Image

പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്; തീക്കട്ടയിൽ അരിക്കുന്ന പുളിയനുറുമ്പ് (ദുർഗ മനോജ് )

Published on 18 March, 2023
പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥൻ ചമഞ്ഞു തട്ടിപ്പ്; തീക്കട്ടയിൽ അരിക്കുന്ന പുളിയനുറുമ്പ് (ദുർഗ മനോജ് )

പ്രധാനമന്ത്രിക്കും, മറ്റ് മുതിർന്ന നേതാക്കൾക്കുമൊക്കെ ഇസെഡ് കാറ്റഗറി സുരക്ഷയൊരുക്കുന്ന നാടാണ് നമ്മുടേത്. ഏതു നേതാവിൻ്റെ ജീവന് എതിരായി ഭീഷണികൾ ഉയരുമ്പോഴും വിവിധ കാറ്റഗറിയിൽപ്പെട്ട സുരക്ഷ അവർക്കായി ഒരുക്കാറുണ്ട്. അതുപോലെ പ്രധാനമാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ ജീവനും. ആ പഴുത് ഉപയോഗിച്ച് ഒരു വിരുതൻ ജമ്മു കാശ്മീർ ഭരണകൂടത്തെ കബളിപ്പിച്ചിരിക്കുകയാണ്. കിരൺ ഭായ് പട്ടേൽ എന്നാണ് അയാളുടെ പേര്. ഒരു തവണയല്ല, രണ്ടു തവണ. ഗുജറാത്ത് സ്വദേശിയാണ് തട്ടിപ്പുവീരൻ. പ്രധാനമന്ത്രിയുടെ ഓഫീസിലെ അഡീഷണൽ ഡയറക്ടർ ആണു താനെന്നും ഹെൽത്ത് റിസോർട്ടുകൾ സന്ദർശിക്കാനാണു വന്നതെന്നുമാണ് അധികൃതരെ അറിയിച്ചത്. അതു പ്രകാരം ഇസെഡ് കാറ്റഗറി സുരക്ഷയും ഫൈവ് സ്റ്റാർ ഹോട്ടൽ ഫെസിലിറ്റിയും ഒരുക്കി ജമ്മു കാശ്മീർ അധികൃതർ കൂടെ നിന്നു. ഫെബ്രുവരിയിലായിരുന്നു ആദ്യ സന്ദർശനം. രണ്ടാമത്തെ സന്ദർശനം മാർച്ചിലും. രണ്ടാമത്തെ സന്ദർശനത്തിനിടെ മുതിർന്ന ഐ എ എസ് ഓഫീസർക്കു തോന്നിയ സംശയമാണ് തട്ടിവു വീരൻ്റെ കഥ പുറത്തറിയാൻ കാരണമായത്. സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്ന ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യമങ്ങളിൽ ഇയാൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഈ സംഭവത്തിൻ്റെ ഗൗരവം വർദ്ധിപ്പിക്കുന്ന കാര്യം, ഇയാൾ അതിർത്തി പോസ്റ്റിൽ വരെ സന്ദർശനം നടത്തിയിട്ടുണ്ട് എന്നതാണ്. ഗുജറാത്തിൽ നിന്നും കൂടുതൽ വിനോദസഞ്ചാരികളെ കാശ്മീരിൽ എത്തിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ച് ജമ്മു കാശ്മീർ ഉദ്യോഗസ്ഥരുമായി പട്ടേൽ ചർച്ച ചെയ്തു.

ഡോ.കിരൺ ജെ പട്ടേൽ എന്നാണ് അയാളുടെ ട്വിറ്ററിലെ പേര്. കോമൺവെൽത്ത് സർവകലാശാലയിൽ നിന്നു പി എച്ച് ഡി എടുത്തു എന്നാണ് ട്വിറ്റർ ബയോയിൽ പറയുന്നത്. ട്രിച്ചിഐ ഐ എമ്മിൽ നിന്നും എംബിഎ പൂർത്തിയാക്കിയതായും പട്ടേൽ അവകാശപ്പെടുന്നുണ്ട്. പട്ടേലിൻ്റെ വെരിഫൈഡ് ട്വിറ്റർ അക്കൗണ്ട് പിന്തുടരുന്നതിൽ ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറിയും ഉൾപ്പെടുന്നു.
ഏതായാലും പലനാൾ കള്ളൻ ഒടുവിൽ വലയിൽ കുടുങ്ങിയിരിക്കുന്നു. പത്തു ദിവസം മുൻപാണ് ഇയാൾ പിടിയിലായത്. കിരൺ ഭായ് പട്ടേലിനെ കോടതി ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടതോടെയാണ് പുറംലോകം കാര്യമറിയുന്നത്.
ഇയാളെ തിരിച്ചറിയുന്നതിൽ വീഴ്ച പറ്റിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി ആരംഭിച്ചിട്ടുണ്ട്.
ഒന്നു പറയാം, സുരക്ഷകൾ എത്ര കർശനമാക്കുമ്പോഴും പഴുതുകൾ അത്ര തന്നെ തുറന്നു കിടപ്പുണ്ട്, പട്ടേലിനെപ്പോലുള്ളർ അതു കണ്ടെത്തുന്നു. രാജ്യത്തിൻ്റെ ഭാഗ്യം കൊണ്ട് പിടിക്കപ്പെടുന്നു.

# An official in the Prime Minister's office cheated

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക