിലെ ക്‌ളാസ്സുകളിൽ  പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോൾ എവിടെനിന്നൊക്കെയോ ഒഴുകിയെത്തിയിരുന്ന കാറ്റിൽ പ്ലാസ്റ്റിക്ക് കത്തുന്ന തീഷ്ണഗന്ധം അടിക്കുമ്പോഴൊക്കെ ഞാൻ കുട്ടികളോട് പറയുമായിരുന്നു,

"ഈ വായു ഓരോ ശ്വാസമെടുക്കുമ്പോഴും നിങ്ങൾ അൽപ്പാൽപ്പമായി വന്ധ്യരായിക്കൊണ്ടിരിക്കുകയാണ്, ഭാവിയിൽ കാൻസർ രോഗികളാക്കാനുള്ള വിഷാണുക്കളെ വലിച്ചു കയറ്റുകയാണ്. അതുകൊണ്ട് ഒരിക്കലും നിങ്ങൾ പ്ലാസ്റ്റിക്ക് കത്തിക്കരുത്, മാത്രമല്ല, ഇത് നിങ്ങളുടെ അയൽക്കാരോട് പറയുകയും വേണം"

"പക്ഷെ, അത് ഞാൻ പോകുന്ന ക്‌ളാസുകളിലെ കുട്ടികൾ മാത്രമല്ലേ കേൾക്കുകയുള്ളൂ എന്നതുകൊണ്ട്  സ്വന്തം കയ്യിൽ നിന്ന് പണം മുടക്കി,  A4 പേപ്പറിന്റെ രണ്ടുവശവും നിറയുന്ന വിശദീകരണം നാലായിരത്തോളം എണ്ണം സ്വന്തം കമ്പ്യൂട്ടറിൽ മലയാളം ഫോണ്ട് ഇൻസ്റ്റാൾ ചെയ്ത്, സ്വയം  DTP ചെയ്ത് പ്രസ്സിൽ പ്രിന്റ് ചെയ്യിപ്പിച്ച് കൊളേജിലേക്ക് കുട്ടികൾ വരുന്ന സമയത്ത്‌ റോഡരിൽ നിന്ന് 'സുവിശേഷകർ' ബൈബിൾ ലഘുലേഖകൾ കൊടുക്കുന്നതുപോലെ ഏതാനും ദിവസം കൊണ്ട് കൊടുക്കുകയും, കുറെയൊക്കെ അക്കാലത്ത്‌  എന്നോട് സ്നേഹവും, ബഹുമാനവുമുണ്ടായിരുന്ന ഏതാനും കുട്ടികൾ വശം  നാട്ടിൽ വിതരണം ചെയ്യുകയും ഉണ്ടായി.

"പക്ഷേ അക്കാലത്ത്‌ ഈ വിഷയം നാട്ടിലൊരിടത്തും, ആരും കേട്ടിട്ടില്ലാത്തതുകൊണ്ടോ, ഒരു പത്രമാസികളിലും ഇതേക്കുറിച്ചുള്ള ലേഖനങ്ങൾ വന്നിട്ടില്ലാത്തതുകൊണ്ടോ ആയിരിക്കാം,അക്കാലത്തെ അദ്ധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ ഇടയിൽ എനിക്കൊരു കോമാളിവേഷക്കാരൻ പട്ടം  ഉണ്ടാക്കാൻ സഹായിച്ചെന്നല്ലാതെ മറ്റൊന്നും സംഭവിച്ചില്ല.

"പക്ഷേ ഈ വിപത്തിന്റെ മാരകീയത തിരിച്ചറിഞ്ഞ എന്റെ മനസ്സിലെ ആധി കാരണം ആരെന്തുകളിയാക്കിയാലും പിന്നോട്ടില്ലെന്ന ആവേശത്തിൽ ഞാൻ പഠിപ്പിക്കേണ്ട കുട്ടികളോടും, കൂടാതെ എനിക്ക് ക്ലാസ്സില്ലാത്ത പീരിയഡുകളിൽ കോളേജ് വരാന്തകളിലൂടെ നടന്ന്, അദ്ധ്യാപകർ അവധിയായതുകൊണ്ട് ഫ്രീയായ ക്‌ളാസുകളിൽ 'ഇടിച്ചുകയറിച്ചെന്ന്' ഭ്രാന്തമായ ആവേശത്തോടെ ഡയോക്സിനുകളെക്കുറിച്ചു ഒരു മണിക്കൂർ നിർത്താതെ സംസാരിച്ചു. അത് വല്ലാതെ കൂടിയപ്പോൾ എന്റെ ശാരീരിക, മാനസിക ആരോഗ്യത്തെ  സാരമായി ബാധിക്കുകയും, കുറേയെറെനാൾ ഞനതിന്റെ തിക്ത ഫലങ്ങൾ അനുഭവിക്കേണ്ടി വരികയും ചെയ്തു.

"അന്ന്, മാസങ്ങളോളം ഈ പരിപാടി തുടർന്നപ്പോൾ, ആർക്കൊക്കെയോ അത്രത രസിക്കാതിരിക്കുകയും, അതിന്റെ ഫലമായി ഒരു ദിവസം പ്രിസിപ്പൽ എന്നെ അദ്ദേഹത്തിന്റെ ഓഫിസിലേക്ക് വിളിപ്പിക്കുകയും, എന്നോട്, 'തന്നെ ഇവിടെ അപ്പോയിന്റ് ചെയ്തത് കെമിസ്ട്രി പഠിപ്പിക്കാനാണ്, താൻ അതുമാത്രം ചെയ്‌താൽ മതി, അതല്ലാതെ തുടർന്നും ഈ പരിപാടി തുടർന്നാൽ എനിക്ക് എന്തെങ്കിലും ചെയ്യേണ്ടി വരും' എന്ന് പറയുകയും ചെയ്തു.

"അങ്ങിനെയൊക്കെയുള്ള മാനസിക പീഡനങ്ങൾ ഏറെ സഹിച്ചാണ് ഞാൻ ഡയോക്സിനുകൾക്ക് എതിരെ ആവുന്നവിധത്തിലെല്ലാം നാളിതുവരെ യുദ്ധം ചെയ്തത്.

"പക്ഷെ, സദുദ്ദേശത്തോടെയുള്ള ഏതൊരു പ്രവൃത്തിയ്ക്കും ഇന്നല്ലെങ്കിൽ നാളെ പ്രതിഫലം ലഭിക്കും എന്നെനിക്ക് ഉറപ്പാക്കിയത് ഇപ്പോൾ എനിക്ക് സംഭവിച്ച  കാര്യങ്ങളാണ്. എന്റെ വാക്കുകളെ കേരളത്തിലെ ഏതാണ്ട് എല്ലാ മീഡിയയും ദൃശ്യ/പ്രിന്റ് അടക്കം ശ്രദ്ധാപൂർവ്വം ശ്രവിച്ചെന്നതും, എന്റെ വാക്കുകളെ അവർ  കേരളം മുഴുവൻ എത്തിച്ചതും, ജനം അതേറ്റെടുത്തു കഴിയുന്നിടത്തെല്ലാം ഉച്ചത്തിൽ വിളിച്ചു പറയാൻതുടങ്ങിയെന്നതും ദശകങ്ങളായി ഞാനനുഭവിച്ച മാനസിക പീഡനങ്ങൾ, നിന്ദ, സാമ്പത്തിക നഷ്ടം ഒക്കെയ്ക്കും പ്രതിഫലമായി ഞാൻ കാണുന്നു. ഇതിക്കൂടുതൽ എന്നെപ്പോലെ വളരെ ചെറിയ അറിവ് മാത്രമുള്ള ഒരാൾക്ക് എന്താണ് ലഭിക്കേണ്ടത്?

"എനിക്ക് പറയാനുള്ളതും, പ്രവർത്തിക്കാനുള്ളതും ഞാൻ ഏതാനും ദിവസങ്ങൾ കൊണ്ട് ചെയ്തുകഴിഞ്ഞു, നേരിട്ടുള്ള അഭിമുഖങ്ങൾ, TV ചർച്ചകൾ ഒക്കെയുമായി ഏതാണ്ട് സകല മലയാള ചാനലുകളിലും ഞാൻ ഇതേക്കുറിച്ചു സംസാരിച്ചു. ഏറ്റവും എളിയ പരിഹാരങ്ങളും നിർദേശിച്ചു. ഇനി ഞാൻ നിർത്തുകയാണ്.

"തലയിൽ 'കടന്നൽ കൂട്' ഉണ്ടായാലെന്നതുപോലുള്ള അവസ്ഥ  എന്റെ സമാധാന ജീവിതത്തിൽ താളഭ്രംശങ്ങൾ  ഉണ്ടാക്കാൻ തുടങ്ങി. അപ്പോഴാണ് ഈ വേതാളത്തെ തലയിൽ നിന്നിറക്കാതെ നിവൃത്തിയില്ലെന്ന് മനസ്സിലായത്. ആവശ്യത്തിനായി, തുടക്കം കുറിക്കാനായി, ഇനി അത് ചെറുപ്പക്കാർ, പണ്ഡിതർ, വിദഗ്ദർ ഒക്കെക്കൂടി മുന്നോട്ട് കൊണ്ടുപോകട്ടെ. എന്നേക്കാൾ ഇക്കാര്യത്തിൽ യോഗ്യരായ എത്രയോ മഹദ്‌വ്യക്തികൾ കേരളത്തിലുണ്ടെന്നത് എത്ര ആശ്വാസകരമായ സംഗതിയാണ്? ഇനി അവർ സംസാരിക്കട്ടെ,

"ഞാൻ 'ചിരട്ടക്കരി സിദ്ധാന്തത്തിന്റെ' കാലത്തു ജീവിക്കുന്നവനാണ്, അത് ഇന്നത്തെ പണ്ഡിതർക്ക് സ്വീകരിക്കാനാവില്ല, അവർ ബദൽ മാർഗ്ഗങ്ങളുമായി എത്തി നിങ്ങളെ രക്ഷിക്കട്ടെ.

"ഞാൻ ചെറിയ മനുഷ്യനാണ്, എന്റെ തലയും ചെറുതാണ്, ഞാൻ ഇനി എന്റെ ചെറിയ  ജീവിതത്തിലെ ചെറിയ സന്തോഷങ്ങളിലേക്ക് മടങ്ങട്ടെ,

"എന്റെ വാക്കുകളെ ശ്രദ്ധിച്ച, അതേറ്റെടുത്ത എല്ലാവരോടും എന്റെ നന്ദി. കൂപ്പുകൈ."
(ഫേസ്ബുക്കിൽനിന്ന്)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക