Image

ആഗ്രഹം സാധിച്ച് ഷീല; ആദ്യമായി നിയമസഭ കാണാനെത്തി

Published on 20 March, 2023
 ആഗ്രഹം സാധിച്ച് ഷീല; ആദ്യമായി നിയമസഭ കാണാനെത്തി

നിയമസഭാ മന്ദിരം കാണാനെത്തി മുതിര്‍ന്ന നടി ഷീല. പലതവണ തിരുവനന്തപുരത്ത് വന്നിട്ടും നിയമസഭ കാണാന്‍ കഴിഞ്ഞിട്ടില്ലെന്നും സന്ദര്‍ശനം നടത്തണമെന്ന് ആഗ്രഹമുണ്ടെന്നും അവര്‍ സ്പീക്കറുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു. മലയാളത്തിന്റെ അഭിമാന നടി നിയമസഭ സന്ദര്‍ശിക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന് സ്പീക്കറുടെ ഓഫിസ് അറിയിച്ചപ്പോള്‍ ഷീലയുടെ ആഗ്രഹസാധ്യത്തിന് വാതില്‍ തുറന്നു.

സ്പീക്കര്‍ എ എന്‍ ഷംസീറും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് ഷീലയെ സ്വീകരിച്ചത്. പ്രതിപക്ഷ ബഹളത്തിനിടെ നിയമസഭ തല്‍ക്കാലത്തേക്ക് പിരിഞ്ഞ്, കാര്യോപദേശക സമിതി യോഗം ചേരുന്നതിനിടയില്‍ ആയിരുന്നു ഷീല നിയമസഭയില്‍ എത്തിയത്. കാര്യോപദേശക സമിതി യോഗത്തിന് ശേഷം അവര്‍ മുഖ്യമന്ത്രിയെയും സന്ദര്‍ശിച്ചു. അതിനുശേഷം സഭയിലെ വിഐപി ഗ്യാലറിയിലും എത്തി. രാവിലെ തല്‍ക്കാലത്തേക്ക് പിരിഞ്ഞ സഭ പതിനൊന്നരയോടെ വീണ്ടും ചേരുമ്പോള്‍ സ്പീക്കറുടെ റൂളിംഗ് ആയിരുന്നു ആദ്യ നടപടി. നിയമസഭയിലെ സംഘര്‍ഷത്തെക്കുറിച്ചുള്ള കാര്യങ്ങളും സ്വീകരിച്ച നടപടികളും സ്പീക്കര്‍ വിശദീകരിക്കുമ്പോള്‍ ഷീല വിഐപി ഗ്യാലറിയില്‍ ഉണ്ടായിരുന്നു. 10 മിനിറ്റ് സഭാ നടപടികള്‍ വീക്ഷിച്ച ശേഷം ഷീല മടങ്ങി.


അനുരാഗമാണ് മലയാളത്തില്‍ ഷീല അവസാനം അഭിനയിച്ച ചിത്രം. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഗൌരി കിഷന്‍, ദേവയാനി, ജോണി ആന്റണി, ഗൌതം മേനോന്‍, അശ്വിന്‍ ജോസ്, ലെന, മൂസി, ദുര്‍ഗ കൃഷ്ണ, സുധീഷ് കോഴിക്കോട്, മണികണ്ഠന്‍ പട്ടാമ്പി തുടങ്ങി വലിയ താരനിരയും അണിനിരന്നിരുന്നു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക