Image

പ്ലാസ്റ്ററിട്ട ഒരു കൈയ്യും; ചില കയ്യാങ്കളികളും! : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 18 March, 2023
 പ്ലാസ്റ്ററിട്ട ഒരു കൈയ്യും; ചില കയ്യാങ്കളികളും! : (കെ.എ ഫ്രാന്‍സിസ്)

നിയമസഭ തിങ്കളാഴ്ച ചേരുമ്പോള്‍ വലിയൊരു ചര്‍ച്ചയാവുക കെ.കെ രമയുടെ  പരിക്കേറ്റ കൈ ആയിരിക്കും! പൊട്ടലില്ലാത്ത കൈയ്യിലാണ് പ്ലാസ്റ്ററെന്നു സംഭവം നടന്ന അന്ന് മുതല്‍ സി.പി.എം സൈബര്‍ പോരാളികള്‍ പ്രതികരിച്ചിരുന്നു. അതോടൊപ്പം ഒരു പരിക്കുമില്ലാത്ത ഒരു കൈയ്യിന്റെ സ്‌ക്രീന്‍ഷോട്ടും ! എന്തായാലും ആ കൈ രമയുടേതാവില്ല. എന്നാലും ആധികാരികത  ഉണ്ടാക്കാന്‍ സൈബര്‍ സെല്‍ അങ്ങനെ ഒന്ന് ഒപ്പിച്ചല്ലോ. പക്ഷേ എസ് .സലീമും സച്ചിന്‍ദേവും  നടത്തിയ പത്രസമ്മേളനത്തില്‍ തങ്ങള്‍ ആരെയും ഉപദ്രവിച്ചില്ല എന്ന് ഉറപ്പിച്ചു പറയുന്നു. അവരതിനുള്ള കാരണവും നിരത്തി. ദൃശ്യങ്ങള്‍ അല്ലെങ്കില്‍ തരട്ടെ എന്ന ചോദ്യവും ഉന്നയിച്ചു. ഇപ്പോഴിതാ സച്ചിന്‍ ദേവ് ഫേസ്ബുക്കില്‍ ആ പ്രശ്‌നം ഏറ്റുപിടിച്ചിരിക്കുന്നു. മാത്രമല്ല, ജാഥയുടെ സമാപന ദിനമായ ഇന്ന് ഗോവിന്ദന്‍ മാഷും അതിനു കക്ഷി ചേരുന്നു. രമയാകട്ടെ സച്ചിനെതിരെ സ്പീക്കര്‍ക്കും, സൈബര്‍സെല്ലിനും പരാതി നല്‍കി. പരിക്കില്ലാത്ത  കയ്യില്‍ പ്ലാസ്റ്റര്‍ ഇട്ടെങ്കില്‍  തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ തന്നെ പരിശോധിച്ചു പ്ലാസ്റ്ററിടാന്‍ നിര്‍ദ്ദേശിച്ച ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ മറുപടി പറയണമെന്ന വാദത്തിലാണ് രമ. കഴിഞ്ഞദിവസം ഡി.ജി.പി അനില്‍ കാന്ത് കേസെടുക്കാന്‍ മടിച്ചത് പൊട്ടല്‍ ഉള്ളതുകൊണ്ട് ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസ്സ് രജിസ്റ്റര്‍ ചെയ്യേണ്ടിവരുമെന്നത്  കൊണ്ടായിരുന്നു എന്നും  പ്രചാരണം ഉണ്ടായിരുന്നല്ലോ.

ജനം കാണുന്നു: 

പൊട്ടലില്ലാത്ത കയ്യിലാണ് പ്ലാസ്റ്ററിട്ടതെന്ന ഗോവിന്ദന്‍  മാഷിന്റെ പരിഹാസത്തിനെതിരെ സതീശന്‍ പൊട്ടിത്തെറിക്കുന്നു. 51 വെട്ട് വെട്ടി കൊന്നിട്ടും സി.പി.എമ്മിന് രമയോടുള്ള കലി  അടങ്ങിയിട്ടില്ലെന്നും വിധവയായ ഒരു സ്ത്രീക്കെതിരെ ഇത്തരത്തില്‍ ആക്ഷേപിക്കുന്നത് ജനം കാണുന്നുണ്ട് എന്നും സതീശന്‍ വികാര വിക്ഷോഭത്തോടെ പറയുന്നു. (ജനം കാണുന്നുണ്ടെന്ന വാദം  സ്പീക്കര്‍ ഷംസീറില്‍  നിന്ന് കടമെടുത്തതാകാം) 

പിഴയും പിരിക്കലും : 

അതിനിടെ കൊച്ചി കോര്‍പ്പറേഷനു  ദേശീയ ഹരിത ട്രൈബ്യൂണല്‍ ബ്രഹ്‌മപുരം തീപിടുത്തത്തിന് 100 കോടി രൂപ പിഴയിട്ടു. ഈ തുക ചീഫ് സെക്രട്ടറിക്ക്  കൈമാറണമെന്നാണ് ഉത്തരവ്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി എടുക്കുകയും വേണം. കൂട്ടത്തില്‍ സര്‍ക്കാര്‍ എന്തുകൊണ്ട് ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നില്ലെന്ന  ചോദ്യവുമുണ്ട്. ഈ പിഴയിടല്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നല്ലൊരു കോമഡിയാക്കി. മേയര്‍ക്ക് വേണ്ടി പിച്ച പാത്രവുമായി നഗരത്തില്‍ ഇവര്‍ ഭിക്ഷ യാചിച്ചു; അല്ലാ തെണ്ടി ! 

ആറളത്ത് : 

ആറളം ഫാമില്‍ ആദിവാസികളും അവിടുത്തെ മറ്റ് താമസക്കാരും അക്രമാസക്തരായി. കഴിഞ്ഞ കുറച്ചു കാലത്തിനിടെ 12 പേരാണ് ആനയുടെ ആക്രമണത്തില്‍ മരിക്കുന്നത്. ഇന്നലെ അങ്ങനെ മരിച്ച ഒരാളുടെ സംസ്‌കാര ചടങ്ങിനെത്തിയ വനപാലകരെയും  രാഷ്ട്രീയക്കാരെയും ആ ഭാഗത്തേക്ക് വരാന്‍ തന്നെ നാട്ടുകാര്‍ സമ്മതിച്ചില്ല. ഓരോ  അവസരത്തിലും വാഗ്ദാനങ്ങള്‍ നല്‍കുകയല്ലാതെ ഒന്നും നടപ്പാക്കുന്നില്ലെന്ന് ആയിരുന്നു അവരുടെ ആക്ഷേപം. 

ഈശ്വരന്‍ പറയുന്നത്...: 

മുസ്ലിംലീഗില്‍  ഇപ്പോഴും കുഞ്ഞാലിക്കുട്ടി പറയുന്നതേ നടക്കൂ.ഡോ. എം.കെ  മുനീറിനെ ലീഗ് സെക്രട്ടറിയാക്കാന്‍ മറ്റുള്ള നേതാക്കള്‍ പഠിച്ച പണി പതിനെട്ടും പയറ്റി. ലീഗില്‍ ഇലക്ഷന്‍ എന്ന ഒരു ഏര്‍പ്പാടെയില്ല. അവിടെ നടക്കുന്ന സമവായം ഇത്തവണ കുറച്ച് ഒച്ചപ്പാടോടെയായി. മുനീറാണ് അങ്ങനെയൊരു പദവിക്ക് യോഗ്യനെന്ന്  പലരും വാദിച്ചു നോക്കി.  ജില്ലാകമ്മിറ്റികളുടെ അഭിപ്രായം ചോദിച്ചാകാം  തീരുമാനം എന്നായി കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശം. ഒന്നോ രണ്ടോ ജില്ലകള്‍ ഒഴിച്ച് എല്ലാവര്‍ക്കും സലാമിനെ മതി. അങ്ങനെ പി.എം.എ സലാം ജനറല്‍ സെക്രട്ടറിയായി  തുടരും. കൂട്ടത്തില്‍ കേരളത്തിലെ ആര്‍എസ്എസിനു ലീഗിനെ  പറ്റിയുള്ള അഭിപ്രായം പ്രാന്ത് കാര്യവാഹ് പി.എന്‍ ഈശ്വരന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞത് കൂടി കേട്ടോളൂ : ലീഗിന് വര്‍ഗീയ താല്‍പര്യമുണ്ടെന്നും എന്നാല്‍ തീവ്രവാദ പാര്‍ട്ടികളുടെ  നിലപാട് ഇല്ലെന്നുമാണ്. അതേസമയം ലീഗിനു ആര്‍എസ്എസിനെ  ചെറിയൊരു പേടിയുണ്ട്. ക്രൈസതവര്‍ക്കാകട്ടെ  ആര്‍എസ്എസിനെ ഭയമില്ല. രണ്ടെണ്ണം അടിച്ചാല്‍ അച്ചായന്‍മാര്‍ക്ക് ആകാശങ്ങളില്‍ ഇരിക്കുന്ന സാക്ഷാല്‍ ഈശ്വരനെ  പോലും ഭയമില്ലെന്ന് ഭൂമിയിലെ ഈശ്വരാ ഇപ്പോഴെങ്കിലും മനസ്സിലായല്ലോ 

വാല്‍ക്കഷണം : രാജധാനി എക്‌സ്പ്രസ് യാത്രക്കിടെ  ഒരു സൈനികന്‍ മിലിട്ടറി ക്വോട്ടയില്‍ കിട്ടിയ മദ്യം നല്‍കി ഒരു യുവതിയെ പീഡിപ്പിച്ചു പോലും! ഇപ്പോള്‍ വരുന്ന പീഡനകഥകള്‍ വരെ ഒരു സാധാരണ മലയാളിക്ക്  വിശ്വസിക്കാനാവുന്നുണ്ടോ ? ഈ കഥകളൊക്കെ സ്വര്‍ണ്ണവില പോലെ കൂടിക്കൊണ്ടിരിക്കുന്നു ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ  വില 44,120 രൂപ. 50 വര്‍ഷം മുമ്പ് 50 പവന്‍ സ്വര്‍ണമെങ്കിലും കഴുത്തിലും കൈയ്യിലും കാലിലും ഇട്ടുവന്ന വീട്ടമ്മമാരുണ്ടാകുമല്ലോ. ആ ആഭരണങ്ങള്‍ ഇന്നും അലമാരയില്‍ ഭദ്രമായി  വച്ചിരുന്നെങ്കില്‍ കിട്ടുന്നത്  എത്ര തുകയാണെന്നോ ? എല്ലാം കിഴിവും എടുത്തശേഷം 20 ലക്ഷം രൂപ റെഡി ക്യാഷ്!

കെ.എ ഫ്രാന്‍സിസ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക