Image

പൂക്കള്‍ (കവിത: ദീപ ബിബീഷ് നായര്‍)

ദീപ ബിബീഷ് നായര്‍ Published on 18 March, 2023
പൂക്കള്‍ (കവിത: ദീപ ബിബീഷ് നായര്‍)

വിണ്ണിലെപ്പൊന്‍താരകള്‍
മണ്ണില്‍വീണതു പോലെയാ
മുറ്റത്തെ കിളിമാവിലല്ലോ
മുല്ലമൊട്ടിന്‍ പുഞ്ചിരി

രാഗദേവനുദിച്ചുയരാന്‍
കാത്തിരിക്കും കാമിനി
ദേവസുന്ദരി പോലെയല്ലോ
ദീപമായ് പാരിജാതവും

അതിരുതോറും കഥ പറഞ്ഞാ
അഞ്ചിതള്‍പ്പൂ ചെമ്പരത്തി
അന്നുമിന്നും കന്യയായി
കാത്തിരിപ്പുവതാരെയോ ?

കാതിലോലക്കമ്മലായി
സൂര്യകാന്തിപ്പൈതലായ്
പാതയോരമടക്കിയവളാ
അമ്മിണിപ്പൂ സുന്ദരീ

സുഗന്ധമേറും രാജ്ഞിയായി
പിച്ചകപ്പൂ മലരുകള്‍
തളിരിലക്കൈത്തുമ്പിലായ്
 ഇതള്‍ വിടര്‍ത്തിവിളിച്ചുവോ ?

രക്തമല്ലികയെന്നു നാമം
ചേര്‍ത്തുവച്ചൊരു സുന്ദരി
വാടുകില്ലദിനങ്ങളേറെ
നിത്യ യൗവന രാഗിണി

ഒരുമയോടവര്‍ കുഞ്ഞുപൂക്കള്‍
ഒന്നു ചേര്‍ന്നൊരു കൂട്ടിലായ്
ചെത്തി പൂത്തൊരുചേലുകണ്ടാല്‍
നേത്രസുഖമതി സുന്ദരം

കണ്ടിരിക്കാം ചെണ്ടിലായ്
ചുണ്ടിലോളച്ചിരിയുമായ്
പണ്ടു കണ്ടു മറന്നൊരാ
ചെണ്ടുമല്ലിപ്പൂവിനെ

അരളി , ചെമ്പക മലരുകള്‍
അരികിലെത്തും വണ്ടുകള്‍
പഴമ കാക്കും പൂക്കളല്ലോ
വനികളില്‍ നിറകതിരുപോല്‍

പുതുമയോടിന്നോര്‍ക്കിഡും
പലനിറങ്ങളില്‍ വന്നിതാ
പനിനീര്‍ ചുരത്തും പൂവിനിന്നും
പകരമാകില്ലൊന്നുമേ ....

 

Join WhatsApp News
Joy parippallil 2023-03-20 23:28:13
ഒരുപിടി പൂക്കൾ കൊണ്ടുവന്നതിന് നന്ദി. ചിലപ്പൂക്കൾക്ക്‌ നല്ല സുഗന്ധവും സൗന്ദര്യവും തോന്നി. ചിലതിന് സൗന്ദര്യമുണ്ട് പക്ഷേ സുഗന്ധം അനുഭവപ്പെട്ടില്ല..!! മറ്റു ചിലതിന് സുഗന്ധമുണ്ട് പക്ഷേ സൗന്ദര്യമില്ല ...!! പൂക്കുട്ടയിൽ പൂക്കൾ ശേഖ രിക്കുമ്പോൾ നല്ല മണവും നിറവുമുള്ളത് തിരഞ്ഞെടുക്കുമല്ലോ..!!🙏
Jayan varghese 2023-03-21 13:14:59
തിരുനെറ്റിയിൽ ചന്ദ്ര തിലകക്കുറി, കരിമേഘ വാർമുടി കനകാംബരം, കുടമുല്ലക്കുല വീണു ചിതറിയ നക്ഷത്ര - ക്കടവിലെ പെണ്ണിവൾ പ്രിയ ഭൂമിയാൾ ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക