Image

കുടുംബനാഥന്‍ കുടുംബം നോക്കണം; ഇല്ലെങ്കില്‍ ഭാര്യക്കു നല്‍കേണ്ടി വരുന്ന നഷ്ട പരിഹാരം നിസ്സാര തുകയാവില്ല (ദുര്‍ഗ മനോജ് )

ദുര്‍ഗ മനോജ് Published on 18 March, 2023
കുടുംബനാഥന്‍ കുടുംബം നോക്കണം; ഇല്ലെങ്കില്‍ ഭാര്യക്കു നല്‍കേണ്ടി വരുന്ന നഷ്ട പരിഹാരം നിസ്സാര തുകയാവില്ല (ദുര്‍ഗ മനോജ് )

സ്വന്തം വീട്ടില്‍ പണിയെടുക്കുക എന്നത് സ്ത്രീകളുടെ മേല്‍ കാലാകാലങ്ങളായി പറഞ്ഞുറപ്പിച്ചിട്ടുള്ള കാര്യമാണ്. ബെഡ് കോഫി മുതല്‍ അത്താഴം വരെ, പാത്രം കഴുകലും വീടു ക്ലീനിങ്ങും തുണി അലക്കലും കുഞ്ഞുങ്ങളെ നോക്കലും ഒക്കെ പെണ്ണുങ്ങള്‍ക്ക് എക്‌സ്‌ക്ലൂസീവ് ആയി നല്‍കിയിരിക്കുന്ന ചുമതലകളാണ്. അതിന് അവര്‍ക്ക് ശമ്പളം കൊടുക്കണമെന്നു വാദിച്ചാല്‍ സ്വന്തം വീട്ടിലെ ജോലി നാട്ടുകാരുവന്നു ചെയ്യുമോ എന്ന മറുവാദം വരും.എന്നാല്‍ നമ്മുടെ നാട്ടില്‍ നിന്നല്ലെങ്കിലും നീതിയുടെ ഒരു ശബ്ദം പുറഞ്ഞു വന്നിരിക്കുന്നു. സ്‌പെയിനിലെ ഒരു കോടതിയാണ് സ്ത്രീയുടെ ആരും ഒരു രൂപയ്ക്കും വകകൊള്ളിക്കാത്ത ജോലികള്‍ക്കു വില കല്‍പ്പിച്ചിരിക്കുന്നത്. ആ കേസ് ഇങ്ങനെയാണ്.

ഇവാന മോറല്‍ എന്ന സ്ത്രീയുടെ പരാതിയില്‍ ഡൈവോഴ്‌സ് സെറ്റില്‍മെന്റില്‍ 1.79 കോടി രൂപ (180000 പൗണ്ട് ) നല്‍കണമെന്ന് ഭര്‍ത്താവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.. രണ്ടു മക്കളുടെ അമ്മയായ ഇവാന രണ്ടര പതിറ്റാണ്ടുകാലമായി വീട്ടുജോലികള്‍ തനിച്ചാണ് ചെയ്തു വരുന്നത്. ഏറ്റവും കുറഞ്ഞ വേതനം കണക്കാക്കി 25 വര്‍ഷത്തെ ശമ്പളമാണ് കോടതി കണ്ടെത്തിയ തുക.

അവര്‍ വീട്ടുകാര്യങ്ങളും കുടുംബ കാര്യങ്ങളും നോക്കാന്‍ 25 വര്‍ഷം ചെലവിട്ടുവെന്നും, അതിനാല്‍ മറ്റൊരു ജോലിക്കു പോകാനോ സമ്പാദിക്കാനോ സാധിച്ചില്ല എന്നും കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് ഒരു ചെറിയ സഹായം പോലും നല്‍കിയതുമില്ല. അവര്‍ സ്വയം എല്ലാ ജോലികളും ചെയ്യണമെന്ന് ഭര്‍ത്താവിനു നിര്‍ബന്ധമായിരുന്നു. അവര്‍ അങ്ങനെ തുടര്‍ന്നതുകൊണ്ടു മാത്രമാണ് ഭര്‍ത്താവിന് പൂര്‍ണമായും ബിസിനസില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞതും അവയ്ക്ക് വലിയ വളര്‍ച്ച നേടാനായതും. വിവാഹമോചന സമയത്ത് ഇരു കക്ഷികളും സ്വയം സമ്പാദിച്ച സ്വത്തുക്കള്‍ അവനവന് എടുക്കാം എന്നായിരുന്നു തീര്‍പ്പ്. എന്നാല്‍ വീട്ടുകാര്യം നോക്കിയിരുന്ന ഇവാനയുടെ കീശ കാലി ആയിരുന്നു. അങ്ങനെയാണ് നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവായത്.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക