Image

ഫോമാ ക്യാപിറ്റൽ റീജിയൻ (2022 -2024) പ്രവർത്തന  ഉദ്ഘാടനം നാളെ

Published on 17 March, 2023
ഫോമാ ക്യാപിറ്റൽ റീജിയൻ (2022 -2024) പ്രവർത്തന  ഉദ്ഘാടനം നാളെ

വാഷിംഗ്ടൺ: ഫോമാ ക്യാപിറ്റൽ റീജിയന്റെ  2022-2024 പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മാർച്ച് 18ന് (നാളെ)  വിവിധ പരിപാടികളോടെ നടത്തും. കാബിൻ ജോൺ മിഡിൽ സ്കൂളിൽ  വച്ച് വൈകുന്നേരം 5 മണിക്കാണ്  പരിപാടി.

ഈ സന്തോഷവേളയിൽ  എത്തിച്ചേരാൻ സാധിക്കുന്ന എല്ലാ  മലയാളികളും ഇതൊരു ക്ഷണമായി സ്വീകരിക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു.

ചെണ്ടമേളത്തോടെ   ആരംഭിക്കുന്ന ചടങ്ങിൽ, 2022-24 കാലയളവിലെ   റീജിയനൽ  കമ്മിറ്റിയുടെ ആമുഖം അവതരിപ്പിക്കും.  സംഘടനകളുടെ പ്രസിഡന്റുമാരായ   പ്രീതി സുധ (കേരള അസോസിയേഷൻ ഓഫ് ഗ്രേറ്റർ വാഷിംഗ്ടൺ - കെഎജിഡബ്ല്യു), ബീന ടോമി(കേരള കൾച്ചറൽ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റൻ വാഷിംഗ്ടൺ ഡിസി-കെസിഎസ്എംഡബ്ല്യു), വിജോയ് പട്ടമ്മാടി  (കൈരളി ഓഫ് ബാൾട്ടിമോർ-കെഓബി) എന്നിവർ മുഖ്യാതിഥികളാകും. പ്രസിഡന്റുമാരോടൊപ്പം എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളെയും മറ്റ് എല്ലാ ഭാരവാഹികളെയും അംഗങ്ങളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നു.

ഫോമാ ക്യാപിറ്റൽ റീജിയൻ ആർവിപി ഡോ. മധുസൂദന നമ്പ്യാർ, നാഷണൽ കമ്മിറ്റി അംഗങ്ങളായ രാജീവ് സുകുമാരൻ, കെഒബിയിൽ നിന്നുള്ള മാത്യു വർഗീസ് (ബിജു) എന്നിവർ ഫോമാ ക്യാപിറ്റൽ റീജിയൻ കമ്മിറ്റി അംഗങ്ങളോടൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകും. ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസും മറ്റ് ദേശീയ നേതാക്കളും പരിപാടിയിൽ പങ്കെടുക്കുകയും സമ്മേളനത്തെ അഭിസംബോധന ചെയ്യുകയും ചെയ്യും.

തലസ്ഥാന നഗരിയിൽ ചെറി ബ്ലോസം ഫെസ്റ്റിവൽ നടന്നുകൊണ്ടിരിക്കുന്നതിനാൽ, വാഷിംഗ്ടൺ സന്ദർശിക്കാൻ പറ്റിയ ഏറ്റവും നല്ല സമയമാണിത്. ജപ്പാന്റെ ദേശീയ പുഷ്പമായ ചെറി പൂക്കൾ, നവീകരണത്തിന്റെയും ശുഭാപ്തിവിശ്വാസത്തിന്റെയും പ്രതീകമായാണ് കരുതപ്പെടുന്നത്.  മാർച്ച് മുതൽ ചെറി പൂക്കൾ മനംമയക്കുന്ന വസന്തം തീർക്കുന്നു. ഏപ്രിൽ 16 വരെ ആഘോഷങ്ങൾ നടക്കും.

ക്യാപിറ്റൽ റീജിയന്റെ മുൻ ആർവിപി തോമസ് ജോസിനെയും നാഷണൽ കമ്മിറ്റി അംഗം അനിൽ നായരെയും ചടങ്ങിൽ  ആദരിക്കും.

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച  കെ.സി.എസ്. വേണുഗോപാൽ കൊക്കോടന്റെ  'കൂത്താണ്ടവർ' എന്ന നോവലിന്റെ  പ്രകാശനവും നടക്കും. ജേക്കബ് പൗലോസ്, ലെൻജി ജേക്കബ്, നിഷ ചന്ദ്രൻ, ഗൗരി രാജ്, മുൻ കെഎജിഡബ്ല്യു പ്രസിഡന്റ് പ്രവീൺ കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള എന്റർടൈൻമെന്റ് ടീം വൈവിധ്യമാർന്ന വിനോദ പരിപാടികളും ഒരുക്കും.

കുട്ടികളുടെ പെയിന്റിംഗ്/സ്കെച്ചിംഗ് ടാലന്റ് ഷോ എന്നിവയും ഉണ്ടാകും. കേരള സ്റ്റൈൽ നെറ്റ്‌വർക്കിംഗ് ഡിന്നറോടെ പരിപാടി സമാപിക്കും. ഭക്ഷണം സൗജന്യമാണ്.    


# FOMAA Capital Region Activities Inauguration and Cherry Blossom

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക