Image

വേനൽ കനക്കുന്നു, താപനില കുത്തനെ ഉയരുന്നു! ഇളനീർ, ഇളനീർ...(വിജയ് സി. എച്ച്)

Published on 19 March, 2023
വേനൽ കനക്കുന്നു, താപനില കുത്തനെ ഉയരുന്നു! ഇളനീർ, ഇളനീർ...(വിജയ് സി. എച്ച്)

ഇക്കുറി ചൂട് ഇത്തിരി കൂടുതലാണ്! മാർച്ച് മാസമായാൽ എല്ലാവരും പറഞ്ഞു തുടങ്ങുന്നൊരു കാര്യമാണിത്. വെയിലത്ത് വിയർത്തൊലിയ്ക്കുമ്പോൾ എല്ലാ വർഷവും നാം ഈ അഭിപ്രായം പറയാറുണ്ടെന്നതാണ് വാസ്തവം. 
എന്നാൽ ഈ പുഴുക്ക കാലം ഒരു അനുഗ്രഹമായി കരുതുന്നവരാണ് വഴിയോരങ്ങളിലെ ഇളനീർ വ്യാപാരികൾ. താപനില കുത്തനെ ഉയരാൻ തുടങ്ങുന്ന ഫെബ്രുവരിയിൽ ആരംഭിച്ചു, ജൂലായിൽ കാലവർഷം ഭൂമിയെ തണുപ്പിക്കുന്നതു വരെയുള്ള ആറു മാസമാണ്  അവരുടെ സീസൺ. 


വേനൽകാലമാണ് ഇളനീർ കച്ചവടത്തിൻ്റെ സ്വാഭാവികമായ സീസണെങ്കിലും, കുപ്പികളിലും ടെട്രാപേക്കുകളിലും ലഭിയ്ക്കുന്ന സോഫ്റ്റുഡ്രിങ്കുകൾ അനാരോഗ്യകരമായി മാറിയതോടെ ഇളനീരിൻ്റെ വിൽപന കൊല്ലം മുഴുവനും നടക്കുന്നുണ്ടെന്ന് വഴിയോര വ്യാപാരി മുസ്തഫ എറച്ചംവീട് പറയുന്നു. 
തൃശ്ശൂരിലെ പ്രശസ്തമായ അശ്വിനി ഹോസ്പിറ്റലിൻ്റെ പാട്ടുരായിക്കൽ റോഡിലുള്ള ന്യൂ ബ്ലോക്കിനു സമീപം ഇരുപത്തിയൊന്നു വർഷം തടർച്ചയായി ഇളനീർ സ്റ്റാൾ നടത്തിക്കൊണ്ടിരിക്കുന്ന മുസ്തഫ പൂരനഗരിയിലെ ഏറ്റവും സുപരിചിതനായ ദാഹശമനി  വിൽപ്പനക്കാരനാണ്.   
"അശ്വിനിയുടെ പുതിയ ബ്ലോക്കും, റോഡിന് എതിർ വശത്തുള്ള ബിസ്മി ഹൈപ്പർമാർട്ടും, അതിനടുത്തുള്ള സീതാറാം തേജലിൻ്റെ പടുകൂറ്റൻ കെട്ടിടവും, അതുപോലെ നിരവധി സ്ഥാപനങ്ങളും അശ്വിനി ജങ്ഷനിൽ പ്രത്യക്ഷപ്പെട്ടത് എൻ്റെ ഇളനീർ സ്റ്റാൾ എത്തിയതിനു എത്രയോ ശേഷമാണ്," മുസ്തഫ അഭിമാനം കൊണ്ടു. 


എല്ലാ കാലത്തും ചിലവുള്ള ഒരു പാനീയമായി ഇളനീർ മാറിയതിനു മറ്റൊരു കാരണം, ഇളനീർ കുടിക്കണമെന്ന് ഡോക്ടർമാർ രോഗികളോട് ഇക്കാലങ്ങളിൽ നിർദ്ദേശിക്കാൻ തുടങ്ങിയതാണത്രെ. 
"അയൽപക്കത്തുള്ള അശ്വിനിയിലെ ഡോക്ടർമാരും രോഗികളും എൻ്റെ പതിവു സന്ദർശകരാണ്. ഡ്യൂട്ടി കഴിഞ്ഞു പോകുമ്പോൾ രണ്ട് ഇളനീർ ചെത്തി വാങ്ങി വീട്ടിലേയ്ക്കു കൊണ്ടുപോകുന്ന റെഗുലർ കസ്റ്റമറാണ് ഡോ. ഉത്തര," മുസ്തഫ വെളിപ്പെടുത്തി. 
ഇളനീർ വെള്ളത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിനുകളുടെയും ആൻ്റിഓക്സിഡൻ്റുകളുടെയും, മിനറലുകളുടെയും സാന്നിധ്യമാണ് അത് കുടിക്കുന്നയാൾക്ക് ഉന്മേഷം നൽകുന്നത്. പാർശ്വഫലങ്ങളൊന്നുമില്ലാത്ത ഒരു സിദ്ധൌഷധം! 
"കാൽസ്യം, പൊട്ടാസ്യം, സോഡിയം, ക്ലോറൈഡ് മുതലായവയും ഇളനീരിൽ ധാരാളമുണ്ട്. പ്രകൃതി ഒരുക്കിത്തരുന്ന പരിശുദ്ധമായ ഈ ശീതളപാനീയത്തിൻ്റെ പ്രതിരോധ ശക്തി വളരെ മികച്ചതുമാണ്. അതിനാലാണ് ഗർഭിണികൾ പതിവായി ഇളനീർ കുടിക്കണമെന്ന് ഞങ്ങൾ നിർദ്ദേശിക്കുന്നത്," ഡോ. ഉത്തര വ്യക്തമാക്കി. 
വലിയ ശസ്ത്രക്രിയകൾ ചെയ്താൽ രോഗി മണിക്കൂറുകളോളം ഭക്ഷണമൊന്നും കഴിയ്ക്കരുത്. മെഡിക്കൽ ഭാഷയിൽ ഇതിനെ nothing by mouth (NPO) എന്നു പറയുന്നു. "NPO-യ്ക്കു ശേഷം രോഗിയ്ക്ക് ആദ്യം നൽകാൻ ഏറ്റവും ഉത്തമം ഇളനീരാണ്," ഡോ. ഉത്തര എടുത്തു പറഞ്ഞു. 
ചാവക്കാടാണ് മുസ്തഫയുടെ വീട്. കാലത്ത് ആറുമണിയ്ക്ക് ടൂവീലറിൽ പുറപ്പെട്ടു ഏഴുമണിയോടെ തൃശ്ശൂരെത്തി കട തുറക്കും. അൽപ നേരത്തിനുള്ളിൽ ഇളനീർ സപ്പ്ളൈ ചെയ്യുന്നവരും വന്നുചേരും. ടെമ്പോ നിറയെ സാധനവുമായി അവരെത്തുമ്പോൾ ചില്ലറവ്യാപാരി അവിടെ സന്നിഹിതനായിരിക്കണം. ഓഡർ പ്രകാരമുള്ളത്രയും ഫലങ്ങളുള്ള ഇളനീർകുലകൾ സ്റ്റാളിൽ ഇറക്കിയ ഉടനെ സിറ്റിയിലെ അടുത്ത കടയിലേക്കോ അല്ലെങ്കിൽ അടുത്ത സിറ്റിയിലേക്കോ അവർ കുതിയ്ക്കും.  


"യാതൊരു പരിക്കും ഏൽക്കാതിരിക്കാൻ കുലച്ചിൽ സഹിതം വെട്ടിയെടുത്തു കയറിൽ കെട്ടിത്തൂക്കിയാണ് തെങ്ങിൻ്റെ കുരലിൽ നിന്ന് ഇളം തേങ്ങാക്കുലകൾ താഴെ ഇറക്കുന്നത്. എന്നിരുന്നാലും, സമയം വൈകും തോറും ഇളനീരിൻ്റെ മാധുര്യം കുറഞ്ഞു വരുന്നു. നിത്യവും പുതിയ ഇളനീർ എത്തുന്നുണ്ട്. ഒരു ദിവസത്തെ സപ്പ്ളൈ പൂർത്തിയാക്കി തിരിച്ചെത്തിയ ഉടനെ അടുത്ത ദിവസത്തേക്കുള്ള ലോഡ് തയ്യാറാക്കുന്നതിൻ്റെ തത്രപ്പാടിലാണവർ," മുസ്തഫ വിവരിച്ചു. 


പാലക്കാട് ജില്ലയിലെ കൊഴിഞ്ഞാമ്പാറ, ഗോപാലപുരം, മീനാക്ഷിപുരം മുതലായ അതിർത്തി ഗ്രാമങ്ങളിലാണ് ഇളനീർ തെങ്ങുകൾ കൃഷി ചെയ്തുവരുന്നത്. ഇരുനൂറും, മുന്നൂറും ഏക്കർ വിസ്തീർണമുള്ള പറമ്പുകളിൽ വളമിട്ടും വെള്ളമൊഴിച്ചും വളർത്തുന്ന ഉയരം കുറഞ്ഞ കല്പകവൃക്ഷങ്ങളാണവ. തേങ്ങയുടെ നിറം ചുവപ്പും പച്ചയുമുള്ള രണ്ടു തരം തെങ്ങുകളാണ് പൊതുവെ കണ്ടുവരുന്നത്. നിറമേതായാലും ഇളനീരിൻ്റെ സ്വാദിന് വ്യത്യാസമില്ല. രണ്ടിൻ്റെയും മൂത്ത തേങ്ങയുടെ കഴമ്പിൽ എണ്ണ കുറവാണ്. എന്നാൽ, ഇളം പ്രായത്തിൽ അവ മധുര നീരുകൊണ്ട് സമ്പന്നമാണ്. അൽപം കഴമ്പ് രൂപപ്പെടുന്നതു വരെ വളർന്നാൽ ഇളനീരെന്നും, അതിനു മുമ്പ് കരിക്കെന്നുമാണ് അവയുടെ സൂക്ഷ്‌മമായ പേരുകൾ. എന്നാൽ, രണ്ടു പേരുകളും ഒരേ അർത്ഥത്തിലാണ് മിക്കവരും ഉപയോഗിക്കുന്നത്. ഇളനീരിന് കരിക്കിനേക്കാൾ രുചിയുണ്ടെന്നാണ് ചില ഉപഭോക്താക്കളുടെ അഭിപ്രായം. തലേന്നു വൈകീട്ട് വെട്ടിയിറക്കിയ കുലകൾ നിറച്ചുകൊണ്ട് വിതരണ വാഹനങ്ങൾ അതിരാവിലെ മൂന്നു മണിയ്ക്ക് ഗ്രാമങ്ങളിൽ നിന്ന് പുറപ്പെടുന്നു. 


"തേങ്ങയുടെ മേൽഭാഗം ചെത്തി, ചിരട്ടയുടെ ചെറിയൊരു തുണ്ട് കൊത്തിത്തുറന്നു വെളിയിലേയ്ക്കു മടക്കിവെച്ച്, നീരിൽ സ്റ്റ്രോയിട്ട് കസ്റ്റമർക്കു നൽകുന്നു. കഴമ്പ് തിന്നണമെന്നു പറയുന്നവർക്ക് തേങ്ങ രണ്ടാക്കി മുറിച്ചു നൽകും. മുന്നെ ചെത്തിയെടുത്ത ചിരട്ടയുടെ ചീളുകൊണ്ട് കഴമ്പ് ചുരണ്ടിയെടുക്കാം. നാൽപതു രൂപയാണ് ഒരു ഇളനീരിൻ്റെ വില," മുസ്തഫ തൻ്റെ സേവന രീതി വ്യക്തമാക്കി. 
നഗരത്തിൻ്റെ കണ്ണായ ഭാഗത്തായതിനാൽ ദൂരദിക്കിൽ നിന്നു വരുന്നവർക്കു പോലും മുസ്തഫയുടെ ഇളനീർ സ്റ്റാൾ ഒരു സ്റ്റോപ്പ് ഓവറാണ്. എറണാകുളം ഭാഗത്തു നിന്നു വരുന്നർക്ക് അശ്വിനി ജങ്ഷൻ കടന്നു വേണം ഷൊറണൂർ ഭാഗത്തേയ്ക്കു പോകാൻ. പാലക്കാടു ഭാഗത്തു നിന്ന് മ്യൂസിയം റോഡു വഴി കോഴിക്കോടു ഭാഗത്തേയ്ക്ക് പോകുന്നവർക്കും, സ്വരാജ് റൗണ്ട് ഇറങ്ങി വടക്കെ സ്റ്റാൻഡു കടന്ന് പൂങ്കുന്നം വഴി കുന്നംകുളം-പുന്നയൂർകുളം-പൊന്നാനി ഭാഗത്തേയ്ക്ക് പോകുന്നവർക്കും അശ്വിനി ജങ്ഷൻ അനിവാര്യമാണ്. മുസ്തഫയുടെ സ്റ്റാളിനു മുന്നിൽ അൽപ നേരം കാർ നിറുത്തി ഇളനീർ കുടിക്കുകയെന്നത് ഈ വഴി പോകുന്നവർക്കെല്ലാം ഒരു പത്ഥ്യമായി മാറിയിട്ടുണ്ട്. വാഹനം മണ്ണുത്തി ബൈപാസ്സിലെത്തിയാൽ യാത്രക്കാർ പറയുമത്രേ, അശ്വിനി ജങ്ഷനിലെ മുസ്തഫയുടെ സ്റ്റാളിൽ നിന്ന് ഇളനീർ കുടിച്ചതിനു ശേഷം ഇനി ബാക്കി യാത്രയെന്ന്! തിരുവനന്തപുരത്തു നിന്നെത്തിയ എം.ബി.ബി.എസ് വിദ്യാർത്ഥിനിയായിരുന്നു തലേന്ന് തൻ്റെ സ്റ്റാൾ സന്ദർശിച്ച വി.ഐ.പി കസ്റ്റമറെന്ന് ഏറെ സന്തോഷത്തോടെ മുസ്തഫ പറഞ്ഞു. 


"ഇന്നലെയാണ് തൃശ്ശൂരെത്തിയത്. ഇവിടെ ചൂട് അൽപം കൂടുതലാണെന്നു തോന്നുന്നു. വിയർപ്പു മൂലം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുമ്പോൾ (Dehydration) കുടിയ്ക്കാൻ ഏറ്റവും നല്ലത് ഇളനീരാണ്," മെഡിക്കൽ സ്റ്റുഡൻ്റ്, സപര്യ പറഞ്ഞിരുന്നുവത്രെ. 
കേരളത്തിലെ ചിലയിടങ്ങളിൽ 40 ഡിഗ്രി സെൽഷ്യസുനു മേലെ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) ജാഗ്രതാ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ടെന്നും തലസ്ഥാനത്തു നിന്നെത്തിയ സപര്യ സൂചിപ്പിച്ചു. 


"സാധാരണ ദിവസങ്ങളിൽ ശരാശരി 200 തേങ്ങകളാണ് ചിലവാകുന്നത്. എന്നാൽ, ശിവരാത്രി, തിരുവാതിര നാളുകളിൽ 'ഒരിയ്ക്കൽ' ഭക്ഷണത്തിന്, ഇളനീരിനും അതിൻ്റെ കഴമ്പിനും മുൻഗണനയുള്ളതിനാൽ, കച്ചവടം 600 എണ്ണം വരെ എത്തും. അഭിഷേകവും, തുലാഭാരവും നേർന്നവരെത്തിയാൽ ഇളനീരിൻ്റെ വിൽപന അതിലും വർദ്ധിക്കാറുണ്ട്," സ്പഷ്ടമാക്കി മുസ്തഫ. 
രാത്രി ഒമ്പതരയ്ക്ക് കടയടയ്ക്കും നേരം, അന്നത്തെ വരവുചിലവ് മുസ്തഫ മനസ്സിൽ സുമാറായൊന്നു കണക്കുകൂട്ടും. കൊഴിഞ്ഞാമ്പാറക്കാരൻ സപ്പ്ളെയർക്കു നൽകിയ കോസ്റ്റ് പ്രൈസും, സ്റ്റ്രോ പേക്കറ്റുകളും തുണിസഞ്ചികളും വാങ്ങിയതിന് നൽകിയ കാശും കിഴിച്ചു ആയിരം രൂപയെങ്കിലും പോക്കറ്റിൽ ബാക്കി വരുന്നുവെങ്കിൽ, സ്ഥലത്തിന് വാടകയൊന്നും ഈടാക്കാത്ത തൃശ്ശൂർ കോർപ്പറേഷനെയും നഗരം നിർമ്മിച്ച ശക്തൻ തമ്പുരാനെയും ഉള്ളിൽ സ്തുതിച്ചുകൊണ്ട് മുസ്തഫ തൻ്റെ ബൈക്ക് കിക്ക് സ്റ്റാർട്ടു ചെയ്യും. ഭവനത്തിലെത്തി വിശാലമായൊന്നു കുളിച്ചതിനു ശേഷമാണ് തൻ്റെ പത്നിയോടും കുട്ടികളോടും ഇളനീർ പോലെ നിർമലവും മധുരമുള്ളതുമായ ഇത്തിരി വർത്തമാനം മുസ്തഫ പറയുന്നത്! 

# Vijai ch Article

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക