Image

കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരെയുള്ള നയത്തില്‍ മാറ്റം വരുത്തണം : പ്രവാസി കേരള കോണ്‍ഗ്രസ്(എം) ഓസ്‌ട്രേലിയ

Published on 18 March, 2023
 കേന്ദ്ര സര്‍ക്കാര്‍ പ്രവാസികള്‍ക്കെതിരെയുള്ള നയത്തില്‍ മാറ്റം വരുത്തണം : പ്രവാസി കേരള കോണ്‍ഗ്രസ്(എം) ഓസ്‌ട്രേലിയ


മെല്‍ബണ്‍: പ്രവാസികള്‍ക്ക് അധിക സാമ്പത്തിക ഭാരം വരുത്തുന്നതും വിദേശങ്ങളിലേയ്ക്ക് കുടിയേറുന്നവര്‍ക്ക് ആശങ്കയുളവാക്കുന്നതുമായ നയങ്ങളില്‍ കേന്ദ്ര സര്‍ക്കാര്‍ തിരുത്തല്‍ വരുത്തണമെന്ന് ഓസ്‌ട്രേലിയ പ്രവാസി കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ നിന്ന് വിദേശത്തേയ്ക്ക് അയയ്ക്കുന്ന പണത്തിന് 20 ശതമാനം നികുതി ഏര്‍പ്പെടുത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ജനവിരുദ്ധ നടപടിയാണെന്നും പ്രവാസികളുടെ കേരളത്തിലെ അടഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് അധിക നികുതി ഈടാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ പിന്‍വലിച്ചത് സ്വാഗതാര്‍ഹമാണെന്നും പ്രവാസി കേരള കോണ്‍ഗ്രസ് (എം) നാഷണല്‍ കമ്മിറ്റി അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ വിദേശ വരുമാനത്തില്‍ നിര്‍ണായകമായ പങ്കുവഹിയ്ക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്ന നിര്‍ദേശങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണം. രാഷ്ട്രീയ തലത്തിലും ജനപ്രതിധികളുടെ ഇടപെടല്‍ വഴി പാര്‍ലമെന്റില്‍ ഇക്കാര്യം ഉന്നയിക്കുന്നതിനും അടിയന്തിര ഇടപെടല്‍ സര്‍ക്കാര്‍ തലത്തില്‍ സാധ്യമാക്കുകയും ചെയ്യുന്നതിനായി നടപടി സ്വീകരിക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം) നേതൃത്വത്തോട് പാര്‍ട്ടിയുടെ ഓസ്‌ട്രേലിയ പ്രവാസി നാഷണല്‍ കമ്മിറ്റി അഭ്യര്‍ഥിച്ചു. ഓസ്‌ട്രേലിയയില്‍ ജീവിതച്ചിലവ് ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തില്‍ മാതാപിതാക്കള്‍ ഇന്ത്യയില്‍ നിന്ന് നല്‍കുന്ന സാമ്പത്തിക പിന്തുണയോടെയാണ് മിക്ക വിദ്യാര്‍ഥികളും പഠനം പൂര്‍ത്തിയാക്കുന്നത്.

റിസര്‍വ് ബാങ്ക് പലിശ നിരക്ക് കുത്തനെ കൂട്ടിയ സാഹചര്യത്തില്‍ ഓസ്‌ട്രേലിയയില്‍ വീടുകള്‍ വാങ്ങിയ്ക്കുന്നതിനുള്ള ഡിപ്പോസിറ്റ് തുകയ്ക്കായി നിരവധി പ്രവാസി കുടുംബങ്ങള്‍ ഇന്ത്യയില്‍ നിന്നും പണമെത്തിക്കാറുണ്ട്. മെച്ചപ്പെട്ട ജോലിയ്ക്കായി പ്രവാസ ജീവിതത്തിന് തയ്യാറാകുന്ന മലയാളി കുടുംബങ്ങള്‍ക്ക് ദോഷകരമായി ഭവിക്കാവുന്ന പുതിയ നയങ്ങളില്‍ പ്രവാസികള്‍ക്കുള്ള ആശങ്ക മനസിലാക്കി അനുകൂലമായ സമീപനം സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആസ്‌ട്രേലിയ പ്രവാസി കേരള കോണ്‍ഗ്രസ് (എം) പ്രസിഡന്റ് ജിജോ ഫിലിപ്പ് കുഴികുളം, ജനറല്‍ സെക്രട്ടറി സിജോ ഈന്തനാംകുഴി ട്രഷറര്‍ ജിന്‍സ് ജയിംസ്,എന്നിവര്‍ അഭിപ്രായപ്പെട്ടു.

പ്രവാസി കേരള കോണ്‍ഗ്രസ് ആസ്‌ട്രേലിയ ഘടകം കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി ചെയര്‍മാനും രാജ്യസഭാംഗവുമായ ജോസ് കെ മാണി, കോട്ടയം പാര്‍ലമെന്റ് അംഗം തോമസ് ചാഴികാടന്‍ എന്നിവരെ വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ ഈ വിഷയം അടിയന്തിരമായി ഉന്നയിച്ചു പരിഹാരം കാണുന്നതിനുള്ള നടപടികള്‍ ഉണ്ടാകണമെന്ന് നിവേദനം വഴിയും നേരിട്ടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സംഘടനകളും ശക്തമായ പ്രതിഷേധവുമായി രംഗത്തിറങ്ങണമെന്നും ശക്തമായ പ്രതിഷേധമുണ്ടായാല്‍ സര്‍ക്കാരുകള്‍ക്ക് ഈ ജനവിരുദ്ധ തീരുമാനത്തില്‍ നിന്ന് പിന്തിരിയേണ്ട സാഹചര്യമുണ്ടാവുമെന്നും പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ഓസ്‌ട്രേലിയ ഘടകം അഭിപ്രായപ്പെട്ടു.

 

എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക