Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 18 March, 2023
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - ശനിയാഴ്ച (ജോബിന്‍സ്)

ബ്രഹ്‌മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പറേഷന് 100 കോടി രൂപ പിഴ ചുമത്തി ദേശീയ ഹരിത ട്രൈബ്യൂണല്‍. ഒരു മാസത്തിനുള്ളില്‍ ചീഫ് സെക്രട്ടറി മുന്‍പാകെ തുക കെട്ടിവയ്ക്കണം. ദുരന്തംമൂലമുണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തുക ഉപയോഗിക്കണമെന്നാണ് നിര്‍ദ്ദേശം. വായുവില്‍ മാരക വിഷപദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണം. സംഭവത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം എന്തുകൊണ്ട് സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലന്ന് എന്‍ ജി ടി ചോദിച്ചിട്ടുണ്ട്.
*********************************************
ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധിച്ച 100 കോടി രൂപ പിഴയടയ്ക്കാനുള്ള സാമ്പത്തിക ശേഷി കൊച്ചി കോര്‍പറേഷനില്ലെന്ന് മേയര്‍ എം. അനില്‍കുമാര്‍. ട്രൈബ്യൂണല്‍ വിശദമായ വാദം കേട്ടിട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
*******************************************
സച്ചിന്‍ ദേവ് എംഎല്‍എയ്ക്കെതിരെ പരാതിയുമായി കെ.കെ. രമ എംഎല്‍എ. നിയമസഭയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെ അടക്കം വ്യാജപ്രചരണം നടത്തുന്നുവെന്നാണ് പരാതി. സൈബര്‍ സെല്ലിനാണ് പരാതി നല്‍കിയിരിക്കുന്നത്.സമൂഹ മാധ്യമങ്ങളില്‍ തന്നെ അപമാനിക്കുന്നു എന്നു കാട്ടി സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരാതി നല്‍കിയിരിക്കുന്നത്. അപവാദ പ്രചരണമാണ് നടക്കുന്നതെന്നും രമ ആരോപിക്കുന്നു. ഇതിനിടെ കെ.കെ. രമയുടെ കൈയ്ക്ക് പൊട്ടലില്ലെന്നും പറയുന്നത് കള്ളമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. 
******************************************
തിരുവനന്തപുരം ലോ കോളേജില്‍ എസ്എഫ്ഐ അധ്യാപകര്‍ക്കെതിരെ നടത്തിയ അതിക്രമത്തെ തള്ളി പാര്‍ട്ടി. ലോ കോളേജിലെ എസ്എഫ്ഐ സമരത്തെ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് രംഗത്ത് വന്നത്. ലോകോളേജിലെ സമര രീതിയോട് യോജിപ്പില്ല. ജനാധിപത്യപരമായി സമരം ചെയ്യണം. നടന്നത് എന്താണെന്ന് എസ് എഫ് ഐ ക്കാരോട് ചോദിച്ചിട്ട് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
****************************************
നിയമസഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രശ്‌നങ്ങള്‍ നീട്ടിക്കൊണ്ട് പോകണമെന്ന് പ്രതിപക്ഷത്തിന് ആഗ്രഹമില്ലെന്നും പക്ഷം മുഖ്യമന്ത്രിയുടെ തന്നിഷ്ടം നടക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി. 
***********************************
വിവാദമായ കണ്ണൂര്‍ വൈദേകം റിസോര്‍ട്ടിനെതിരായ പരാതിയില്‍ അന്വേഷണം തുടരാന്‍ വിജിലന്‍സ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്തതക്കായി വിദഗ്ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അന്വേഷണ സംഘം വിജിലന്‍സ് ഡയറക്ടറുടെ അനുമതി തേടും. റിസോര്‍ട്ട് നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോബിന്‍ ജേക്കബ് നല്‍കിയ പരാതിയിലായിരുന്നു വിജിലന്‍സ് സംഘം കഴിഞ്ഞ ദിവസം മൊറാഴയിലെ വൈദേകം റിസോര്‍ട്ടില്‍ പ്രാഥമിക പരിശോധന നടത്തിയത്.
***********************************
ജമാ അത്തെ ഇസ്ലാമിയുമായി ആര്‍എസ്എസ് ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ആര്‍എസ്എസ്. ഡല്‍ഹിയില്‍ വച്ച് മുസ്ലീം സംഘടനകളുമായി ചര്‍ച്ച നടത്തിയപ്പോള്‍ അതില്‍ ജമാ അത്തെ ഇസ്ലാമിയുടെ പ്രതിനിധിയും ഉണ്ടായിരുന്നുവെന്നും തീവ്ര നിലപാടുകള്‍ ഉപേക്ഷിച്ചാല്‍ മാത്രമെ ജമാ അത്തെ ഇസ്ലാമിയുമായി ചര്‍ച്ചയുള്ളുവെന്നും ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. എന്നാല്‍ മുസ്ലീം ലീഗ് തീവ്രനിലപാടുള്ള സംഘടനയല്ലെന്നും ജനാധിപത്യ സംഘടനയായാണ് അവരെ കാണുന്നതെന്നും നേതാക്കള്‍ പറഞ്ഞു. 
************************************
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും സമാജ് വാദി പര്‍ട്ടി നേതാവ് അഖിലേഷ് യാദവും കൈകോര്‍ക്കുന്നു. അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ക്കെതിരെ സഖ്യമായി മുന്നോട്ടു പോകാനാണ് ഇരുവരുടേയും തീരുമാനം. കോണ്‍ഗ്രസിനെ ഒഴിവാക്കിയുള്ള നീക്കത്തില്‍ ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെയും കൂടെ നിര്‍ത്തിയേക്കും. കൊല്‍ക്കത്തയില്‍ മമതയുമായി അഖിലേഷ് യാദവ് ഇന്നലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. മാര്‍ച്ച് 23നാണ് നവീന്‍ പട്‌നായികുമായുള്ള മമതയുടെ കൂടിക്കാഴ്ച്ച.
**************************************

main news - kerala - india 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക