Image

പ്രതിച്ഛായ മെച്ചപ്പെടുത്താനോ അതോ വെറും മുഖംമൂടി മാത്രമോ ചൈനയുടെ നയതന്ത്ര വേഷം 

പി പി മാത്യു  Published on 18 March, 2023
പ്രതിച്ഛായ മെച്ചപ്പെടുത്താനോ അതോ വെറും മുഖംമൂടി  മാത്രമോ ചൈനയുടെ നയതന്ത്ര വേഷം 

 

ചൈനയുടെ പുതിയ നയതന്ത്ര പാത സൗദി-ഇറാൻ വഴി റഷ്യയിലേക്കു നീളുമ്പോൾ അന്താരാഷ്ട്ര നയതന്ത്ര രംഗത്തു നേതൃത്വം കൈയ്യടക്കാനുള്ള ആഗ്രഹം അവർക്കു ഒളിച്ചു വയ്ക്കാൻ കഴിയുന്നതല്ല. സർവം സംഹാരിയായ ആയുധങ്ങളും കരുത്തും സംഖ്യാബലവും ഏറെയുള്ള സൈനിക സന്നാഹവുമുള്ള രാജ്യം നയതന്ത്രത്തിലേക്കു ഗൗരവമായി കാൽ വയ്ക്കുമ്പോൾ മറ്റെന്താണ് ചിന്തിക്കാൻ കഴിയുക. എന്നാൽ അതു കേവലമൊരു മുഖം മൂടി മാത്രമാവുമോ എന്ന ചോദ്യവും അവഗണിക്കേണ്ടതില്ല. ഇന്ത്യക്കു തന്നെ ഓർമയിൽ ഉണ്ടല്ലോ പഴയ 'ഭായ് ഭായ്.' 

മധ്യ പൂർവ ദേശത്തു ബദ്ധശതൃക്കളായ രാജ്യങ്ങളാണല്ലോ സുന്നി ഇസ്ലാമിന്റെ പരമാധികാര കേന്ദ്രങ്ങൾക്കു ആതിഥേയത്വം അരുളുന്ന സൗദി അറേബ്യയും ഷിയാ ഇസ്ലാമിന്റെ ശക്തി കേന്ദ്രമായ ഇറാനും. ഇടയ്ക്കിടെ കൈ കൊടുക്കുകയും അധികം വൈകാതെ കലഹിക്കുകയും ചെയ്യുന്ന ചരിത്രമാണ് അവർക്കുള്ളത്. ചൈനയുടെ മധ്യസ്ഥതയിൽ ഇപ്പോഴുണ്ടാക്കിയ സമാധാന കരാറിനും അത്രയൊക്കെ പ്രതീക്ഷിച്ചാൽ മതിയെന്ന അഭിപ്രായം അസ്ഥാനത്തല്ല. പക്ഷെ കരാർ ചരിത്രം സൃഷ്ടിക്കുന്നു എന്നു പറയാതെ വയ്യ. കാരണം ചൈന മധ്യസ്ഥനായി എന്നതു തന്നെ. 

ഏഴു വർഷം മുൻപ് മുറിഞ്ഞു പോയ നയതന്ത്ര ബന്ധങ്ങൾ പുനഃസ്ഥാപിക്കും എന്നാണ് പറയുന്നത്. കഴിഞ്ഞ വര്ഷം ഏപ്രിലിൽ ആരംഭിച്ചതാണ് ചർച്ചകൾ. ഡിസംബറിൽ ഷി ഇറാൻ സന്ദർശിക്കയും പിന്നീട് ഇറാൻ പ്രസിഡന്റ് ചൈന സന്ദർശിക്കയും ചെയ്തു. 

റഷ്യക്കും ഈ സംഭവം സാധ്യമാക്കാൻ കഴിയുമായിരുന്നു എന്നത് ഓർക്കുമ്പോഴാണ് അതിന്റെ പ്രാധാന്യമേറുന്നത്. സൗദിയിലും ഇറാനിലും ഭരണകൂടങ്ങളിൽ ഉറച്ച ബന്ധങ്ങളുള്ള റഷ്യ എന്തു കൊണ്ട് അതു ചൈനയ്ക്കു വിട്ടു കൊടുത്തു എന്ന ചോദ്യം പ്രസക്തമാണ്. 

റഷ്യ-ചൈന ബന്ധങ്ങളിലെ അടിയൊഴുക്കുകൾ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകാറുണ്ട്. റഷ്യയുടെ യുക്രൈൻ ആക്രമണത്തെ അപലപിച്ചിട്ടില്ലെന്കിലും സൈനിക സഹായം നൽകില്ല എന്നതാണ് ചൈനയുടെ പരസ്യമായ നിലപാട്. പണ്ടത്തെ സോവിയറ്റ് യൂണിയന്റെ അവശിഷ്ടമാണ് റഷ്യ എന്നതു കമ്മ്യൂണിസ്റ്റ് ചൈനയ്ക്കു വലിയൊരു വിഷയമല്ല. ആക്രമണത്തിനു കരുത്തു പകർന്നു കൊടുത്തു എന്ന ആക്ഷേപത്തിനു വഴിവയ്‌ക്കേണ്ട എന്നതാവാം ആ നിലപാടിന്റെ ലക്‌ഷ്യം എന്നു കരുതാം. എന്നാൽ ഇപ്പോൾ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ചൈന മുൻകൈയെടുക്കുമ്പോൾ ആ നിലപാടിന്റെ അർധം കൂടുതൽ തെളിഞ്ഞു വരുന്നു. 

ആയുധം കൊടുക്കുന്നവന് എങ്ങിനെ മധ്യസ്ഥനാവാൻ കഴിയും. വിശ്വസ്‌തനായ മധ്യസ്ഥനാണ് എന്ന സൂചന നൽകിയാണു ചൈന മുൻപോട്ടു നീങ്ങുന്നത്. സൗദി-ഇറാൻ കരാർ തന്നെ സാക്ഷ്യപത്രം. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് താമസിയാതെ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിനെ കാണുമ്പോൾ യുക്രൈനുമായി സമാധാന ചർച്ച നടത്താൻ ആഹ്വാനം ചെയ്യും. ചർച്ചകൾക്കു ചൈന തന്നെ അരങ്ങൊരുക്കുകയും ചെയ്യും.

എന്നാൽ റഷ്യയുടെ വ്യവസ്ഥകൾ അനുസരിച്ചു ഒത്തുതീർപ്പുണ്ടാക്കാൻ യുക്രൈൻ തയ്യാറാവും എന്നു വിശ്വസിക്കാൻ ന്യായമില്ല. അമേരിക്കയും മറ്റു പാശ്ചാത്യ ശക്തികളും യുക്രൈനു പല്ലും നഖവും നൽകുമ്പോൾ എന്തിനു റഷ്യ ആവശ്യപ്പെടുന്ന ഭൂപ്രദേശങ്ങൾ വിട്ടു കൊടുത്തു സമാധാനം ഉണ്ടാക്കാൻ യുക്രൈൻ തയാറാവണം. 

ആ സംരംഭം എളുപ്പമല്ലെന്നു ചൈനയ്ക്ക് അറിയാമല്ലോ. അപ്പോൾ പിന്നെ എന്തിനു അവർ ഇറങ്ങിത്തിരിച്ചു എന്ന ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ രണ്ടു കാര്യങ്ങൾ ഓർക്കണം. ഒന്ന്, നയതന്ത്ര വൈദഗ്ധ്യം ലഭ്യമാണ് എന്നു ലോകത്തെ അറിയിച്ചു ഇല്ലാത്ത തിളക്കം നേടിയെടുക്കുക. രണ്ടാമത്തെ സാധ്യതയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്: സമാധാന ചർച്ചയ്ക്കു മുൻകൈയെടുക്കാൻ പുട്ടിൻ ഷിയോടു അഭ്യർഥിച്ചിരിക്കാം.  

മധ്യപൂർവ ദേശത്തെ ചില പ്രാദേശിക മാധ്യമങ്ങളെങ്കിലും മുന്നോട്ടു വയ്ക്കുന്ന ഒരു വ്യാഖ്യാനം സൗദി-ഇറാൻ കരാർ ചൈനയ്ക്കു പുട്ടിൻ വിട്ടുകൊടുത്തെന്നും മധ്യസ്ഥൻ എന്ന നിലയ്ക്കു ചൈനയുടെ പ്രതിച്ഛായ ഉയർത്താൻ വേണ്ടി ചെയ്തതാണ് എന്നുമാണ്. സദാ ഗൂഢാലോചനാ  സിദ്ധാന്തങ്ങളിൽ അഭിരമിക്കുന്ന രീതി ഈ മാധ്യമങ്ങളിൽ ഒരു വിഭാഗത്തിനുണ്ട് എന്നങ്ങു കരുതി അതു തള്ളിക്കളയുകയും വേണ്ട. 

യുദ്ധം റഷ്യയ്ക്കു മടുത്തെന്നും അപ്രതീക്ഷിത തിരിച്ചടികൾ പുട്ടിന്റെ നില പരുങ്ങലിലാക്കി എന്നുമുള്ള വാദങ്ങൾ തെല്ലും അസ്ഥാനത്തല്ല എന്നതു രഹസ്യമൊന്നുമല്ല. യുദ്ധത്തിൽ പ്രതീക്ഷിച്ച പുരോഗതി കൈവരിച്ചില്ല എന്നത് ഒരു കാര്യം. ലക്ഷത്തോളം സൈനികർ കൊല്ലപ്പെട്ടത് രാജ്യത്തു ഉണർത്തുന്ന അസ്വസ്ഥത മറ്റൊന്ന്. സാമ്പത്തിക കെടുതി ഒഴിവാക്കാൻ കഴിയാതെ വരും എന്ന സത്യവും ബാക്കി. അപ്പോൾ സമാധാന ചർച്ച ആവശ്യമായി എന്ന തോന്നലിൽ പുട്ടിൻ അങ്ങിനെയൊരു നീക്കം നടത്താൻ ഷിയോടു നിർദേശിച്ചാൽ അതിൽ അത്ഭുതപ്പെടേണ്ടതില്ല. 

എന്തായാലും ചൈന ഇപ്പോൾ യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ പുറപ്പെടുകയാണ്. അതിന്റെ സാദ്ധ്യതകൾ ഇപ്പോൾ ചർച്ച ചെയ്യാത്തത് ഒരു തുടക്കം കുറിക്കാൻ പോലും ഏറെ കാലമെടുക്കും എന്നതു കൊണ്ടാണ്. പേശീബലം ഇടയ്ക്കിടെ കാട്ടി മുടിഞ്ഞു പോയ തറവാട്ടിലെ അംഗങ്ങളെ സുഖിപ്പിക്കാൻ ശ്രമിക്കുന്ന റഷ്യൻ നേതാവ് അതിനിടെ ഒരു വെടിനിർത്തൽ പോലും പൂർണമായി നടപ്പാക്കാനും പോകുന്നില്ല. 

തിങ്കളാഴ്ച മോസ്കോയിൽ എത്തുന്ന പുട്ടിന്റെ സന്ദർശനം ഒറ്റ വാചകത്തിൽ ഒതുക്കാമെന്നാണ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ വെള്ളിയാഴ്ച പറഞ്ഞത്: "സമാധാനത്തിനു ആഹ്വാനം ചെയ്യുകയും ചർച്ചകൾക്കു വഴിയൊരുക്കുകയും ചെയ്യുക." 

എന്നാൽ ചൈന യുക്രൈൻ ഉൾപ്പെടെയുള്ള എല്ലാ പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളിലും 'നിഷ്പക്ഷവും നീതിപൂർണവുമായ' നിലപാട് എടുക്കുമെന്നു വെൻബിൻ അടിവരയിട്ടു പറഞ്ഞു. ഈ സന്ദർശനത്തിനു പിന്നിൽ റഷ്യയുടെ ദൗത്യം നിറവേറ്റാനുള്ള ഏർപ്പാടൊന്നും ഇല്ല എന്നാണ് അദ്ദേഹം പറയാൻ ശ്രമിച്ചത്. 

കഴിഞ്ഞ ഫെബ്രുവരിയിൽ ബെയ്‌ജിംഗിൽ പുട്ടിൻ എത്തിയപ്പോൾ ഇരുവരും ചേർന്നിറക്കിയ പ്രസ്താവനയിൽ നാറ്റോ വികസനം ഒഴിവാക്കണമെന്നു പാശ്ചാത്യ ശക്തികളോട് ആഹ്വാനം ചെയ്തിരുന്നു. ശീത സമരം വേണ്ട എന്നും. പിന്നെ മൂന്നാഴ്ച കഴിഞ്ഞുണ്ടായ റഷ്യയുടെ യുക്രൈൻ ആക്രമണത്തെ കുറിച്ച് ഷിയ്ക്കു അന്നു സൂചനയൊന്നും ലഭിച്ചിരുന്നില്ല എന്നു വിശ്വസിക്കാൻ മൂഢന്മാർക്കു മാത്രമേ കഴിയൂ. 

ചൈനയുടെ ഭീഷണികളെ നേരിടുക എന്ന പരസ്യമായ നിലപാടുള്ള ബൈഡൻ ഭരണകൂടം സൗദി-ഇറാൻ കരാറിനെ കുറിച്ചു കാര്യമായി പ്രതികരിക്കാതിരുന്നത് അതൊരു സമാധാന ദൗത്യമാണ് എന്നത് കൊണ്ടാവാം. അമേരിക്കയെ മാറ്റി നിർത്തി മധ്യപൂർവ ദേശത്തു എന്തെങ്കിലും സംഭവിക്കുന്നത് വാഷിംഗ്ടണു സുഖിക്കാറില്ല. അമേരിക്ക സുപ്രധാന വേഷങ്ങൾ അണിഞ്ഞ മേഖലയാണ് മധ്യപൂർവ ദേശം. എന്നാൽ ഇറാനുമായി ഈ രാജ്യത്തിനു നയതന്ത്ര ബന്ധങ്ങൾ പോലുമില്ല എന്നതാണ് വാസ്തവം. 

സൗദി ആവട്ടെ, കുറേക്കാലമായി യുഎസ് ബന്ധങ്ങളിൽ വലിയ താത്പര്യം കാട്ടാറുമില്ല. തൊട്ടു കൂടാത്തവൻ എന്നു ബൈഡൻ തന്നെ വിശേഷിപ്പിച്ച മുഹമ്മദ് സൽമാൻ രാജകുമാരൻ അധികാരം മുഴുവൻ കൈയ്യാളിയ അവസ്ഥയിൽ അവിടെ  കഴിഞ്ഞ വർഷം ബൈഡൻ നടത്തിയ സന്ദർശനം എന്ന വില കുറച്ചു കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു. സൗദി പക്ഷെ അനുഭാവപൂർവം എന്തെങ്കിലും ചെയ്യാൻ വിസമ്മതിച്ചു. 

അറബ് മനഃശാസ്ത്രം മനസ്സിലാക്കിയവർ പറയും, അമേരിക്കയെ അവർ ശതൃക്കളായാണ് കാണുന്നതെന്ന്. ഇറാക്കിൽ സർവം സംഹാരിയായ ആയുധങ്ങൾ (ഡബ്ലിയു എം ഡി) ഉണ്ടെന്ന വാദം ഉന്നയിച്ചു ആക്രമണം നടത്തിയ യുഎസ് പിന്നീട് അവിടെ അങ്ങിനെ ഒന്നും കണ്ടെത്തിയില്ലെന്നു സമ്മതിച്ചു. അപ്പോഴേക്ക് ഇറാൻ പൂർണമായ അരാജകത്വത്തിലേക്കു വഴുതിയിരുന്നു. ഇന്നും അവിടെ ഭദ്രമായൊരു ജനാധിപത്യം ഉണ്ടായിട്ടില്ല. നാലായിരത്തിലേറെ യുഎസ് സൈനികർ ജീവൻ വെടിയേണ്ടി വന്നിട്ടുമുണ്ട്. 

ചൈനയ്‌ക്കോ റഷ്യയ്‌ക്കോ അറബ് ലോകത്തു അത്തരം ശതൃക്കൾ ഉണ്ടായിട്ടില്ല. എന്നു തന്നെയല്ല, ഇരു രാജ്യങ്ങളും മേഖലയിലാകെ നല്ല ബന്ധങ്ങൾ രൂപപ്പെടുത്തിയിട്ടുമുണ്ട്. അവിടെയാണ് ചൈനയുടെ രംഗപ്രവേശം സുഗമമായത്. 

റഷ്യ ആവട്ടെ, സിറിയൻ ഏകാധിപതി ബാഷർ അൽ അസദിനെ താങ്ങി നിർത്തി മേഖലയിൽ കാൽ ഉറപ്പിച്ചു കുത്തി. ഷിയാ ഭരണാധികാരിയെ താങ്ങി നിർത്താൻ പട്ടാളത്തെ വരെ വിന്യസിച്ചതോടെ ഇറാനും ഇറാക്കും സുഹൃത്തുക്കളുമായി. 

സൗദിയുമായി കഴിഞ്ഞ വർഷം ഉണ്ടാക്കിയ ഇന്ധന കരാർ റഷ്യയുടെ മറ്റൊരു നേട്ടമായി. 

China eyes diplomatic leap, but is that a mask 

 

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക