Image

ഭരതം ഡാന്‍സ് അക്കാഡമിയുടെ വാര്‍ഷികാഘോഷം; നൃത്തകലയുടെ ശ്രീകോവിലകം  വിളക്കി.

പി ഡി ജോര്‍ജ് നടവയല്‍ Published on 18 March, 2023
ഭരതം ഡാന്‍സ് അക്കാഡമിയുടെ വാര്‍ഷികാഘോഷം; നൃത്തകലയുടെ ശ്രീകോവിലകം  വിളക്കി.

ഫിലഡല്‍ഫിയ: 'നൃത്ത വര്‍ഷിണി' അവാര്‍ഡ് ജേതാവ് നിമ്മീ റോസ് ദാസ് നേതൃത്വം നല്‍കുന്ന,  ഭരതം ഡാന്‍സ് അക്കാഡമിയുടെ വാര്‍ഷികാഘോഷം, ഫിലഡല്‍ഫിയയില്‍ നൃത്തകലയുടെ ശ്രീകോവിലകം  വിളക്കി.


പ്രായഭേദമെന്യേ എണ്‍പതു വിദ്യാര്‍ത്ഥിനികള്‍ ഭരതനാട്യം, കഥക്, കുച്ചുപ്പുടി, മോഹിനിയാട്ടം എന്നീ നൃത്തരൂപങ്ങളാടി അരങ്ങു വാണു. സിനിമാറ്റിക് ഡാന്‍സുകളുമുണ്ടായിരുന്നു. പതിനാറ് ഡാന്‍സ് ഇനങ്ങളാണ് മനം കവര്‍ന്നാടിയത്. നൃത്തങ്ങള്‍ക്ക് നിമ്മീറോസ് കൊറിയോഗ്രഫി നിര്‍വഹിച്ചു.  കെയ്റ്റ്‌ലിന്‍ദാസ് അമേരിക്കന്‍ ദേശീയഗാനവും, ജെയ്‌സണ്‍ ഫിലിപ് ഭരതീയ ദേശീയഗാനവും ആലപിച്ചു.  ജെയ്‌സണ്‍ ഫിലിപ്പിന്റെ ഗാനാലാപങ്ങളുമുണ്ടായിരുന്നു. ജിജു മാത്യൂ , നെഡ് ദാസ് എന്നിവര്‍ ഛായാഗ്രഹണം ചെയ്തു. ഫിലഡല്‍ഫിയയിലെ നോര്‍ത്ത് ഈസ്റ്റ് ക്‌ളീന്‍ലൈഫ് തീയേറ്ററിലായിരുന്നു ഭരതം ഡാന്‍സ് അക്കാഡമിയുടെ 2023 വര്‍ഷത്തെ വാര്‍ഷികാഘോഷങ്ങള്‍ നടന്നത്.


നൃത്ത ശിക്ഷണത്തിലൂടെ കലാകാരികള്‍ക്ക് ബഹുമുഖ ബുദ്ധി പ്രാവീണ്യമാണ് നിമ്മീറോസ് ദാസ് ലഭ്യമാക്കുന്നതെന്ന് വിദ്യാര്‍ത്ഥിനികളുടെ മാതാപിതാക്കള്‍ ആസ്വാദന ചര്‍ച്ചയില്‍ പറഞ്ഞു. 

നാട്യശാസ്ത്രത്തില്‍ പറയുന്ന ആംഗികം, വാചികം, ആഹാര്യം, സാത്വികം, ഹസ്തമുദ്ര, പതാകം, ത്രിപതാകം, കര്‍ത്തരീമുഖം, അര്ദ്ധചന്ദ്രം, അരാളം, ശുകതുണ്ഡം, മുഷ്ടി, ശിഖരം, കപിന്ഥം, സൂചീമുഖം, പത്മകോശം, സര്‍പ്പശിരസ്സ്, മൃഗശീര്‍ഷം, കാംഗുലം, അലപത്മം, ചതുരം, ഭ്രമരം, ഹംസാസ്യം, ഹംസപക്ഷം, സന്ദംശം, മുകുളം, ഊര്‍ണ്ണനാഭം, താമ്രചൂഡം, എന്നിങ്ങനെ ഒരു കൈകൊണ്ട് കാണിക്കുന്ന 24 അസംയുക്ത മുദ്രകളും;  അഞ്ജലി, കപോതം, കര്‍ക്കടം, സ്വസ്തികം, കടകാവര്‍ദ്ധമാനം, ഉത്സംഗം, നിഷധം, ദോളം, പുഷ്പപുടം, മകരം, ഗജദന്തം, അവഹിത്ഥം, വര്‍ദ്ധമാനം എന്നിങ്ങനെ രണ്ട് കൈകൊണ്ട് കാണിക്കുന്ന 13 സംയുക്ത മുദ്രകളും കലാകാരികള്‍ നിമ്മിയില്‍ നിന്ന് അഭ്യസ്സിച്ചവതരിപ്പിച്ചു.


ഒമ്പതു മുഴം കസവു സാരി ഞൊറിവച്ചുടുത്ത് അരയില്‍ ഓഡ്യാണം കെട്ടി, കസവുകര വച്ച ബ്‌ളൗവുസ് ധരിച്ച്, തലമുടി ഇടതുഭാഗവച്ചു വട്ടക്കെട്ടുകെട്ടി പൂമാല കൊണ്ടലങ്കരിച്ച്, നെറ്റിയില്‍ ചുട്ടിയും, കാതില്‍ തോടയും, കഴുത്തില്‍ കാശുമാലയും,പൂത്താലിമാലയും അണിഞ്ഞ്, മുഖത്ത് ചായം തേച്ച്  രംഗത്തെത്തിയ മോഹിനിയാട്ട നര്‍ത്തകി ചൊല്‍ക്കെട്ട്, ജതിസ്വരം, വര്‍ണ്ണം, പദം, തില്ലാന, എന്നിങ്ങനെ മോഹിനിയാട്ടത്തിന്റെ  അവതരണ ഭംഗികളാല്‍ നൃത്താസ്വാദകരില്‍ നിമ്മീ ദാസിന്റെ അദ്ധ്യാപന മികവിന് തങ്കവര്‍ണ്ണമേകി.

ഭാഷാപരമായ ബുദ്ധി (നൃത്തവുമായി ബന്ധപ്പെട്ട പശ്ചാത്തല ഗാനങ്ങള്‍ വിശകലനം ചെയ്യുന്നതിലൂടെയും, സാഹിത്യാര്‍ത്ഥങ്ങള്‍ ബോദ്ധ്യപ്പെടുന്നതിലൂടെയും, മുദ്രകളെയും ഭാവങ്ങളെയും പ്രകടിപ്പിക്കുന്നതിനുള്ള കഴിവ്), ദൃശ്യസ്ഥലപരമായ ബുദ്ധി (സ്റ്റേജിന്റെ വിസ്തൃതി മനസ്സിലാക്കിയുള്ള ചുവടു വയ്പുകള്‍, വെളിച്ചം വിതാനം എന്നിവയ്ക്കനുസരണമായി നൃത്തം ക്രമീകരിക്കുവാനുള്ള കഴിവ്), ഗണിതപരവും യുക്തിചിന്താപരവുമായ ബുദ്ധി (താളം, മാത്ര, ചുവട്, മുദ്രകള്‍ എന്നിവ ക്രമബദ്ധമായി അവതരിപ്പിക്കുമ്പോഴും ആസ്വദിക്കുമ്പോഴും പ്രയോഗിക്കുന്ന ബുദ്ധി), സംഗീതപരമായ ബുദ്ധി (പിന്നണി, താളം, മേളം, ഗാനം ഇവയുടെ ആസ്വാദനത്തിലൂടെ പ്രയോഗിക്കുന്ന ബുദ്ധി),  കായിക ബുദ്ധി (നൃത്തപ്രകടനത്തിലെ അഭ്യാസ്സം, അടവുകള്‍, ചലനം, മുദ്രകള്‍, ചടുലത, തുടങ്ങിയ കായിക വികാസബുദ്ധി), ആന്തരിക- വൈയക്തിക ബുദ്ധി (നൃത്താഭ്യാസവും, അവതരണവും, ആസ്വാദനവും തനത് ശൈലിയിലുള്ള പ്രകടനത്തിനും മനോധര്‍മ്മാഭിനയത്തിനും മറ്റും പ്രയോഗിക്കുമ്പോഴുള്ള ബുദ്ധി), വ്യക്ത്യാന്തര ബുദ്ധി (നൃത്ത വേദികളില്‍ വ്യത്യസ്ത ശൈലികളിലും സമ്പ്രദായത്തിലുമുള്ള നൃത്താവതരണ രീതികള്‍ പരിചയപ്പെടുത്തുന്നതിലൂടെ പ്രയോഗിക്കുന്ന ബുദ്ധി),  പ്രകൃതിപരമായ ബുദ്ധി (പ്രകൃതിയുടെ ജൈവികമായ താളം തിരിച്ചറിഞ്ഞ് നൃത്തപ്രകടനത്തിലും ആസ്വാദനത്തിലും പ്രയോഗിക്കുന്ന ബുദ്ധി), അസ്തിത്വപരമായ ബുദ്ധി (പ്രകടനത്തിലൂടെയും, ആസ്വാദനത്തിലൂടെയും അവനവനെക്കുറിച്ച് അവബോധം ഉളവാക്കുന്നതിനുള്ള കഴിവ്) എന്നിങ്ങനെയുള്ള ബഹുമുഖ ബുദ്ധി പ്രാവീണ്യമാണ് നവകലാകാരികളില്‍ നൃത്ത ഗുരു എന്ന നിലയില്‍ നിമ്മീ റോസ് ദാസ് സമൃദ്ധമാക്കുന്നത് എന്ന് ആസ്വാദകര്‍ നന്ദിപത്രങ്ങളില്‍ കുറിച്ചു വച്ചു.

പി ഡി ജോര്‍ജ് നടവയല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക