Image

തിരുവനന്തപുരം ലോ കോളേജിൽ  ഒമ്പത് മണിക്കൂർ നേരം സ്ത്രീകൾ അടക്കമുള്ള അധ്യാപകരെ പൂട്ടി ബന്ദിയാക്കി വച്ചത് : എസ്. ബിനുരാജ്

Published on 18 March, 2023
തിരുവനന്തപുരം ലോ കോളേജിൽ  ഒമ്പത് മണിക്കൂർ നേരം സ്ത്രീകൾ അടക്കമുള്ള അധ്യാപകരെ പൂട്ടി ബന്ദിയാക്കി വച്ചത് : എസ്. ബിനുരാജ്

തിരുവനന്തപുരം ലോ കോളേജിൽ 
ഒമ്പത് മണിക്കൂർ നേരം സ്ത്രീകൾ അടക്കമുള്ള അധ്യാപകരെ പൂട്ടി ബന്ദിയാക്കി വച്ചത് എന്തിൻ്റെ പേരിൽ ആയാലും അംഗീകരിക്കാൻ ആവില്ല. പോലീസ് ഭക്ഷണം എത്തിച്ചപ്പോൾ അത് പോലും തടയാൻ വണ്ണം വകതിരിവ് ഇല്ലാതെ പോയ ഒരു തലമുറയെ ഓർത്തു ലജ്ജ തോന്നുന്നു. ശ്വാസ തടസ്സം നേരിട്ടു പുറത്ത് ഇറങ്ങാൻ ശ്രമിച്ച അധ്യാപികയുടെ കൈ പിടിച്ചു തിരിച്ചാണ് ഇവർ ഗുരുദക്ഷിണ നൽകിയത്!

എസ്എഫ്ഐ അനുഭാവികൾ ആയ പെൺകുട്ടികൾ അടക്കമുള്ള വിദ്യാർഥികൾക്ക് ഒപ്പം പുറത്ത് നിന്നുള്ള കുറെ പേരും അധ്യാപകർക്ക് നേരെയുള്ള ആക്രമണത്തിൽ പങ്കാളികൾ ആയി. എന്നിട്ടും പ്രിൻസിപ്പൽ പോലീസിനെ വിളിക്കാത്തത് കൂട്ടത്തിൽ പെൺകുട്ടികൾ ഉള്ളത് കൊണ്ടും ഒരു ബലപ്രയോഗം ഒഴിവാക്കാനും കൂടിയായിരുന്നു. സഹപ്രവർത്തകർ ഭക്ഷണം പോലും കിട്ടാതെ ബുദ്ധിമുട്ടുന്ന അവസ്ഥയിൽ പോലും കുട്ടികൾക്ക് ഒന്നും പറ്റരുത് എന്ന നിലപാട് ആണ് പ്രിൻസിപ്പൽ സ്വീകരിച്ചത്. കാരണം ആദ്യം താൻ ഒരു അധ്യാപകൻ ആണെന്ന ബോധം അദേഹത്തിന് ഉണ്ടായിരുന്നു. അർധരാത്രിയോടെ പുറത്ത് ഇറങ്ങിയ ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അധ്യാപികയെ സഹപ്രവർത്തകർക്ക് ഒപ്പം ആശുപത്രിയിൽ എത്തിച്ചു പുലരും വരെ അവർക്കൊപ്പം ആശുപത്രിയിൽ ഇരുന്നതും പ്രിൻസിപ്പൽ തന്നെ ആയിരുന്നു. 

എന്ത് കൊണ്ടാണ് തങ്ങളുടെ കുട്ടികളെ കടം വാങ്ങിയിട്ടോ ഭൂമി വിറ്റിട്ടോ ആയാലും വേണ്ടില്ല കേരളത്തിന് പുറത്ത് പഠിപ്പിച്ചാൽ മതി എന്ന് രക്ഷിതാക്കൾ തീരുമാനിക്കുന്നത് എന്ന് മനസിലായില്ലേ? തിരുവനന്തപുരത്ത് തന്നെ സ്വാശ്രയ അടിസ്ഥാനത്തിൽ നടത്തുന്ന സ്വകാര്യ ലോ കോളേജുകൾ ഉണ്ട്. ഓരോ വർഷവും അവിടെ പ്രവേശനത്തിന് തിരക്കാണ്. 'കേരളത്തിലെ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളർച്ചയിൽ എസ്എഫ്ഐ യുടെ പങ്ക്' എന്ന വിഷയത്തിൽ ഒരു ഗവേഷണത്തിന് പോലും വകുപ്പ് ഉണ്ട്.

ഒമ്പത് മണിക്കൂർ ഒരു ഗവൺമെൻ്റ് കോളേജിലെ സ്ത്രീകൾ അടക്കമുള്ള അധ്യാപകർ ബന്ദികളാക്കപ്പെട്ടിട്ടും കേരളത്തിലെ അക്കാദമിക് ബുദ്ധിജീവികൾ നിശബ്ദരായി ഇരിക്കുന്നു. ഇവരിൽ ഭൂരിഭാഗവും കോളേജ് അധ്യാപകരും സിപിഎം അനുകൂല അധ്യാപക സംഘടനാ അനുഭാവികളും കൂടിയാണ്. ചെയ്തത് എസ്എഫ്ഐ ആയതു കൊണ്ട്  വായിൽ കമ്പിട്ട് കുത്തിയാലും അവർ മിണ്ടില്ല.  ഇടതുപക്ഷ സർവീസ് സംഘടനകളും മിണ്ടില്ല. പണം പിരിച്ചു തടിച്ചു കൊഴുക്കുക, പാർട്ടി പത്രത്തിന് പരമാവധി വരിക്കാരെ ചേർക്കുക ഇതൊക്കെ മാത്രമാണ് കുറച്ചു വർഷങ്ങളായി അവർ ചെയ്യുന്നത്.

സർക്കാർ ഉദ്യോഗസ്ഥരെ, നിങ്ങളെ സംരക്ഷിക്കാൻ നിങ്ങൾക്ക് മാത്രമേ സാധിക്കൂ. ഒരു പ്രശ്നം ഉണ്ടായാൽ ആരും രക്ഷിക്കാൻ വരില്ല. 

അഗ്നിശമന സേനാംഗങ്ങൾ മാത്രമല്ല അധ്യാപകരും സർക്കാർ ഉദ്യോഗസ്ഥർ ആണ്. ആത്മാഭിമാനത്തോടെ, നിർഭയം ജോലി ചെയ്യാൻ അവർക്കും അവകാശം ഉണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക